Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടർമാർ വിവേകശാലികൾ: ടി.എൻ. ശേഷൻ

by ഷജിൽ കുമാർ
seshan

തിരഞ്ഞെടുപ്പു കാർഡ് ഉണ്ടാക്കിയാലോ എന്ന് ടി.എൻ. ശേഷൻ 1991ലാണ് ആലോചിച്ചത്. വലിയ എതിർപ്പുണ്ടായി. പാർട്ടികൾ ഇടഞ്ഞു. പലരും പ്രതികരിച്ചു. മൂവായിരം കോടി ചെലവു വരുമെന്നറിയിച്ച്് ആഭ്യന്തര സെക്രട്ടറി ഇഷ്ടക്കേടു കാട്ടി. ‘ഇല്ലെങ്കിൽ തിരഞ്ഞെടുപ്പു നടത്തില്ല എന്ന നിലപാടിലുറച്ചപ്പോൾ എല്ലാവരും വഴങ്ങുകയായിരുന്നു. ഇപ്പോൾ കശ്മീർ മുതൽ കന്യാകുമാരി വരെ വോട്ടർമാർക്കു കാർഡുണ്ട്..., ’ ശേഷന്റെ വാക്കുകൾ.

ഇച്ഛാശക്തിയുള്ള സർക്കാരും ഉദ്യോഗസ്ഥനും ഉണ്ടെങ്കിൽ നിയമങ്ങളൊക്കെ നടപ്പാക്കാനാകുമെന്നും അതുവഴി രാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റിയെഴുതാനാകുമെന്നും തെളിയിച്ചയാളാണു ശേഷൻ.

വിറയുണ്ടെങ്കിലും വ്യക്തതയുള്ള വാക്കുകൾ. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും ചിന്തകൾക്കു നല്ല മൂർച്ച. ഓർമകൾക്കു നല്ല തെളിച്ചം. ചെന്നൈയിൽ സെന്റ് മേരീസ് റോഡിലെ ‘നാരായണീയ’ത്തിൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആയിരുന്ന ടി.എൻ.ശേഷൻ മനോരമയോടു സംസാരിച്ചു.

തിരഞ്ഞെടുപ്പു രംഗത്ത് ഇനി എന്തെല്ലാം പുതിയ പരിഷ്കാരങ്ങൾ വേണമെന്നാണു തോന്നുന്നത്?
ഒരു പുതിയ പരിഷ്കാരവും ഞാനായി സൃഷ്ടിച്ചിട്ടില്ല. എല്ലാം 1952ലെ നിയമത്തിൽ എഴുതിവച്ചിട്ടുണ്ട്. അതു പാലിക്കുകയോ നടപ്പാക്കുകയോ മാത്രമേ ചെയ്തിട്ടുള്ളൂ. ഇനിയും നടപ്പാക്കാൻ നൂറുകണക്കിനു നിയമങ്ങളും പരിഷ്കാരങ്ങളും ഉണ്ട്. ഇച്ഛാശക്തിയോടെ അതു നിർവഹിക്കുകയാണു വേണ്ടത്.

∙ അങ്ങനെ നടപ്പാക്കേണ്ടതിൽ പ്രധാനപ്പെട്ടത് എന്താണ്?

ഇന്ത്യയിൽ തിരഞ്ഞെടുപ്പു ചെലവ് സർക്കാർ ഏറ്റെടുക്കണം. പ്രചാരണവും വോട്ടുപിടിത്തവുമെല്ലാം സർക്കാർ നിയന്ത്രണത്തിലാവണം. നിശ്ചിത സംഖ്യയിൽ ചെലവുകൾ നിജപ്പെടുത്തണം. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം. അതോടെ നമ്മൾ ഇന്നു കാണുന്ന ഒട്ടേറെ തിരഞ്ഞെടുപ്പു ക്രമക്കേടുകൾക്കു പരിഹാരമാവും. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ചെലവുകൾ സർക്കാർ വഹിക്കുകയാണു ചെയ്യുന്നത്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമെല്ലാം അതോടെ ഇല്ലാതാവും. പണമൊഴുക്കു നിലയ്ക്കും.

∙ സമ്മാനങ്ങൾ നൽകുമെന്ന വാഗ്‌ദാനം ചട്ടലംഘനമല്ലേ?

നമ്മുടെ വോട്ടർമാർ വിവേകമുള്ളവരാണ്. അവർ സമ്മാനങ്ങളൊക്കെ വാങ്ങിവയ്ക്കും. അവസാനം വോട്ട് ചെയ്യുന്നതു തികഞ്ഞ തിരിച്ചറിവോടെയാകും. സമ്മാനം നൽകിയതിന്റെ പേരിൽ അധികാരത്തിലെത്തിയവർ ആരുമില്ല. സമ്മാന വാഗ്‌ദാനം ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്. അതു തെറ്റാണ്.

∙ പെരുമാറ്റച്ചട്ടം സംബന്ധിച്ച്?

പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കപ്പെടണം. തിരഞ്ഞെടുപ്പു കമ്മിഷൻ തീയതി പ്രഖ്യാപിച്ച്, അപ്പോൾ മുതൽ ചട്ടം നടപ്പാക്കണം. വിജ്ഞാപനം വരെ കാത്തിരിക്കരുത്. നിയമത്തിന്റെ പഴുതുകൾ വിട്ടുവീഴ്ചകൾക്കു പ്രേരിപ്പിക്കും. അതിനു വഴങ്ങരുത്.

∙ സ്വത്തു വെളിപ്പെടുത്തലിലും പോരായ്മകളില്ലേ?

പോരായ്മകൾ പലതുമുണ്ട്. നിഷ്ഠയോടെ നടപ്പാക്കിയാൽ ഇതു മറികടക്കാം. സത്യത്തിൽ വിശ്വാസമുള്ളവരാവുകയാണ് ആദ്യം വേണ്ടത്. പാവപ്പെട്ടവനോ പണക്കാരനോ എന്നു നിർണയിക്കലല്ല സ്വത്തുവെളിപ്പെടുത്തൽ കൊണ്ടുദ്ദേശിക്കുന്നത്. അതല്ല തിരഞ്ഞെടുപ്പു കമ്മിഷന്റെ ചുമതലയും. കയ്യിലുള്ളത് ഇത്ര രൂപ എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. സുതാര്യമാവണം എല്ലാം എന്ന സന്ദേശത്തിന്റെ നടപ്പാക്കലാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

തിരഞ്ഞെടുപ്പുകളുമായി ഒരു ബന്ധവുമില്ലായിരുന്ന ശേഷൻ ചുമതലയേറ്റതു മുതലാണു പഠിച്ചു തുടങ്ങിയത്. കുറ്റമറ്റതാവണം, കാലതാമസം പാടില്ല എന്നീ രണ്ടു നിലപാടുകൾ നിശ്ചയിച്ചുറപ്പിക്കുകയായിരുന്നു. നൂറു തിരഞ്ഞെടുപ്പു പിഴവുകൾ കണ്ടെത്തി ആദ്യം പരിഹാര നടപടി തുടങ്ങി. കുത്തഴിഞ്ഞ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളും പോളിങ് സ്റ്റേഷനുകൾ തീരുമാനിക്കുന്നതിലെ പിഴവും പരിധിക്കുമേലുള്ള ചെലവുകളും ബൂത്തുപിടിത്തവും തിരഞ്ഞെടുപ്പു സംഘർഷവും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളിലായിരുന്നു ആദ്യശ്രദ്ധ. തിരിച്ചറിയൽ കാർഡ് തീരുമാനം അങ്ങനെ വന്നതായിരുന്നു. റേഷൻ കാർഡിനു ശേഷം സാധാരണക്കാരുടെ നിത്യജീവിതത്തിൽ ‘ശേഷൻ കാർഡ്’ സ്വാധീനമായി. ഇന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു നിയമലംഘനം നടക്കുമ്പോഴും നമ്മൾ ടി.എൻ.ശേഷനെ ഓർക്കും.

‘നാരായണീയം’ വളരെ ശാന്തമാണ്. ആരോഗ്യം പോരാതെ വന്നപ്പോൾ പൊതുസമൂഹത്തിൽ നിന്നകന്നു നിൽക്കുകയാണ്. പ്രാർഥനയുണ്ട്. ഷുഗറും കൊളസ്ട്രോളും പരിധിയിലാണ്. കാലിൽ നീരുവന്നു തടിച്ചുതൂങ്ങിയതിനാൽ നടക്കാൻ പ്രയാസം. സ്വന്തം കിടപ്പുമുറിയും സ്വീകരണ മുറിയുമാണിപ്പോൾ ശേഷന്റെ ലോകം. ഇനിയെന്താണാഗ്രഹം എന്നു ചോദിച്ചപ്പോൾ ചെറിയൊരു ചിരി. വിറയാർന്ന വിരലുകൾ നീട്ടി കൈകൾ ചേർത്തുപിടിച്ചു മറുപടി, ‘ഒരാഗ്രഹവുമില്ല, അധികം കിടത്തി പരീക്ഷിക്കരുതെന്നു മാത്രം മോഹം’... ചരിത്രം സൃഷ്ടിച്ച ചങ്കുറപ്പുള്ള ഉദ്യോഗസ്ഥൻ പതിഞ്ഞ ചിരിയോടെ യാത്രയാക്കുമ്പോൾ തൊട്ടരിൽ നിഴലുപോലെ ഭാര്യ ജയ ശേഷൻ. 

Your Rating: