Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് അധികാരത്തിൽ വന്നാൽ ധനവകുപ്പിനെ ഉടച്ചുവാർക്കും, അഴിമതി ഇല്ലാതാക്കും- ഐസക്

Thomas Issac

സിപിഎമ്മിലെ സൗമ്യമുഖങ്ങളിലൊന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റേത്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ധനമന്ത്രിയെന്ന നിലയിൽ ഐസക്കിന്റെ ഇടപെടൽ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്ന് ജനവിധി തേടുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു.

∙ ആലപ്പുഴയിൽ വിജയ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

കഴി‍ഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം, നൂതനമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പല കാര്യങ്ങ‌ളും ചെയ്തതുകൊണ്ട് ആളുകൾക്ക് പൊതുവിൽ ഇഷ്ടമാണ്. അതുകൊണ്ട് കഴിഞ്ഞ തവണത്തേക്കാൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിയും.

∙ അധികാരത്തിലെത്തിയാൽ എന്തൊക്കെ കാര്യങ്ങൾക്കാകും മണ്ഡലത്തിൽ ഊന്നൽ നൽകുക?

മണ്ഡലത്തിലെ ഏറ്റവും പ്രധാന പ്രശ്നം തൊഴിലാണ്, വ്യവസായങ്ങൾ നശിക്കുന്നു. പുതുതലമുറയ്ക്ക് മികച്ച ശമ്പളമുള്ള ജോലികൾ വേണം. അതു വേണ്ടത്ര ആലപ്പുഴയിലില്ല. 5000-10000 തൊഴിലുകൾ മണ്ഡലത്തിൽ സൃഷ്ടിക്കാൻ കഴിയണം. അതിന് പൊതുമേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താം, കെട്ടിട മേഖലയിൽ പുതിയ സാങ്കേതിക വിദ്യ അഭ്യസിപ്പിച്ച് എങ്ങനെ തൊഴിൽ നൽകാം എന്നതിനൊക്കെയാണ് മുൻഗണന.

പൊതുവിദ്യാഭാസം, ആരോഗ്യമേഖല ഇവയുടെ ഗുണനിലവാരം ഇനിയും ഉയർത്തണം. അതും പ്രധാന കാര്യമാണ്. റോഡ് വികസനം ഇനി അധികം ആവശ്യമില്ല. നല്ല നടപ്പാതകൾ വേണം. പിന്നെയുള്ളത് തീരമേഖലയിലെ ശുദ്ധജല പ്രശ്നമാണ്. അവിടെ കൂടുതൽ കാര്യങ്ങൾ ചെയ്യണം.

∙ ഫെയ്സ്ബുക്കെന്ന പ്ലാറ്റ്ഫോമിനെ രാഷ്‌ട്രീയത്തിൽ കാര്യക്ഷമമായി ഉപയോഗിക്കുന്ന, ആദ്യമായ ഉപയോഗിച്ച ആളുകളിലൊരാളാണ് താങ്കൾ. പക്ഷേ, ന്യൂജനറേഷനെ പിൻതള്ളി വിഎസിന്റെ ഫെയ്സ്ബുക് പേജാണ് ആരാധകരുടെ, വായനക്കാരുടെ എണ്ണത്തിൽ മുന്നിൽ?

(ചിരിക്കുന്നു) ഫെയ്സ്ബുക് പുതിയ തലമുറയുടെ മാധ്യമമാണ്. പഴയ തലമുറയ്ക്ക് കാര്യങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിലും നവമാധ്യമങ്ങൾ വേണം. യുവാക്കൾ ഒരു ചെറിയ നോട്ടീസ് പോലും വായിക്കില്ല. പത്രം തീരെ വായിക്കില്ല. ടിവി കുറച്ചുകാലം കണ്ടേക്കാം. അവർ നവമാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്.

കുട്ടികളെയൊന്നും ഇപ്പോൾ ലൈബ്രറിയിൽ കാണില്ല. അവർ മൊബൈലിൽ കാര്യങ്ങൾ നോക്കുന്നത് കാണാം. ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയാണത്. അപ്പോൾ പ്രായം ചെന്ന നേതാക്കളാകട്ടെ, ചെറുപ്പക്കാരായ നേതാക്കളാകട്ടെ ജനങ്ങളോട് സംവദിക്കണമെങ്കിൽ നവമാധ്യമങ്ങൾ വേണം. വലിയ നേതാക്കളാകുമ്പോൾ അതിന്റേതായ പ്രചാരണമുണ്ടാകും. അല്ലാതുള്ളവർ ചെയ്യുമ്പോൾ നൂതനമായ രീതികൾ കൊണ്ടും സംവേദനം കൊണ്ടുമാണ് ജനങ്ങളെ ആകർഷിക്കുക.

Thomas Issac

∙ പക്ഷേ, വിഎസിന്റെ ഫെയ്സ്ബുക് പേജ് ശ്രദ്ധയാകർഷിക്കുന്നതിന് പിന്നിൽ വിവാദങ്ങളും ഒരു കാരണമല്ലേ?

ഏയ്, അതിപ്പോൾ വിവാദങ്ങളുണ്ടാക്കാൻ മാധ്യമങ്ങൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്. അവരിങ്ങനെ കാത്തിരിക്കുന്നുണ്ട്. മുൻപ് സ്റ്റേജിന് മുന്നിലിരിക്കുന്നവന്റെ ആവേശത്തിനനുസരിച്ചാണ് പ്രസംഗിക്കുന്നത്. ഇന്നത് ക്യാമറയിൽ പിടിച്ച് ന്യൂയോർക്കിലിരിക്കുന്നവരാണ് കാണുന്നത്. അവർക്ക് വെല്ലുവിളി ഇഷ്ടമാകില്ല. മാധ്യമത്തിന്റെ സ്വഭാവം മനസിലാക്കുക. അത് പരിചയം കൊണ്ട് നേടുക. അത് പ്രശ്നമൊന്നുമല്ല.

∙ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. എൽഡിഎഫ് അധികാരത്തിൽവന്നാൽ എങ്ങനെയാകും ഇതിനെ നേരിടുക?

വലിയ പ്രയാസമാണ്. വലിയ രീതിയിൽ കുളമാക്കിവച്ചിട്ടുണ്ട്. അഞ്ചുവർഷം കൊണ്ട് സാമ്പത്തിക സ്ഥിതി തകർത്തുകളഞ്ഞു. നേരെയാക്കുക സാഹസം തന്നെയായിരിക്കും.

∙ വീണ്ടും ധനമന്ത്രിയായാൽ ആദ്യനടപടി എന്തായിരിക്കും?

ആദ്യം എടുക്കുന്ന നടപടി വിദഗ്ധൻമാരുടെ കമ്മിറ്റിയെ വയ്ക്കും. ധനകാര്യവകുപ്പിലെ പണ്ടത്തെ സോഫ്റ്റ്‌വെയർ അതേപോലെ തുടരുകയാണ്. ഇപ്പോ പത്തുവർഷം കൊണ്ട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സോഫ്റ്റ്‌വെയറിന് പോരായ്മ സംഭവിച്ചിട്ടുണ്ട്. ആ പോരായ്മ മാറ്റിയാൽ തന്നെ വരുമാനം കൂടിതുടങ്ങും. കാര്യക്ഷമതയുള്ളവരെ ഈ ചുമതല ഏൽപ്പിക്കും. ഉദ്യോഗസ്ഥരോട് കാര്യക്ഷമമായി നടപടിയെടുക്കാൻ ആവശ്യപ്പെടും. ഒരു രാഷ്ട്രീയക്കാരും നികുതിയിൽ ഇ‌ടപെടില്ല. വാളയാർ ചെക്പോസ്റ്റ് അഴിമതി രഹിതമാക്കിയ അനുഭവം മുന്നിലുണ്ട്. അഴിമതി മാറ്റാൻ ശ്രമിക്കും. കച്ചവടക്കാരുമായി സർക്കാർ ഗുസ്തിയിലാണ്. അങ്ങനെ ഗുസ്തി പിടിച്ചിട്ടൊന്നും കാര്യമല്ല. അവരെ കാര്യംപറഞ്ഞു മനസിലാക്കുക. ശരിയാകാൻ ഒന്നു രണ്ടു വർഷമെടുക്കും.

∙ എൽഡിഎഫിന്റെ മദ്യനയത്തിൽ അവ്യക്ത ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം?

എൽഡിഎഫിന്റേത് കൃത്യമായ നിലപാടാണ്. മാധ്യമങ്ങളുടെ മനസിലുള്ള അഭിപ്രായം പറഞ്ഞില്ലെങ്കിൽ കൃത്യതയില്ലെന്നു പറഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യാനാ. ഞങ്ങൾ മദ്യനിരോധനത്തിൽ വിശ്വസിക്കുന്നില്ല. അതു നടപ്പില്ലാത്ത കാര്യമാണ്. ഈ ലോകത്ത് ഒരിടത്തും മദ്യനിരോധനം പ്രാവർത്തികമായിട്ടില്ല. അമേരിക്കയിലൊന്നും മദ്യപിച്ച് കൂത്താടി നടക്കുന്നവരെ നമ്മൾ കാണില്ല. അപ്പോൾ അതുപോലെ മാറ്റം കേരളത്തിലും വരണം. 25 വർഷം മുൻപ് കേരളത്തിൽ എന്തായിരുന്നു സിഗററ്റ് വലി. ഇപ്പോൾ സിഗററ്റ് വലിക്കുന്നവരുടെ എണ്ണം കുറഞ്ഞില്ലേ. സിഗററ്റ് നിരോധിച്ചിട്ടാണോ അത്. സിഗററ്റിന്റെ ലഭ്യത കുറച്ചു. പുകയിലയ്ക്കെതിരായ പരസ്യത്തിലൂടെ ബോധവൽക്കരണം നടത്തി. നിരോധിക്കാതെ തന്നെ ചെയ്യാൻ കഴിയും. നിരോധിച്ചാൽ കള്ളവാറ്റിലേക്ക് പോകും.  മയക്കുമരുന്നിലേക്ക് പോകും.

∙ നൂതനമായ പല ആശയങ്ങളും മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ, ഐസക്കിന്റെ നൂതനമായ ആശയങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടി വേണ്ടത്ര വിജയിട്ടുണ്ടോ?

പാർട്ടിയുടെ പിന്തു‌ണയില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടകാര്യം മാലിന്യ സംസ്കരണം, കുടുംബശ്രീ ഇതൊക്കെ പാർട്ടി ഏറ്റെടുത്തില്ലേ. പാലിയേറ്റീവ് കെയർ ആദ്യം തുടങ്ങുന്നത് മുഹമ്മയില്ലല്ലേ. ഇന്ന് സംസ്ഥാന വ്യാപകമായി പാർട്ടി നടപ്പിലാക്കിയില്ലേ. അതുകൊണ്ട് എനിക്ക് സംതൃപ്തി തരുന്നത് പദ്ധതികൾ പാർട്ടി സംസ്ഥാന വ്യാപകമായി ഏറ്റെടുക്കുന്നതിലാണ്.

∙ ആലപ്പുഴയിലെ പാർട്ടിയിൽ വിഭാഗീയത ഇപ്പോഴും ശേഷിക്കുന്നുണ്ടോ?

ഇല്ല. അങ്ങനെ ഗൗരവമായ കാര്യങ്ങളില്ല. ഒരു തീരുമാനം പാർട്ടി എടുത്തുകഴിഞ്ഞാൽ അതൊക്കെ ഇല്ലാതായിപോകും.

Your Rating: