Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറച്ച കരയിളക്കാൻ തിര തേടി

by മനോജ് മാത്യു
Ernakulam-4

മലനാടും ഇടനാടും തീരദേശവുമുണ്ട്, എറണാകുളം ജില്ലയ്ക്ക്. മണ്ണിന്റെ ഘടനയും സ്വഭാവവും വ്യത്യസ്തം. പക്ഷേ, മലയിറങ്ങി തീരത്തെത്തിയാലും ജില്ലയുടെ രാഷ്ട്രീയ സ്വഭാവം ഏറെക്കുറെ ഒന്നുതന്നെ. രാഷ്ട്രീയ സൂനാമികളുടെ അത്യപൂർവ കാലങ്ങളിലൊഴികെ എക്കാലവും കോൺഗ്രസിനൊപ്പം, യുഡിഎഫിനൊപ്പം ഉറച്ചുനിന്ന ജില്ല. ഇടതുമുന്നണിക്കു വൻ വിജയം കിട്ടിയത് 1967, 1980, 1987, 2006 തിരഞ്ഞെടുപ്പുകളിൽ മാത്രം. അല്ലാത്തപ്പോഴെല്ലാം എറണാകുളം യുഡിഎഫ് പതാക പുതച്ചു നിന്നു. 80ൽ ആന്റണി –മാണി വിഭാഗങ്ങൾ ഇടതുമുന്നണിയിലായിരുന്നു താനും.

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് എറണാകുളം. ഖജനാവിലേക്കു നികുതി വരുമാനമായി ശതകോടികൾ മുതൽ കൂട്ടുന്ന ജില്ലയിലേക്കു കോടികളുടെ വ്യവസായ നിക്ഷേപവുമെത്തുന്നു. ഐടി ഹബായി മാറുന്ന കാക്കനാടും വ്യവസായ കേന്ദ്രങ്ങളായ കളമശേരി - ഏലൂർ – എടയാർ – അമ്പലമുകൾ മേഖലകളും ജില്ലയിലാണ്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളാകട്ടെ കാർഷികവൃത്തിയുടെ പച്ചപ്പ് ഇനിയും കൈവിടാതെ കാക്കുന്നു. കേരളത്തിൽ ആദ്യമായി മെട്രോ റെയിൽ കുതിച്ചുപായാനൊരുങ്ങുന്നതു ജില്ലയുടെ ഹൃദയമായ കൊച്ചിനഗരത്തിലൂടെയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ 14 മണ്ഡലങ്ങളിൽ മൂന്നിടത്തു മാത്രമെ എൽഡിഎഫ് വിജയമുദ്ര തെളിഞ്ഞുള്ളൂ. അങ്കമാലിയും പെരുമ്പാവൂരും വൈപ്പിനും എൽഡിഎഫിനൊപ്പം നിന്നപ്പോൾ മറ്റു 11 മണ്ഡലങ്ങളും യുഡിഎഫിലേക്കു ചാ‍ഞ്ഞു. ഇക്കുറി, സിറ്റിങ് എംഎൽഎമാരിൽ രണ്ടു പേരൊഴികെ 12 പേരും പോർക്കളത്തിലുണ്ട്. തൃക്കാക്കരയിലെ കോൺഗ്രസ് എംഎൽഎ ബെന്നി ബഹനാനും അങ്കമാലി എംഎൽഎ ജോസ് തെറ്റയിലും (ജനതാദൾ എസ്) മാത്രമാണ് ഇക്കുറി മൽസരരംഗത്തില്ലാത്തത്. ഇരുവരും മൽസരിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും ഒടുവിൽ പിൻവാങ്ങേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ തന്നെയാണു യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ വിഷയം. ഇരുമുന്നണികളിലെയും സിറ്റിങ് എംഎൽഎമാർ സ്വന്തം പ്രവർത്തന നേട്ടങ്ങളാണു ജനങ്ങൾക്കു മുന്നിൽവയ്ക്കുന്നത്. അതേസമയം, സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളാണ് എൽഡിഎഫ് പ്രചാരണത്തിനു ചൂടുപകരുന്നത്. കേന്ദ്ര പദ്ധതികളുടെ തണലിൽ മൽസരിക്കുന്ന എൻഡിഎ മുന്നണിയിലേക്കു ബിഡിജെഎസിന്റെ വരവ് എത്രത്തോളം വോട്ടായി മാറുമെന്നതും നിർണായകം. തൃപ്പൂണിത്തുറ, പറവൂർ തുടങ്ങി പല മണ്ഡലങ്ങളിലും തിളക്കമുള്ള പ്രകടനമാണ് എൻഡിഎയുടെ പ്രതീക്ഷ.

Ekm-3

അങ്കമാലി

അങ്കമാലിയെന്ന യുഡിഎഫ് കോട്ട പൊട്ടിച്ച ജോസ് തെറ്റയിൽ ഇല്ലാതെയാണ് ഇക്കുറി അങ്കമാലി നിലനിർത്താൻ എൽഡിഎഫ് പോരിനിറങ്ങിയത്. സിറ്റിങ് എംഎൽഎയായ തെറ്റയിലിനു പകരം ജനതാദൾ (എസ്) രംഗത്തിറക്കിയ ബെന്നി മൂഞ്ഞേലി വിജയം നേടുമെന്നാണ് എൽഡിഎഫ് പ്രതീക്ഷയെങ്കിലും എൻഎസ്‌യു ദേശീയ അധ്യക്ഷൻ റോജി.എം.ജോണിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണു യുഡിഎഫിന്റെ ഉറപ്പ്. യുവനേതാവിന്റെ മൽസരസാന്നിധ്യം കക്ഷിഭേദമന്യേ അനുഭാവ വോട്ടുകൾ നേടിത്തരുമെന്നും യുഡിഎഫ് കരുതുന്നു. അങ്കമാലിയുടെ യുഡിഎഫ് ചായ്‍വ് അവർ ചൂണ്ടിക്കാട്ടുമ്പോൾ തെറ്റയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫിന്റെ മറുപടി. പി.സി.തോമസ് നയിക്കുന്ന കേരള കോൺഗസിലെ പി.ജെ.ബാബുവാണ് എൻഡിഎ സ്ഥാനാർഥി.

പെരുമ്പാവൂർ

ജിഷയുടെ കൊലപാതകം മൂന്നു മുന്നണികളും പ്രധാന തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തുന്ന പെരുമ്പാവൂരിൽ സിറ്റിങ് എംഎൽഎ സാജു പോളിനെ (സിപിഎം) അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന തങ്ങൾക്കു കിട്ടിയ മികച്ച സ്ഥാനാർഥിയാണ് എൽദോസ് കുന്നപ്പിള്ളിയെന്നാണു (കോൺഗ്രസ്) യുഡിഎഫ് വിലയിരുത്തൽ. ഇരുവരുടെയും വാശിപ്പോരിനിടയിൽ എൻഡിഎയും കരുത്തു തെളിയിക്കാൻ ശ്രമിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവാണു ബിജെപി സ്ഥാനാർഥി. കഴിഞ്ഞതവണ സാജുവിനെ എതിരിട്ട ജയ്സൺ ജോസഫ് (കോൺഗ്രസ്) കടുത്ത പോരിനൊടുവിൽ 3,382 വോട്ടിനാണു കീഴടങ്ങിയത്. ഇക്കുറി ആഞ്ഞുപിടിച്ചാൽ സാജുവിനെ കടപുഴക്കാമെന്ന വിശ്വാസത്തിലാണു യുഡിഎഫും എൽദോസും. പ്രചാരണപ്പോരിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞുവെന്നും യുഡിഎഫ് വിലയിരുത്തുന്നു. എന്നാൽ, ഒന്നര പതിറ്റാണ്ടായി മണ്ഡലത്തിലെ ജനങ്ങളുമായി ഉറ്റബന്ധമുള്ള സാജുവിന്റെ നാലാം ജയമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

വൈപ്പിൻ

സിറ്റിങ് എംഎൽഎ എസ്.ശർമ (സിപിഎം) വിജയം ആവർത്തിക്കാനിറങ്ങുമ്പോൾ നാട്ടുകാരനെന്ന സവിശേഷതയുമായി ദ്വീപ് മണ്ഡലത്തിൽ ശക്തമായ മൽസരത്തിന് ഇടയാക്കിക്കഴിഞ്ഞു കോൺഗ്രസിലെ കെ.ആർ.സുഭാഷ്. രാഷ്ട്രീയ വോട്ടുകൾക്കപ്പുറം നീളുന്ന വ്യക്തിബന്ധങ്ങളുടെ കരുത്തിൽ ഇക്കുറിയും ശർമ കരപറ്റുമെന്ന് എൽഡിഎഫ് ഉറപ്പിക്കുമ്പോൾ അട്ടിമറിക്കാറ്റാണു യുഡിഎഫ് പ്രവചിക്കുന്നത്. കഴിഞ്ഞവട്ടം 5,242 വോട്ടുകൾക്കാണു ശർമ കോൺഗ്രസിലെ അജയ് തറയിലിനെ തോൽപിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോൾ സുഭാഷ് നടത്തിയ വികസന പ്രവർത്തനങ്ങളും യുഡിഎഫിന്റെ പ്രചാരണായുധമാണ്. മണ്ഡലത്തിൽ എസ്. ശർമ നടപ്പാക്കിയ ക്ഷേമ പദ്ധതികളാണ് എൽഡിഎഫ് ഓർമിപ്പിക്കുന്നത്. കേരള ധീവരമഹാസഭ വർക്കിങ് പ്രസിഡന്റ് കെ.കെ.വാമലോചനനാണ് എൻഡിഎ സ്ഥാനാർഥി.

എറണാകുളം

കഴിഞ്ഞവട്ടം ഭൂരിപക്ഷം മുപ്പതിനായിരം കടന്നതിന്റെ ആലസ്യം വെടിഞ്ഞാണു കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ഹൈബി ഈഡൻ വീണ്ടും ജനവിധി തേടുന്നത്. ഹൈബിയുടെ ചെറുപ്പത്തെ പിടിച്ചുകെട്ടാൻ മറ്റൊരു ചെറുപ്പക്കാരനെ നിയോഗിച്ചാണു സിപിഎം മറുതന്ത്രം മെനഞ്ഞത്. എം.അനിൽകുമാറിന്റെ സ്ഥാനാർഥിത്വം മൽസരത്തിനു കൂടുതൽ മുറുക്കം നൽകി. എതിരാളി ആരായാലും നഗരമേഖലകൾക്കു ഭൂരിപക്ഷമുള്ള മണ്ഡലം പണ്ടേയുള്ള കോൺഗ്രസ് ചായ്‌വ് ആവർത്തിക്കുമെന്നു വിശ്വസിക്കാനാണു യുഡിഎഫിന് ഇഷ്ടം. മെട്രോ റെയിൽ ഉൾപ്പെടെ നഗരമേഖലയിലുണ്ടായ പൊതുവായ വികസന പദ്ധതികളുടെ നേട്ടവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. നഗരസഭാ കൗൺസിലറായിരുന്ന കാലം മുതലുള്ള മണ്ഡല പരിചയം പുതുക്കിയാണ് അനിൽകുമാർ വോട്ടുതേടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ.മോഹൻദാസിലൂടെ വോട്ടുവിഹിതം വർധിപ്പിക്കാനാണ് എൻഡിഎയുടെ ശ്രമം.

തൃക്കാക്കര

കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ബെന്നി ബഹനാന് അപ്രതീക്ഷിതമായി സ്ഥാനാർഥിത്വം നഷ്ടമായതും പി.ടി.തോമസിനു നറുക്കു വീണതും സൃഷ്ടിച്ച ആശയക്കുഴപ്പം മറികടന്നാണു യുഡിഎഫിന്റെ പ്രചാരണം. കേരളത്തിന്റെതന്നെ ഐടി ഹബായി വളരുന്ന കാക്കനാട് ഉൾപ്പെടുന്ന മണ്ഡലത്തിലുണ്ടായ വികസനം ചൂണ്ടിക്കാണിച്ചാണ് അവർ വോട്ടുതേടുന്നത്. കേരളമറിയുന്ന പി.ടി.തോമസിനു പ്രത്യേക പരിചയപ്പെടുത്തൽ വേണ്ടെന്നും യുഡിഎഫ് പറയുന്നു. പൊള്ളയായ വികസനമെന്ന ആരോപണമുയർത്തിയാണു സിപിഎമ്മിലെ ഡോ.സെബാസ്റ്റ്യൻ പോൾ വോട്ടുതേടുന്നത്. എസ്.സജിയിലൂടെ മൽസരം സജീവമാക്കുകയാണു ബിജെപി.

കളമശേരി

നാട്ടിലെ റോഡുകൾ മിനുക്കിയതിന്റെ തിളക്കവുമായി പൊതുമരാമത്തു മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞു (മുസ്‌ലിം ലീഗ്) വീണ്ടും മൽസരിക്കുമ്പോൾ തടയിടാനുള്ള ദൗത്യം സിപിഎം നൽകിയത് ആലുവയിലെ മുൻ എംഎൽഎ: എ.എം.യൂസഫിനാണ്. പ്രചാരണത്തിൽ യൂസഫിന്റെ ജനകീയത നേട്ടമാകുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. എന്നാൽ, ഇബ്രാഹിം കുഞ്ഞിന്റെ പ്രവർത്തനമികവു വോട്ടർമാർ മറക്കില്ലെന്നാണു യുഡിഎഫ് ഉറപ്പിക്കുന്നത്. മന്ത്രിയെന്നനിലയിൽ അദ്ദേഹം സംസ്ഥാനത്തും മണ്ഡലത്തിലും നടപ്പാക്കിയ പദ്ധതികൾ ആവേശപൂർവം അവതരിപ്പിക്കാനും യുഡിഎഫ് മറക്കുന്നില്ല. കെട്ടുറപ്പോടെയാണു യുഡിഎഫിന്റെ പ്രവർത്തനവും. അതേസമയം, സിപിഎമ്മിലെ ഉൾപ്പാർട്ടി പോരുകൾ തണുപ്പിക്കാനായതു യൂസഫിന്റെ സാധ്യതകൾ വർധിപ്പിച്ചതായി എൽഡിഎഫ് അനുഭാവികൾ കരുതുന്നു. കന്നിയങ്കം വെട്ടുന്ന വി.ഗോപകുമാറിലൂടെ (ബിജെപി) സാന്നിധ്യമറിയിക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്.

ആലുവ

അഞ്ചു കൊല്ലവും ആലുവക്കാരോടു കൂട്ടു കൂടി നടന്ന എംഎൽഎയെന്നനിലയിൽ അൻവർ സാദത്തിനു (കോൺ) പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നാണു യുഡിഎഫ് പറയുന്നത്. അത്രയ്ക്കുണ്ടു സാദത്തിന്റെ ജനകീയതയെന്ന് അവർ വാദിക്കുമ്പോൾ വി.സലിമിന്റെ (സിപിഎം) സംഘാടക മികവിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പക്ഷേ, ഐക്യകേരളം രൂപപ്പെടുംമുൻപേ തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം തുറന്നുപിടിച്ചാണു യുഡിഎഫ് ആലുവയുടെ കോൺഗ്രസ് പ്രിയം സാക്ഷ്യപ്പെടുത്തുന്നത്. 16 ൽ 13 പോരിലും ആലുവാപ്പുഴ നീന്തി കര പറ്റിയതു കോൺഗ്രസ് മുന്നണിതന്നെ. പക്ഷേ, ആറുവട്ടം തുടർച്ചയായി ജയിച്ച പ്രമുഖ കോൺഗ്രസ് നേതാവ് കെ.മുഹമ്മദാലിയെ 2006 ൽ എ.എം.യൂസഫെന്ന പുതുമുഖം അട്ടിമറിച്ചതാണ് എൽഡിഎഫിന്റെ മറുപടി. ജില്ലയിൽ, എൻഡിഎയുടെ ഏക വനിതാ സ്ഥാനാർഥിയായ ലതാ ഗംഗാധരനിലൂടെ ബിജെപിയും മൽസരത്തിനു കടുപ്പം പകരുന്നു.

കോതമംഗലം

ജില്ലയുടെ കിഴക്ക്, ഹൈറേഞ്ചിലേക്കു കവാടം തുറക്കുന്ന കോതമംഗലത്തുനിന്നു വീണ്ടും നിയമസഭയിലേക്കു പോകാനാണു സിറ്റിങ് എംഎൽഎ, കേരള കോൺഗ്രസ് എമ്മിലെ ടി.യു.കുരുവിള കച്ചമുറുക്കുന്നത്. എന്നാൽ, പതിവിനു വിപരീതമായി തങ്ങൾക്കൊരു സാധ്യത കാണുകയാണു സിപിഎം. യുവ സ്ഥാനാർഥി ആന്റണി ജോണിനെ രംഗത്തിറക്കിയതു പ്രചാരണരംഗത്ത് ഉണർവുണ്ടാക്കാനായെന്ന് എൽഡിഎഫ് കരുതുന്നു. ചെറുപ്പത്തിന്റെ ഊർജസ്വലതയും കേരള കോൺഗ്രസ് എമ്മിലുണ്ടായ പിളർപ്പും തുണയ്ക്കുമെന്നും അവർ കരുതുന്നു. എന്നാൽ, മണ്ഡലത്തിൽ ഉടനീളം വേരുറച്ച ബന്ധങ്ങളുള്ള ടി.യു.കുരുവിള പിടിച്ചുകയറുമെന്നുതന്നെയാണു യുഡിഎഫ് വിലയിരുത്തൽ. എൻഡിഎ സ്ഥാനാർഥിയായി റബർ ബോർഡ് മുൻ ചെയർമാൻ പി.സി.സിറിയക്കും രംഗത്തുണ്ട്.

പിറവം

മണ്ഡലത്തിലെ‌ അടിസ്ഥാന സൗകര്യ വികസനത്തിനു കാര്യമായ സംഭാവന നൽകാനായെന്ന പ്രചാരണവുമായാണു ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്) രണ്ടാം വിജയം തേടി ജനങ്ങളെ സമീപിക്കുന്നത്. 2012 ലെ ഉപതിരഞ്ഞെടുപ്പു പോരിന്റെ ആവർത്തനമായി എം.ജെ.ജേക്കബ് (സിപിഎം) തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. അന്നത്തെ ഫലം പക്ഷേ, ആവർത്തിക്കില്ലെന്ന് എൽഡിഎഫ് കരുതുന്നു. സൗമ്യമായി പെരുമാറുന്ന എം.ജെ.ജേക്കബ് മുൻപ് എംഎൽഎ ആയിരുന്നപ്പോൾ ചെയ്ത പ്രവർത്തനങ്ങളും അവർ ജനങ്ങളെ ഓർമിപ്പിക്കുന്നു. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിലെ സി.പി.സത്യനും രംഗത്തുണ്ട്.

മൂവാറ്റുപുഴ

അഞ്ചു കൊല്ലം; ഒട്ടേറെ വികസന പ്രവർത്തനങ്ങൾ. സിറ്റിങ് കോൺഗ്രസ് എംഎൽഎ ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴക്കാരെ ഓർമിപ്പിക്കുന്നതും അതേപ്പറ്റിയാണ്. വാഴയ്ക്കനിലൂടെ വികസനത്തുടർച്ച ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നാണു യുഡിഎഫിന്റെ വിശ്വാസം. 2011 ൽ കൈവിട്ടുപോയ സീറ്റു തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന സിപിഐ വികസന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണു വോട്ടുതേടുന്നത്. പുതുമുഖമായ എൽദോ ഏബ്രഹാമിലൂടെ അതു സാധ്യമാകുമെന്നാണു പാർട്ടിയുടെയും എൽഡിഎഫിന്റെയും വിശ്വാസം. നാട്ടുകാരനെന്ന വിലാസം എൽദോയെ തുണയ്ക്കുമെന്നും അവർ കരുതുന്നു. കിഴക്കൻ കാർഷിക മേഖലയായ മൂവാറ്റുപുഴയിൽ കാർഷിക വിലത്തകർച്ചയാണ് എൽഡിഎഫിന്റെ പ്രചാരണായുധം. എന്നാൽ, റബർ വിലസ്ഥിരതാ ഫണ്ട് ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ മറക്കരുതെന്നാണു യുഡിഎഫ് പറയുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പി.ജെ.തോമസിനെ രംഗത്തിറക്കി എൻഡിഎ മുന്നണിയും രംഗത്തുണ്ട്.

കുന്നത്തുനാട്

ജില്ലയിലെ ഏക സംവരണമണ്ഡലമായ ഇവിടെ പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോൾ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ വി.പി. സജീന്ദ്രന് ഒപ്പം തന്നെയുണ്ട്, സിപിഎമ്മിലെ ഷിജി ശിവജി. എങ്കിലും അന്തിമ ജയം സജീന്ദ്രനു തന്നെയെന്നു കരുതാനാണു യുഡിഎഫ് താൽപര്യം. ജില്ലയിൽ സിപിഎമ്മിന്റെ ഏക വനിതാ സ്ഥാനാർഥിയായ ഷിജിക്കു വേണ്ടി ആസൂത്രിതമായ പ്രചാരണതന്ത്രങ്ങളാണ് എൽഡിഎഫ് പുറത്തെടുക്കുന്നത്. മണ്ഡലത്തിലെ വികസനനേട്ടങ്ങൾ യുഡിഎഫ് നിരത്തുമ്പോൾ പരാധീനതകളുണ്ടെന്ന് എൽഡിഎഫ് തിരിച്ചടിക്കുന്നു . മൽസരത്തിനു വാശികൂട്ടുന്നതു ബിഡിജെഎസ് ബാനറിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കുന്ന തുറവൂർ സുരേഷാണ്. കേരള പുലയർ മഹാസഭ സംസ്ഥാന ട്രഷററായ സുരേഷിനു വോട്ടു സമാഹരിക്കാൻ കഴിയുന്ന സ്വാധീന മേഖലകളുണ്ടെന്ന വിലയിരുത്തലിലാണ് എൻഡിഎ.

തൃപ്പൂണിത്തുറ

ആറാം അങ്കത്തിനു കച്ചമുറുക്കിയ മന്ത്രി കെ.ബാബുവിനെ ആരോപണ സമുദ്രത്തിൽ മുക്കാനാണ് എൽഡിഎഫ് ശ്രമം. പക്ഷേ, പതിറ്റാണ്ടുകളായി മണ്ഡലത്തെ നന്നായറിയുന്ന, ജനകീയ പരിവേഷമുള്ള ബാബുവിനു വിജയം ഉറപ്പാണെന്നതിൽ യുഡിഎഫിന് സംശയമില്ല. ഏതു തിരക്കിലും മണ്ഡ‍ലത്തിൽനിന്നകന്നുനിൽക്കാത്ത ബാബു നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വോട്ടാകുമെന്ന് അവർ പറയുന്നു. ബാബുവിനും സർക്കാരിനുമെതിരെ നാളുകളായി അന്തരീക്ഷത്തിലുള്ള ആരോപണങ്ങൾ ഒന്നായി ചൊരിഞ്ഞാണു യുവ നേതാവ് എം.സ്വരാജിനെ സിപിഎം രംഗത്തിറക്കിയത്. ബിജെപി ജില്ലയിൽ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിലൊന്നാണു തൃപ്പൂണിത്തുറ. പ്രഫ.തുറവൂർ വിശ്വംഭരന്റെ സ്ഥാനാർഥിത്വവും തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ടാം സ്ഥാനത്തെത്താനായതും അവർക്കു പ്രതീക്ഷയേകുന്നു.

കൊച്ചി

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണിപ്പോരിനിടയ്ക്കു സ്വതന്ത്ര സ്ഥാനാർഥിയായി മുൻ ജില്ലാ പഞ്ചായത്ത് അംഗം കടന്നുവന്നതാണു കൊച്ചിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തീരമണ്ഡലത്തിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎ: ഡൊമിനിക് പ്രസന്റേഷൻ ജയിച്ചുകയറുമെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ്. ഒട്ടേറെപ്പേർക്കു ക്ഷേമ, കാരുണ്യ പദ്ധതികളുടെ പ്രയോജനം നേടിക്കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നാണു യുഡിഎഫ് പറയുന്നത്. എന്നാൽ, വികസനവെളിച്ചം കടന്നുചെല്ലാത്ത മണ്ഡലമെന്നാണു സിപിഎം സ്ഥാനാർഥി കെ.ജെ.മാക്സിയും എൽഡിഎഫും കുറ്റപ്പെടുത്തുന്നത്. ബിജെപി സ്ഥാനാർഥി പ്രവീൺ ദാമോദര പ്രഭുവാണ് എൻഡിഎ സ്ഥാനാർഥി. ഡൊമിനിക്കിന്റെ സ്ഥാനാർഥിത്വത്തിന് എതിരായി കോൺഗ്രസിലുണ്ടായ പരിഭവങ്ങൾ മുതലാക്കാനാണു ജില്ലാ പ‍ഞ്ചായത്ത് മുൻ അംഗം കെ.ജെ.ലീനസ് വിമതനായി രംഗത്തെത്തിയത്.

പറവൂർ

രാഷ്ട്രീയ, നിയമസഭാ പ്രവർത്തനങ്ങളിൽ ഒരുപോലെ തിളങ്ങിയ സിറ്റിങ് എംഎൽഎ വി.ഡി.സതീശൻ വീണ്ടും ജയിക്കുമെന്നതിൽ യുഡിഎഫിനു സംശയമില്ല. എന്നാൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ (സിപിഐ) തോൽപിക്കുക എളുപ്പമാകില്ലെന്ന് എൽഡിഎഫ് കരുതുന്നു. കഴിഞ്ഞവട്ടം പന്ന്യൻ രവീന്ദ്രനെ മികച്ച ഭൂരിപക്ഷത്തിനു തോൽപിച്ച സതീശനെന്ന ജനകീയ നേതാവിന്റെ തലയെടുപ്പിനെ വെല്ലാൻ എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പറവൂർ എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഹരി വിജയനാണു ബിഡിജെഎസ് സ്ഥാനാർഥി. വെള്ളാപ്പള്ളി നടേശനും സതീശനും തമ്മിൽ മുൻപുണ്ടായ വാക്പോരുകൾക്കു മറുപടി തിരഞ്ഞെടുപ്പിലൂടെ നൽകാനാകുമെന്നാണു ബിഡിജെഎസിന്റെ വിശ്വാസം.

Your Rating: