Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശകൾക്ക് അതിരിടാതെ

Kasargodu

യാദൃച്ഛികമെങ്കിലും, കാസർകോട് ജില്ലയുടെ രാഷ്ട്രീയ ഭൂപടം വരയ്ക്കുന്നതിൽ ചന്ദ്രഗിരിപ്പുഴയ്ക്ക് അറംപറ്റിയതു പോലെയാണ്. പുഴ വരച്ച അതിർത്തി കാൽ നൂറ്റാണ്ടിലേറെയായി മുന്നണികൾ മാറാതെ കാക്കുന്നു. വടക്ക് യുഡിഎഫിന് ഉറച്ച പിന്തുണനൽകുന്ന കാസർകോടും മഞ്ചേശ്വരവും. തെക്കോട്ട് കടന്നാൽ ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടത്തോട്ടുചേർന്നു നിൽക്കുന്നു. കർണാടക അതിരിൽ വേരുറച്ചു തഴച്ചുവളരുന്ന ബിജെപി, മണ്ഡലങ്ങളിൽ മുളവന്നിട്ട് കാലമേറെക്കഴിഞ്ഞെങ്കിലും വിടരാത്ത പൂവിന്റെ സങ്കടവുമായി ചേരുന്നതോടെ ജില്ലയുടെ മണ്ഡലപുരാണം പൂർത്തിയാകും.

കർണാടകയോടു കടുത്ത പ്രണയത്തിലായിരുന്ന കാസർകോടിനെ ചേർത്തുവച്ച് കേരളം രൂപീകരിച്ച കാലത്ത് എതിർപ്പുകളുമായി കർണാടക സമിതി രംഗത്തുണ്ടായിരുന്നു. ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും കർണാടകസമിതി നിർണായക ശക്തികളായെങ്കിലും പിന്നീട് പ്രാദേശികവാദത്തെ ചെറുത്ത് കോൺഗ്രസും സിപിഎമ്മും സിപിഐയും മുസ്‌ലിംലീഗും ബിജെപിയും വളർന്നതാണു ചരിത്രം. അഞ്ച് പ്രമുഖ ദേശീയ രാഷ്ട്രീയ പാർട്ടികൾക്കു, പ്രവചനങ്ങൾക്കുമപ്പുറം കണക്കുകൾ നിരത്തി നിയമസഭാ സീറ്റ് വിജയം തൊട്ടരികിലുള്ള മണ്ഡലങ്ങളുള്ള ജില്ലയെന്ന പെരുമയും കാസർകോടിനു സ്വന്തം.

പല കണക്കുകൂട്ടലുകളും ഇത്തവണ തിരുത്തിയെഴുതിക്കുമെന്നാണു മുന്നണി പോരാളികളുടെയെല്ലാം അവകാശവാദം. കാൽനൂറ്റാണ്ടിനിടെ തിരഞ്ഞെടുപ്പുകളിൽ തരംഗങ്ങൾ ഏറെ പിറന്നെങ്കിലും ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫ്– എൽഡിഎഫ് സ്കോർ (2–3) ആയി തുടരുകയാണ്. യുഡിഎഫ് കേന്ദ്രങ്ങളായ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മുസ്‌ലിം ലീഗിന്റെ കരുത്താണു വിജയം നിർണയിക്കുന്ന ഘടകം.
എന്നാൽ ഇവിടങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപി ഇക്കുറി രണ്ടും കൽപിച്ചാണ്. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു പ്രചാരണം. അഞ്ചു പഞ്ചായത്തുകളിലെ ഭരണവും ജില്ലാപഞ്ചായത്തിൽ രണ്ടു ഡിവിഷനിൽ ജയിച്ചതും കാസർകോട് നഗരസഭയിലെ നേതൃസ്ഥാനവും ബിജെപിയെ ജയത്തിന്റെ വക്കോളം മോഹിപ്പിക്കുന്നുണ്ട്. ഭാഷാന്യൂനപക്ഷങ്ങളിലുള്ള സ്വാധീനം പരമാവധി വോട്ട് ആയി മാറിയാൽ അക്കൗണ്ടു തുറക്കാനുള്ള നിക്ഷേപം കയ്യിലെത്തുമെന്നാണ് എൻഡിഎയുടെ വിശ്വാസം. അപ്പോഴും പാർട്ടിക്കുള്ളിലെ പ്രാദേശിക പോര് ഉറക്കം കെടുത്തുന്നുമുണ്ട്.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ അടിത്തട്ട് ശക്തമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അത് ഒന്നുകൂടി ഉറപ്പിക്കാനുമായിട്ടുണ്ട്.

Kasargodu-2

മഞ്ചേശ്വരം

സംസ്ഥാനത്തിന്റെ ഒന്നാംനമ്പർ മണ്ഡലം ഇത്തവണ വേദിയാകുന്നതു മൂന്നു തുല്യ ശക്തികളുടെ ഒന്നാംതരം പോരിന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയ അതേ സ്ഥാനാർഥികളാണു മൂന്നു മുന്നണികൾക്കും.

മുസ്‌ലിം ലീഗിനു സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു ടേമുകളായി രണ്ടാം സ്ഥാനത്താണു ബിജെപി. യുഡിഎഫിനായി സിറ്റിങ് എംഎൽഎ പി.ബി.അബ്ദുൽ റസാഖ് രണ്ടാംതവണ മൽസരത്തിനിറങ്ങുമ്പോൾ ബിജെപിയിലെ കെ.സുരേന്ദ്രനാണു മണ്ഡലത്തിൽ രണ്ടാംഅങ്കം കുറിക്കുന്നത്. കഴി‍ഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്താനായതാണു യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആശ്വാസം പകരുന്നത്. രണ്ടു തവണയും ഫിനിഷിങ് പോയിന്റിൽ പിന്നിലാകുന്നത് ഒഴിവാക്കാനാണു ബിജെപിയുടെ ശ്രമം.

മണ്ഡലത്തിൽ 2006ൽ നേടിയ അദ്ഭുത ജയത്തിന്റെ ഓർമയിലാണു സിപിഎമ്മിന്റെ സി.എച്ച്.കുഞ്ഞമ്പു വീണ്ടും മൽസരത്തിനെത്തുന്നത്. തുടർച്ചയായി നാലുവട്ടം ജയിച്ച് കരുത്തു തെളിയിച്ച ലീഗ് നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ലയെ അട്ടിമറിച്ചു സിഎച്ച് മണ്ഡലം ഇടതിന്റെ പേരിൽ എഴുതിവയ്ക്കുകയായിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎ എന്ന പേരിലെത്തി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു പോയ സി.എച്ച്.കുഞ്ഞമ്പുവിനെയാണ് 2011 നിയമസഭാ തിരഞ്ഞെടുപ്പ് ബാക്കിവച്ചത്.

കന്നഡ, തുളു ഭാഷാന്യൂനപക്ഷങ്ങൾക്കു സ്വാധീനമേറിയ മണ്ഡലത്തിൽ കാടിളക്കിയുള്ള പരസ്യ പ്രചാരണങ്ങൾക്കു പകരം വീടുകൾ കയറിയിറങ്ങിയുള്ള ക്യാംപെയിനുകളാണു മുന്നണി സ്ഥാനാർഥികളുടെ ആയുധം. വിഎസും പിണറായിയും ഉമ്മൻചാണ്ടിയുമുൾപ്പെടെ എൽഡിഎഫ്, യുഡിഎഫ് പ്രചാരണത്തിനായി മ‍ഞ്ചേശ്വരത്ത് എത്തിക്കഴിഞ്ഞു. ബിജെപിയാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ പ്രചാരണത്തിനായി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

കാസർകോട്

ഇടതുമുന്നണി ഒരിക്കലും ജയമറിയാത്ത കാസർകോട് മണ്ഡലം മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമാണ്. 1982 വരെ മുസ്‌ലിം ലീഗും അഖിലേന്ത്യ ലീഗും തമ്മിലായിരുന്നു മൽസരം. 87ൽ ലീഗിനു വെല്ലുവിളിയുയർത്തി ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തിയതു മുതൽ മൽസരം ലീഗും ബിജെപിയും നേർക്കുനേർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഐഎൻഎല്ലിൽ നിന്നും മുസ്‌ലിം ലീഗിലെത്തി വിജയിച്ച എൻ.എ.നെല്ലിക്കുന്നിന് ഇതു രണ്ടാമൂഴം. നാട്ടുകാരനും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷനുമായ കുണ്ടാർ രവീശ തന്ത്രിയാണു ബിജെപിയുടെ സ്ഥാനാർഥി. സീറ്റ് ഏറ്റെടുക്കില്ലെന്നു പലതവണ പറഞ്ഞിട്ടും ഐഎൻഎൽ തന്നെ മൽസരിക്കണമെന്ന് ഇടതുമുന്നണി നിർബന്ധം പിടിച്ചതിനൊടുവിലാണു പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗവും കൊല്ലം ഓച്ചിറ സ്വദേശിയുമായ ഡോ.എ.എ.അമീൻ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നത്. ഡോ.അമീനും ലീഗ് സ്ഥാനാർഥി എൻ.എ.നെല്ലിക്കുന്നും വർഷങ്ങളോളം ഐഎൻഎല്ലിന്റെ നേതൃനിരയിലുണ്ടായിരുന്നു. പഴയ സഹപ്രവർത്തകർ തമ്മിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലെ പോരാട്ടവും മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.

ഉദുമ

കണ്ണൂർ വിട്ട് ഉദുമയിൽ മൽസരിക്കാൻ സ്വയം പ്രഖ്യാപിച്ചു കെ.സുധാകരൻ എത്തിയതോടെയാണ്, അതുവരെ ഇടതുകോട്ടയെന്നു പേരുണ്ടായിരുന്ന ഉദുമ മണ്ഡലം തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെതന്നെ ശ്രദ്ധാകേന്ദ്രമാകുന്നത്. 1987ൽ കെ.പി.കുഞ്ഞിക്കണ്ണൻ ഉദുമയിൽ ജയിച്ചതാണു ജില്ലയിൽ നിന്നുള്ള കോൺഗ്രസിന്റെ അവസാനത്തെ നിയമസഭാ സാന്നിധ്യം. ഇക്കുറി ഉദുമ പിടിച്ചെടുക്കാൻ തയാറാണെന്ന സുധാകരന്റെ വാക്കിനു കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു മണ്ഡലത്തിൽ ലഭിച്ച അപ്രതീക്ഷിത ഭൂരിപക്ഷമാണു മുന്നണിക്കും സുധാകരനും പ്രതീക്ഷനൽകുന്നത്.

കാൽ നൂറ്റാണ്ടിലേറെയായി സിപിഎം ജയിച്ചുവരുന്ന മണ്ഡലത്തിൽ നിലവിലെ എംഎൽഎ കെ.കുഞ്ഞിരാമനെ നിലനിർത്തിയാണു പാർട്ടി അങ്കത്തട്ടൊരുക്കിയത്. പാർട്ടി നേതൃത്വത്തിന് അത്രപെട്ടെന്നു വഴങ്ങാത്ത കു‍ഞ്ഞിരാമനെ മാറ്റണമെന്നു പ്രാദേശികതലത്തിൽ അഭിപ്രായമുയർന്നെങ്കിലും മണ്ഡലത്തിൽ പാർട്ടിക്ക് അതീതമായി ജനങ്ങളിലുള്ള സ്വാധീനവും വികസനനേട്ടങ്ങളും രണ്ടാമൂഴത്തിലേക്കുള്ള പരിഗണനയ്ക്കു വഴിതുറക്കുകയായിരുന്നു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനെ രംഗത്തിറക്കി മൽസരത്തിനു കൂടുതൽ അനിശ്ചിതത്വവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച കാൽലക്ഷത്തിലേറെ വോട്ടുകളാണു ബിജെപിയുടെ കരുത്ത്.

കാ‍ഞ്ഞങ്ങാട്

സംസ്ഥാനത്തു തന്നെ ഇടതിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ കാഞ്ഞങ്ങാട് നിലവിലുള്ള എംഎൽഎയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഇ.ചന്ദ്രശേഖരൻ രണ്ടാമതും മൽസരിക്കുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ മുൻതൂക്കം ഇടതിന് അത്മവിശ്വാസം നൽകുന്നുണ്ട് . മറുവശത്ത് യുഡിഎഫിൽ ഏറ്റവും ഒടുവിലായി സ്ഥാനാർഥിനിർണയം പൂർത്തിയാക്കിയാണു ഡിസിസി ജനറൽ സെക്രട്ടറിയും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ധന്യാസുരേഷ് രംഗപ്രവേശം ചെയ്യുന്നത്. മണ്ഡലത്തിൽ കണ്ണുംനട്ടിരുന്ന എ ഗ്രൂപ്പ് നേതാക്കൾ നിരവധിയുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ധന്യാ സുരേഷിനു ടിക്കറ്റ് നൽകുകയായിരുന്നു. കെപിസിസി നിർവാഹക സമിതി അംഗം പി.ഗംഗാധരൻ നായരുടെ മകളാണു ധന്യാ സുരേഷ്. എൻഡിഎ ബിഡിജെഎസിനു മാറ്റിവച്ച സീറ്റിൽ എം.പി.രാഘവനാണു സ്ഥാനാർഥി.

1977 മുതൽ 2006 വരെ എസ്‌സി സംവരണ മണ്ഡലമായിരുന്ന ഹൊസ്ദുർഗ് 2011ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിനു മുൻപാണു പുനർനിർണയം നടത്തി പേരുമാറി കാഞ്ഞങ്ങാട് ആയത്. പേരും അതിരും മാറിയെങ്കിലും 12178 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് ഇടതുമുന്നണി മണ്ഡലം സ്വന്തംപേരിൽ നിലനിർത്തി.

തൃക്കരിപ്പൂർ

ഇഎംഎസിനെയും പിന്നീട് ഇ.കെ.നായനാരെയും നിയമസഭയിലേക്കു ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയ പാരമ്പര്യമുള്ള മണ്ഡലമാണു തൃക്കരിപ്പൂരെന്നതു ചരിത്രം. സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജയിപ്പിച്ച നീലേശ്വരം ദ്വയാംഗ മണ്ഡലം പിന്നീട് തൃക്കരിപ്പൂർ ആയി മാറി. 87, 91 തിരഞ്ഞെടുപ്പുകളിൽ ഇ.കെ.നായനാരെയും ജയിപ്പിച്ച കഥയുണ്ട് മണ്ഡലത്തിനു പറയാൻ. പിന്നീട് അതിരുകൾ മാറ്റിവരച്ചെങ്കിലും ഇടതുചേരിയിൽനിന്ന് തൃക്കരിപ്പൂർ പിണങ്ങി മാറിയിട്ടില്ല ഇതുവരെ. എങ്കിലും 2011 നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറഞ്ഞുവരുന്നത് ഇടതുകേന്ദ്രങ്ങളിൽ ആശങ്ക വളർത്തുന്നു.

സിപിഎം സമരചരിത്രമുറങ്ങുന്ന കയ്യൂരും ചീമേനിയും ഉൾപ്പെടുന്ന മണ്ഡലത്തിൽ ഇക്കുറി സിപിഎം സ്ഥാനാർഥി കയ്യൂർ സ്വദേശിയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.രാജഗോപാലൻ. സിപിഎം കോട്ട പിടിക്കാൻ മുൻ ഉദുമ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണനെ രംഗത്തിറക്കിയാണു കോൺഗ്രസ് കളത്തിലിറങ്ങിയത്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എം.ഭാസ്കരനാണ് എൻഡിഎ സ്ഥാനാർഥി.  

Your Rating: