Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകുലത തെല്ലുമില്ലാതെ ഈ ഏകലോചന വിദ്യ

by ശ്രീജിത്ത് കെ. വാരിയർ
Kummanam തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലെ പ്രചാരണത്തിനിടെ കൊച്ചുകുട്ടിയോടു തിരഞ്ഞെടുപ്പുവിശേഷം പങ്കുവയ്ക്കുന്ന, സ്ഥാനാർഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

നെട്ടയം മേലേ കട്ടയ്ക്കൽ ആദം കോളനിയിലെ വീട്ടുമ്മറത്തു കസേരയിട്ടിരിക്കുന്ന ഗോമതിയമ്മയെ ചേർത്തുപിടിച്ചു കുമ്മനം പറഞ്ഞു: ‘താമര നന്നായി വിരിയിക്കണം.’ ഇതളുകൾ കൊഴിഞ്ഞ പല്ലു കാട്ടിയൊരു ചിരി മാത്രമായിരുന്നു മറുപടി.

കൂപ്പുകൈയിൽ മനംനിറച്ചു മടങ്ങുമ്പോൾ കുമ്മനത്തോടു ചോദിച്ചു: ‘ഇപ്പോൾ സ്ഥാനാർഥിയാണോ പാർട്ടി പ്രസിഡന്റാണോ...?’ മറുപടി നേരിട്ടു പറഞ്ഞില്ല: ‘ഞാൻ ചോദിക്കുന്നതു വോട്ടല്ല, അനുഗ്രഹമാണ്. ശ്രദ്ധിച്ചില്ലേ?’ ശരിയാണ്, കുമ്മനം രാജശേഖരൻ എന്ന വട്ടിയൂർക്കാവിലെ സ്ഥാനാർഥിയെക്കാൾ വലിയ ഉത്തരവാദിത്തത്തിലാണു കുമ്മനം രാജശേഖരൻ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്. മൽസരരംഗത്തുള്ള ദേശീയ പാർട്ടികളിൽ, അധ്യക്ഷപദവിയിലിരുന്നു തിരഞ്ഞെടുപ്പിൽ അങ്കം പയറ്റുന്ന ഏക നേതാവ്.

അതുകൊണ്ടുതന്നെ, വോട്ടർമാരെ കാണാൻ പോകുമ്പോൾ മൊബൈൽ ഫോണിനെ സെക്രട്ടറിയുടെ പോക്കറ്റിൽ ഒളിപ്പിച്ചുവച്ചു കറങ്ങാൻ കുമ്മനത്തിനു കഴിയുന്നില്ല. ഇടതടവില്ലാതെ വരുന്നു, പാർട്ടിതല കോളുകൾ. കാറ്റും കോളും നിറ‍ഞ്ഞ മൽസരമൈതാനത്തു ഗോളടിക്കാനും വിസിലടിക്കാനും ഈ മനം വേണം. കഥകളിയിലെ ഭാഷയിൽ പറഞ്ഞാൽ, ഒരുതരം ഏകലോചന വിദ്യ!

∙ സത്യത്തിൽ ഈ ഇരട്ടത്തോണിയാത്ര വലിയ സമ്മർദമല്ലേ?

ഞങ്ങളുടെ പാർട്ടിയിലെ നേതാക്കളെല്ലാം മൽസരരംഗത്താണ് എന്നതു വലിയ സമ്മർദമാണ്. പ്രസിഡന്റിന്റെയും സ്ഥാനാർഥിയുടെയും ധർമങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോവുക എളുപ്പമല്ല. ഇന്നിപ്പോൾ ഞാൻ രാവിലെ മുതൽ ആലോചിക്കുന്നത്, പെരുമ്പാവൂരിൽ നിഷ്ഠുരമായി കൊല്ലപ്പെട്ട ജിഷ എന്ന ദലിത് പെൺകുട്ടിയുടെ വീട്ടിൽ പോകാൻ സമയം കണ്ടെത്തുന്നതിനെക്കുറിച്ചാണ്. പക്ഷേ, പാർട്ടി പ്രവർത്തകർ നിശ്ചയിച്ച പ്രചാരണ പരിപാടികൾ ഇവിടെ പിടിച്ചുനിർത്തുകയും ചെയ്യുന്നു. കോടിയേരി ബാലകൃഷ്ണനോ വി.എം. സുധീരനോ ഇത്തരമൊരു സമ്മർദമില്ല.

kummanam-compaign തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലെ പ്രചാരണത്തിനിടെ സ്ഥാനാർഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കാറിന്റെ മുൻസീറ്റിലിരുന്നു സഹായി വിഷ്ണു ഫോൺ നീട്ടിക്കൊണ്ടു ചോദിച്ചു: ‘മനോഹർ പരീക്കറിനെ വിളിക്കേണ്ടേ?’ ‘വേണം, വേഗം നമ്പറെടുക്ക്’ എന്നു കുമ്മനം. ‘ആറൻമുളയിലെ വിമാനത്താവള പദ്ധതി വീണ്ടും അനക്കിക്കൊണ്ടുവരാൻ ചില കേന്ദ്രങ്ങളിൽനിന്നു ശ്രമം പുനരാരംഭിച്ചിട്ടുണ്ട്. അതു സംബന്ധിച്ചു പരീക്കറിനെ ചില കാര്യങ്ങൾ ധരിപ്പിക്കാനാണ്’ എന്നു കുമ്മനം വിശദീകരിച്ചു.

കോളനികൾ കയറിയിറങ്ങുമ്പോൾ കുമ്മനം ക്ഷീണമറിയുന്നില്ല. ഒരു വീടു കുത്തനെ മുകളിലേക്കെങ്കിൽ, വെറൊന്നു നേരെ ഇറക്കത്തിൽ. സ്വന്തം വാക്കുകൾപോലെ പതിഞ്ഞ കാലടികൾ അമർത്തിച്ചവിട്ടി കുമ്മനം ഓരോ വീട്ടിലുമെത്തി. ഓല മേയുന്ന വീട്ടുകാരനെ അടുത്തേക്കു വിളിച്ചു. സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു, അതു സുദർശനൻ ചേട്ടനാണ്. തിരുവനന്തപുരം സ്റ്റൈലിൽ കുമ്മനം നീട്ടി വിളിച്ചു: ‘സുദർശനണ്ണാ വാ, വോട്ട് മാത്രം പോരാ. ഫോട്ടോയും വേണം.’ പര്യടനം കുഴിവിള ജംക്‌ഷനിലേക്ക്. വഴിയോരത്തു കളരി ആശാൻ മാനുവലിനെ കണ്ട കുമ്മനം ഓടിച്ചെന്നു കൈപിടിച്ചു. അടവും തടവും പയറ്റുമ്പോൾ ഒരാശാന്റെ മെയ്‌വഴക്കം നേതാവിനും നല്ലതാണ്. 1987ൽ തിരുവനന്തപുരം ഈസ്റ്റിൽനിന്നു നിയമസഭയിലേക്കു മൽസരിച്ചശേഷം ഇക്കുറി അങ്കത്തിനിറങ്ങുന്ന കുമ്മനത്തിന്, മാറിയ കാലത്തിന്റെ അടിതടകളും നല്ല വശം.

അപ്പോഴേക്കും, ഉച്ചകഴിഞ്ഞുള്ള പര്യടനം വെട്ടിച്ചുരുക്കി പെരുമ്പാവൂരിലേക്കു പോകാൻ കുമ്മനം തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. മൈക്രോ ഫിനാൻസുകാരുടെ യോഗമടക്കം, വൈകിട്ടത്തെ പരിപാടികളിൽ പങ്കെടുക്കാൻ പാർട്ടിക്കാരെ ചുമതലപ്പെടുത്തലായി പിന്നെ. മണികണ്ഠേശ്വരം ജംക്‌ഷനിലെ ടിആർഎൽ 24–ാം നമ്പർ റേഷൻ കടയിലേക്കു കയറിയപ്പോൾ, പണ്ടു ഫുഡ് കോർപറേഷനിലെ അസിസ്റ്റന്റായിരുന്ന കുമ്മനത്തിന്റെ മുഖത്തു പുത്തരിശോഭയുള്ള പുഞ്ചിരി. ബിജെപി പതാകയുടെ നിറമുള്ള ഷാൾ പതിവുള്ള കോട്ടണല്ല, ടർക്കിത്തുണിയാണ്.

∙ ഇങ്ങു തിരുവനന്തപുരത്തിരിക്കുമ്പോൾ, അങ്ങു കാസർകോട് മുതലുള്ള പാർട്ടി പ്രവർത്തനങ്ങളുടെ ഏകോപനം എങ്ങനെ നടക്കുന്നു?

അതിനൊക്കെ ഞങ്ങൾക്കു കൃത്യമായ സംവിധാനങ്ങളുണ്ട്. എല്ലാ ദിവസവും ജില്ലകളിൽനിന്നുള്ള ഫീഡ്ബാക്ക് തിരുവനന്തപുരത്തെ കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ഓഫിസിലെ കോൾ സെന്ററുകാർ ശേഖരിക്കും. അവർ രാത്രി ഒൻപതു മണിക്കുശേഷം എനിക്ക് എത്തിച്ചുതരും. പാർട്ടി നേതാക്കളുടെ യാത്രയ്ക്കായി പ്രത്യേകം ട്രാവൽ വിഭാഗമടക്കം വിപുലമായ സംവിധാനങ്ങളുള്ളതാണു കോൾ സെന്റർ.

യാത്രയെക്കുറിച്ചു പറഞ്ഞുതീരുംമുൻപ് ചുറ്റുവട്ട ചർച്ചകളിൽ ഒരു ചിറകടിശബ്ദം. കുമ്മനം പെരുമ്പാവൂർക്കു പോകുന്നതു ഹെലികോപ്റ്ററിലാക്കുന്നതിനെക്കുറിച്ചാണ് ആലോചന. ‘ഹെലികോപ്റ്റർ കിട്ടിയാലും ഇല്ലെങ്കിലും എനിക്കു പോയേ പറ്റൂ. അത്രയ്ക്കു കിരാതമാണ് അവിടെ നടന്നത്’–കുമ്മനത്തിന്റെ വാക്കുകളിൽ രോഷം. വ്യക്തിസംഭാഷണങ്ങളിൽ അലയടങ്ങിയും സമരമുഖങ്ങളിൽ ആഞ്ഞടിച്ചും കാണുന്ന കുമ്മനത്തെ ഓർമിപ്പിച്ചു, ആ മുഖം. നിലയ്ക്കൽ, മാറാട്, ആറൻമുള... കുമ്മനം നിറ‍ഞ്ഞുനിന്ന സമരപഥങ്ങൾ.

kummanam-compaign1 വട്ടിയൂർക്കാവിലെ പ്രചാരണത്തിനിടെ കുമ്മനം രാജശേഖരൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

∙ ഈ സമരങ്ങളിലൊക്കെ, ഏതെങ്കിലും ഘട്ടത്തിലൊരു പിഴവു വന്നതായി പിൽക്കാലത്തു വിലയിരുത്തിയിട്ടുണ്ടോ? അല്ലെങ്കിൽ അക്കാലത്തെ നിലപാടുകളിൽ തിരുത്തൽ വേണമെന്നു തോന്നിയ സന്ദർഭങ്ങൾ...

ഒരിക്കലുമില്ല. നിലയ്ക്കലായാലും മാറാടായും ആറൻമുളയായാലും, നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളായിരുന്നു. വനഭൂമി കയ്യേറിയതിനെതിരെ കണിശമായ നിലപാടാണു നിലയ്ക്കലിലുണ്ടായത്. നമ്മുടെ തീരദേശം കോർപറേറ്റ് ശക്തികൾ കയ്യടക്കുന്നതിനെതിരെയായിരുന്നു മാറാട് സമരം. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ആറൻമുളയിലേതു സമീപകാല സംഭവമാണ്. ആറൻമുളയിൽ വിമാനത്താവളം വേണ്ടെന്നു ‍ഞങ്ങൾ പറയുന്നില്ല. പക്ഷേ, അവിടത്തെ കാവും കുളവും നദിയും നശിപ്പിച്ചുകൊണ്ടു താവളം വരുന്നതിനെയാണ് എതിർത്തത്. വിമാനത്താവളത്തിനു പറ്റിയ വേറെ എത്രയോ സ്ഥലം ആറൻമുളയിലുണ്ട്.

ബിജെപി നേതാവിന്റെ പര്യടനമായതുകൊണ്ടാവും, പ്രവർത്തകരുടെ വീടുകളിലൊക്കെ തയാറാക്കിയതു പാർട്ടിയുടെ തനതുനിറം ഓർമിപ്പിക്കുന്ന ഓറഞ്ച്, മാമ്പഴ ജ്യൂസുകൾ മാത്രം! സംഭാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിങ്ങനെ അറുപത്തിനാലുകാരന്റെ ദേഹത്തിനു ദാഹമകറ്റാൻ ശമനികൾ പിന്നെയും. ദേഹശാന്തി പോലെതന്നെ പ്രധാനമാണു കുമ്മനത്തിനു മനശ്ശാന്തി. രാത്രി ഒരു മണി കഴിഞ്ഞു കിടന്നാലും പുലർച്ചെ അഞ്ചരയ്ക്കെഴുന്നേറ്റു ധ്യാനവും ജപവും മുടക്കില്ല. ‘ധ്യാനിക്കുന്നത് ഏതെങ്കിലും സ്വരൂപത്തെയല്ല, മനസ്സിനുമപ്പുറമുള്ളൊരു ഭാവത്തെയാണ്’ എന്നു കുമ്മനത്തിന്റെ നിർവചനം. പ്രചാരണത്തിന്റെ സൗകര്യത്തിനായി വട്ടിയൂർക്കാവിൽ വാടകവീടെടുത്തിട്ടുണ്ടെങ്കിലും, മറ്റു സമയങ്ങളിൽ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണു വാസം.

കോട്ടയത്തുകാരനാണെങ്കിലും കുമ്മനത്തിന്റെ സംസാരം കേട്ടാൽ ദേശം പിടികിട്ടില്ല. എങ്ങനെയാണിങ്ങനെയായതെന്ന സന്ദേഹം പങ്കുവച്ചാൽ കുമ്മനത്തിന്റെ മറുപടി: ‘കോളജ് കാലം കഴിഞ്ഞപ്പോൾ ഞാൻ കോട്ടയത്തെ സ്ഥിരവാസം വിട്ടതല്ലേ? പിന്നെ എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും ഗുരുവായൂരുമൊക്കെയായി പലപല കാലങ്ങൾ.’ ധർമമാർഗം തേടി, പഴയ ജന്തുശാസ്ത്ര ബിരുദധാരി ജീവിതസഞ്ചാരം തുടർന്നപ്പോൾ വിവാഹം എന്ന ഇടത്താവളം വേണ്ടെന്നുവച്ചു.

പത്രപ്രവർത്തനം പഠിച്ചശേഷം നാലഞ്ചു പത്രങ്ങളിൽ ജോലിചെയ്ത കുമ്മനം, പിൽക്കാലത്തു പാർട്ടി പത്രത്തിന്റെ മാനേജിങ് എഡിറ്ററായി. ഇപ്പോഴും അതിന്റെ ചെയർമാനായിരിക്കുന്നതുകൊണ്ടാകാം, വഴിവക്കിലൊക്കെ ചാനലുകളോ പത്രപ്രവർത്തകരോ പിടിച്ചുനിർത്തുമ്പോഴും അക്ഷോഭ്യൻ. ‘സർവേ ഫലങ്ങൾക്കു മുകളിലായിരിക്കുമോ താഴെയായിരിക്കുമോ ബിജെപിയുടെ നേട്ടം?’ എന്നൊരു ചോദ്യം. മറുപടി: ‘അരിയുടെ വേവു നോക്കാൻ ഒന്നോ രണ്ടോ വറ്റെടുത്തു നോക്കിയാൽ മതി. പക്ഷേ, ധാരാളം പച്ചക്കറികളും കിഴങ്ങുമൊക്കെ ചേർത്തു വേവിച്ചാൽ അങ്ങനെ പറ്റുമോ? ജനങ്ങളുടെ മനസ്സു പലതരത്തിലാണ്. കുറച്ചുപേരുടെ സർവേകൊണ്ടൊന്നും അത് അളക്കാൻ പറ്റില്ല.’

∙എങ്കിൽപ്പിന്നെ ബിജെപിക്ക് എത്ര സീറ്റ്?

നൂറ്റിനാൽപതു സീറ്റ് എന്നു ഞാൻ പറയും.

∙ അതിലൊരു പ്രായോഗികതയില്ലല്ലോ?

എന്റെ പ്രതീക്ഷയാണു ഞാൻ പറഞ്ഞത്. പിണറായി വിജയനെപ്പോലെ, 100 സീറ്റ് കിട്ടുമെന്നു പറഞ്ഞാൽ തോൽക്കുന്ന 40 സീറ്റ് ഏതെന്നുകൂടി വ്യക്തമാക്കേണ്ടതല്ലേ? പാർട്ടി പ്രവർത്തകൻ അനിയുടെ ഇരുകുന്നത്തെ വീട്ടിൽ ഇലയിട്ടു സദ്യ കഴിച്ചു എന്നു വരുത്തി കുമ്മനം കാറിലേക്കു കയറി. ഊണിനുമുൻപു വീട്ടിലെ ദേവുവിന്റെ വക ഒരു കുമ്മനം ഗാനം: ‘കുമ്മനം, നമ്മുടെ കുമ്മനം നാടിൻ പൊൻമുത്താണ്’ പൂക്കൾ, പനിനീർപ്പൂക്കൾ...’ എന്ന മട്ടിൽ ദേവുതന്നെ എഴുതിയതാണ്.

ഉച്ചവെയിലിൽ കാറിന്റെ ഡാഷ് ബോഡിലെ താമരപ്പൂനിര വാടിപ്പോയിരിക്കുന്നു. പക്ഷേ, രാവിലെ ഏഴരയ്ക്കു പര്യടനം തുടങ്ങിയ പാർട്ടിയുടെ അമരക്കാരന് ഒരുച്ചയുറക്കത്തിനുപോലും ക്ഷീണമില്ല. പെരുമ്പാവൂരിലേക്കു തിരിക്കുംമുൻപു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ച് അവിടത്തെ ക്രമസമാധാനനില അറിയിക്കണം. നരേന്ദ്ര മോദിയും അമിത് ഷായും രാജ്നാഥുമടക്കം വരുംദിവസങ്ങളിൽ വരാനിരിക്കുന്ന നേതൃനിരയുടെ പരിപാടികൾ ഏകോപിപ്പിക്കണം. പല ജില്ലകളിലും പോകാൻ കഴിഞ്ഞിട്ടില്ല. സാധിക്കുമെങ്കിൽ ഒന്നുരണ്ടു ജില്ലകളിലെങ്കിലും പര്യടനം നടത്തണം...

ഒടുവിൽ പക്ഷേ, കുമ്മനത്തിനു പെരുമ്പാവൂരിൽ പോകാനായില്ല. ഹെലികോപ്റ്റർ ഇറങ്ങുന്നതിനു ചില സാങ്കേതിക പ്രശ്നങ്ങൾ. യാത്ര ഒരുദിവസംകൂടി മാറ്റി. എങ്കിലും വൈകിട്ട് പാളയത്ത് ജിഷ അനുസ്മരണം. ദീപം തെളിച്ച് ഐക്യദാർഡ്യം. കവിയൂർ പൊന്നമ്മയും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി ശ്രീശാന്തും കൂടെ.

∙ കുമ്മനം എന്ന മൂന്നക്ഷരത്തിൽ ബിജെപി കാണുന്ന പ്രതീക്ഷ കാക്കാനാകുമോ?

ഞാൻ രണ്ടു കാര്യങ്ങളെക്കുറിച്ച് ആകുലനേയല്ല. ഇന്നലെയെക്കുറിച്ചും നാളെയെക്കുറിച്ചും. കാറിൽനിന്നു പകുതി കൂപ്പുകൈ പുറത്തിട്ടു സൻമനം പങ്കുവച്ച് കുമ്മനം കുതിച്ചു.

Your Rating: