Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികേഷ് കുമാറും വീണ ജോർജും മത്സരിക്കുന്നതിൽ അധാർമികതയില്ല: സെബാസ്റ്റ്യൻ പോൾ

sebastian-paul

എറണാകുളം ജില്ലയിലെ സിപിഎമ്മിന്റെ സ്‌ഥിരം സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു സെബാസ്റ്റ്യൻ പോൾ. പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് എംപിയും എംഎൽഎയുമായി. എട്ടാം മത്സരത്തിനൊരുങ്ങുമ്പോൾ പാർട്ടി ചിഹ്നത്തിലാണ് സെബാസ്റ്റ്യൻ പോൾ എതിരാളിയായ കോൺഗ്രസിലെ പി.ടി.തോമസിനെ നേരിടുന്നത്. തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ കാക്കനാട്ടെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കുടുംബങ്ങളോടൊപ്പം പിറന്നാൾ ആഘോഷിക്കുമ്പോഴാണ് സ്ഥാനാർഥിയെ കാണാനായത്. തിരഞ്ഞെടുപ്പിനെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ മനോരമ ഓൺലൈനോട് മനസു തുറക്കുന്നു

∙ യുഡിഎഫിന് മുൻതൂക്കമുള്ള ജില്ലയാണ് എറണാകുളം. എത്രത്തോളം വിജയ സാധ്യതയുണ്ട്?

കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെടുന്ന മണ്ഡലമാണ് തൃക്കാക്കര. കോർപ്പറേഷൻ ദീർഘകാലം ഭരിച്ചിരുന്നത് ഇടതുപക്ഷമാണ്. ഇപ്പോൾ കുറച്ചുകാലമായി യുഡിഎഫ് ഭരിക്കുന്നു. യുഡിഎഫിന് ജില്ലയിൽ സ്വാധീനമുണ്ട്. പക്ഷേ, അവിടെയും മാറ്റം വരാം. മാറ്റത്തിനുള്ള സാധ്യത പൂർണമായി തള്ളാൻ കഴിയില്ല. ഇപ്പോൾ പല ഘടകങ്ങളും കാരണങ്ങളും ഒത്തു ചേർന്നപ്പോൾ. തൃക്കാക്കരയിൽ എന്തായാലും രാഷ്ട്രീയ മാറ്റം സംഭവിക്കും. ഇത്തവണ ചരിത്രം തിരുത്തും. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്നാണ് പ്രതീക്ഷ.

∙ ബെന്നി ബഹന്നാന്റെ ഉറച്ച മണ്ഡലമായാണ് തൃക്കാക്കര പരിഗണിക്കപ്പെട്ടിരുന്നത്. ബെന്നി ബഹന്നാന് പാർട്ടി സീറ്റ് നിഷേധിച്ചത് സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടോ?

sebastian-paul-campaign-1 സെബാസ്റ്റ്യൻ പോൾ പ്രചാരണത്തിനിടെ

സ്വാഭാവികമായും. ബെന്നിക്ക് സീറ്റ് നിർണയത്തിൽ സീറ്റ് നഷ്ടപ്പെട്ടതല്ല. കോൺഗ്രസിൽ ഏറ്റവും കരുത്തനായിരുന്നു ബെന്നി. അദ്ദേഹത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു. അയാൾ അപമാനിതനായി മാറിനിൽക്കേണ്ട സാഹചര്യം വന്നു. ബെന്നി ബഹന്നാന് മാത്രമല്ല അയാളോടൊപ്പം നിൽക്കുന്ന വലിയ വിഭാഗം പ്രവർത്തകർക്കും അസംതൃപ്തിയുണ്ട്. അതും ഒരു ഘടകമാണ്. അവരുടെ മനോവേദന, അതു ഫലത്തെ സ്വാധീനിക്കും. യുഡിഎഫ് സ്ഥാനാർഥി പി.ടി.തോമസും ശക്തനാണ്. അത് അംഗീകരിച്ചാണ് മുന്നോട്ടുപോകുന്നതെങ്കിലും ബെന്നി ബഹന്നാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഡിഎഫിനെ ദോഷകരമായി ബാധിക്കാനാണ് സാധ്യത.

∙ സ്വതന്ത്രനായാണ് എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചത്. ആദ്യമായാണ് സിപിഎം ചിഹ്നത്തിൽ മത്സരം?

സ്വതന്ത്ര ചിഹ്നം ജനങ്ങളെ പരിചയപ്പെടുത്തുന്നതിലുള്ള പ്രയാസവും സമയക്കുറവുമുണ്ട്. മറ്റൊന്ന് പാർട്ടിക്കെന്നെ, പാർട്ടിയുമായി ബന്ധപ്പെടുത്തിയ എംഎൽഎ ആയിക്കാണാനാണ് താത്പര്യം. പിന്നെ, അപരൻ വന്നാലും പ്രശ്നമാ‌ണ്. പക്ഷേ, അപരഭീഷണി എൽഡിഎഫിനും യുഡിഎഫിനും ഇല്ല. ആരോഗ്യകരമായ മത്സരമാണിവിടെ.

∙ മാധ്യമപ്രവർത്തകരായ വീണ ജോർജ് (ആറൻമുള), നികേഷ് കുമാർ (അഴീക്കോട്) എന്നിവർ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. എന്റെ പത്രപ്രവർത്തനം ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനമായിരുന്നു എന്നാണ് നികേഷ് പ‌റയുന്നത്. വീണാ ജോർജാകട്ടെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ എതിർപ്പിനിടെയാണ് സ്ഥാനാർഥിയായത്. മാധ്യമപ്രവർത്തകരുടെ നിക്ഷ്പക്ഷ താൽപര്യങ്ങൾ വെളിവാക്കപ്പെടുന്നു എന്നാണ് ഉയരുന്ന ആരോപണം. മാധ്യമ പ്രവർത്തകനും നിരൂപകനെന്നുമുള്ള നിലയിൽ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

sebastian-paul-birthday പ്രചാരണത്തിനിടെ സെബാസ്റ്റ്യൻ പോളിന്റെ ജന്മദിനം ആഘോഷിച്ചപ്പോൾ

ചർച്ച ചെയ്യാവുന്ന വിഷയമാണ്. പക്ഷേ, അവർ പ്രഫഷനൽ മാധ്യമപ്രവർത്തകരായിരുന്നുകൊണ്ടല്ല മത്സരിക്കുന്നത്. നികേഷ് തന്നെ പറഞ്ഞല്ലോ എന്റെ മാധ്യമപ്രവർത്തനം ഇതോടെ അവസാനിക്കുകയാണെന്ന്. മാധ്യമ പ്രവർത്തകരായതുകൊണ്ട് രാഷ്ട്രീയ പ്രവർത്തകരാകാൻ പാടില്ല എന്നില്ല. അങ്ങനെ വന്നിട്ടു‌ള്ള പലരും ഉണ്ട്. കേരളത്തിൽ, അടിയന്തിരാവസ്ഥക്കാലത്തിനുശേഷം പി.ജി.വർഗീസ് ജനതാപാർട്ടി സ്ഥാനാർഥിയായി മാവേലിക്കരയിൽ മത്സരിച്ചു. എം.ജെ.അക്ബർ മത്സരിച്ചു. മത്സരിക്കുന്നതിൽ മാധ്യമ സംബന്ധിയായ അധാർമ്മികത എന്തെങ്കിലുമുണ്ടെന്നു ഞാൻ കരുതുന്നില്ല.

∙ പക്ഷേ, ചോദ്യങ്ങളുന്നയിച്ച് രാഷ്ട്രീയക്കാരെ മുൾമുനയിൽനിർത്തുകയും അവരുടെ പ്രവർത്തനങ്ങൾക്കെതിരെ ആക്ഷേപങ്ങളുന്നയിക്കുകയും ചെയ്തവരാണ് മത്സരരംഗത്തേക്കിറങ്ങിയിരിക്കുന്നത്?

(ചിരിക്കുന്നു) നികേഷ് കുമാർ മാധ്യമപ്രവർത്തകനായി തിരിച്ചു വന്നാൽ പ്രശ്നം ഉണ്ടാകും. ന്യൂസ് അവതാരകനായ ആൾ സ്‌ഥാനാർഥിയാകുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഇനി തിരിച്ച് സ്‌റ്റുഡിയോയിലേക്ക് വന്നാൽ പ്രശ്നമുണ്ടാകും. അദ്ദേഹത്തിന്റെ നിഷ്പക്ഷത, വി‌ശ്വാസ്യത അത് ചോദ്യം ചെയ്യപ്പെടുക മാത്രമല്ല അത് നഷ്ടപെടുകയും ചെയ്യും. അത് അടുത്ത ഘട്ടത്തിൽ ഉണ്ടായേക്കാം. അത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്. ഒരു മുഴുവൻ സമയ മാധ്യമപ്രവർത്തകൻ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നതും സ്ഥാനാർഥിയാകുന്നതും അപാകതയായി ഞാൻ കാണുന്നില്ല‌.

∙ വിഎസ് ഉൾപെടെയുള്ള നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിവാദം സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങളുണ്ടാകുന്നത് ദോഷകരമായി ബാധിക്കില്ലേ?

sebastian-paul-campaign സെബാസ്റ്റ്യൻ പോൾ പ്രചാരണത്തിനിടെ

സോഷ്യൽ മീഡിയയ്ക്ക് വലിയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. ഞാനുൾപ്പെ‌ടെ നേതാക്ക‌ളാരും നേരിട്ടല്ല സോഷ്യൽ മീഡിയയിലെ പേജ് കൈകാര്യം ചെയ്യുന്നത്. അതു സാധിക്കില്ല. പേജ് കൈകാര്യം ചെയ്യുന്നവർക്ക് പൂർണമായി രാഷ്ട്രീയം നിശ്ചയമുണ്ടാകില്ല. രാഷ്ട്രീയക്കാരന്റെ കൗശലം ഇല്ലാത്ത ഐടി പ്രഫഷനലുകളാണ് കൈകാര്യം ചെയ്യുന്നത്. അതിന്റെ പ്രശ്നങ്ങളുണ്ടാകാം. അതു പരിഹരിച്ച് മുന്നോട്ടുപോകുക. എല്ലാം പരീക്ഷണമല്ലേ. അടുത്ത തിരഞ്ഞെടുപ്പാകുമ്പോൾ സോഷ്യൽ മീഡിയയിൽ പേജ് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് എല്ലാപേർക്കും വ്യക്തതയുണ്ടാകും. 

∙ ബിജെപി ഇല്ലാത്ത നിയമസഭയാണ് മുഖ്യലക്ഷ്യം എന്നാണ് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറയുന്നത്. ബിജെപി ഭയപ്പെടേണ്ട രാഷ്ട്രീയ ശത്രുവായി കേരളത്തിൽ വളർന്നു കഴിഞ്ഞോ?

കേരളത്തിൽ ബിജെപിയാണ് പ്രധാന ശത്രു എന്ന കാർഡ് ഉമ്മൻ ചാണ്ടി അരുവിക്കരയിലും ഇറക്കിയതാണ്. അതിനർഥം എൽഡിഎഫ് അല്ല അവരുടെ രാഷ്ട്രീയ എതിരാളി എന്നല്ലേ. ഇതൊക്കെ യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത കാര്യമാണെന്ന് ജനങ്ങൾക്ക് മനസിലാകും. ബിജെപി എതിർക്കപ്പെടേണ്ട പരാജയപ്പെടുത്തേ‌‌ണ്ട ശത്രുവാണ്. അവർ വളരാൻ ശ്രമിക്കുന്നു. അത് തടയണം. അതിനുപകരം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തി സിപിഎമ്മിനെ അല്ലെങ്കിൽ എൽഡിഎഫിനെ ബലഹീനമാക്കാമെന്നു കരുതുന്നത് തെറ്റാണ്.

720 x 470 Advertisement
Your Rating: