Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യനയം തിരുത്താൻ മദ്യ രാജാക്കൻമാരുമായി സിപിഎം ധാരണ: വി.എം. സുധീരൻ

VM Sudheeran

കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ജനരക്ഷായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തുന്നതോടെ കോൺഗ്രസിലെ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഇന്നു തുടക്കമാകും. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ മദ്യനയത്തെക്കുറിച്ചും, വിവാദങ്ങളെക്കുറിച്ചും സുധീരൻ മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു.

മദ്യനയത്തിൽ മാറ്റം വരുത്താൻ എൽഡിഎഫിന് കഴിയില്ല

മദ്യനയത്തിൽ മാറ്റം വരുത്തുമെന്നത് നടപ്പാകാത്ത കാര്യമാണ്. ചാരായ നിരോധനത്തോടും സിപിഎം എതിരായിരുന്നു. അതിനുശേഷം എത്രയോ സർക്കാരുകൾ വന്നു. അവർക്ക് തൊടാൻ കഴിഞ്ഞിട്ടില്ല. കാരണം, ജനഹിതത്തിനെതിരായി അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

മദ്യമുതലാളിമാർക്ക് തൽക്കാലം പ്രത്യാശ കൊടുക്കാനേ സിപിഎമ്മിന് കഴിയൂ. അല്ലാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആദ്യഘട്ടത്തിൽ മദ്യനയത്തെ അനുകൂലിച്ച സിപിഎം പിന്നീട് നിലപാട് മാറ്റി. എല്ലാ വിഷയത്തിലും രാഷ്ട്രീയ നേട്ടം എങ്ങനെ ഉണ്ടാക്കാം എന്നാണ് സിപിഎം നോക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ പാവപ്പെട്ടവനെ കണ്ണീരു കുടിപ്പിച്ച് കോടികൾ സമ്പാദിക്കുന്ന ബാറുടമകൾക്ക് കടുത്ത വിരോധമുണ്ട്. അവർ പ്രതിഹാരദാഹവുമായി നിൽക്കുന്നു. അവരെ പ്രകോപനപ്പെടുത്തി, എങ്ങനെ രാഷ്ട്രീയ നേട്ടം കൊയ്യാം എന്നാണ് സിപിഎം ചിന്തിക്കുന്നത്.

എൽഡിഎഫ് നേതൃത്വവും ബാറുടമകളുമായി ധാരണയുണ്ട് എന്നാണോ?

കേരളത്തിൽ സിപിഎം നേതാക്കളും മദ്യരാജാക്കൻമാരും തമ്മിൽ ധാരണയുണ്ടായിട്ടുണ്ട് എന്നു വ്യക്തമാക്കുന്ന, അവിശുദ്ധ ബന്ധം വ്യക്തമാക്കുന്ന സംഗതിയാണ് പുറത്തുവരുന്നത്. സിപിഎം േനതാക്കൾ പറയുന്നത് അവർ വന്നാൽ മദ്യനയം തിരുത്തുമെന്നാണ്. മദ്യനയം തിരുത്തുമെന്നു പറഞ്ഞാൽ എങ്ങനെ തിരുത്തും. അത് മദ്യ ഉടമകൾക്ക് അനുകൂലമായാണ് തിരുത്താൻ പോകുന്നത്. സാധാരണക്കാരുടെ ‌താൽപര്യമല്ലത്. ഈ നയത്തിൽ രാഷ്ട്രീയം കലർത്തരുത്. പൊതുനന്മയെ കരുതി അവർ സഹകരിക്കുകയാണ് വേണ്ടത്.

ലോകത്ത് ഒരിടത്തും മദ്യനിരോധനം ഫലവത്തായിട്ടില്ല. കേരളത്തിൽ വിജയകരമായി നടപ്പിലാക്കി എന്ന് എങ്ങനെ അവകാശപ്പെടാനാകും?

അത് നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും. ഇവിടെ മദ്യനിരോധനം വന്നാൽ മദ്യദുരന്തം ഉണ്ടാകുമെന്ന് പ്രചരണം ഉണ്ടായി. നടപ്പിലാക്കൽ ശക്തമാണെങ്കിൽ ഏതു നയവും വിജയിപ്പിക്കാൻ കഴിയും.

പക്ഷേ, മദ്യനയം കോൺഗ്രസിൽ തന്നെ ഭിന്നതകൾക്ക് വഴിതെളിച്ചില്ലേ?

അതിൽ കാര്യമില്ല. നമ്മൾ തീരുമാനം മാത്രം നോക്കിയാൽ മതി.

കേരള രാഷ്ട്രീയത്തിലെ എല്ലാ പ്രശ്നത്തിനും കാരണം സുധീരനാണെന്നാണ് പാർട്ടിയിൽ തന്നെ ചിലർ പറയുന്നത്

(ചിരിക്കുന്നു) ഞാൻ ഇക്കാര്യത്തിൽ വളരെ കൺവിൻസിബിളാണ്. ചാരായ നിരോധനം വരുമ്പോൾ ഞാൻ ആ മന്ത്രിസഭയിൽ അംഗമായിരുന്നു. ഒരു കാര്യം ഞാൻ തുറന്നുപറയാം. ചാരായ നിരോധനം നടപ്പിലാക്കിയ ആദ്യമാസങ്ങളിലുണ്ടല്ലോ... എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ പ്രത്യേകിച്ചും 1996 ലെ തിര‍ഞ്ഞെടുപ്പ്. നമ്മൾ ശരിയായി പഠിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന്റെ അന്നോ പിറ്റേദിവസമോ ഉണ്ടാകാമായിരുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി വളരെ ഭംഗിയായി തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ രാഷ്‌ട്രീയ ഇ‌ടപെട‌ൽ ഇല്ലായിരുന്നെങ്കിൽ ബാറുകൾ പൂട്ടുന്നതിലേക്ക് കാര്യങ്ങളെത്തുമായിരുന്നോ?

അങ്ങനെ പറയുന്നത് ശരിയല്ല. കേരളത്തിൽ മദ്യനിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ, ആധ്യാത്മിക സംഘടനകൾ കുറേ നാളുകളായി ആവശ്യപ്പെടുന്നതാണിത്. പിന്നെ യുഡിഎഫിന്റെ നയവും ഇതിന് അനുകൂലമാണ്.

പക്ഷേ വി.എം. സുധീരനെപോലെ ആദർശധീരനെന്നറിയപ്പെടുന്ന ഒരാൾ പാർട്ടിയുടെ തലപ്പത്തിരിക്കുമ്പോഴാണ് സർക്കാർ വിവാദങ്ങളിൽപ്പെടുന്നത്?

ബാറുകൾ നഷ്ടപ്പെട്ട, കോടികളുടെ നഷ്ടം വന്ന ബാറുടമകൾ വെറുതേ ഇരിക്കുമോ? ഇതെല്ലാം വന്നപ്പോഴല്ലേ (ബാറുകൾ പൂട്ടിയപ്പോൾ) അവർ ആരോപണങ്ങളുമായി വരുന്നത്. കാരണം ഒന്നും നടക്കില്ല എന്നു അവർക്കു ധാരണ വന്നപ്പോഴാണ്. പിന്നെ അവർ എന്തു പറഞ്ഞാലും എന്തു ആരോപണം വന്നാലും ബാറുകൾ പൂട്ടി എന്നുള്ളതാണല്ലോ യാഥാർഥ്യം.

അവിടെയാണ് വി.എം. സുധീരന്റെ ഇടപെടൽ വരുന്നത്?

(ചിരിക്കുന്നു) ഇപ്പോൾ ബാറുകൾ അടച്ചുപൂട്ടിയതിന് കോഴ കൊടുത്തു എന്നാണ് പറയുന്നത്. ഇതിലൊക്കെ എന്താ അർഥം. പിന്നെ ഇങ്ങനെ വരുന്ന ആക്ഷേപങ്ങളൊന്നും വെറുതേ കാണുന്ന ആളല്ല ‍ഞ‍ാൻ. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കാം.

കെപിസിസി പ്രസിഡന്റ് അഴിമതി വിഷയങ്ങളിൽ കുറച്ചുകാലമായി നിശബ്ദനാണ് എന്നാണ് മറ്റൊരാരോപണം?

അല്ല, ഞാൻ നിശബ്ദനല്ല. ഞാൻ വലിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഈ യാത്രയിലൂടെ. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഒറ്റക്കെട്ടായി പാർട്ടിയെ കൊണ്ടുപോകേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് വരുന്നു, സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടോ?

സീറ്റ് ചർച്ചയിലേക്ക് പോയിട്ടില്ല. ഇനി വരുംദിവസങ്ങളിലേ ആരംഭിക്കൂ. രാഹുൽഗാന്ധി കേരളത്തിൽ വരുന്നുണ്ട്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റിക്കും അവരുടേതായ മാനദണ്ഡങ്ങളുണ്ടാകും. കേരളത്തിലും ചില മാനദണ്ഡങ്ങൾ ഉണ്ടാകും.

നേതൃമാറ്റം ഉണ്ടാകുമോ?

അതൊന്നും എന്റെ പരിധിയിൽവരുന്ന കാര്യങ്ങളല്ല. അതൊക്കെ ഇതിനുശേഷമുള്ള കാര്യങ്ങളാണ്. അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നില്ല.

ഉമ്മൻചാണ്ടി തന്നെ യുഡിഎഫിനെ നയിക്കും?

അതൊക്കെ പാർട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്. യുഡിഎഫ് ചെയർമാനാണ് ഉമ്മൻചാണ്ടി. അദ്ദേഹമാണ് യുഡിഎഫിനെ നയിക്കുന്നത്

പക്ഷേ, സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിവാദങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്?

പാർട്ടിക്ക് ഒരു നയം ഉണ്ട്. മാധ്യമങ്ങൾ പറയുന്ന വാർത്തകൾ കേട്ട് പ്രതികരിക്കാൻ പോയാൽ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയുമോ? സ്വാഭാവികമായി ജനാഭിപ്രായം കണക്കിലെടുക്കും. എന്തു വേണം, എങ്ങനെ മുന്നോട്ടുപോകണം എന്നു തീരുമാനിക്കും. അല്ലാതെ നേതൃമാറ്റമെന്നതല്ല. രാഷ്ട്രീയ കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും, ഹൈക്കമാൻഡ് ചർച്ച ചെയ്യും

ഓരോ ദിവസവും ഓരോ സിഡികൾ പുറത്തുവരികയാണ്?

നേരത്തെ സിഡി വിവാദം വന്നു, മുഖ്യമന്ത്രിയെ ബന്ധപ്പടുത്തി. പൊലീസ് പിന്നാലെ പോയി. എന്തായി സിഡി വിവാദം. ഇതൊക്കെ അന്തിമമായ വിലയിരുത്തലോ അന്തിമമാണ് എന്ന ധാരണയോ നമുക്ക് ഇല്ല. പാർട്ടി എന്ന നിലയിൽ എല്ലാ വശവും പരിശോധിക്കും. പക്ഷേ, ഇപ്പോൾ അതിലേക്കില്ല.

തിരുത്തൽ ന‌ടപടികൾ ഉണ്ടാകുമോ?

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമായ എന്തൊക്കെ വേണം എന്നു കൂട്ടായ ചർച്ച നടക്കും. ഹൈാക്കമാൻഡിനും ഇതു സംബന്ധിച്ച അഭിപ്രായം ഉണ്ടാകും. ഭരണത്തുടർച്ച ഉറപ്പാക്കാൻ നടപടി ഉണ്ടാകും.

വ്യക്തിപരമായി മുഖ്യമന്ത്രിയെക്കുറിച്ച് എന്താണ് അഭിപ്രായം?

ഉമ്മൻചാണ്ടി കഠിനാധ്വാനിയാണ്. കെഎസ് യു പ്രസിഡന്റായതു മുതൽ അടുത്തുകാണുന്നു. അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടി മികച്ച വിജയമാണ്.

കെ‌പിസിസി പ്രസിഡന്റ് മത്സരിക്കുമോ?

അങ്ങനെ ഒരു ചർച്ചയേ വന്നിട്ടില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായത് കോൺഗ്രസിനാണ്, സിപിഎം നേട്ടമുണ്ടാക്കി?

പഞ്ചായത്ത് ഇലക്ഷൻ നോക്കേണ്ട കാര്യമില്ല. ശരിയാണ്, ചില സ്ഥലങ്ങളിൽ തിരിച്ചടി ഉണ്ടായിട്ടുണ്ട്. റിബൽ ശല്യമുണ്ടായി. ഞാനത് സമ്മതിക്കുന്നു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.

വെള്ളാപ്പള്ളിയും പാർട്ടിയുമായി രംഗത്തുണ്ട്?

വെള്ളാപ്പള്ളിയുടെ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കില്ല

പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ആർഎസ്എസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൃദുസമീപനം സ്വീകരിച്ചത് പാർട്ടിക്ക് തിരിച്ചടിയായില്ലേ?

ഇല്ല, അത് ശരിയല്ല. ഇടതുപക്ഷത്തിന്റെ നിലപാടുകൾ ശരിയല്ല. അവരുടേത് അവസരവാദമാണ്. അവർ ചില കാര്യങ്ങളിൽ പ്രകടനപരമായി ചിലത് ചെയ്തു. ഉദാഹരണത്തിന് കേരള ഹൗസ് സംഭവം. മുഖ്യമന്ത്രി ശക്തമായി നടപടി സ്വീകരിച്ചു. സിപിഎം ഒരു ഷോ നടത്തി എന്നത് ശരി. പക്ഷേ നിയമപരമായി ചെയ്യേണ്ടത് സർക്കാർ ചെയ്തു. പാർട്ടിയും ചെയ്തു.

ലാവ്‌ലിൻ കേസ്

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ലാവ്‌ലിൻ. ബാലാനന്ദൻ കമ്മറ്റി ഇതുചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുമേഖലാ സ്ഥാപനത്തെ ഏൽപ്പിക്കാതെ എസ്എൻസി ലാവ്‌ലിൻ എന്ന കമ്പനിയെ ഏൽപ്പിച്ചു, എല്ലാ നടപടിക്രമങ്ങളും ലംഘിച്ച്. ഒട്ടും സുതാര്യമല്ലാത്ത രീതിയിൽ കൊടുത്തു. സിപിഎമ്മിനകത്തുതന്നെ അന്നേ ആക്ഷേപം ഉയർന്നുവന്നിരുന്നു. ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് വിട്ടത്. പിണറായി പ്രതിയായി. കീഴ്ക്കോടതി വെറുതേവിട്ടു. അതിനെതിരെയാണ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചത്.

പിണറായി വിജയന്റെ നേർക്കാണ് ഹൈക്കോടതി നിരീക്ഷണം ചെന്നു കൊള്ളുന്നത്. മറുപടി പറയാൻ പിണറായിക്കും പാർട്ടിക്കും ബാധ്യതയുണ്ട്. കേസുകളിൽ പ്രതികളായവരോട് സിപിഎമ്മിന് പ്രത്യേക താൽപര്യമാണ്. സാധാരണ രീതിയിൽ ഇത്തരക്കാരെ മാറ്റിനിർത്തേണ്ടതാണ്. സിപിഎമ്മിന് ഇതൊക്കെ യോഗ്യതയാണ്. നേതാക്കളിൽ പലരും കൊലപാതകകേസിൽ പ്രതിയാണ്. ക്രിമിനൽ സംഘമായി സിപിഎം മാറി. കമ്മ്യൂണിസമല്ല ക്രിമിനലിസമാണ് അവിടെ നടക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.