Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴ വാങ്ങിയതിനോളം വരില്ല ഞാൻ ചെയ്തത്: ശിവൻകുട്ടി

V Shivankutty

‘വഴക്കാളി കുട്ടി’യെന്നാണ് വി. ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയ ഇട്ടിരിക്കുന്ന ചെല്ലപ്പേര്. സമരം ചെയ്യാനാണെങ്കിലും സമരസപ്പെടാനാണെങ്കിലും അദ്ദേഹം അതിന്റെ മുന്നിൽ കാണും. നിയമസഭയിൽ ഡെസ്കിന്റെ മുകളിൽ കയറിയതിനെക്കുറിച്ച് ചോദിച്ചാൽ ശിവൻകുട്ടിക്ക് ഒറ്റ മറുപടിയേയുള്ളൂ. ‘‘എന്ത് കാര്യത്തിനായാലും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സമരം ചെയ്യാൻ എൽഡിഎഫ് തീരുമാനിച്ചു. ഞാൻ ആത്മാർത്ഥതയോടെ അതിൽ പങ്കാളിയായി. അത്ര തന്നെ.’’

ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല. ഞാൻ കോഴ വാങ്ങിയിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. ഇതൊക്കെ ചെയ്തവരുടെ മുമ്പിൽ എന്റെ പ്രവർത്തി എത്രയോ നിസാരം. ശിവൻകുട്ടി മനസ് തുറന്നു.

Advertisement

ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് നേമം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം അതുകൊണ്ട് തന്നെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രവുമാണ്. എന്നാൽ ഇതിന്റെ പിരിമുറുക്കമൊന്നും ശിവൻകുട്ടിയുടെ മുഖത്ത് കാണാനില്ല. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുമ്പായി എല്ലാം വായിച്ചു നോക്കി ശരിയാണെന്ന് ഉറപ്പ് വരുത്തി ഒപ്പ് വച്ച ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി.

എന്താണ് കഴിഞ്ഞ അഞ്ചു കൊല്ലം ശിവൻകുട്ടി നേമത്ത് ചെയ്തത്?

മതേതരത്വ സംസ്കാരത്തിന് ഉതകുന്ന വികസനപ്രവർത്തനങ്ങളാണ് നേമത്ത് ഞാൻ നടത്തിയത്. ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ മികച്ച വികസനപ്രവർത്തനങ്ങൾ നടന്ന 10 മണ്ഡലങ്ങളിൽ ഒന്ന് നേമമാണ്. മണ്ഡലത്തിൽ എല്ലായിടത്തും ശുദ്ധജലം എത്തിക്കാനായി. അതുപോലെ കേരളത്തിലെ ഗവൺമെന്റ് സ്കൂളിലെ ആദ്യ നീന്തൽക്കുളം എന്റെ മണ്ഡലത്തിലെ നെടുങ്കാട് സ്കൂളിൽ നിർമിക്കാനായി. ഗവൺമെന്റ് സ്കൂളുകളിൽ വാഹന സൗകര്യം ഉറപ്പാക്കി. ഭിന്നശേഷിയുള്ളവർക്ക് ആവശ്യമായ ഉപകരണങ്ങൾ കൊടുത്തു. മുടവൻമുകൾ സ്കൂളിൽ മൾട്ടിപർപ്പസ് സ്റ്റേഡിയം സ്ഥാപിച്ചു. കരമനയിൽ വുഡൻ കോർട്ട് ഷട്ടിൽ ഇൻഡോർ സ്റ്റേഡിയമുണ്ടാക്കി.

സോഷ്യൽ മീഡിയയിൽ‌ ശിവൻകുട്ടിയെ കളിയാക്കുന്നവരാണ് കൂടുതൽ?

സോഷ്യൽ മീഡിയ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. 100 യോഗങ്ങൾ നടത്തിയാൽപോലും ലഭിക്കാത്ത ഇഫക്റ്റ് ഒരു പോസ്റ്റ് വഴി ലഭിക്കും. പല പോസ്റ്റുകളും തമാശ ഉണർത്തുന്നതാണ് ഒപ്പം ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്. അതിനെ ഒക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കാനാണ് എനിക്കിഷ്ടം.

അഴിമതിയാണോ കേരളം നേരിടുന്ന പ്രധാന പ്രശ്നം?

പാവപ്പെട്ടവനെയും സാധാരണക്കാരനെയും സഹായിക്കാനാണ് പാർട്ടി എന്നെ പഠിപ്പിച്ചത്. ഒരാൾ സഹായമഭ്യർത്ഥിച്ചു വന്നാൽ അതു പരമാവധി നടത്താൻ ശ്രമിക്കുക. ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥന്റെ ജോലി ചെയ്യണം. അതു ചെയ്തില്ലെങ്കിൽ ചെയ്യിപ്പിക്കേണ്ട ചുമതല ജനപ്രതിനിധിക്കുണ്ട്. പലരും കൈക്കൂലി വാങ്ങുന്നവരാണ്. അവരുടെ നേരെ വിരൽ ചൂണ്ടണമെങ്കിൽ നമ്മൾ കൈക്കൂലി വാങ്ങുന്നവരായിരിക്കരുത്.

പലരുടെയും അഴിമതി കഥകൾ കാരണം ജനാധിപത്യ സംവിധാനത്തോട് ജനങ്ങൾക്ക് തന്നെ മതിപ്പില്ല ഇപ്പോൾ. അത്തരക്കാർക്കെതിരെ പ്രതികരിക്കുന്നതിൽ എന്താണ് തെറ്റ് ഞാൻ നിയമസഭയിൽ ഡെസ്കിൽ കയറി നിന്നെന്ന് പറയുന്നവർ ജമീലാ പ്രകാശത്തെ അപമാനിച്ചതോ കെ.കെ. ലതികയെ അപമാനിച്ചതോ ഒാർക്കുന്നില്ല. ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല, കോഴ വാങ്ങിയിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. അവരൊക്കെ ചെയ്ത തെറ്റു വച്ചു നോക്കുമ്പോൾ എന്റെ തെറ്റ് നിസാരമാണ്. ഏതു കാര്യത്തിലും കാണിക്കുന്ന ആത്മാർത്ഥത ഞാൻ അവിടെയും കാണിച്ചു.

ഇനി എംഎൽഎ ആയാൽ?

സിഗ്നൽ ലെസ്സ് അടിപ്പാത മേൽപ്പാത ഒക്കെയുള്ള ഇന്ത്യയിലെ തന്നെ മോഡൽ ജംക്‌ഷനായി തിരുമന ജംക്‌ഷനെ മാറ്റും. മണ്ഡലത്തിലെ ഭിന്നശേഷിയുള്ള എല്ലാവർക്കും അവർക്കാവശ്യമായ ഉപകരണങ്ങൾ നൽകും. എന്റെ മണ്ഡലത്തിലെ 10 സ്കൂളുകൾ മോഡൽ സ്കൂളുകളായി ഉയർത്തും. വേറെയും പല പദ്ധതികൾ മനസ്സിലുണ്ട്.

ഇതൊക്കെ പറയുമ്പോൾ ശിവൻകുട്ടിയുടെ മുഖത്ത് ആത്മവിശ്വാസം. കടുത്ത മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തേതു പോലെ വിജയം തനിക്കൊപ്പമാകും എന്ന പ്രതീക്ഷ നിറയുന്ന ആത്മവിശ്വാസം.

Your Rating: