Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുകാറ്റിൽ 12 ജില്ലകൾ, ഉലഞ്ഞും വീണും വൻമരങ്ങൾ, തളിരിട്ട് താമരപ്പാടം

by സ്വന്തം ലേഖകൻ
vattam-new

∙ തിരുവനന്തപുരം

താമര പൂത്തുലഞ്ഞ് നേമം

തലസ്ഥാന ജില്ലയിൽ ഇടതുമുന്നണി മേധാവിത്വം തിരിച്ചുപിടിച്ചപ്പോൾ യുഡിഎഫിന് അഞ്ചുസീറ്റുകൾ നഷ്ടമായി. നേമത്തെ അട്ടിമറി വിജയത്തോടെ ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിലെ പ്രമുഖരായ സ്പീക്കർ എൻ.ശക്തനു കാട്ടാക്കടയിലും ഡപ്യൂട്ടി സ്പീക്കർ പാലോട് രവിക്കു നെടുമങ്ങാട്ടും അടി തെറ്റിയപ്പോൾ പുതുമുഖങ്ങളായ സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), വി.ജോയ് (വർക്കല), കെ.ആൻസലൻ (നെയ്യാറ്റിൻകര), ഡി.കെ.മുരളി (വാമനപുരം) എന്നിവരാണ് സിപിഎമ്മിനു നേട്ടമുണ്ടാക്കിയത്. നെടുമങ്ങാട്ടെ സിറ്റിങ് എംഎൽഎമാരുടെ പോരാട്ടത്തിൽ വിജയം സിപിഐയിലെ സി.ദിവാകരനൊപ്പം നിന്നു.
തിരിച്ചടികൾക്കിടയിലും കോവളത്തെ എം.വിൻസന്റിന്റെ അട്ടിമറിജയവും ത്രികോണമൽസരം നടന്ന വട്ടിയൂർക്കാവും തിരുവനന്തപുരവും നിലനിർത്താനായതും അരുവിക്കരയിൽ കെ.എസ്.ശബരീനാഥൻ ഭൂരിപക്ഷം ഇരട്ടിയാക്കിയതുമാണ് യുഡിഎഫിന് ആശ്വസിക്കാനുള്ളത്. നേമത്തെ ചരിത്രജയത്തോടൊപ്പം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും രണ്ടാംസ്ഥാനം നേടാനും കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട് മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിൽക്കൂടുതൽ വോട്ടുകൾ നേടാനും എൻഡിഎയ്ക്കു കഴിഞ്ഞു.

∙ കൊല്ലം

കൊല്ലത്തു കൊടുങ്കാറ്റ്

മൂന്നര പതിറ്റാണ്ടിനുശേഷം ജില്ല പൂർണമായും ഇടത് ആധിപത്യത്തിൽ. കഴിഞ്ഞ തവണത്തെ ഒൻപതു സീറ്റിൽ നിന്ന് ഇക്കുറി പതിനൊന്നു സീറ്റും നേടിയപ്പോൾ യുഡിഎഫിനു ചവറയിൽ മന്ത്രി ഷിബു ബേബിജോണിന്റെ അപ്രതീക്ഷിത പരാജയവും ചാത്തന്നൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസൻ എന്നിവരുടെ ദയനീയ തോൽവിയും കാണേണ്ടി വന്നു. നാലു താരങ്ങളും ഒരു പാർട് ടൈം താരവും വെള്ളിത്തിരയിൽ നിന്നു പോർക്കളത്തിലിറങ്ങിയ കൊല്ലത്തെ രണ്ടു താരങ്ങൾ നിയമസഭയിലേക്ക്. താരയുദ്ധത്തിലുടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പത്തനാപുരത്തു തുടർച്ചയായ നാലാം ജയം നേടി കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ്– ബി) എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചപ്പോൾ കൊല്ലത്ത് മുകേഷും അനായാസ ജയം നേടി. പാർട്ട് ടൈം നടൻ കൂടിയായ കോൺഗ്രസിന്റെ രാജ്മോഹൻ ഉണ്ണിത്താന് കുണ്ടറയിൽ കാലിടറി.

∙ പത്തനംതിട്ട

വീണയുടെ വിജയനാദം

ആകെയുള്ള അഞ്ച് മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാർ മൽസരിച്ച പത്തനംതിട്ടയിൽ നാലിടത്തും അവർ വിജയം കണ്ടു. ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ ഭൂരിപക്ഷം ഇടതുപക്ഷത്തിനു തന്നെ അപ്രതീക്ഷിതമായി. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.ശിവദാസൻ നായർ 6,511 വോട്ടിന്റെ ഭൂരിപക്ഷം നേടിയിടത്താണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി അദ്ദേഹത്തെ 7,646 വോട്ടിനു പരാജയപ്പെടുത്തിയത്. സ്ഥാനാർഥിത്വം സംബന്ധിച്ച് യുഡിഎഫിൽ ആശയക്കുഴപ്പം നിലനിന്ന കോന്നി മണ്ഡലത്തിൽ അടൂർ പ്രകാശ് ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 7,774 ൽ നിന്ന് 20,748 ആയി ഉയർത്തി. തിരുവല്ലയിൽ മാത്യു ടി. തോമസ് 8262 വോട്ടിന്റെ ഭൂരിപക്ഷം നേടി. റാന്നിയിൽ രാജു ഏബ്രഹാമും അടൂരിൽ ചിറ്റയം ഗോപകുമാറും ഭൂരിപക്ഷം ഉയർത്തി.

∙ ഇടുക്കി

റെക്കോർഡായി ജോസഫ്

ഇടുക്കിയെ റെക്കോർഡിന്റെ കൊടുമുടിയിലെത്തിച്ച് തൊടുപുഴയിൽ പി.ജെ.ജോസഫിന്റെ തേരോട്ടം. തൊടുപുഴയിൽ നിന്ന് ഒൻപതാം തവണയും പി.ജെ.ജോസഫ് വെന്നിക്കൊടി പാറിച്ചപ്പോൾ ഇത്തവണത്തെ ഭൂരിപക്ഷം റെക്കോർഡായി–45587 വോട്ട്.

തുടർച്ചയായി മൂന്നാം തവണയും ഇടുക്കി ജില്ല ഇടതുപക്ഷം പിടിച്ചടക്കി. ഉടുമ്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങൾ എൽഡിഎഫ് ഇത്തവണയും നിലനിർത്തി. തൊടുപുഴ, ഇടുക്കി മണ്ഡലങ്ങൾ നിലനിർത്താനായതിന്റെ ആശ്വാസമാണു യുഡിഎഫിന്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മൂന്നു സ്ഥാനാർഥികളും പരാജയപ്പെട്ടു. എൽഡിഎഫിന് ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇടുക്കി മണ്ഡലത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് പരാജയപ്പെട്ടത് എൽഡിഎഫിനു തിരിച്ചടിയായി. ഉടുമ്പൻചോലയിൽ എം.എം.മണിയും, പീരുമേട്ടിൽ ഇ.എസ്.ബിജിമോളും, ദേവികുളത്ത് എസ്.രാജേന്ദ്രനും വിജയിച്ചു. ബിജിമോൾക്കും രാജേന്ദ്രനും ഇതു ഹാട്രിക് വിജയം കൂടിയാണ്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തുടർച്ചയായി നാലാം വിജയം നേടി. എൻഡിഎ സഖ്യത്തിന് ജില്ലയിൽ വോട്ടു കൂടി.

∙ കോട്ടയം

കാറ്റിനെതിരെ

സംസ്ഥാനത്ത് വീശിയ ഇടതുകാറ്റിൽ കോട്ടയം ഉലഞ്ഞില്ല. ഒൻപതു സീറ്റിൽ ആറിലും വിജയിച്ച് കോട്ടയത്ത് യുഡിഎഫ് കാലിടറാതെ നിന്നു. ബിജെപി എല്ലാ സീറ്റിലും മൂന്നിരട്ടി വോട്ടു വർധിപ്പിച്ചു കരുത്തുകാട്ടി. ജില്ലയിൽ ഒന്നരലക്ഷം വോട്ടിന്റെ വർധനയാണ് ഇക്കുറിയുണ്ടായത്. ചതുഷ്കോണ മൽസരം നടന്ന പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും മറികടന്ന് വൻഭൂരിപക്ഷത്തോടെ പി.സി.ജോർജ് ജയിച്ചു. കേരള കോൺഗ്രസ് (എം) മൽസരിച്ച അഞ്ചിൽ നാലിലും ജയിച്ച് പിടിച്ചുനിന്നു. തോൽക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിർണായക പോരാട്ടത്തിൽ കെ.എം.മാണി വിജയിച്ചു. ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കടുത്തുരുത്തിയിൽ നിന്നു ജയിച്ച മോൻസ് ജോസഫാണ്–42256 വോട്ട്. വിജയിച്ച ഇടതുസ്ഥാനാർഥികളായ സുരേഷ് കുറുപ്പും സി.കെ.ആശയും (വൈക്കം) ഭൂരിപക്ഷമുയർത്തി. കഴിഞ്ഞ തവണത്തെ 711 എന്ന ഭൂരിപക്ഷത്തിൽ നിന്നും 33632 എന്ന ഭൂരിപക്ഷത്തിലേക്ക് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുതിച്ചുകയറി. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 33255ൽ നിന്ന് 27092 ലേക്കുതാണു.

∙ ആലപ്പുഴ

വിഷ്ണു വീണു

ചെങ്ങന്നൂർ തിരിച്ചു പിടിച്ചുകൊണ്ട് എൽഡിഎഫ് ജില്ലയിലെ നില ഒന്നു കൂടി മെച്ചപ്പെടുത്തി. ഒൻപതു മണ്ഡലങ്ങളിൽ എട്ടും എൽഡിഎഫിന്. മന്ത്രി രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വിജയം മാത്രമാണ് യുഡിഎഫിന്റെ ഏക ആശ്വാസം. കടുത്ത ത്രികോണ മൽസരം നടന്ന ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിനെ 7983 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.രാമചന്ദ്രൻ നായർ വിജയിച്ചത്. ബിഡിജെഎസിന്റെ ജന്മഭൂമിയായ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥികൾ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും നല്ല മുന്നേറ്റം നടത്തിയ എൻഡിഎ സ്ഥാനാർഥികൾ മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വളരെ കൂടുതൽ വോട്ടു നേടി.

∙ എറണാകുളം

അട്ടിമറി അഞ്ച്

എറണാകുളം ജില്ല കണ്ടത് അഞ്ച് അട്ടിമറി വിജയങ്ങൾ. കേരളം മുഴുവൻ ഉറ്റുനോക്കിയ തൃപ്പൂണിത്തുറയിലെ അട്ടിമറിയോളം വരില്ലെങ്കിലും കോതമംഗലം, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങളിലുമുണ്ടായി വൻ വീഴ്ചകൾ. നാലു മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാർ വീണു. ജയിച്ച നാലുപേരും പുതുമുഖങ്ങൾ. കൊച്ചിയിൽ ഡൊമിനിക് പ്രസന്റേഷനെ അട്ടിമറിച്ച കെ.ജെ.മാക്സിയൊഴികെ മൂന്നുപേരും യുവാക്കൾ. കോതമംഗലവും മൂവാറ്റുപുഴയും കൊച്ചിയും എൽഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളിയെന്ന പുതുമുഖ സ്ഥാനാർഥിയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തു. എൻഡിഎ എല്ലാ മണ്ഡലങ്ങളിലും വോട്ടു വിഹിതം കൂട്ടിയെങ്കിലും ഒരിടത്തും വിജയത്തിന് അടുത്തു പോലും എത്താനായില്ല. എന്നാൽ, തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർഥി പ്രഫ. തുറവൂർ വിശ്വംഭരൻ നേടിയ 29,843 വോട്ടുകൾ കെ.ബാബുവിന്റെ തോൽവിയിൽ നിർണായക ഘടകമായി. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ എൻഡിഎ സ്ഥാനാർഥിയും പ്രഫ. വിശ്വംഭരനാണ്. കോതമംഗലത്ത് കരുത്തനായ ടി.യു.കുരുവിളയെ കന്നിക്കാരൻ ആന്റണി ജോൺ തറപറ്റിച്ചത് 19,282 വോട്ടിന്റെ ഭൂരിപക്ഷത്തിന്. മൂവാറ്റുപുഴയിൽ സിറ്റിങ് എംഎൽഎ ജോസഫ് വാഴയ്ക്കനെതിരെ പൊതുനിരത്തു മുതൽ നവമാധ്യമങ്ങൾ വരെ ഉപയോഗിച്ച് ഉഷാറായ പ്രചാരണമായിരുന്നു എൽദോ ഏബ്രഹാമിന്റേത്. കൊച്ചിയിൽ കോൺഗ്രസ് വിമതൻ കെ.ജെ.ലീനസ് പിടിച്ച 7588 വോട്ടുകളാണു നിർണായകമായത്. ഡൊമിനിക് തോറ്റത് 1086 വോട്ടിന്. എൻഎസ്‌യു ദേശീയ അധ്യക്ഷൻ റോജി എം. ജോണിന്റെ വിജയം അങ്കമാലിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവാണ്.

∙ തൃശൂർ

പൂരത്തിമർപ്പിൽ ഇടത്

ജില്ലയിൽ എൽഡിഎഫിന്റെ ആധിപത്യം. 13 മണ്ഡലങ്ങളിൽ പന്ത്രണ്ടിടത്തും എൽഡിഎഫിനു വിജയം. വടക്കാഞ്ചേരിയിൽ മാത്രം യുഡിഎഫ് വിജയിച്ചു. ലീഡുകൾ മാറിമറിഞ്ഞ വടക്കാഞ്ചേരിയിൽ 43 വോട്ടിനാണ് യുഡിഎഫിലെ അനിൽ അക്കര വിജയിച്ചത്. എട്ടിടത്തു മത്സരിച്ച സിപിഎം ഏഴിടത്തു ജയിച്ചു. അഞ്ചിടത്തു മത്സരിച്ച സിപിഐ അഞ്ചിടത്തും വിജയിച്ചു. ഒൻപതിടത്തു മത്സരിച്ച കോൺഗ്രസ് ഏക മണ്ഡലത്തിലാണു വിജയിച്ചത്. എൻഡിഎ 13 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താണ്.

∙ പാലക്കാട്

ബിജെപിക്കു നിരാശ

പാലക്കാട് ജില്ലയിൽ അടിപതറിയത് കോൺഗ്രസിലെ രണ്ട് അതികായർക്ക്. നാലു വട്ടം തുടർച്ചയായി ചിറ്റൂരിൽ നിന്നു വിജയിച്ച കെ. അച്യുതനും പട്ടാമ്പിയിൽ നിന്നു മൂന്നു വട്ടം വിജയിച്ച സി.പി.മുഹമ്മദും പരാജയം ഏറ്റുവാങ്ങി. മൂന്നുവട്ടം താൻ തോൽപിച്ച ജനതാദൾ (എസ്) നേതാവ് കെ.കൃഷ്ണൻകുട്ടിയോടാണ് 7285 വോട്ടിന് കെ.അച്യുതന്റെ പരാജയം. ജെഎൻയു വിദ്യാർഥി നേതാവും സിപിഐ സ്ഥാനാർഥിയുമായ മുഹമ്മദ് മുഹ്സിനാണ് സി.പി.മുഹമ്മദിനെ 7404 വോട്ടിന് തോൽപിച്ചത്.


മലമ്പുഴയിൽ നാലാം മത്സരത്തിനിറങ്ങിയ വി.എസ്.അച്യുതാനന്ദൻ മുൻ ഭൂരിപക്ഷത്തിൽ 3702 വോട്ടു കൂടി ഇക്കുറി കൂട്ടിച്ചേർത്തു. തരൂരിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ നാലാം തവണയും വിജയിച്ചു. പാലക്കാട്ടും മലമ്പുഴയിലും ബിജെപി രണ്ടാം സ്ഥാനത്തു വന്നതും ശ്രദ്ധേയമായി.എന്നാൽ പാലക്കാട് പാർട്ടിയുടെ പ്രതീക്ഷകൾ പൂവിട്ടില്ല.പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറുമായിരുന്നു യഥാക്രമം ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. കോങ്ങാട്ട് തന്റെ രാഷ്ട്രീയജീവിതത്തിലെ ആറാം മത്സരത്തിനിറങ്ങിയ പന്തളം സുധാകരൻ പരാജയപ്പെട്ടു. ജില്ലയിൽ ആകെയുള്ള 12 മണ്ഡലങ്ങളിൽ, യുവ എംഎൽഎമാരുടെ പിൻബലത്തിൽ പാലക്കാട്, തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തി.

∙ മലപ്പുറം

ആര്യാടനും അടിതെറ്റി

നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെയും താനൂരിൽ സിറ്റിങ് എംഎൽഎ ലീഗിലെ അബ്‌ദുറഹിമാൻ രണ്ടത്താണിയെയും അട്ടിമറിച്ച് ഇടതുമുന്നണി ജില്ലയിൽ യുഡിഎഫിൽ നിന്നു രണ്ടു സീറ്റുകൾ അധികമായി പിടിച്ചെടുത്തു. നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകൾ നിലനിർത്താൻകൂടി എൽഡിഎഫിനു കഴിഞ്ഞതോടെ യുഡിഎഫ് 12 സീറ്റുകളിലേക്കു താഴ്‌ന്നു. കഴിഞ്ഞ തവണ 14 സീറ്റിൽ യുഡിഎഫിനും രണ്ടു സീറ്റിൽ എൽഡിഎഫിനുമായിരുന്നു ജയം. തിരൂരങ്ങാടി, മങ്കട, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മികച്ച മൽസരം കാഴ്‌ചവച്ച ഇടതിന് യുഡിഎഫിന്റെ അടിത്തറ കുലുക്കാനായി. ലീഗ് കോട്ടകളിൽ വൻതോതിൽ വോട്ടു ചോർച്ചയുണ്ടായതു നേതൃത്വത്തിന് അപ്രതീക്ഷിത പ്രഹരമായി. ജില്ലയിൽ കോൺഗ്രസിനും ലീഗിനും ഓരോ സീറ്റു വീതം നഷ്‌ടമായി.

മുൻ കെപിസിസി അംഗമായിരുന്ന അബ്‌ദുറഹിമാന് കോൺഗ്രസ് വോട്ടുകളും ലീഗ് വിരുദ്ധ വോട്ടുകളും സമാഹരിക്കാൻ കഴിഞ്ഞപ്പോൾ ചരിത്രത്തിൽ ആദ്യമായി താനൂരിൽ പച്ചക്കൊടി താഴ്‌ന്നു. മന്ത്രിമാരിൽ പി.കെ.അബ്‌ദുറബ്ബ് തിരൂരങ്ങാടിയിലും മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിലും കഷ്‌ടിച്ചു രക്ഷപ്പെട്ടപ്പോൾ വണ്ടൂരിൽ എ.പി.അനിൽകുമാറും വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും മികച്ച വിജയം നേടി. ജില്ലയിൽ ബിജെപി വോട്ടുകളിൽ വർധനയുണ്ടായി.

∙ കോഴിക്കോട്

കൊടുവള്ളി ഇടത്തേക്ക്

ഉറച്ച കോട്ടകളിൽ എൽ‍ഡിഎഫും യുഡിഎഫും നേടിയ അട്ടിമറി ജയമാണ് ജില്ലയിലെ മൽസര ഫലത്തിൽ എടുത്തു പറയേണ്ടത്. യുഡിഎഫിന്റെ ഉരുക്കു കോട്ടകളായി അറിയപ്പെടുന്ന കൊടുവള്ളിയും തിരുവമ്പാടിയും എൽഡിഎഫ് തിരിച്ചുപിടിച്ചു. എല്ലാക്കാലവും ഇടതു മുന്നണിയെ പിന്തുണച്ച കുറ്റ്യാടി യുഡിഎഫും പിടിച്ചു. കൊടുവള്ളി സിറ്റിങ് എംഎൽഎ വി.എം.ഉമ്മറിനെ വീണ്ടും തിരുവമ്പാടിയിൽ പരീക്ഷിച്ച ലീഗിനു തീരുമാനം അടിമുടി പിഴച്ചു. 2006ലെ ഉപതിരഞ്ഞെടുപ്പിൽ ഉമ്മറിനെ തോൽപ്പിച്ച ജോർജ് എം. തോമസ് വീണ്ടും ഉമ്മറിന്റെ ജയം തട്ടിയെടുത്തു. ലീഗിലെ എം.എ.റസാഖിനു സുരക്ഷിത മണ്ഡലം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൊടുവള്ളി തിരഞ്ഞെടുത്തത്. ലീഗ് വിമതൻ കാരാട്ട് റസാഖ് സിപിഎം പിന്തുണയോടെ ജയിച്ചു കയറി. തുടർച്ചയായ മൂന്നാം മൽസരത്തിനു കെ.കെ.ലതികയെ ഇറക്കിയപ്പോൾ തന്നെ പാർട്ടിയിൽ മുറുമുറുപ്പ് തുടങ്ങിയിരുന്നു. ജില്ലയിൽ സിപിഎം വനിതയ്ക്കായി നീക്കിവച്ച സീറ്റിൽ ഒരാൾ തന്നെ വീണ്ടും വീണ്ടും മൽസരിക്കുന്നതിലെ പ്രതിഷേധമാണ് ആദ്യം കേട്ടത്. പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ ഭാര്യയ്ക്കു സീറ്റുറപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പിന്നാലെയുണ്ടായി.

തുടർച്ചയായ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വട്ടപ്പൂജ്യമായി. അഞ്ചു സീറ്റുകളിൽ നാലിലും മൽസരം കാഴ്ചവയ്ക്കാൻ പോലും കോൺഗ്രസ് സ്ഥാനാർഥികൾക്കു കഴിഞ്ഞില്ല. വടകരയിൽ അട്ടിമറി പ്രതീക്ഷിച്ച കെ.കെ.രമ മൂന്നാം സ്ഥാനത്ത് ഒതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് ഇരട്ടിയാക്കിയതു മാത്രമാണ് പറയാവുന്ന നേട്ടം. മൽസരിച്ച പത്തു സിറ്റിങ് എംഎൽഎമാരിൽ രണ്ടു പേരൊഴികെ എല്ലാവരും വിജയിച്ചു.

∙ വയനാട്

മന്ത്രിയെ മറിച്ചിട്ട ജില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സമ്പൂർണവിജയം നേടിക്കൊടുത്ത വയനാട്ടിൽ മുന്നണിക്ക് ആകെയുള്ള മൂന്നിൽ രണ്ടു സീറ്റിലും കാലിടറി. മാനന്തവാടിയിൽ സിപിഎമ്മിലെ ഒ.ആർ.കേളുവും കൽപറ്റയിൽ സിപിഎമ്മിലെ സി.കെ.ശശീന്ദ്രനും ജയിച്ചപ്പോൾ കോൺഗ്രസിന്റെ വിജയം ബത്തേരിയിലെ ഐ.സി.ബാലകൃഷ്ണനിൽ ഒതുങ്ങി. മന്ത്രി പി.കെ.ജയലക്ഷ്മി മാനന്തവാടിയിൽ 1307 വോട്ടുകൾക്ക് കീഴടങ്ങി പരാജയപ്പെട്ട മന്ത്രിമാരുടെ പട്ടികയിൽ ഇടം പിടിച്ചു. ബിജെപി സർവസന്നാഹങ്ങളോടെയും പ്രചാരണം നടത്തിയെങ്കിലും എൻഡിഎയിലെ സി.കെ.ജാനുവിന്റെ മുന്നേറ്റം ബത്തേരിയിൽ 27920 വോട്ടിൽ ഒതുങ്ങി. ജനതാദൾ (യു) പാർട്ടിയിലെ എം.വി.ശ്രേയാംസ്കുമാറിന്റെ തോൽവിയും പാർട്ടിക്കു തിരിച്ചടിയായി.

∙ കണ്ണൂർ

കണക്കു തെറ്റിക്കാതെ

കൂത്തുപറമ്പും കണ്ണൂരും തിരിച്ചുപിടിച്ചു. 11 സീറ്റിൽ എട്ടിലും ജയം. നാലിടത്തു നാൽപതിനായിരത്തിലേറെ ഭൂരിപക്ഷം. കണ്ണൂർ ജില്ലയിൽ വീണ്ടും എൽഡിഎഫ് മേധാവിത്തം.
സിറ്റിങ് എംഎൽഎമാരും സിപിഎം നേതാക്കളുമായ സി.കൃഷ്ണൻ (പയ്യന്നൂർ), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി.രാജേഷ് (കല്യാശേരി), ഇ.പി.ജയരാജൻ (മട്ടന്നൂർ) എന്നിവർ 40,000ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മണ്ഡലം നിലനിർത്തിയത്. ധർമടത്തു പിണറായി വിജയനും (ഭൂരിപക്ഷം 36,905) തലശേരിയിൽ എ.എൻ.ഷംസീറും (ഭൂരിപക്ഷം 34,117) ഉജ്വല ജയം നേടി. ജില്ലാ ആസ്ഥാനത്തെ മണ്ഡലമായ കണ്ണൂരിൽ 36 വർഷത്തിനുശേഷം എൽഡിഎഫിനു ജയം.

∙ കാസർകോട്

സുരേന്ദ്രന്റെ നഷ്ടം

മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്കെതിരെ യുഡിഎഫിന്റെ വിജയം 89 വോട്ടുകൾക്ക്. സിറ്റിങ് എംഎൽഎ മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് 56870 വോട്ട് നേടിയപ്പോൾ ബിജെപിയിലെ കെ.സുരേന്ദ്രന് ലഭിച്ചത് 56781 വോട്ടുകൾ. ബിജെപി ആവശ്യപ്പെട്ടതിനെത്തുടർന്ന് റീകൗണ്ടിങ് നടത്തിയെങ്കിലും ഫലം മറിച്ചായില്ല. കെ. സുരേന്ദ്രന്റെ പേരിനോട് സാദൃശ്യമുള്ള കെ.സുന്ദരൻ എന്ന സ്വതന്ത്ര സ്ഥാനാർഥി നേടിയ 467 വോട്ടുകളും നിർണായകമായി. ശക്തമായ ത്രികോണമൽസരം നടന്ന മണ്ഡലത്തിൽ എൽഡിഎഫിന്റെ സി.എച്ച്.കുഞ്ഞമ്പു 42565 വോട്ടുകൾ പിടിച്ചു. 8607 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ എൻ.എ.നെല്ലിക്കുന്ന് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിന് 56120 വോട്ടാണ് ലഭിച്ചത്.

Your Rating: