Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈ‘റേഞ്ച് ’ പോരാട്ടങ്ങൾ

Idukki

ഏലത്തിന്റെ നറുമണവും കുരുമുളകിന്റെ എരിവും അലിഞ്ഞുചേർന്ന കാറ്റാണ് ഇടുക്കിക്ക്. പൊന്നു പൂക്കുന്ന മണ്ണിൽ കാറ്റ് എങ്ങോട്ടു വീശുമെന്നു മഷിയിട്ടു നോക്കിയാൽ പോലുമറിയില്ല. ചിലപ്പോൾ മെല്ലെ തലോടും. ചിലപ്പോൾ കടപുഴക്കിയെറിയും.

കുടിയേറ്റ കർഷകർ ഉഴുതുമറിച്ചിട്ട ഇടുക്കിയുടെ മണ്ണ് കൂടുതലും ചാഞ്ഞത് യുഡിഎഫിനൊപ്പമായിരുന്നു. ഇടയ്ക്ക് എൽഡിഎഫിനോടു ചരിഞ്ഞ​് മമത കാട്ടി. കൃഷിയിടം കുത്തിമറിക്കാൻ ചീറിയെത്തുന്ന കാട്ടുമൃഗങ്ങളെ ചങ്കൂറ്റത്താൽ നേരിട്ട പോരാട്ടത്തിന്റെ മനസ്സാണ് ഇടുക്കിക്കാർക്ക്. വികസനവും പട്ടയവിഷയങ്ങളും മുല്ലപ്പെരിയാറും ഇപ്പോൾ കസ്തൂരിരംഗനും കത്തിപ്പടരുന്ന രാഷ്ട്രീയ വിഷയങ്ങളാകുന്നതിനു കാരണവും അതുതന്നെ.

ആകെ നിയമസഭാ മണ്ഡലങ്ങൾ അഞ്ചാണ്. 2001ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ചത് ഒരുസീറ്റു മാത്രം. 2006ൽ കാറ്റ് മാറി വീശിയപ്പോൾ എൽഡിഎഫ് പിടിച്ചെടുത്തത് നാലു സീറ്റ്. 2011ൽ മൂന്നു മണ്ഡലങ്ങൾ എൽഡിഎഫിന്റെ കൈകളിലായി. രണ്ടെണ്ണത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളാണു വിജയിച്ചത്.

ഇത്തവണ അഞ്ചു സീറ്റും പിടിച്ചെടുക്കുമെന്ന അവകാശവാദമാണ് എൽഡിഎഫിന്. തദ്ദേശ തിരഞ്ഞെടുപ്പിൽ തുടരുന്ന ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ ഇടുക്കിയെ ഒറ്റയ്ക്കു പിടിച്ചടക്കി മിടുക്കു തിരിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. മൂന്നു മണ്ഡലങ്ങളിൽ കടുത്തപോരാട്ടം കാഴ്ച വയ്ക്കുമെന്നും ഫലം പ്രവചനാതീതമെന്നുമാണു എൻഡിഎയുടെ വിലയിരുത്തൽ. രണ്ടു മണ്ഡലങ്ങളിൽ തീപാറുന്ന പോരാട്ടം കാഴ്ചവച്ചു രണ്ടാം സ്ഥാനക്കാരാകാനുള്ള കരുനീക്കത്തിലും എൻഡിഎ കണ്ണുവയ്ക്കുന്നു.

ലോക്സഭയിലും നിയമസഭയിലും കോൺഗ്രസിനു പ്രതിനിധികൾ ഇല്ലാത്ത ജില്ല എന്ന ‘ദുഷ്പേരും’ ഇടുക്കിക്കു തന്നെ. തിരിച്ചടിയുടെ ഈ കറുത്ത മറുകുകൾ മായ്ച്ചു കളഞ്ഞ് ഇത്തവണ കളം മൊത്തമായി പിടിക്കാമെന്ന പടയൊരുക്കമാണു യുഡിഎഫ് പാളയത്തിൽ.

നിലവിൽ ജില്ലയുടെ തദ്ദേശ ഭരണത്തിന്റെ കടിഞ്ഞാൺ യുഡിഎഫിനാണ്. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 12 എണ്ണവും, എട്ടു ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണവും, 52 പഞ്ചായത്തുകളിൽ 29 എണ്ണവും, രണ്ടു നഗരസഭകളും യുഡിഎഫിന്റെ കൈകളിലാണ്. ഇതു തന്നെയാണു നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുഗുലാനും.

ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിലെ തകർപ്പൻ മത്സരങ്ങളുടെ വിധിയെന്താകുമെന്നു രാഷ്ട്രീയ കേരളം കാതോർക്കുന്നു. കസ്തൂരിക്കാറ്റു പഴയപോലെ ആഞ്ഞു വീശുന്നില്ലെങ്കിലും ഇടുക്കി മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ്. ഇടുക്കി മണ്ഡലത്തിന്റെ ഫലം കേരള കോൺഗ്രസ്– ഡിയുടെ ഭാവിയും നിർണയിക്കും. ഹൈറേഞ്ചിൽ നിർണായക സ്വാധീനമുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടുകളും പ്രധാനം. ശക്തൻമാരായ മൂന്നു മുന്നണി സ്ഥാനാർഥികൾ മത്സരിക്കുന്ന ഉടുമ്പൻചോല മണ്ഡലത്തിൽ പോരാട്ടം പൊടിപാറുമെന്നത് ഉറപ്പ്. തൊടുപുഴ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർണയിക്കുന്നതിന്റെ പേരിൽ സിപിഎമ്മിലുണ്ടായ കലാപത്തിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ഉടുമ്പൻചോല–പീരുമേട്–ദേവികുളം മണ്ഡലങ്ങളിൽ അണ്ണാ ഡിഎംകെയുടെ പെട്ടിയിൽ വീഴുന്ന ഓരോ വോട്ടും വലത്–ഇടതു മുന്നണികളുടെ നെഞ്ചിൽ തീകോരിയിടും.

മൂന്നാറിലെ മുല്ലപ്പൂ വിപ്ലവത്തിലൂടെ നേടിയ ചരിത്രവിജയം ആദ്യം ആവേശം പകർന്നെങ്കിലും തുടർന്നുണ്ടായ പിളർപ്പ് പെമ്പിളൈ ഒരുമൈയെ ക്ഷീണിപ്പിച്ചു. എന്നാൽ തോട്ടം മേഖലയിൽ പെമ്പിളൈ ഒരുമൈയുടെ സ്വാധീനം ഇപ്പോഴും ശക്തമാണ്. ഹൈറേഞ്ച് മേഖലയിൽ സ്വാധീനമുള്ള എസ്എൻഡിപിയുടെ നിലപാടുകളും തള്ളിക്കളയാനാകില്ല. ബിഡിജെഎസ്–ബിജെപി കൂട്ടുകെട്ട് ഇടുക്കിയിൽ എന്തു മാറ്റമുണ്ടാക്കുമെന്നതും കണ്ടറിയണം. സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ കെട്ടടങ്ങിയെന്നതും കേരള കോൺഗ്രസ് (എം) ആയുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കാനായതും യുഡിഎഫിന് ആശ്വാസം പകരുന്നു.

idukki-1

ഇടതു മുന്നണിയിൽ സിപിഎം രണ്ടു സീറ്റിലും, സിപിഐയും ജനാധിപത്യ കേരള കോൺഗ്രസും ഓരോ സീറ്റിലും മത്സരിക്കുന്നു. ഒരുമണ്ഡലത്തിൽ സ്വതന്ത്രനെയാണു പിന്തുണയ്ക്കുന്നത്. യുഡിഎഫിൽ മൂന്നു സീറ്റിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കുന്നു. എൻഡിഎ സഖ്യത്തിൽ മൂന്നു സീറ്റിൽ ബിഡിജെഎസും, രണ്ടു സീറ്റിൽ ബിജെപിയും മത്സരിക്കുന്നു.

തൊടുപുഴ

ഈസി വാക്ക് ഓവർ എന്ന് യുഡിഎഫ് വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണു തൊടുപുഴ. കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ.ജോസഫ് മണ്ഡലത്തിൽ പത്താമങ്കത്തിനു കച്ചമുറുക്കുന്നു. ഒരേ മണ്ഡലത്തിൽ എട്ടുതവണ എംഎൽഎയായെന്ന റെക്കോർഡും ജോസഫിനു സ്വന്തം. കെഎസ്‌സിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇടതു സ്വതന്ത്രൻ റോയി വാരികാട്ടിന് ഇതു കന്നിയങ്കം. കേരള കോൺഗ്രസ് (ജേക്കബ്) മുൻ ജില്ലാ പ്രസിഡന്റാണു റോയി. എസ്എൻഡിപി യോഗം തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റു കൂടിയായ അഡ്വ.എസ്.പ്രവീണാണ് എൻഡിഎ സ്ഥാനാർഥി. ആദ്യമായി തിരഞ്ഞെടുപ്പു കളത്തിലിറങ്ങുന്ന പ്രവീൺ ഇ‍ഞ്ചോടിഞ്ചു പൊരുതുകയാണ്. സ്വന്തം സീറ്റിൽ പാർട്ടി സ്ഥാനാർഥിയെ നിർത്താൻ അവസരമുണ്ടായിട്ടും സ്വതന്ത്രനെ പിന്തുണയ്ക്കാൻ തീരുമാനിച്ച സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ തൊടുപുഴ മേഖലയിലെ പ്രവർത്തകർ ഒന്നടങ്കം രംഗത്തിറങ്ങിയതു തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും പാർട്ടിക്കു തലവേദനയാണ്. ജില്ലയിലെ ചെറിയ മണ്ഡലമാണെങ്കിലും കൂടുതൽ വോട്ടർമാരുള്ളതും തൊടുപുഴ മണ്ഡലത്തിലാണ്. 12 പഞ്ചായത്തുകളുള്ളതിൽ എട്ടെണ്ണം യുഡിഎഫും മൂന്നെണ്ണം എൽഡിഎഫുമാണു ഭരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത തൊടുപുഴ നഗരസഭയുടെ ഭരണവും യുഡിഎഫിനാണ്.

ഇടുക്കി

നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ രാഷ്ട്രീയ ചർച്ചകളിൽ നിറ‍ഞ്ഞുനിന്ന മണ്ഡലത്തിൽ ഹാട്രിക് റെക്കോർഡുമായി റോഷി അഗസ്റ്റിൻ അഞ്ചാമങ്കത്തിനൊരുങ്ങുകയാണ്. കേരള കോൺഗ്രസ്– ഡി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് ഇടുക്കിയെ ഉന്നമിട്ട് എത്തിയതോടെ ഇവിടെ പോരാട്ടത്തിനു തീച്ചൂട്. രണ്ടു തവണ എംപിയായ ഫ്രാൻസിസ് ജോർജിനു നിയമസഭയിലേക്ക് ഇതു കന്നിയങ്കം. കസ്തൂരിക്കാറ്റിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വൻവിജയം കൊയ്ത ഹൈറേഞ്ച് സംരക്ഷണ സമിതി ഫ്രാൻസിസ് ജോർജിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിൽ തുടർച്ചയായി വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ ഏതു വെല്ലുവിളിയെയും അതിജീവിക്കാമെന്ന ആത്മധൈര്യമാണു റോഷി അഗസ്റ്റിന്. മാറ്റത്തിനു തയാറെടുക്കുകയെന്ന സന്ദേശവുമായി ഫ്രാൻസിസ് ജോർജും കളത്തിലുണ്ട്. ശക്തമായ പ്രചാരണത്തിലൂടെ എൻഡിഎ സ്ഥാനാർഥിയും മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റുമായ ബിജു മാധവൻ എതിരാളികൾക്കു വെല്ലുവിളി ഉയർത്തുമ്പോൾ ത്രികോണ മത്സരമാണു മണ്ഡലത്തിൽ. ഒൻപതു പഞ്ചായത്തുകളുള്ളതിൽ ആറെണ്ണവും കട്ടപ്പന നഗരസഭയും യുഡിഎഫാണു ഭരിക്കുന്നത്. മൂന്നു പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിന്.

ഉടുമ്പൻചോല

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ തിളങ്ങിയ ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണുവിനെ ഏറെ ചർച്ചയ്ക്കു ശേഷമാണു മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ഏഴുവർഷം മുൻപു ഡെൽഹി രാംലീലാ മൈതാനിയിൽ കോൺഗ്രസ് സമ്മേളനത്തിലെ തകർപ്പൻ പ്രസംഗമാണു സേനാപതി വേണുവിനു രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇടം നേടിക്കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കമാണു വേണുവിന്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി ആണ് ഇടതുമുന്നണി സ്ഥാനാർഥി. ഒൻപതു തവണ പാർട്ടി ജില്ലാ സെക്രട്ടറി പദം അലങ്കരിച്ച റെക്കോർഡ് മണിക്കു സ്വന്തം. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞു മറ്റൊന്നുമില്ലെന്ന കണക്കുകൂട്ടലിലാണു മണി പൊരുതാനിറങ്ങിയിരിക്കുന്നത്. പ്രചാരണത്തിനിടെ പ്രസംഗത്തിലെ ഓരോ വാക്കും മണി സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളുള്ളതിൽ ഏഴെണ്ണം യുഡിഎഫും, മൂന്നെണ്ണം എൽഡിഎഫുമാണു ഭരിക്കുന്നത്. എസ്എൻഡിപി യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്താണു എൻഡിഎ സ്ഥാനാർഥി. ജില്ലയിലെ ഏറ്റവും വലിയ മണ്ഡലം കൂടിയാണു ഉടുമ്പൻചോല.

പീരുമേട്

രണ്ടുതവണ തുടർച്ചയായി വിജയിച്ച ഇ.എസ്.ബിജിമോളാണു സിപിഐ സഥാനാർഥി. സിറിയക് തോമസ് യുഡിഎഫ് സ്ഥാനാർഥി. പീരുമേട് മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ കോൺഗ്രസ് മുൻ എംഎൽഎ കെ.കെ.തോമസിന്റെ മകനാണു സിറിയക് തോമസ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും തോട്ടം തൊഴിലാളികൾക്കായി നടത്തിയ സമരവും ഇത്തവണയും തുണയ്ക്കുമെന്ന പ്രതീക്ഷയാണു ബിജിമോൾക്ക്. മണ്ഡലത്തിലെ വോട്ടർമാരുമായി പിതാവിനുണ്ടായിരുന്ന ഉറ്റബന്ധം വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണു സിറിയക് തോമസിന്റെ പ്രതീക്ഷ. ബിജിമോൾക്കു സീറ്റുനൽകുന്നതിന്റെ പേരിൽ ജില്ലയിൽ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിലെ സ്വാധീനം കണക്കിലെടുത്ത് ഒരു അവസരം കൂടി നൽകുകയായിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.കുമാറാണ് എൻഡിഎ സ്ഥാനാർഥി. അണ്ണാ ഡിഎംകെ സ്ഥാനാർഥിയുടെ കനത്ത വെല്ലുവിളി മൂന്നു മുന്നണികളും ഭയപ്പാടെയാണു കാണുന്നത്. തദേശ തിരഞ്ഞെടുപ്പിൽ പീരുമേട് മേഖലയിൽ അണ്ണാ ‍ഡിഎംകെ നേടിയ തിളക്കമാർന്ന വിജയവും മുന്നണികൾക്ക് ആശങ്ക പകരുന്നു. ഒൻപതു പഞ്ചായത്തുകളുള്ളതിൽ ആറെണ്ണം എൽഡിഎഫും, മൂന്നെണ്ണം യുഡിഎഫുമാണു ഭരിക്കുന്നത്.

ദേവികുളം

പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ സിറ്റിങ് എംഎൽഎ: എസ്.രാജേന്ദ്രനെ നേരിടുന്നതു യുഡിഎഫിലെ എ.കെ.മണി ആണ്. രാജേന്ദ്രൻ മൂന്നാമങ്കത്തിനിറങ്ങുമ്പോൾ മണിക്ക് ഇത് ആറാമങ്കം. പ്രചാരണത്തുടക്കത്തിൽ ഏറെ മുന്നോട്ടു പോയിരുന്ന ഇടതു മുന്നണിയെ ഇപ്പോൾ യുഡിഎഫ് പിന്നിലാക്കിയ കാഴ്ചയാണു മണ്ഡലത്തിൽ. എസ്.രാജേന്ദ്രന് അപരന്റെ ഭീഷണിയുമുണ്ട്.

രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ എൻ.ചന്ദ്രൻ ആണ് എൻഡിഎ സ്ഥാനാർഥി. ചന്ദ്രന്റെ സഹോദരങ്ങളായ എൻ.ഗണപതി (കോൺഗ്രസ്), 1967ലും കിട്ടപ്പന നാരായണ സ്വാമി (കോൺഗ്രസ്) 1977 ലും ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎമാരായിരുന്നു. പെമ്പിളൈ ഒരുമൈയും അണ്ണാ ഡിഎംകെയും ഇവിടെ സ്വന്തം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മണ്ഡലത്തിൽ മറ്റു മുന്നണികളെ കടത്തിവെട്ടുന്ന പ്രചാരണമാണു തോട്ടം–അതിർത്തി മേഖലകളിൽ അണ്ണാ ഡിഎംകെ നടത്തുന്നത്. അണ്ണാ ഡിഎംകെ പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാകും. ജെ.രാജേശ്വരിയാണ് പെമ്പിളൈ ഒരുമൈ സ്ഥാനാർഥി. 11 പഞ്ചായത്തുകളുള്ളതിൽ ആറെണ്ണം എൽഡിഎഫും അഞ്ചെണ്ണം യുഡിഎഫുമാണു ഭരിക്കുന്നത്.  

Your Rating: