Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർഥി നിർണയത്തിൽ സംഭവിക്കുന്നതെന്ത് ?

cpm

തെരുവിൽ പ്രകടനങ്ങളും ചുമരുകളിൽ പോസ്റ്ററുകളുമായി സിപിഎമ്മിലെ സ്ഥാനാർഥിനിർണയം പതിവില്ലാത്തവിധം വിവാദമയമായിരിക്കുന്നു. സ്ഥാനാർഥികളായി നി‍ർദേശിക്കപ്പെട്ടവർക്കെതിരായും ചിലരെ സ്ഥാനാ‍ർഥികളാക്കണമെന്നാവശ്യപ്പെട്ടും അണികൾ പരസ്യ ശബ്ദമുയർത്തുകയാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിക്കുന്ന സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളുന്നു. സംസ്ഥാന നേതൃത്വം നിർദേശിക്കുന്നവരെ അണികൾ തള്ളുന്നു. പലയിടങ്ങളിലും രാഷ്ട്രീയ യുക്തിക്കു നിരക്കാത്ത സ്ഥാനാർഥി നിർണയമെന്ന പരാതി.

കൊല്ലം

(സിറ്റിങ് എംഎൽഎ – പി.കെ. ഗുരുദാസൻ, സിപിഎം)

മറ്റു പലർക്കും ഇളവ് നൽകിയപ്പോഴും രണ്ടു തവണ മത്സരിച്ച ഗുരുദാസനെ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് ആരോപണം. ബാറുടമകളെയും അബ്കാരിയെയും വരെ ബന്ധപ്പെടുത്തിയാണ് ആരോപണം. ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിർദേശിച്ച സ്ഥാനാർഥിപ്പട്ടികയിൽ ഗുരുദാസന്റെ പേരില്ലായിരുന്നു. സെക്രട്ടേറിയറ്റ് വീണ്ടും യോഗം ചേർന്നു ഗുരുദാസന്റെ പേര് മാത്രം നിർദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം തള്ളി. ദേശാഭിമാനിയിലെ ആർ.എസ്. ബാബുവിന്റെ പേരായിരുന്നു നേതൃത്വത്തിന്റെ മനസ്സിൽ. ഗുരുദാസനെ തഴയുമെന്നുറപ്പായതോടെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകളും ലഘുലേഖകളും പ്രചരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനസെക്രട്ടറി നടൻ മുകേഷിന്റെ പേരു നിർദേശിച്ചു. മൂന്നാമതും ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിനെതിരെയും അഭിപ്രായങ്ങൾ ഉയർന്നു.

കായംകുളം

(സിറ്റിങ് എംഎൽഎ – സി.കെ. സദാശിവൻ, സിപിഎം)

ആലപ്പുഴയിലെ ഔദ്യോഗിക പക്ഷവും വി.എസ്. പക്ഷവും തമ്മിലുള്ള തർക്കമാണ് കായംകുളത്തെ പ്രശ്നമണ്ഡലമാക്കിയത്. തോമസ് ഐസക്കിനും ജി. സുധാകരനും ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റ് സി.കെ. സദാശിവന്റെ കാര്യം സംസ്ഥാന നേതൃത്വത്തിന് വിട്ടു. ഇതിൽ പ്രതിഷേധിച്ച് വിഎസ് സീതാറാം യച്ചൂരിക്ക് പരാതി നൽകിയതോടെ തീരുമാനം പുനഃപരിശോധിക്കാൻ നിർദേശം വന്നു. ജില്ലാ സെക്രട്ടേറിയറ്റ് സി.എസ്. സുജാത, സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ, കെ.എച്ച്. ബാബുജാൻ, എം.എം. അലിയാർ എന്നിവരെ നിർദേശിച്ചു. വനിതാ, സമുദായ പരിഗണനയുടെ പേരിൽ സി.എസ്. സുജാതയും സി.കെ. സദാശിവനും പട്ടികയിൽ ഇടം തേടുന്നത് തടയാനാണ് രണ്ടു മാനദണ്ഡവും ഒത്തുചേരുന്ന സ്ഥാനാർഥിയായി പ്രതിഭാ ഹരിയെ നിർദേശിച്ചത്. ഇതിനിടെ രജനി ജയദേവ് എന്ന പേരു ജില്ലാനേതൃത്വം പറഞ്ഞു. വാസ്തവത്തിൽ രജനി ഡമ്മി സ്ഥാനാർഥിയായിരുന്നെന്നും സൂചനയുണ്ട്.

ചെങ്ങന്നൂർ

(സിറ്റിങ് എംഎൽഎ – പി.സി. വിഷ്ണുനാഥ് , കോൺ.)

ചെങ്ങന്നൂരിൽ നേരിട്ട് തർക്കമില്ല, കായംകുളത്തെ തർക്കം പ്രതിഫലിക്കുകയാണ്. സജി ചെറിയാൻ, സി.എസ്. സുജാത, ടി.കെ. ദേവകുമാർ എന്നിവരെയാണ് ആദ്യം ജില്ലാ നേതൃത്വം നിർദേശിച്ചത്. ഇത് സംസ്ഥാന നേതൃത്വം തള്ളിയപ്പോഴാണ് വിഎസ് വിഭാഗക്കാരൻ കെ.കെ. രാമചന്ദ്രൻ‌ നായരെ നിർദേശിച്ചത്. ഇതിനിടെ പാർട്ടി തീരുമാനം വരുന്നതിനു മുൻപ് ജില്ലാ സെക്രട്ടറി പൊതു വേദിയിൽ രാമചന്ദ്രൻ നായരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് വിവാദവുമായി. ഏറ്റവും ഒടുവിൽ വിജയസാധ്യത മുൻനിർത്തി സജി ചെറിയാന് ഇളവു ലഭിക്കുമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പ്രതീക്ഷ. വിഎസ് ഇടപെട്ട് സ്ഥാനാർഥിത്വം ലഭിക്കുമെന്നാണ് ആ വിഭാഗം നേതാക്കളുടെ പ്രതീക്ഷ.

ആറന്മുള

(സിറ്റിങ് എംഎൽഎ – കെ. ശിവദാസൻനായർ, കോൺ.)

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പല തവണ ചർച്ച ചെയ്തു മുന്നോട്ടുവച്ച, മുതിർന്ന പാർട്ടി നേതാക്കളും പുറത്തുനിന്നുള്ളവരും അടക്കമുള്ള, പേരുകളെല്ലാം സംസ്ഥാന നേതൃത്വം തള്ളി.

ഒടുവിൽ മാധ്യമപ്രവർത്തക വീണ ജോർജിന്റെ പേരു വന്നപ്പോൾ സംസ്ഥാന നേതൃത്വത്തിനു വിമുഖതയുണ്ടായില്ല. ഈ തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ വിമർശനത്തിനൊപ്പം ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. പാർട്ടിക്കു പുറത്തുള്ള ചില കേന്ദ്രങ്ങൾ സംസ്ഥാന നേതൃത്വത്തെ സ്വാധീനിച്ചെന്നാണു പാർട്ടിക്കാർ തന്നെ പറയുന്നത്.

കോന്നി

(സിറ്റിങ് എംഎൽഎ – അടൂർ പ്രകാശ്, കോൺഗ്രസ്)

തിരുവല്ലയിൽനിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. സനൽകുമാറിനെ കോന്നിയിൽ മത്സരിപ്പിക്കുന്നതിനെപ്പറ്റി പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനമുണ്ടായി. കഴിഞ്ഞ തവണ കോന്നിയിൽ മത്സരിച്ച എം.എസ്. രാജേന്ദ്രന്റെ പേരു നിർദേശിക്കപ്പെട്ടെങ്കിലും ജില്ലാ നേതൃത്വം തന്നെ കാര്യമായി പരിഗണിച്ചില്ല. ഇത് ജില്ലാ നേതൃത്വത്തിലെ ചിലരുടെ എതിർപ്പു കൊണ്ടാണെന്നു പാർട്ടി യോഗങ്ങളിൽ ആരോപണമുയർന്നിരുന്നു.

ഏറ്റുമാനൂർ

(സിറ്റിങ് എംഎൽഎ – കെ. സുരേഷ് കുറുപ്പ്, സിപിഎം)

ഏറ്റുമാനൂരിൽ കെ.സുരേഷ് കുറുപ്പ് വീണ്ടും മൽസരിക്കാനെത്തുന്നതും ജില്ലാ സെക്രട്ടറി വി.എൻ. വാസവന് സീറ്റില്ലാതെ വന്നതും ജില്ലയിലെ സിപിഎം ചേരിതിരിവിന്റെ കൂടെ ഫലമാണ്. കുറുപ്പിനെ മാറ്റി ഏറ്റുമാനൂരിൽ മൽസരിക്കാൻ മുൻ കോട്ടയം എംഎൽഎ കൂടിയായ വാസവൻ നീക്കം നടത്തിയിരുന്നു. മൽസരിക്കാൻ ഇളവുവേണമെന്ന വാസവന്റെ അഭ്യർഥന രണ്ടുതവണയും സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. എന്നാൽ ലോക്സഭയും നിയമസഭയുമടക്കം എട്ടുതവണ മൽസരിച്ച സുരേഷ് കുറുപ്പിന് ആദ്യം സെക്രട്ടേറിയറ്റ് ഇളവുനൽകിയില്ലെങ്കിലും രണ്ടാമത് ശൂപാർശയില്ലാതെ തന്നെ അനുമതി നൽകുകയായിരുന്നു.

പൂഞ്ഞാർ

(സിറ്റിങ് എംഎൽഎ – പി.സി. ജോർജ്, ജയിച്ചത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി)

പി.സി.ജോർജിനെ പിന്തുണയ്ക്കുന്നതിനെ പ്രാദേശിക സിപിഎം നേതൃത്വം ശക്തമായി എതിർക്കുന്നു. ജില്ലാനേതൃത്വത്തിൽ ചിലർക്ക് പി.സി.ജോർജിനോട് താൽപര്യമുണ്ടെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാദേശിക വികാരം കൂടി പരിഗണിച്ചാണ് ജോർജിന്റെ കാര്യം ആലോചിക്കുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും പാർട്ടി പരിഗണിക്കുന്നു. കർഷക ഐക്യവേദിയെന്ന കർഷക കൂട്ടായ്മയ്ക്കു ജില്ലയിൽ ഒരു സീറ്റ് നൽകാമെന്ന വാഗ്ദാനം സിപിഎം നേരത്തേ നൽകിയിരുന്നത്രെ.

വടക്കാഞ്ചേരി

(സിറ്റിങ് എംഎൽഎ – സി.എൻ ബാലകൃഷ്ണൻ, കോൺ.)

സംസ്ഥാന കമ്മിറ്റി നേരിട്ട് കെപിഎസി ലളിതയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ പ്രാദേശിക നേതൃത്വം ഞെട്ടി. എന്നാൽ ലളിതയ്ക്ക് വടക്കാഞ്ചേരിയിലുള്ള പ്രിയം ഗുണമാകുമെന്ന നിലപാടിലേക്കു ജില്ലാ നേതൃത്വം എത്തി. എന്നാൽ പ്രാദേശികമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ വിവാദമായി. നൂലിൽ കെട്ടിയിറക്കിയ താരപ്പൊലിമയുടെ സ്ഥാനാർഥി വേണ്ട എന്നായിരുന്നു പോസ്റ്ററുകളിൽ. വീടും തോറും ലഘുലഖയും വന്നതോടെ വിവാദം കത്തിക്കയറി. പ്രതിഷേധ മാർച്ചും നടന്നു. ലളിത പിൻമാറിയതോടെ ആര് മൽസരിക്കുമെന്ന പുതിയ പ്രതിസന്ധി ഇവിടെ രൂപപ്പെടുന്നു.

തൃപ്പൂണിത്തുറ

(സിറ്റിങ് എംഎൽഎ – കെ.ബാബു, കോൺഗ്രസ്)

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപുതന്നെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സിപിഎം തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയിരുന്നു. സ്ഥാനാർഥി ചർച്ചയിൽ തൃപ്പൂണിത്തുറയിലേക്കു രാജീവിന്റെ പേരുമാത്രമേ വന്നുള്ളൂ. എന്നാൽ ഒരു വർഷം മുൻപു മാത്രം തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിമാർ മൽസരിക്കേണ്ടതില്ലെന്നു പൊതു തീരുമാനം വന്നതോടെ രാജീവിന്റെ സാധ്യത ഇല്ലാതായി. ജില്ലയിൽ തീരുമാനമെടുക്കാനാവാതെ വന്നതോടെ അക്കാര്യം സംസ്ഥാന കമ്മിറ്റിക്കു വിട്ടു. നടൻ മുകേഷ്, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ സംസ്ഥാന നേതൃത്വം ഇടപെട്ട് ആലോചിച്ചു. നടൻ ശ്രീനിവാസനെ രണ്ടാമതൊരുവട്ടം കൂടി സമീപിച്ചു. ഒടുവിൽ സി.എം.ദിനേശ് മണിയിലെത്തി നിൽക്കുന്നു.

തൃത്താല

(സിറ്റിങ് എംഎൽഎ – വി.ടി. ബൽറാം, കോൺഗ്രസ്)

തൃത്താല മണ്ഡലം തിരിച്ചുപിടിക്കാൻ യുവസ്ഥാനാർഥി വേണമെന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം മുതൽ സ്വീകരിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, ജില്ലാ സെക്രട്ടറി കെ. പ്രേംകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. റജീന എന്നിവരുടെ പേരുകൾ പരിഗണിച്ചെങ്കിലും യോജിച്ചതല്ലെന്നു കണ്ടു സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി.

പക്ഷേ, ഇപ്പോഴും റജീനയുടെ പേരാണു ശുപാർശ ചെയ്തിരിക്കുന്നത്. യുവ, ന്യൂനപക്ഷ, സ്ത്രീ പ്രാതിനിധ്യങ്ങൾ എല്ലാം കണക്കിലെടുക്കാൻ ഈ പേര് ഉപകരിക്കുമെന്നാണ് പാർട്ടിയുടെ ജില്ലാ നേതൃത്വം കരുതുന്നത്. തൃത്താലയിലെ സ്ഥാനാർഥിയെ നിശ്ചയിച്ചത് ഒറ്റപ്പാലത്തെയും ഷൊർണൂരിലെയും സ്ഥാനാർഥികളെ സംരക്ഷിക്കാനാണെന്ന വാദം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. റജീനയുടെ സ്ഥാനാർഥിത്വത്തെ എതിർത്ത് ഒരു വിഭാഗം പാർട്ടി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയാണ്.

പയ്യന്നൂർ

(സിറ്റിങ് എംഎൽഎ – സി. കൃഷ്ണൻ, സിപിഎം)

സി. കൃഷ്ണനെത്തന്നെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ മണ്ഡലം കമ്മിറ്റിയിൽ എതിർപ്പുയർന്നിരുന്നു. പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.

എന്നാൽ സി. കൃഷ്ണനെ തന്നെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മണ്ഡലം കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിനിർണയത്തിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാന നേതൃത്വം കണക്കിലെടുത്തെങ്കിലും, പ്രതിഷേധത്തെത്തുടർന്നു സ്ഥാനാർഥിയെ മാറ്റുന്നത് തെറ്റായ സന്ദേശം അണികൾക്കു നൽകുമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ശുപാർശ. കാരണം പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ മറ്റു ജില്ലാ ഘടകങ്ങളെ വിമർശിക്കുന്ന കണ്ണൂർ നേതൃത്വം തയാറാക്കിയ പട്ടികയിൽ മാറ്റം വരുത്തുന്നത് കണ്ണൂർ ലോബിക്ക് ചിന്തിക്കാനാകാത്ത കാര്യമായിരുന്നു. സ്ഥാനാർഥി പട്ടികയിൽ ട്രേഡ് യൂണിയൻ മേഖലയിൽ നിന്നു പ്രാതിനിധ്യം കുറവാണെന്നതും സിഐടിയു ജില്ലാ സെക്രട്ടറിയായ സി. കൃഷ്ണന് അനുകൂല ഘടകമായി.

Your Rating: