Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ കൊല്ലാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ മക്കളെ കൊല്ലാൻ ശ്രമിച്ചു; ആർ.ശെൽവരാജ്

r-selvaraj

ഭൂരിപക്ഷം കുറഞ്ഞ് പ്രതിസന്ധിയിലായ യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ ആശ്വാസമായിരുന്നു കോൺഗ്രസിൽ ചേരാനുള്ള സിപിഎം നേതാവായ ആർ. ശെൽവരാജിന്റെ തീരുമാനം. സിപിഎമ്മിനാകട്ടെ ഏറ്റവും വലിയ തിരിച്ചടിയും. അതീവ രഹസ്യമായിരുന്നു ശെൽവരാജിന്റെ നീക്കം. പാർ‌ട്ടി വിടുന്നതായുള്ള പ്രഖ്യാപനം ഉണ്ടായപ്പോഴാണ് സിപിഎം നേതാക്കൾപോലും വിവരം അറിയുന്നത്. പാറശാല സീറ്റിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് മാറ്റിയതും വിഭാഗീയതയുമെല്ലാം ശെൽവരാജ് പാർട്ടി വിടുന്നതിന് കാരണമായി. തിരഞ്ഞെടുപ്പിനെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ശെൽവരാജ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

∙ കോൺഗ്രസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സീറ്റ് തർക്കം തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമോ?

കോൺഗ്രസിലെ തർക്കങ്ങൾ തിര‍ഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും. നല്ല രീതിയിൽ കാര്യങ്ങൾ നടന്നു വന്നപ്പോഴാണ് തർക്കം ഉണ്ടായത്. സ്ഥാനാർഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് തെറ്റുകാട്ടി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്ഥാനാർഥി നിർണയ കാര്യത്തിൽ പെട്ടെന്ന് ശുദ്ധീകരണ പ്രക്രിയ നടത്താൻ കഴിയുന്ന അവസ്ഥയല്ല ഇപ്പോൾ കോൺഗ്രസ്. അതിന് വർഷങ്ങളെടുക്കും.

∙ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളും പ്രതികൂലമായ ബാധിക്കില്ലേ?

സരിതാ വിഷയമൊന്നും തിര‌‍ഞ്ഞെടുപ്പിനെ ബാധിക്കില്ല. സരിതാ വിഷയം ഉയർത്തികൊണ്ടുവന്നതാണ് ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക് കാരണമാകാൻ പോകുന്നത്. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഏതെങ്കിലും സമരം ഈ അഞ്ചുവർഷക്കാലയളവിൽ നടത്താനോ വിജയിപ്പിക്കാനോ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ടോ? പാർട്ടി ആഹ്വാനം ചെയ്ത ഏതു സമരമാണ് വിജയിച്ചിട്ടുള്ളത്. പിണറായി നയിക്കുന്ന സിപിഎമ്മിന്റെ അവസ്ഥ പശ്ചിമ ബംഗാളിലേതുപോലെയാകും. പിണറായി ഇപ്പോൾ ചിരിച്ചു തുടങ്ങിയിരിക്കുന്നത് പാർട്ടിയുടെ പതനം കണ്ടാണ്.

∙സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ ഒരു മടങ്ങിപോക്ക് ഉണ്ടാകുമോ?

എനിക്കൊരിക്കലും ഈ പാർട്ടിയിലേക്ക് തിരിച്ചുപോകാനാകില്ല. ഇനിയുള്ള കാലം കോൺഗ്രസ് പ്രവർത്തകനായി തുടരും. സിപിഎമ്മിനോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കോ ഇനിയുള്ള കാലം നിലനിൽപ്പില്ല.

∙പാർട്ടിയു‌ടെ പക ഇപ്പോഴും തുടരുകയാണെന്നാണോ?

നെയ്യാറ്റിൻകരയിൽ എനിക്കെതിരെ മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ചില നേതാക്കൾ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾക്കെതിരെ സമര പരിപാടികൾ സംഘടിപ്പിച്ചു. പകപോക്കൽ നടപടി പോലെയായിരുന്നു സമരങ്ങൾ. ഒരിടത്തുമില്ലാത്തതുപോലെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചു. നെയ്യാറ്റിൻകരയിൽ എന്ത് പ്രവർത്തനം തുടങ്ങിയാലും തടസം സൃഷ്ടിക്കുന്ന നിലപാടായിരുന്നു പാർ‌ട്ടിയുടേത്.

∙പക്ഷേ സിപിഎം പ്രവർത്തകരിൽ പലരും ഇപ്പോഴും സൗഹൃദം പുലർത്തുന്നില്ലേ?

എല്ലാ പ്രവർത്തകരും നേതാക്ക‌ളും എന്നെ ശത്രുവായി കാണുന്നില്ല. സംസ്ഥാന നേതൃനിരയിലുള്ള ഒരു നേതാവു മാത്രം ശത്രുത പുലർത്തുന്നു. അയാൾക്ക് എന്നോടുള്ള വ്യക്തിപരമായ വിരോധത്തിന്‍റെ പേരിലാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പണ്ടത്തെ വിരോധം ഇപ്പോഴും ശക്തമായി തുടരുന്നു. പല പൊതു സ്ഥലങ്ങളിലും എനിക്കെതിരെ ഭീഷണി മുഴക്കാറുണ്ട് ആ നേതാവ്.

∙എന്തായിരുന്നു പ്രശ്നങ്ങളുടെ തുടക്കം?

പാർട്ടിയിലെ വിഭാഗീയതയായിരുന്നു തുടക്കം. പിന്നെ വ്യക്തിപരമായ പ്രശ്നങ്ങൾ. പല നേതാക്കളെയും ഇല്ലാതാക്കുകയെന്നത് ഈ രാഷ്ട്രീയ നേതാവിന്റെ വളർച്ചയ്ക്ക് ആവശ്യമായിരുന്നു. ഈ നേതാവിനെ കാരണം പല നേതാക്കളും പാറശാലയിൽനിന്ന് നാടുവിട്ടു. അതിന്‍റെ ഭാഗമായിട്ടാണ് എന്നോടും വിരോധം വന്നതും, പാറശാലയിൽനിന്ന് നെയ്യാറ്റിൻകര മണ്ഡലത്തിലേക്ക് എന്നെ മാറ്റുന്നതും. ഇത്തവണയും പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ അയാൾ ശ്രമിക്കും. ഞാൻ മത്സരിക്കുന്നില്ലെങ്കിൽ ആരും വിജയിക്കണ്ട എന്ന നിലപാടാണ് ആ നേതാവിന്.

∙പാർട്ടി നേതൃത്വം ഇത് മനസിലാക്കുന്നുണ്ടോ?

പിണറായിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ ഒരിക്കലും അത് മനസിലാക്കില്ല, തെറ്റുതിരുത്തില്ല. കോടിയേരിക്ക് ഇതു നന്നായി അറിയാം. അതാണ് ആ നേതാവിന് സീറ്റു കൊടുക്കാത്തത്. സഖാക്ക‌ളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണയാൾ. എന്റെ കുടുംബാംഗങ്ങളെ കൊല്ലാൻ ചില സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടന്നു. എന്റെ മക്കളെ കൊല്ലാനായിരുന്നു അവരുടെ പദ്ധതി. അതുവഴി എന്നെ മാനസികമായി തകർക്കുകയായിരുന്നു ലക്ഷ്യം. എന്നെ കൊല്ലാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ മക്കളെ കൊല്ലാൻ ശ്രമിച്ചു. ഞാൻ ആരെയും ചതികാത്തതുകൊണ്ട് എനിക്കതിന്റെ വിവരം നേരത്തെ കിട്ടി. ഞാനും കുടുംബവും രക്ഷപ്പെട്ടു. എന്റെ കുടുംബത്തെ രക്ഷിച്ചത് കോൺഗ്രസാണ്.

∙പാർട്ടി നേതാക്കളെ ഇക്കാര്യം അറിയിച്ചപ്പോഴുള്ള പ്രതികരണം എന്തായിരുന്നു?

വിഎസ് ഒരക്ഷരംപോലും പറഞ്ഞില്ല. വിഎസിനോടൊപ്പം നിന്നിട്ടുള്ള ആരെയാണ് അദ്ദേഹം സംരക്ഷിച്ചിട്ടുള്ളത്. പാർട്ടിയിൽനിന്ന് വിട്ടുപോകാൻ തീരുമാനമെടുക്കുന്നതിന് തൊട്ടുമുൻപുപോലും വിഎസിനെയും പിണറായിയെയും പോയി കണ്ട് എന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. വിഎസ് ഒന്നുംപറഞ്ഞില്ല. ജില്ലാ സെക്രട്ടറിയോട് പറയാനായിരുന്നു പിണറായി പറഞ്ഞത്. കോടിയേരി മാത്രമാണ് അനുഭാവപൂർവ്വം സംസാരിച്ചത്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. എന്റെ സ്ഥാനാർഥിത്വം ഇല്ലാതാക്കാൻ ഒരു നേതാവ് ശ്രമിച്ചപ്പോഴെല്ലാം ഇടപെട്ടത് കോടിയേരിയായിരുന്നു.

∙കോൺഗ്രസിലെത്താൻ സഹായിച്ചത് പി.സി. ജോർജാണോ?

ചെറിയ സഹായങ്ങളൊക്കെ പി.സി. ജോർജ് ചെയ്തുതന്നു. ആപത്തിൽ എന്നെ സഹായിച്ചത് മുഖ്യമന്ത്രിയാണ്. ഞാൻ ആദ്യമായി എന്റെ പ്രശ്നങ്ങൾ പറയുന്നത് മുഖ്യമന്ത്രിയോടാണ്. അദ്ദേഹത്തിന്റെ വീട്ടിൽവച്ച്.

∙സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നപ്പോൾ ആർ. ശെൽവരാജും സ്ഥലത്തുണ്ടായിരുന്നു എന്നാണ് സരിതയുടെ ആരോപണം?

എനിക്ക് സരിതയെ അറിയില്ല. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ മിക്കപ്പോഴും പോകാറുണ്ട്. അവരവിടെ ഉണ്ടായിരുന്നോ എന്നറിയില്ല. ആ റൂമിൽ അവരില്ലായിരുന്നു. പിന്നീടാണ് വാർത്തവരുന്നത് സരിത സെക്രട്ടേറിയറ്റിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന്.

∙തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എത്രത്തോളം സാധ്യതയുണ്ട്?

വികസന പദ്ധതികളായാലും ക്ഷേമപദ്ധതികളായാലും ശരി ഒരു സർക്കാരും ഇതുവരെ ചെയ്യാത്ത പദ്ധതികളാണ് ഈ സർക്കാർ നടപ്പിലാക്കിയത്. അതിന്റെ നേട്ടം തിരഞ്ഞെ‌‍ടുപ്പിലുണ്ടാകും.

Your Rating: