Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ എൽഡിഎഫിന് അനുകൂല തരംഗം, കൂത്തുപറമ്പ് സംഭവം ഒരു വിഷയമേ അല്ല: എം.വി.നികേഷ്കുമാർ

by ഉല്ലാസ് ഇലങ്കത്ത്
nikesh-kumar-campaining-2 എം.വി.നികേഷ്കുമാര്‍ പ്രചാരണത്തിൽ.

തിരഞ്ഞെടുപ്പ് വിവാദങ്ങൾ കത്തിക്കയറുകയാണ് കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ. മാധ്യമപ്രവർത്തകനും എൽഡിഎഫ് സ്ഥാനാർഥിയുമായ നികേഷ് കുമാർ പ്രചരണത്തിനിടെ കിണറ്റിലിറങ്ങി വെള്ളത്തിന്റെ ഗുണം നോക്കിയതും, കെ.എം.ഷാജിയുടെ ഇരട്ട പാൻകാർഡുമെല്ലാം ആരോപണങ്ങളായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നു. അഴീക്കോട് മണ്ഡലം നിലവിൽവന്നതിനുശേഷം രണ്ടുതവണ മാത്രമേ സിപിഎമ്മിന് ചുവടു തെറ്റിയിട്ടുള്ളൂ. 1987ലും 2011ലും. 1987ൽ, സിപിഎംവിട്ട് സിഎംപി രൂപീകരിച്ച എം.വി. രാഘവൻ സിപിഎമ്മിലെ ഇ.പി. ജയരാജനെ 1389 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. കഴിഞ്ഞതവണ 493 വോട്ടുകൾക്ക് അട്ടിമറി വിജയം നേടിയ ലീഗിലെ കെ.എം.ഷാജിക്ക് എംവിആറിന്റെ മകന്‍ നികേഷ്കുമാർ എതിരാളിയായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും നികേഷ് സംസാരിക്കുന്നു.

∙ വിമത സ്ഥാനാർഥി പി.കെ.രാഗേഷിന്റെ സ്ഥാനാർഥിത്വം ഇരുസ്ഥാനാർഥികൾക്കും ഭീഷണിയാണോ?

പുറത്തുള്ള ഘടകങ്ങൾ നോക്കിയല്ലല്ലോ നമ്മൾ മത്സരിക്കുന്നത്. ഇടതുപക്ഷം എന്നു പറയുമ്പോൾ തന്നെ വലിയ സാധ്യതയുണ്ട്. എൽഡിഎഫിന് വലിയ വോട്ടുണ്ട് മണ്ഡലത്തിൽ. അത് കൃത്യമായി പോൾ ചെയ്താൽ സാധ്യതകൾ വർധിക്കും. ഇത്തവണ എൽഡിഎഫിന് അനുകൂലമായ ഒരു തരംഗമുണ്ട്. സ്ഥാനാർഥിയായതുകൊണ്ട് പറയുന്നതല്ല. സ്വാഭാവികമായും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയും. 

∙രാഷ്ട്രീയത്തിലേക്ക് വരാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ?

രാഷ്ട്രീയം നേരത്തെ ഇഷ്ടമാണ്. രാഷ്ട്രീയം മനസിലുണ്ട്. നേരത്തെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായില്ല. പക്ഷേ, ഒരു കക്ഷി രാഷ്ട്രീയത്തിലേക്കെത്താൻ സമയമെടുത്തു. അങ്ങനെ മനസെത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തത്.  

nikesh-kumar-campaining-1

∙നികേഷിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ചേട്ടന്റെ കത്ത് വിവാദമായിട്ടുണ്ട്. അച്ഛന്റെ എതിരാളികളോട് നികേഷ് വിട്ടുവീഴ്ച ചെയ്തു എന്നാണ് പ്രധാന ആരോപണം?

കത്ത‌െഴുതിക്കോട്ടെ, ആർക്കും കത്തെഴുതാമല്ലോ. ഒരു വീട്ടിലുള്ള എല്ലാപേരും ഒരേ രാഷ്ട്രീയം പറയണമെന്ന് എന്താ ഇത്ര നിർബന്ധം. ഏതു വീട്ടിലാ അങ്ങനെ ഒരേ രാഷ്ട്രീയം ഉള്ളത്. ഒരുപാട് മോശം അനുഭവം അച്ഛന് മുൻപും ഉണ്ടായിട്ടുണ്ട്. 1940കളിൽ രാഷ്ട്രീയത്തിൽ സജീവമായ ആളെന്ന നിലയിൽ കോൺഗ്രസുമായും ബിജെപിയുമായും ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്ക് കണക്കില്ല. രാഷ്ട്രീയത്തിനകത്ത് സജീവമായി നിൽക്കുമ്പോൾ അങ്ങനെയാണ്. പിന്നെ എന്തിനാ അച്ഛന്റെ സിപിഎമ്മുമായുള്ള സംഘർഷം മാത്രം എടുത്തുപറയേണ്ട കാര്യം? വ്യക്തിപരമായി 28 വർഷങ്ങൾക്ക് മുൻപ് അച്ഛനുമായി പാർട്ടിക്ക് ഒരു ഉരസൽ ഉണ്ടായിട്ടുണ്ട്, അതാണോ ഒരു രാഷ്ട്രീയ പ്രശ്നം. ഒരു രാഷ്ട്രീയ പ്രശ്നമെന്നാൽ ഇന്ന് രാജ്യത്ത് എന്തു നടക്കുന്നു എന്നതിനെ സംബന്ധിച്ചല്ലേ? വർഗീയതയ്ക്കെതിരെ ആത്മാർഥമായ നിലപാടെടുക്കുന്നത് സിപിഎമ്മും എൽഡിഎഫുമല്ലേ. വ്യക്തിപരമായ അകൽച്ചയുടെ പേരിൽ രാഷ്ട്രീയ നിലപാടെടുക്കുന്ന ആളല്ല ഞാൻ. എന്റെ 20 വർഷത്തെ മാധ്യമ ജീവിതത്തിൽ ഞാൻ പരിശോധിക്കാത്ത ഒരു വി‌ഷയം പോലും ഉണ്ടാകില്ല. ഇടതുപക്ഷമാണ് സത്യസന്ധമായ നിലപാടെടുക്കുന്നത് എന്നു കണ്ടുകൊണ്ടാണ് ഞാൻ ഇടതുപക്ഷത്തേക്ക് വന്നത്.  

∙കണ്ണൂരിലെ പാർട്ടി പ്രവർത്തകർ വൈകാരികമായി കാണുന്ന വിഷയമാണ് കൂത്തുപറമ്പ് സംഭവം. അതിൽ ആരോപണ വിധേയൻ എം.വി. രാഘവനാണ്. മകൻ മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ അതു തിരിച്ചടിയാകുമോ?

കൂത്തുപറമ്പ് സംഭവമൊന്നും ഇവിടെ ഒരു വിഷയമേയല്ല. ഈ വിഷയം ഉയർത്താൻ ഉമ്മൻ ചാണ്ടിപോലും ശ്രമിച്ചു. പത്രങ്ങളിൽ ലേഖനമെഴുതി. കൂത്തുപറമ്പിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം അക്കാലത്ത് തന്നെ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പിന് ശേഷം എന്തെല്ലാം ഈ നാട്ടിൽനടന്നു. ഞാൻ 2005ലാണ് ഐസ്ക്രീം പാർലർകേസ് കൊണ്ടുവരുന്നത്. 2006ൽയുഡിഎഫ് വിലയിരുത്തിയത് ഒരു മന്ത്രിയും മകനുമാണ് മുന്നണിയെ തോൽപ്പിച്ചതെന്നാണ്. 2007ൽ ഞാൻ ഡിവൈഎഫ്ഐയുടെ ഇതേ രക്തസാക്ഷി മണ്ഡപത്തിലാണ് ഇടതു ബന്ധം പറഞ്ഞത്. അന്ന് അച്ഛൻ ലൈവായി നിൽക്കുന്ന സമയമാണ്. എന്നെ അതിൽ(കൂത്തുപറമ്പ് വിഷയത്തിൽ) ട്രാപ്പ് ചെയ്യാൻ നോക്കുകയാണ്. 

∙മുഖ്യമന്ത്രി ഉമ്മൻചാണ്ടി എതിരായി പ്രവർത്തിക്കുന്നു എന്നാണോ?

ഉമ്മൻചാണ്ടിക്ക്, 140 സ്ഥാനാർഥികളിൽ എന്നെ മാത്രം ലക്ഷ്യമിടേണ്ട കാര്യമെന്താണ്. 2005ൽ ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ എന്നോട് വലിയ വിരോധമായിരുന്നു ഇന്ത്യാവിഷൻ അപ്പോഴാണ് ഒരു സർവ്വെ കൊടുക്കുന്നത്. എൽഡിഎഫ് 100 സീറ്റിൽ വിജയിക്കുമെന്ന്. ഉമ്മൻചാണ്ടി തുള്ളിയ തുള്ളലൊക്കെ എനിക്ക് ഓർമ്മയുണ്ട്. ഈ സർക്കാരിന്റെ കാലത്ത് വന്ന സോളാറാകട്ടെ ബാറാകട്ടെ ഞാൻ നല്ല റോൾ വഹിച്ചിട്ടുണ്ട്. സ്വാഭാവികമല്ലേ ഉമ്മൻചാണ്ടിയുടെ വിരോധമൊക്കെ.

∙നികേഷ് പ്രചരണത്തിനിടെ കിണറിലിറങ്ങിയതാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രധാന ചർച്ച. അബദ്ധം പറ്റിയതാണെന്നും, അതല്ല പ്രചരണ തന്ത്രത്തിന്റെ ഭാഗമായി കിണറിലിറങ്ങിയതാണെന്നും രണ്ടു പക്ഷമുണ്ട്?

ഞാൻ പഠിച്ച ഒരു തൊഴിലുണ്ട്. അതു മാധ്യമപ്രവർത്തനമാണ്. എനിക്ക് ഒരു പ്രശ്നത്തിലേക്കിറങ്ങിച്ചെല്ലാൻ തോന്നുക സ്വാഭാവികമാണ്. എനിക്ക് കിണറിലിറങ്ങാനറിയാം. തെങ്ങിൽ കയറാനറിയാം. എന്താ വേണ്ടത് നിങ്ങൾക്ക്. അതെല്ലാം ഞാൻ ചെയ്തുതരാം. എന്നെ സംബന്ധിച്ച് ഇതൊന്നും വിഷയമല്ല. ഞാൻ ആ കിണറ്റിൽ കണ്ടത് മഞ്ഞ വെള്ളമാണ്, ഉപ്പുവെള്ളം. മൊത്തം മഞ്ഞനിറത്തിൽ.. കിണറ്റിലെ നിഴൽ വീണുണ്ടാകുന്ന നിറമല്ല. ഞാൻ കിണറിലിറങ്ങി നോക്കിയപ്പോൾ മൊത്തം കലങ്ങികിടക്കുന്നു. ആളുകൾ കുടിക്കുന്ന വെള്ളമാണ്. നമ്മൾ ഓരോ വീട്ടിലും ചെല്ലുമ്പോൾ ആളുകൾ പറയുന്നത് വെള്ളത്തെക്കുറിച്ചാണ്. ബാക്കിയെന്തും ജനങ്ങൾ സഹിക്കും. പക്ഷേ, വ‌െള്ളമില്ലാതായാലോ. ഒരു ദിവസം ജനങ്ങൾക്ക് എന്തുമാത്രം വെള്ളം വേണം. റോഡുപോലുമില്ലാത്തസ്ഥലങ്ങളിൽ എങ്ങനെ വെള്ളമെത്തിക്കും. പൊതുവേ രാഷ്ട്രീയക്കാരോട് ജനങ്ങൾക്ക് ദേഷ്യമുണ്ട് ആ മേഖലയിൽ. എന്നെ സംബന്ധിച്ച് ഒരു സ്റ്റെപ്പിറങ്ങുന്നതുപോലെയേ ഉള്ളൂ ആ കിണറ്റിലേക്കിറങ്ങുന്നത് എന്നുള്ളതുകൊണ്ട് ഞാൻ കിണറ്റിലേക്കിറങ്ങി. അത് വിവാദമുണ്ടാക്കാനല്ല. പ്രശ്നം എന്തെന്ന് മനസിലാക്കാനാണ്. എനിക്ക് രുചി നോക്കിയാൽ പോര. ആ വെള്ളം അടുത്ത് കാണണം. അതുകൊണ്ട് ഞാൻ ഇറങ്ങി. ഞാൻ എത്രയോ കിണർ കുഴിച്ചിട്ടുണ്ട്. കിണർ പണ്ട് വൃത്തിയാക്കുന്നത് ഇന്നത്തെപോലെ അന്യസംസ്ഥാന തൊഴിലാളികളല്ല. അതത് പ്രദേശത്തെ യുവാക്കളായിരുന്നു. 

∙ഇനി മാധ്യമ രംഗത്തേക്ക് തിരിച്ചുപോക്ക് ഉണ്ടാകുമോ?

ഞാൻ റിപ്പോർട്ടർ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് പദവിയിൽ ഉണ്ടാകില്ല. എന്നാൽ, റിപ്പോർട്ടർ ചാനലിന്റെ എംഡി എന്ന നിലയിൽ ഞാൻ ഉണ്ടാകും. ദിവസേനയുള്ള ഒരു വാർത്താ പരിപാടി ഞാൻ ചെയ്യില്ല. വാർത്ത നിയന്ത്രിക്കുന്ന ആളായിരിക്കില്ല ഞാൻ. അതിനുള്ള ഹരം ഞാൻ മറ്റൊരാൾക്ക് വിട്ടുകൊടുത്തു. 

ldf-campaign-09052016 Advertisement
Your Rating: