Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

51 വെട്ടുകൾക്ക് നാലു വയസ്; നീതി തേടി കെ.കെ.രമ ജനകീയ കോടതിയിൽ

tp-chandrasekharan

കേരള മനഃസാക്ഷിക്കേറ്റ ആ 51 വെട്ടുകളുടെ വേദനിപ്പിക്കുന്ന ഓർമകൾക്ക് ഇന്ന് നാലു വയസ് പൂർത്തിയാവുകയാണ്. പണ്ടുമുതൽക്കേ കേരള രാഷ്ട്രീയത്തിനൊപ്പം ചേർത്തു പറയുന്ന അക്രമങ്ങളുടെ കഥകളെ കേരള സമൂഹം അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടും ഇന്നേയ്ക്ക് നാലു വർഷം പൂർത്തിയാകുന്നു.

എല്ലാ അർഥത്തിലും കേരളത്തെ ഇരുത്തിച്ചിന്തിപ്പിച്ച കൊലപാതകമായിരുന്നു ടി.പി.ചന്ദ്രശേഖരൻ എന്ന പഴയ സിപിഎം നേതാവിന്റേത്. അക്രമികളുടെ വെട്ടേറ്റ് പിടഞ്ഞുവീണു മരിച്ച ടിപി സ്വന്തം രക്തബന്ധത്തിൽ പെട്ട ആരുമല്ലാതിരുന്നിട്ടും, മുൻപ് അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലാത്ത കേരളത്തിലെ ലക്ഷോപലക്ഷം ആളുകളുകൾക്കും ആ മരണം സമ്മാനിച്ചത് ഉള്ളുരുകുന്ന വേദനയാണ്.

ഈ വേദനയുടെ നേരിപ്പോടുമേന്തി അദ്ദേഹത്തിന്റെ പ്രിയപത്നി കെ.കെ.രമ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് ജനവിധി തേടുകയാണ്. അതും ടിപി ഉൾപ്പെടെയുള്ളവര്‍ ചേർന്ന് രൂപം കൊടുത്ത റവല്യൂഷനറി മാർകിസ്റ്റ് പാർട്ടിയുടെ (ആർഎംപി) സ്ഥാനാർഥിയായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആകര്‍ഷകത്വമല്ല അവരെ ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. മറിച്ച്, തന്റെയും കുടുംബത്തിന്റെയും അവസ്ഥ ഇനി ഒരാൾക്കും വരരുതെന്ന സ്വകാര്യമായൊരു വാശിയാണ്. തന്റെ ഭർത്താവിന്റെ ജീവനെടുത്ത ആ പ്രത്യയശാസ്ത്ര പുഴുക്കുത്തുകളോടുള്ള കടുത്ത എതിർപ്പാണ്. തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചും ടിപി വധവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചും ഉറച്ച പിന്തുണ നൽകുകയും പിന്നീട് പിന്നോക്കം പോകുകയും ചെയ്ത വിഎസിനെക്കുറിച്ചും കെ.കെ.രമ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു:

∙ താങ്കൾ മൽസര രംഗത്തിറങ്ങണം എന്ന തീരുമാനം നേരത്തേതന്നെ ഉണ്ടായിരുന്നോ?

KK-Rema

ഇല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഞാൻ മൽസരിക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ല എന്നുതന്നെയായിരുന്നു എന്റെ വ്യക്തിപരമായ തീരുമാനം. ഞാൻ തന്നെ സ്ഥാനാർഥിയാകണം, സമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നൽകണം എന്നൊക്കെ പാർട്ടി തീരുമാനിച്ചപ്പോൾ ഞാൻ മൽ‌സരിക്കാൻ സമ്മതിക്കുകയായിരുന്നു.

∙ താങ്കളുടെ പ്രകടന പത്രിക വായിച്ചു. അതിൽ രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ആർഎംപിയുടെ രാഷ്ട്രീയ ചരിത്രം വച്ചു നോക്കുമ്പോൾ അതിൽ ഒരു അസ്വാഭാവികതയുണ്ട്. വികസന കാര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നാനുള്ള സാഹചര്യമെന്താണ്?

ആർഎംപിയുടെ തുടക്കം മുതൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് അതിന്റെ സവിശേഷ രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഖ്യസ്ഥാനം രാഷ്ട്രീയത്തിന് തന്നെയാണ്. പക്ഷേ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വികസനകാര്യങ്ങൾകൂടി ചർച്ച ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് തികച്ചും വികസനോന്മുഖമായ ഒരു പ്രകടനപത്രിക തയ്യാറാക്കിയത്. കാരണം, അത്തരത്തിലൊരു ചർച്ചയ്ക്ക് ഇതുവരെ ആർഎംപി മുന്നിട്ടിറങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പാകുമ്പോൾ തീർച്ചയായും വികസനകാര്യങ്ങളും ചർച്ച ചെയ്തേ പറ്റൂ. പ്രത്യേകിച്ചും വടകര പോലെ വല്ലാത്ത വികസന മുരടിപ്പ് അനുഭവിക്കുന്ന ഒരു മണ്ഡലത്തിൽ.

വികസനത്തിന് വളരെയേറെ സാധ്യതകളുള്ള മേഖലകളുണ്ടായിട്ടും ഇതുവരെ അവിടേക്ക് കടന്നുചെല്ലാനോ വടകരയ്ക്ക് വികസനം കൊണ്ടുവരാനോ ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചവർക്ക് സാധിച്ചിട്ടില്ല. സോഷ്യലിസ്റ്റുകളാണ് കൂടുതലും ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ എംപി കോൺഗ്രസ് പ്രതിനിധിയാണ്. എന്നിട്ടും ഇവിടെ വികസനോന്മുഖമായി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ വികസന കാര്യങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെട്ടല്ലേ തീരൂ?

∙ ആർഎംപിയെ കേരളസമൂഹം ശ്രദ്ധിക്കുന്നത് തന്നെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തോടുള്ള എതിർപ്പിൽ നിന്നും പിറന്ന പാർട്ടി എന്ന നിലയ്ക്കാണ്. എന്നിട്ടും ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത് രാഷ്ട്രീയമല്ല, വികസനകാര്യങ്ങളാണ് എന്നാണോ?

ഒരിക്കലുമല്ല. ഞാൻ ഇവിടെ സ്ഥാനാർഥിയായി വരാനിടയായ സാഹചര്യം തന്നെ ഈ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമാണല്ലോ. അക്രമരാഷ്ട്രീയം ഇവിടെ ചർച്ച ചെയ്യപ്പെടണം എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടുതന്നെയാണത്. ഞാൻ സ്ഥാനാർഥിയായി വന്നതോടെ ഇവിടെ അതുതന്നെയാണ് ചർച്ച ചെയ്യപ്പെടുന്നതും. നമ്മൾ അത് പറയാതെ തന്നെ ഇക്കാര്യം ചർച്ചയാകുന്നുണ്ട്. ഇനിയുമൊരു കുടുംബം കൂടി ഇവിടെ അനാഥമാക്കപ്പെടാൻ പാടില്ല. ഇവിടെ സാമൂഹിക സുരക്ഷ ഉണ്ടാകണം. എല്ലാവർക്കും സുരക്ഷ ഉണ്ടാകണം എന്നൊക്കെയുള്ള സന്ദേശങ്ങൾ തന്നെയാണ് ചർച്ച ചെയ്യുന്നത്. എന്റെ സ്ഥാനാര്‍ഥിത്വത്തോടെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇവിടെ ചർച്ചയായിക്കഴിഞ്ഞു. അതിനൊപ്പം വികസനംകൂടി ചർച്ചയാകണം എന്നുള്ളതുകൊണ്ടാണ് വികസനകാര്യങ്ങളിലൂന്നിയുള്ള ഈ പ്രകടനപത്രിക.

കടമെല്ലാം കൂട്ടിവച്ച് തീർക്കുന്നതാണ് ശീലമെന്ന തരത്തിൽ പി.ജയരാജൻ അടുത്തിടെയും പ്രസ്താവന നടത്തിയില്ലേ? കേരള സമൂഹത്തോടുള്ള അവരുടെ പരസ്യമായ വെല്ലുവിളിയാണിത്. അനുഭവങ്ങളിൽ നിന്ന് അവർ പാഠം പഠിക്കുന്നില്ല എന്നു തന്നെയാണത് തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ അക്രമരാഷ്ട്രീയം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

∙ ചിരിക്കുന്ന മുഖത്തോടെ പിണറായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?

ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകങ്ങളാണ്. പിണറായിയുടെ മുഖം ടിവിയിൽ കണ്ടതിന്റെ പേരിൽ തേങ്ങ ചിരകിക്കൊണ്ടിരുന്ന ചിരവയെടുത്ത് ടിവി എറിഞ്ഞ് പൊട്ടിച്ച വീട്ടമ്മയെ എനിക്കറിയാം. പിണറായി എന്ന വ്യക്തിയെക്കുറിച്ച് കേരളത്തിലെ വീട്ടമ്മമാരുടെ മനസിലുള്ള ചിത്രം ഇതൊക്കെയാണ്. പിണറായി എന്തൊക്കെ ചെയ്താലും അതു മാറാനും പോകുന്നില്ല.

∙ ആർഎംപിയോട് കുറച്ചെങ്കിലും പരിഗണന കാണിച്ചിട്ടുള്ള സിപിഎം നേതാവാണ് വി.എസ്.അച്യുതാനന്ദൻ. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് വിധേയനാകുന്നതായി തോന്നുന്നുണ്ടോ?

വിഎസ് തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് മാത്രമല്ല, പിണറായി വിജയനുവേണ്ടി ധർമടത്തു പോയി വോട്ടു ചോദിക്കുകപോലും ചെയ്തു. ടിപി കേസിൽ എന്നും ശക്തമായ നിലപാടെടുത്ത അതേ വിഎസ്, ഈ കേസിലെ പ്രതിയായ പി.മോഹനന്റെ ഭാര്യ കെ.കെ.ലതികയ്ക്ക് വേണ്ടി വോട്ടു ചോദിക്കാൻ കുറ്റ്യാടിയിൽ വന്നു. ഈ മോഹനൻ കേസിൽനിന്ന് കഷ്ടിച്ച് പുറത്തുവന്നു എന്നല്ലാതെ ടിപിയെ കൊലപ്പെടുത്തിയതിൽ അയാൾക്കുള്ള പങ്ക് വിഎസിന് പോലും വ്യക്തമായി അറിയാവുന്നതാണ്. എന്നിട്ടുപോലും അദ്ദേഹം ഇവിടെ പ്രചാരണത്തിന് വന്നു. ഈ സാഹചര്യത്തിൽ തീർച്ചയായും വിഎസ് തന്റെ നിലപാടുകളിൽ നിന്ന് പിന്നോക്കം പോയി എന്നാണല്ലോ വ്യക്തമാകുന്നത്. ഇപ്പോൾ ഉറപ്പായും ഔദ്യോകിക പക്ഷത്തോട് സന്ധി ചെയ്തുകൊണ്ടു തന്നെയാണ് വിഎസ് മുന്നോട്ടു പോകുന്നത്.

∙ ആർഎംപിയെ പിന്തുണയ്ക്കുന്ന നിലപാടിൽ നിന്നുള്ള വിഎസിന്റെ പിൻമാറ്റത്തെ എങ്ങനെ കാണുന്നു?

ഇല്ല. ആർഎംപിക്ക് ഒരിക്കലും പിന്തുണ നൽകിയിട്ടുള്ള നേതാവല്ല വിഎസ്. പക്ഷേ, ടിപി വധക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം വളരെ കൃത്യമായ നിലപാട് എടുത്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഞങ്ങളെ തള്ളിപ്പറഞ്ഞയാളാണ് വിഎസ്. കോൺഗ്രസിന്റെ വാലാണ് ആർഎംപി എന്നുപോലും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയത്താണ് ടിപിയ്ക്കേറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണ് ഇതെന്ന് ഞാൻ പറഞ്ഞത്. പക്ഷേ പിന്നീട് വിഎസ് ഈ എതിർപ്പ് പരസ്യമായി പ്രഖ്യാപിച്ചില്ല. ഞങ്ങളെ ആക്രമിക്കാതെ തന്നെ മുന്നോട്ടു പോവുകയായിരുന്നു. വിഎസ് ഒരിക്കലും ഞങ്ങളുടെ പാർട്ടിക്ക് പിന്തുണ നൽകിയിട്ടില്ല, കാര്യമായി എതിർത്തിട്ടില്ല എന്നതാണ് സത്യം.

∙ ടിപിയുടെ വിഷയത്തിൽ കൃത്യവും ശക്തവുമായ നിലപാടായിരുന്നോ വിഎസിന്റേത്?

അതെ. ടിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ നിലപാടാണ് വിഎസ് ആദ്യം കൈക്കൊണ്ടത്. ടിപി കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് എന്നോട് വ്യക്തിപരമായും പിന്നീട് പരസ്യമായും വിഎസ് നിലപാട് എടുത്തിരുന്നു. കാരണം, ടിപി വിഷയത്തിൽ സംഭവിച്ചതെല്ലാം വിഎസിന് കൃത്യമായി അറിയാം. ടിപിയെ ആരാണ് കൊലപ്പെടുത്തിയത് എന്നും എന്താണ് അതിന് പ്രേരണയായയതെന്നുമെല്ലാം വിഎസിന് അറിയാം.

∙ അങ്ങനെയെങ്കിൽ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി വിഎസ് ചെയ്തു എന്ന് തോന്നുന്നുണ്ടോ?

അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഈ കേസിൽ വിഎസ് ശക്തമായി ഇടപെട്ടിരുന്നു. ടിപി വിഷയത്തിൽ ശക്തമായ സ്വരം തന്നെയായിരുന്നു വിഎസിന്റേത്. പിന്നീട് പക്ഷേ, തന്റെ നിലപാടിൽ നിന്ന് വിഎസ് പതുക്കെ പിന്നോട്ട് പോകുന്നത് നാം കാണുന്നുണ്ടല്ലോ. ഇതിൽ കൂടുതൽ അത്തരമൊരു വ്യക്തിയിൽനിന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല.

∙ വിഎസിന് ഒരു അവസരവാദ മുഖമുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

(രമയുടെ മുഖത്ത് നിസഹായമായൊരു ചിരി വിരിഞ്ഞു). വിഎസിനെക്കുറിച്ച് അത്തരം കാര്യങ്ങൾ സംസാരിക്കേണ്ട സന്ദര്‍ഭം വന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടതുണ്ട്. ഇപ്പോൾ അതുവേണ്ട. ശരിയാകില്ല.

∙ ഒരു സ്ഥാനാര്‍ഥിയായി വടകരയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ എത്തരത്തിലുള്ളൊരു പ്രതികരണമാണ് അവരിൽ നിന്ന് ലഭിക്കുന്നത്?

വളരെ മികച്ച പ്രതികരണമാണ് വടകര മണ്ഡലത്തിലെ ജനങ്ങളിൽ നിന്ന് ഞങ്ങൾക്കു ലഭിക്കുന്നത്. ജനങ്ങൾ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസം സ്ഥാനാർഥിയാകാൻ തീരുമാനിക്കുമ്പോൾതന്നെ എനിക്ക് ഉണ്ടായിരുന്നു. അവരിലേക്കിറങ്ങുമ്പോഴും ഈ വിശ്വാസം തെറ്റിയിട്ടില്ല. അവരുടെ കണ്ണീരിനും പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്താൻ സാധിക്കുന്ന ഒരാളായാണ് അവർ എന്നെ കാണുന്നത്. അക്രമരാഷ്ട്രീയം ഇനിയും ഇവിടെ വേണ്ട. ഒരു കുടുംബവും ഇവിടെയിനി അനാഥമാക്കപ്പെടാൻ പാടില്ല. ഇത്തരമൊരു ചിന്തയെ എനിക്ക് സംരക്ഷിക്കാനാകുമെന്ന ബോധ്യം വടകരയിലെ ജനങ്ങൾക്കുണ്ട്.

∙ ടിപി വധിക്കപ്പെട്ട് നാലു വർഷം കഴിയുമ്പോൾ ജനങ്ങളുെട പ്രതികരണമെന്താണ്?

ടിപിയെ അവർ ഇല്ലായ്മ ചെയ്തിട്ട് നാലു വര്‍ഷമായെങ്കിലും ഇന്നലെ നടന്ന സംഭവംപോലെ ഇവിടുത്തെ ജനങ്ങൾ അത് ഓർത്തിരിപ്പുണ്ട്. അടുത്തിടെ ഒരു സിപിഎംകാരന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യ എന്റെയടുത്ത് സംസാരിച്ചു. എന്നെ കെട്ടിപ്പിടിച്ച് അവർ പറഞ്ഞത് ഈ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ഞങ്ങളെല്ലാം ചേച്ചിക്കൊപ്പമുണ്ട് എന്നാണ്. സ്ത്രീകളെല്ലാം ഇന്നും ഓർത്തിരിക്കുകയാണ് ആ സംഭവം. കാരണം അത് കൂടുതൽ മുറിവേൽപ്പിച്ചത് വീട്ടമ്മമാരേയും സ്ത്രീകളേയുമാണ്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾക്ക് വടകരയിലെ ജനങ്ങൾ മറുപടി പറയുന്ന സമയം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നാണ് എനിക്ക് തോന്നുന്നത്. വടകരയിലെ എന്നല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു തിരുത്തല്‍ ശക്തിയായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും. തുടക്കത്തില്‍ ഇത്തരമൊരു ചിന്ത എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, പ്രചാരണം മുറുകുന്തോറും അത്തരമൊരു വിശ്വാസം എന്നിൽ ബലപ്പെടുന്നുണ്ട്. എല്ലാം എങ്ങനെ അവസാനിക്കും എന്നറിയില്ല. എന്നാലും ഉറച്ച വിശ്വാസം ഉണ്ട്. അത് അമിത ആത്മവിശ്വാസമാണോയെന്നും അറിയില്ല.

∙ ഇന്നത്തെ ഒരു ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ, പ്രത്യേകിച്ചും കനയ്യ കുമാർ സംഭവത്തിലൊക്കെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളുകളെന്ന നിലയ്ക്കാണ് സിപിഎം രംഗത്ത് വരുന്നത്. രമയുടെ അനുഭവ പശ്ചാത്തലത്തിൽ ഇതിനെ എങ്ങനെ കാണുന്നു?

അത് പൊള്ളത്തരമാണെന്ന് വളരെ വ്യക്തമല്ലേ. തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ മറ്റാരും വളരരുതെന്ന് നിർബന്ധം പിടിക്കുന്നവരാണ് സിപിഎമ്മുകാ‍ർ. ഇവരുടെ പ്രദേശങ്ങളിൽ ആർക്കും അഭിപ്രായം തുറന്നു പറയാൻ കഴിയില്ല. കണ്ണൂർ മേഖലയിലൊക്കെ പോയാൽ അറിയാം, പാർട്ടിയെ ചൊടിപ്പിക്കുന്നവർക്ക് അവിടെ സ്വൈര്യമായി ജീവിക്കാൻ പോലും സാധിക്കില്ല. എനിക്ക് കുറച്ച് സ്ഥലം വിൽക്കാനുണ്ടെങ്കിൽ, അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അവിടുത്തെ പാർട്ടിയുടെ അനുവാദം വേണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുന്ന അവർക്ക് ഫാസിസത്തിനെതിരെ ശബ്ദമുയർത്താൻ എന്ത് ധാർമികതയാണുള്ളത്? അവരാണിവിടെ ഫാസിസം വളർത്തുന്നത്. എന്നിട്ട് ദേശീയ തലത്തിൽ ഫാസിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?

‍ഞങ്ങളുടെ അനുഭവത്തിൽ തന്നെ, ടിപി കേസിൽ ജയിലിൽ കഴിയുന്ന എല്ലാ പ്രതികളുടെയും വീട്ടിൽ മാസാമാസം ചെലവിനെത്തിക്കുന്നത് പാർട്ടിയാണ്. ഈ പ്രതികളെയും അവരുടെ വീട്ടുകാരെയും സംരക്ഷിക്കുന്നതും പാർട്ടിയാണ്. ഇങ്ങനെയുള്ള സിപിഎമ്മുകാർക്ക് ഫാസിസത്തിനെതിരെ ശബ്ദിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരാനും എങ്ങനെ സാധിക്കും?

33 കൊല്ലം ഭരിച്ച ബംഗാളിൽ ഒരു പാർട്ടി യോഗം സംഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ അവർ ദുർബലപ്പെട്ടു പോയതിന്റെ കാരണമെന്താണ്? ഈ മനോഭാവം തന്നെയാണ്. ഇന്ന് ബംഗാളിൽ കോൺഗ്രസുമായി കൂട്ടുചേരുന്നതിന് അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഒരു കാലത്ത് കൊടികുത്തിയ ശത്രുക്കളായിരുന്നു ഇവരെന്നോർക്കണം. ഇപ്പോൾ അവരുടെ കാരുണ്യത്തിലാണ് ആ പാർട്ടിയുടെ നിലനിൽപുതന്നെ.

മറ്റൊരു കാര്യം ചോദിക്കട്ടെ, ഇവിടെയൊക്കെ സ്വാധീനമുള്ള ഈ പാർട്ടിക്ക് എന്തുകൊണ്ടാണ് രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ ഒഴികെ മറ്റൊരിടത്തും വേരു പിടിക്കാനാകാതെ പോകുന്നത്? നരേന്ദ്ര മോദിയുടെ ശക്തരായ വിമർശകരായിരിക്കുമ്പോഴും ഗുജറാത്തിലവരുടെ പൊടിപോലുമില്ല. സ്വാധീനമുള്ളിടങ്ങളിൽ പോലും തകർച്ചയെ നേരിടുന്നതും മറ്റു സ്ഥലങ്ങളിൽ വളരാനാകാതെ പോകുന്നതും ആർക്കും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത അവരുടെ ഈ ഫാസിസ്റ്റ് നിലപാട് മൂലമാണ്.

∙ താങ്കൾ സ്ഥാനാർഥിത്വത്തിലേക്ക് വരുന്നത് വിജയിച്ച് എംഎൽഎയാകുക എന്ന ലക്ഷ്യത്തോടെയാണോ അതോ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയെ തോൽപ്പിക്കാനാണോ?

വിജയപ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ രംഗത്തുള്ളത്. ജനത്തിന് ഇപ്പോൾ ചില തിരിച്ചറിവുകളുണ്ട്. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും അവർക്ക് അർഹിക്കുന്നത് ലഭിക്കുന്നില്ല എന്നൊരു തോന്നൽ ശക്തമാകുന്നുണ്ട്. ജനങ്ങളുടെ കൂടെ നിൽക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കൊപ്പം ജനങ്ങളുമുണ്ട്. വടകരയിൽ ജനങ്ങൾ എനിക്കൊപ്പമുണ്ട്. പക്ഷേ, നമ്മുടെ നാട്ടിൽ വിലയ്ക്ക് വാങ്ങാൻ കഴിയാത്തതായി ഒന്നുമില്ല. വടകരയില്‍ എന്നെ തോൽപ്പിക്കാൻ അവർ എന്തുവിലകൊടുത്തും ശ്രമിക്കുമെന്നുള്ളത് വ്യക്തമാണ്.

∙ ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികളിൽ തൃപ്തയാണോ?

അല്ല. ഒരു കാര്യം ഞാൻ പറയാം. ആദ്യഘട്ടത്തിൽ വളരെ ശക്തമായിത്തന്നെ കേസ് മുന്നോട്ടുകൊണ്ടുപോയവരാണ് യുഡിഎഫ് സർക്കാർ. തിരുവഞ്ചൂർ രാധാകൃഷ്ണനൊക്കെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കേസ് വളരെ ശക്തമായി തന്നെയാണ് പൊലീസ് അന്വേഷിച്ചത്. പൊലീസിന് പ്രതികളെ കണ്ടെത്താൻ സർവസ്വാതന്ത്ര്യവും ഈ സർക്കാർ നൽകിയിരുന്നു. ഇതുപോലൊരു അന്വേഷണം കേരളത്തിൽ നടന്നിരിക്കാൻ പോലും സാധ്യതയില്ല. ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ചേ മതിയാകൂ. പക്ഷേ, ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇതേ യുഡിഎഫ് സർക്കാർ തന്നെ കേസ് അട്ടിമറിക്കുകയായിരുന്നു. അതും വളരെ ബോധപൂർവം. അവർക്കീ കേസ് വേണമെങ്കിൽ സിബിഐയെ ഏൽപ്പിക്കാമായിരുന്നു. അന്ന് കോൺഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സർക്കാരായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. കേസ് തെളിയിക്കാൻ എന്തുകൊണ്ടും അനുകൂല സമയമായിരുന്നു.

∙ ടിപി കേസ് അട്ടിമറിക്കാൻ കാരണമെന്തായിരിക്കും?

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ടിപി കേസിനെ അവരുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ആവശ്യം കഴിഞ്ഞപ്പോൾ അവർ കേസും വിട്ട് അവരുടെ വഴിക്ക് പോയി. മോഹനനെ പിടിക്കുന്നതുവരെ അന്വേഷണം ശരിയായ ദിശയിലുമായിരുന്നു, ശക്തവുമായിരുന്നു. പിന്നീട് കേസ് അട്ടിമറിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ പക്ഷേ ഇതായിരുന്നില്ല സ്ഥിതി. വളരെ ആത്മാർഥമായ സമീപനമായിരുന്നു. സാധാരണ ഇത്തരം കേസുകളിൽ പാർട്ടി കൊടുക്കുന്ന ലിസ്റ്റിലെ ആളുകളെ കേസിലെ പ്രതികളാക്കി ചെറിയ ശിക്ഷയും വാങ്ങിക്കൊടുത്ത് കേസ് അവസാനിപ്പിക്കാറാണ് പതിവ്. ഇവിടെ പക്ഷേ, ശരിയായ പ്രതികളിലേക്ക് തന്നെയായിരുന്നു അന്വേഷണത്തിന്റെ പോക്ക്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എല്ലാം തലതിരിഞ്ഞു പോയി.

∙ ടിപി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സഹായ വാഗ്ദാനം ഇപ്പോഴത്തെ ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ?

കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം ചർച്ച ചെയ്യാൻ ഞങ്ങള്‍ സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും സമീപിച്ചിരുന്നു.

∙ അതല്ല. മോദി സർക്കാരിൽ നിന്ന് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായ വാഗ്ദാനം ലഭിച്ചിരുന്നോ?

ഇല്ല. നമ്മൾ ഇതുമായി ബന്ധപ്പെട്ട് അവരെ അങ്ങോട്ടു സമീപിക്കുകയായിരുന്നു. കേസ് സിബിഐയ്ക്ക് വിടുന്ന കാര്യത്തിൽ പഴ്സണൽ മന്ത്രാലയത്തിന് നൽകിയ അപേക്ഷ അവർ സ്വീകരിച്ചിരുന്നു. മാത്രമല്ല, വിടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് എന്തെങ്കിലും നടപടികൾ ഉണ്ടായതായി അറിയില്ല. കേസുമായി ബന്ധപ്പെട്ട് ആർഎംപി നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഞാൻ കുമ്മനം രാജശേഖരനെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് ഇവിടെ കുറേ വിവാദമുണ്ടാക്കാൻ ശ്രമവും നടന്നിരുന്നു. സത്യത്തിൽ കുമ്മനവുമായി ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ നേരിട്ട് കണ്ടിട്ടില്ല. കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇപ്പോഴും ഇക്കാര്യം അവരുടെ പരിഗണനയിലുണ്ടെന്ന് പറയുന്നു. എന്താകുമെന്ന് അറിയില്ല. ഇതൊക്കെ രാഷ്ട്രീയ കളികളാണ്. ഇവിടെ എന്തു സംഭവിക്കാം.

∙ കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നു. സിബിഐ അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഹകരണത്തിന് സാധ്യതയുണ്ടെങ്കിൽ സ്വീകരിക്കുമോ?

ഒരിക്കലുമില്ല. ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കുന്ന ഒരു നീക്കത്തിനുമില്ല. ടിപി വധവുമായി ബന്ധപ്പെട്ട് അവരുമായി ചർച്ച നടത്തിയതും ഇതും തമ്മിൽ ബന്ധമില്ല. ഇക്കാര്യത്തിലുള്ള എന്റെ താൽപര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. രാഷ്ട്രീയമായി ഇടതുപക്ഷത്തിനുള്ള ബദല്‍ രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഈ നിലപാടിൽ വെള്ളം ചേർക്കുന്ന പ്രശ്നമില്ല.

Your Rating: