Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലി’യല്ലിത്; സ്നേഹമാണ് മൂക്കിൻതുമ്പത്ത്

G Sudhakaran and K Sudhakaran

എന്റെ കൺവീനർ ഞാൻ

കുറച്ചു ദിവസം മുമ്പ് ഒരു രാത്രി. ആലപ്പുഴ പുന്നപ്രയ്ക്കു സമീപത്തെ ഇടവഴികളിലൂടെ ജി.സുധാകരൻ എംഎൽഎയുടെ കാർ പോകുന്നു. അതു കണ്ടതോടെ വീട്ടുമുറ്റത്തു കാറ്റുകൊണ്ടിരുന്ന പാർ‌ട്ടി പ്രവർത്തകരുടെ നെഞ്ചിടിപ്പു കൂടി. നെഞ്ചിടിപ്പു തീരുംമുമ്പു ജി. സുധാകരന്റെ ഫോൺ വിളിയെത്തി: ‘‘സഖാവേ, അങ്ങയുടെ മേഖലയിൽ ചില മതിലുകളിൽ എൽഡിഎഫിനായുള്ള ബുക്കിങ് കാണുന്നില്ല. ഉടൻതന്നെ പൂർത്തിയാക്കുമല്ലോ.’’

രണ്ടു വാചകത്തിലുള്ള ഫോൺ വിളികൾ അന്നു മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും എത്തി. ഫലമോ, നേരം പുലരുംമുമ്പു മതിലുകൾ എൽഡിഎഫിനായി ബുക്ഡ്. നേരം പുലർ‌ന്നിട്ടും ബുക്കിങ് പൂർത്തിയായില്ലെങ്കിൽ അടുത്ത വിളി ഏതു രൂപത്തിലാവുമെന്ന് അമ്പലപ്പുഴയിലെ സഖാക്കൾക്കു നന്നായി അറിയാം.

പറയാനുള്ള കാര്യങ്ങൾ ആരോടും മുഖത്തു നോക്കി തുറന്നുതന്നെ പറയുന്നതിന്റെ പേരാകുന്നു ജി.സുധാകരൻ. അതിനു പൊളിറ്റ് ബ്യൂറോ അംഗമെന്നോ ബ്രാഞ്ച് സെക്രട്ടറിയെന്നോ ഭേദമില്ല. ആണായാലും പെണ്ണായാലും മിത്രമായാലും ശത്രുവായാലും പറയണമെന്നുദ്ദേശിച്ചോ, അതു പറഞ്ഞിരിക്കും. മൂക്കത്തു ദേഷ്യമുണ്ടെങ്കിലും ഹൃദയത്തിൽ സ്നേഹമുണ്ടെന്ന് അടുപ്പമുള്ളവർക്കറിയാം. അതുകൊണ്ടാണു മലവെള്ളപ്പാച്ചിൽപോലെ വിവാദങ്ങൾ വന്നാലും ജി. സുധാകരൻ വേരുപിടിച്ചുതന്നെ നിൽക്കുന്നത്.

ബാങ്കുവായ്പ കുടിശിക സംബന്ധിച്ച പരാതിയുമായാണ് ഒരു നാട്ടുകാരൻ എത്തിയത്. വായ്പ അടയ്ക്കാൻ വീഴ്ചവരുത്തിയതെന്താണെന്നാണ് ആദ്യചോദ്യം; അൽപം ശാസനരൂപത്തിൽത്തന്നെ. സ്വാഭാവികമായും വന്നയാൾ നിരാശനായി. അയാൾ പോയിക്കഴിഞ്ഞപ്പോൾ ഇൗ പ്രശ്നം കാണിച്ചു സർക്കാരിലേക്കു കത്തെഴുതുകയും ചെയ്തു.

ജില്ലയിലെ എല്ലാ തിരഞ്ഞെടുപ്പുകളുടെയും കൺവീനർ ഏറെക്കാലമായി ജി.സുധാകരനാണ്. അപ്പോൾ സ്വന്തം തിരഞ്ഞെടുപ്പു വരുമ്പോഴോ? അതിന്റെയും യഥാർഥ കൺവീനർ സുധാകരൻതന്നെ. സംഘാടകർ പറയുന്നിടത്തു പോയി വോട്ടുചോദിക്കുന്ന സ്ഥാനാർഥിയല്ല ജി.സുധാകരൻ.

രാവിലെ ഉണർന്നു പത്രങ്ങൾ വായിച്ചുകഴിഞ്ഞാൽ നേരെ പ്രചാരണ രംഗത്തേക്കിറങ്ങും. വീടുകൾ, കടകൾ, ചടങ്ങുകൾ എന്നിവിടങ്ങളിലെ സന്ദർശനം കഴിഞ്ഞു രാത്രി അവലോകനം നടത്തി പിറ്റേദിവസത്തേക്ക് ആസൂത്രണവും ചെയ്തു കഴിഞ്ഞാലേ ഉറക്കം വരൂ. കാറിൽ പോകുമ്പോഴും കണ്ണു റോഡിലായിരിക്കും. വിട്ടുവീഴ്ചയില്ലാത്തതു സമയത്തിന്റെ കാര്യത്തിൽ മാത്രമാണ്. യോഗസ്ഥലത്തു കൃത്യസമയത്ത് എത്തും. ആരു വന്നാലും വന്നില്ലെങ്കിലും പങ്കെടുത്തു മടങ്ങും. പ്രവൃത്തികളിലും ആരെന്തു പറയുമെന്ന് ആശങ്കയില്ല. റോഡു നന്നാക്കാത്തതിന് എല്ലാവരും പൊതുമരാമത്തുവകുപ്പിനു മുന്നിൽ ധർണ ഇരുന്നപ്പോൾ ജി.സുധാകരൻ ഇരുന്നതു കരാറുകാരന്റെ വീടിനു മുന്നിലാണ്.

വിഎസിനെ വിമർശിച്ചപ്പോഴും വനിതാ നേതാവിനെ ശാസിച്ചപ്പോഴും നാട്ടുകാർ പറഞ്ഞു: ‘‘അല്ല, ഈ തിരഞ്ഞെടുപ്പുകാലത്ത് ഇതു വേണോ?’’ വേണം. കാരണം, മനസ്സു പറയുന്നതേ അദ്ദേഹം കേൾക്കൂ. ഉചിതമായ സമയം വരട്ടെയെന്നു കരുതി ഒന്നും മാറ്റിവയ്ക്കാറുമില്ല.

‘ഐ’ കമാൻഡ്’

കോൺഗ്രസിലെ ‘ഐ കമാൻഡാ’ണു കെ.സുധാകരൻ. മലബാർ മേഖലയിൽ ഐ ഗ്രൂപ്പിന്റെ അവസാനവാക്ക്. സതീശൻ പാച്ചേനിയെ എ ഗ്രൂപ്പിൽനിന്ന് ഐയിലെത്തിച്ചു കണ്ണൂർ മണ്ഡലം നൽകിയതിനായിരുന്നു അവസാനം ഈ ആജ്ഞാശക്തി പ്രയോഗിച്ചത്. കണ്ണൂരിൽനിന്നു കാസർകോട് ജില്ലയിലെ ഉദുമയിൽ മത്സരിക്കാനെത്തിയതിന്റെ പിറകിലും സ്വന്തം തീരുമാനംതന്നെ.

ഷർട്ടിന്റെ കൈ തെറുത്തുകയറ്റി, കോളർ പിന്നോട്ടു വലിച്ചിട്ട്, തലവെട്ടിച്ച്, മുഷ്ടി ചുരുട്ടിയും വിരൽ ചൂണ്ടിയും സുധാകരൻ ചിലതു പറയും; അതു തീരുമാനമാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയോ കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പിലെ തിരിച്ചടികളോ തളർത്തിയിട്ടില്ല.

കണക്കുകളിൽ കടുകിടപോലും വെള്ളം ചേർക്കാൻ കെ. സുധാകരൻ അനുവദിക്കില്ല. വോട്ട്, അതു കിട്ടാനുള്ളതായാലും പോകാനുള്ളതാലും കിറുകൃത്യമായിരിക്കണം. ഉദുമ മണ്ഡലത്തിൽ ആദ്യവട്ടസന്ദർശനത്തിന് എത്തുന്നതിനു മുൻപു പഞ്ചായത്ത് കമ്മിറ്റിയുടെ ചുമതലയുള്ള നേതാക്കളോടു സുധാകരൻ പറഞ്ഞത് ഇതു മാത്രമാണ്. മണ്ഡലത്തിലെ എട്ടിൽ ഏഴു പഞ്ചായത്ത് കമ്മിറ്റികളുടെയും പ്രത്യേക യോഗങ്ങൾ ഒരു ദിവസംതന്നെ വിളിച്ചുചേർത്ത് വോട്ടുകളുടെ വരവും പോക്കും കൃത്യമായി ഡയറിയിൽ കുറിച്ചെടുത്ത് കൂട്ടിയും കിഴിച്ചും വോട്ടുബജറ്റ് തന്നെ തയാറാക്കി സുധാകരൻ. യുഡിഎഫിനു ചെറുതെങ്കിലും മിച്ച ബജറ്റായിരിക്കും ഇക്കുറി ഉദുമയിലെന്ന് അണികളോടും സുഹൃത്തുക്കളോടും ഉറപ്പിച്ചു പറയുന്നത് ഇൗ ഹോംവർക്കിന്റെ അടിസ്ഥാനത്തിലാണ്.

യുഡിഎഫ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി കരുത്തു പകരുന്നതാണു രീതി. കോൺഗ്രസിലെ പതിവു ഗ്രൂപ്പ് സ്നേഹികളെയും മുന്നണിയിലെ ഘടകകക്ഷികളെയും ഒരുമിച്ചു നിർത്താനുള്ള മരുന്ന് സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിലുണ്ടാവും. ഉദുമ സിപിഎം കോട്ടയൊന്നുമല്ലെന്നു വോട്ടുചരിത്രം നിരത്തി സമർഥിക്കുന്നതാണ് ആദ്യഘട്ടം. ഇനി അങ്ങനെ വിശ്വസിച്ചാൽത്തന്നെ എൽഡിഎഫിനു ഭൂരിപക്ഷമുണ്ടായിരുന്ന എടക്കാട് മണ്ഡലത്തിൽ ജയം ഉറപ്പിക്കാൻ കോടതിവരെ കയറിയ പോരാട്ടത്തിന്റെ കഥ ഓർമിപ്പിക്കും. ഒപ്പമുള്ളവരിൽ ആത്മവിശ്വാസം ആവോളം വളർത്തി ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തുകയാണു സുധാകരപ്രസംഗത്തിന്റെ മർമം.

പറഞ്ഞ സമയത്ത്, നിശ്ചയിച്ച സ്ഥലത്ത് എത്തുന്ന ശീലമാണു സുധാകരന്റേത്. കാരണമൊന്നുമില്ലാതെ, യോഗങ്ങളിൽ വൈകിയെത്തി ക്ഷമ ചോദിക്കാൻ തന്നെക്കിട്ടില്ലെന്ന് അണികളോടും പ്രവർത്തകരോടും പറഞ്ഞിട്ടുണ്ട്. തീരുമാനിച്ച ഷെഡ്യൂളുകൾ കാര്യമില്ലാതെ തിരുത്താൻ അനുവദിക്കില്ലെന്നതാണു രീതി. ബാനറും പോസ്റ്ററും ചുവരെഴുത്തുമൊക്കെയുള്ള പബ്ലിസിറ്റിയുടെ മേൽനോട്ടവും സുധാകരൻതന്നെ ഏറ്റെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ 161 ബൂത്തുകൾക്കുവേണ്ടി മൂവായിരം ഫ്ലക്സ് ബോർഡുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രചാരണത്തിനിടെ ദേലംപാടിയിൽ ഒരിടത്ത് അഞ്ചു ഫ്ലക്സ് ബോർഡുകൾ കണ്ടതോടെ സുധാകരൻ ചൂടായി: അഞ്ചെണ്ണമൊന്നും ഇവിടെ വേണ്ട, എല്ലായിടത്തും തുല്യമായി മതി, സമത്വമാണു നമ്മുടെ മുന്നണിയുടെ മുദ്രാവാക്യം.

Your Rating: