Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂക്കു മന്ത്രിസഭയുണ്ടാകും, ഞാനും പൂഞ്ഞാറുകാരും കേരളം നിയന്ത്രിക്കും: പി.സി. ജോർജ്

pc-george

വിവാദങ്ങളില്ലാതെ പി.സി. ജോർജിന് രാഷ്ട്രീയ യാത്രകളില്ല. എതിരാളികൾ വിവാദങ്ങളുടെ തോഴനായി ചിത്രീകരിക്കുമ്പോഴും രാഷ്ട്രീയത്തിൽ കാലിടറുമ്പോഴും പൂഞ്ഞാറിലെ ജനങ്ങളാണ് ശക്തിയെന്ന് പി.സി. ജോർജ് പറയും. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പുറത്തുവന്ന ജോർജ് സ്വതന്ത്രനായാണ് ഇത്തവണ പൂഞ്ഞാറിൽ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പിനെക്കുറിച്ച് ജോർജ് മനസുതുറക്കുന്നു.

പ്രമുഖ പാർട്ടികളുടെ പിന്തുണയില്ലാതെ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. വിജയ സാധ്യത എത്രത്തോളമുണ്ട്?

ഇവിടെ മത്സരമൊന്നുമില്ല. പൂഞ്ഞാറിൽ ഇടതുപക്ഷത്തിനും യുഡിഎഫിനും ജനങ്ങൾക്ക് തൃപ്തിയുള്ള സ്ഥാനാർഥിയെ നിർത്താൻ കഴിഞ്ഞിട്ടില്ല. എൽഡിഎഫ് നിർത്തിയിരിക്കുന്നത് മൂവാറ്റുപുഴയിൽ 1977ൽ മത്സരിച്ച് അതിനുശേഷം ജനങ്ങൾ കണ്ടിട്ടില്ലാത്ത ആളെയാണ്. ഈ സ്ഥലത്തുള്ളയാളല്ല. അങ്ങനെയുള്ള ആൾക്ക് പൂഞ്ഞാറിൽ എന്താ കാര്യം? കെ.എം. ജോർജുൾപ്പെടെ പലരെയും പൂഞ്ഞാറുകാർ ചുമന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം നഷ്ടക്കച്ചവടമാണെന്നു ബോധ്യമായിട്ടുണ്ട്. ആ നിലയ്ക്ക് എൽഡിഎഫ് സ്ഥാനാർഥിയോടുള്ള അതൃപ്തി വളരെ രൂക്ഷമാണ്.

പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 2006ൽ സ്വതന്ത്രനായി മത്സരിക്കുകയും തോറ്റശേഷം ഇനി മത്സരിക്കാനില്ലെ‌ന്നു പ്രഖ്യാപിച്ചയാളുമാണ് യുഡിഎഫ് സ്ഥാനാർഥി. പത്തു കൊല്ലം കഴിഞ്ഞ് അധികാര രാഷ്ട്രീയത്തിനുവേണ്ടി ഇറങ്ങുന്നത് ജനങ്ങൾക്ക് മനസിലാകും.

	 pc-george പി.സി. ജോർജ് പ്രചാരണത്തിനിടെ ചിത്രം: മനോരമ

മത്സരമില്ലെന്നൊക്കെ പറയാമെങ്കിലും അത്ര എളുപ്പമാണോ കാര്യങ്ങൾ. യുഡിഎഫിനും എൽഡിഎഫിനും സ്ഥാനാർഥികളുണ്ട്. ഒരു പാർട്ടിയുടേയും പിന്തുണയില്ലാതെ അനായാസ വിജയം സാധ്യമാ‌ണോ?

ഇരുമുന്നണികളും പറയുന്നത് ഒരു സ്വതന്ത്രൻ ഇവിടെനിന്ന് ജയിക്കില്ലെന്നാണ്. നിങ്ങൾ എഴുതിവച്ചോ. തൂക്ക് മന്ത്രിസഭയുണ്ടാകും. സ്വതന്ത്രനായി ജയിക്കുന്ന പി.സി. ജോർജും പൂഞ്ഞാറിലെ ജനങ്ങളും കേരള രാഷ്ട്രീയം നിയന്ത്രിക്കും. അതിനുള്ള അവസരം പൂഞ്ഞാറിലെ ജനങ്ങൾക്കുണ്ടാകും. 161 ബൂത്ത് കമ്മറ്റികളുണ്ട്. ജയിച്ചശേഷം അവരുമായും എന്നെ സഹായിക്കുന്നവരുമായും ചർച്ച ചെയ്ത് ഏതു മുന്നണിയെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുക്കും.

എൽഡിഎഫിന്റേത് പെയ്ഡ് സ്ഥാനാർഥിയാണെന്നും പിന്നിൽ ഒരു പ്രധാന നേതാവാണെന്നും ആരോപണം ഉന്നയിച്ചിരുന്നു?

അതേക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. അടുത്തമാസം 19ന് ശേഷം വളരെയേറെ സത്യങ്ങൾ വെളിപ്പെ‌ടുത്തും. എന്റെ സീറ്റു നിഷേധത്തിലെ അഴിമതി ഉൾപ്പെടെ വലിയ ഗൂഢാലോചന ഞാൻ പുറത്തുവിടും. 140 മണ്ഡലങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കെതിരെ വലിയ കൂട്ടായ്മ ഉണ്ടാക്കും. അതു ചെറുതായിരിക്കില്ല. അതിൽ ചേർക്കാൻ കഴിയുന്നവരെയെല്ലാം ചേർക്കും. വിഴിഞ്ഞം ഉൾപ്പെടെ വിറ്റുകാശാക്കിയ പൈസയാണല്ലോ യുഡിഎഫ് തിരഞ്ഞെടുപ്പിന് ഇറക്കുന്നത്. എൽഡിഎഫിലും ചിലയിടത്തൊക്കെ ഉണ്ട്. അതാണ് പുറത്തുവിടാനുദ്ദേശിക്കുന്ന പ്രധാനപ്പെട്ടകാര്യം. ഇതൊക്കെ 19ന്ശേഷം പുറത്തുവരും.

	 pc-george പി.സി. ജോർജ് പ്രചാരണത്തിനിടെ ചിത്രം: മനോരമ

ജനങ്ങളോട് ഇപ്പോൾതന്നെ പറയാമല്ലോ?

ആരോപണം സംബന്ധിച്ചു ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടാകരുത്. ഞാൻ തിരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞാൽ അതു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. അതിനുവേണ്ടി നടക്കാൻ എനിക്കിപ്പോൾ സമയമില്ല. ഞാൻ പറഞ്ഞതെല്ലാം തെളിയിക്കും. 19ന്ശേഷം. അപ്പോൾ എന്റെ തിരക്കുകളൊഴിയും.

എൽഡിഎഫ് പ്രവേശനം തടഞ്ഞത് പിണറായി ആണോ?

നെറികേട് നടത്തിയത് ഒരാളല്ല. മോഷ്ടിക്കണം എന്നു ചിന്തയുള്ള നേതാക്കൾക്കെല്ലാം ഞാൻ നിയമസഭയിൽ ഉണ്ടെങ്കിൽ പ്രശ്നമാണ്. മോഷ്ടിക്കുന്നവരും കൈക്കൂലി വാങ്ങുന്നവരുമാണ് എന്നെ രാഷ്ട്രീയമായി നശിപ്പിക്കാൻ ശ്രമിക്കുന്നത്. പക്ഷേ പൂഞ്ഞാറിലെ ജനങ്ങൾക്കെന്നെ അറിയാം. എന്തിന് അവർ (എൽഡിഎഫ്) തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എന്നെ കൊണ്ടു നടന്നു. പിണറായിയുടെ മലബാർ മേഖലകളിൽ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയി. ഞാൻ പോയത് ക്രിസ്ത്യൻ മേഖലയിലാണ്. അവിടെ നേട്ടമുണ്ടായെന്നും നന്ദിയുണ്ടെന്നും ജില്ലാ സെക്രട്ടറി എന്നെ വിളിച്ചു പറഞ്ഞല്ലോ. ഇപ്പോൾ ഞാൻ കൊള്ളില്ലെന്നു പറഞ്ഞാൽ എന്താണ് ന്യായം. നന്ദികേടാണ് കാണിച്ചത്.

എൽഡിഎഫ് മുന്നണിയിലെടുത്തില്ല. പക്ഷേ, എൽഡിഎഫ് സ്ഥാനാർഥിയെന്നു പ്രചരണത്തിൽ പലയിടത്തും പറയുന്നു?

പൂഞ്ഞാറിലെ സിപിഐക്കാരും സിപിഎമ്മുകാരും ഞാൻ എൽഡിഎഫ് ആണെന്നാണല്ലോ പറഞ്ഞത്.

	 pc-george പി.സി. ജോർജ് പ്രചാരണത്തിനിടെ ചിത്രം: മനോരമ

വൈക്കം വിശ്വൻ പറഞ്ഞത്, ജോർജുമായി സഹകരണം വേണ്ടെന്നു തീരുമാനിച്ചത് ദീർഘവീക്ഷണത്തോടെ എടുത്ത തീരുമാനമാണെന്നാണ്. എൽഡിഎഫിൽ ജോർജില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്?

വൈക്കം വി‌ശ്വന് എന്തോ ഓർമ്മക്കുറവാണ്.

ശെൽവരാജിനെ യുഡിഎഫിലേക്ക് കൊണ്ടുപോകാൻ സഹായിച്ചതാണ് എൽഡിഎഫ് പ്രവേശനത്തിന് തടസമായതെന്നാണ് ഒരു വാദം. പക്ഷേ, ശെൽവരാജ് ഇപ്പോൾ പറയുന്നത് ജോർജ് സഹായിച്ചിട്ടില്ലെന്നാണ്?

ശെൽവരാജ് യുഡിഎഫിൽ പോയതിൽ എനിക്ക് പങ്കുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ പറയുന്നത്. ശെൽവരാജിനെ പിടിച്ച് യുഡിഎഫിൽ കൊണ്ടുവരാമെന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ശെൽവരാജ് അവസാന നിമിഷം ഭയങ്കര സമ്മർദത്തിലായി ബുദ്ധിമുട്ടിയപ്പോൾ ആരുമറിയാതെ രാജി വയ്ക്കാൻ...‍(സംഭാഷണം നിർത്തുന്നു). ആ കഥ ഞാനിപ്പോൾ പറയുന്നില്ല 19 കഴിയട്ടെ. ശെൽവരാജ് ഇന്ന് ജീവിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശെൽവരാജ് പറയട്ടെ. നാടാർ സമുദായത്തിലെ നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയില്ലായിരുന്നെങ്കിൽ അന്നു ശെൽവരാജ് ചത്തുപോയേനെ. ശെൽവരാജ് നന്ദികേട് പറയരുത്. ഇത് ശരിയല്ലെന്നു ശെൽവരാജ് പറയട്ടെ. അപ്പോ കൂടുതൽ കാര്യങ്ങൾ ഞാൻ പറയാം.

മാണി വിഭാഗവുമായി ബന്ധം വിച്ഛേദിച്ചത് രാഷ്ട്രീയ നഷ്ടമായോ?

PC George

വിച്ഛേദിച്ചത് നന്നായി എന്നു മാത്രമല്ല ജീവിതത്തിൽ പറ്റിയ ഏക അബദ്ധം കുഞ്ഞാലിക്കുട്ടി, രമേശ്, ഉമ്മൻ ചാണ്ടി എന്നിവർ നിർബന്ധിച്ച് എന്നെ മാണി ഗ്രൂപ്പിൽ ചേർത്തു എന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിൽ ഞാൻ ഒരു അബദ്ധവും കാണിച്ചിട്ടില്ല. മാണി ഗ്രൂപ്പിൽ ചേർന്നതിൽ ദുഖിക്കുന്നു. മകൻ അല്ലാതെ മറ്റൊരാളോടും മാണിക്ക് സ്നേഹമില്ല. മാണിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും ഇനി എനിക്കാവില്ല.

കേരള കോൺഗ്രസിലെ വിവിധ പാർട്ടികളുടെ ഐക്യം പ്രതീക്ഷിക്കാമോ?

മാണി ഇത്തവണ തോൽക്കും. പിന്നെ എന്തു കേരള കോൺഗ്രസ്. കർഷകരെ രക്ഷിക്കാൻ കഴിയാത്ത കേരള കോൺഗ്രസിന് എന്ത് പ്രസക്തി.

Your Rating: