Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റങ്ങളുടെ കേരളം – 2016

by സുജിത് നായർ
ASSEMBLY ELECTIONS 2011

കോൺഗ്രസ് എവിടെയൊക്കെ അധികാരത്തിൽ വന്നാലും അഴിമതിയാണ് ഫലം. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസും സഖ്യകക്ഷികളും ആ പണം ഉപയോഗിച്ചു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. - പ്രകാശ് കാരാട്ട്, 2011 ഏപ്രിൽ രണ്ട്

പാർട്ടിയെ വളർത്തുന്നതാണു സിപിഎമ്മിനു പ്രധാനം. ജനങ്ങളെ കൂച്ചുവിലങ്ങിട്ടു നിർത്തും. എൽഡിഎഫ് അധികാരത്തിലെത്തിയാൽ തൊണ്ണൂറുകാരനായിരിക്കും മുഖ്യമന്ത്രി. - രാഹുൽഗാന്ധി, 2011 ഏപ്രിൽ ആറ്

ഒപ്പം ജനവിധി തേടുന്ന ബംഗാളിൽ പടയോട്ടത്തിനു ചുക്കാൻ പിടിച്ച ശേഷം കേരളത്തിലെത്തി ഇതുപോലെ പരസ്പരം ആക്രമിച്ചുമുന്നേറാൻ ഇനി കാരാട്ടോ രാഹുലോ മറ്റു കേന്ദ്ര നേതാക്കളോ തയാറാകുമോ എന്നത് ഈ തിരഞ്ഞെടുപ്പിൽ ഉയരുന്ന വലിയ ചോദ്യമാണ്. പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു എന്നു പറയും മുൻപു ബംഗാളിലെ സഖ്യപ്പട്ടികയിൽ തങ്ങളുമുണ്ട് എന്നു പ്രകാശ് കാരാട്ടിനു ചിന്തിക്കണം. വിഎസിനെ പരിഹസിക്കാനിറങ്ങുമ്പോൾ ബംഗാളിൽ തങ്ങൾക്ക് ഒരേ മുഖ്യമന്ത്രിസ്ഥാനാർഥിയാകാം എന്നു രാഹുൽഗാന്ധിക്ക് ഓർമിക്കണം.

ചരിത്രം കുറിക്കുന്ന ഈ പുതുചങ്ങാത്തത്തെക്കുറിച്ച് ബംഗാളിലെ ഒരു മാധ്യമപ്രവർത്തകൻ ലളിതമായി പറഞ്ഞതിൽ എല്ലാമുണ്ട്. ‘കേരളത്തിൽ ഇടക്കാലത്ത് ബിജെപി അധികാരത്തിലേറി എന്നു വിചാരിക്കൂ. ശേഷം ഉമ്മൻ ചാണ്ടിയും പിണറായി വിജയനും സീറ്റുകൾ പങ്കിട്ട് ഒരു കൂട്ടുകെട്ടിന്റെ ഭാഗമായി മത്സരിച്ചാൽ എങ്ങനെയുണ്ടാകും?’.

മുൻകാല തിരഞ്ഞെടുപ്പുകളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളം–2016 വലിയ മാറ്റങ്ങളുടേതാണ്. ബംഗാളിന്റെ രാഷ്ട്രീയ നിറംമാറ്റവും കേരള സാഹചര്യങ്ങളിൽ അതുണ്ടാക്കാവുന്ന ചലനങ്ങളും അതിലൊന്നു മാത്രം. വിധിവന്നശേഷം കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാകുന്നത് ഒന്നാം യുപിഎയിൽ കണ്ടു. കൊടിയ ശത്രുക്കളായവർ ചരിത്രപരവും രാഷ്ട്രീയപരവും ആശയപരവുമായ കാരണങ്ങളാൽ തിരഞ്ഞെടുപ്പു പൂർവസഖ്യത്തിൽ ഏർപ്പെടുന്നതു വലിയ വ്യത്യാസം. ഡൽഹിയിൽ മാത്രമല്ല, ബംഗാളിലും ‘ദോസ്തി’ എന്ന് ആരോപിച്ചു മുതലെടുക്കാൻ ഇവിടെ ബിജെപി കൈമെയ് മറന്നു ശ്രമിക്കും.

ബിജെപി അഥവാ കേരള എൻഡിഎ ഒരു മൂന്നാംശക്തിയായി ഉയരാൻ ശ്രമിക്കുന്നു എന്നതാണ് 2016നെ ഏറ്റവും പ്രവചനാതീതമാക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും കേരള കോൺഗ്രസിന്റെ ഉദയവും കണ്ട 1965ലെ തിരഞ്ഞെടുപ്പിനുശേഷം ഒരു ത്രികോണ മത്സരപ്രതീതി (1965ലേതു ചതുഷ്കോണമെന്നും പറയാം) ഇതാദ്യമായി കേരളത്തിലെമ്പാടുമുണ്ട്. 1965ൽ ആർക്കും ഭൂരിപക്ഷമുണ്ടായില്ല എന്നതു ബിജെപിക്കു പ്രതീക്ഷ പകരുന്നുണ്ടാവാം. ജാതി മത സംഘടനകളുടെ സ്വാധീനം നിലനിൽക്കുമ്പോഴും രാഷ്ട്രീയ പാർട്ടികൾ കാര്യങ്ങൾ തീരുമാനിച്ചിരുന്നിടത്തു പാർട്ടിയുടെ മേലങ്കിയണിഞ്ഞ് എസ്എൻഡിപി നിൽക്കുന്നു എന്നതു മറ്റൊരു വ്യത്യാസം. 1965ലേതിന് അൽപ്പമെങ്കിലും സമാനമായ വിധി മുന്നണികളിൽ പൊളിച്ചെഴുത്തിനു വഴിവയ്ക്കാം. പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും മാറാം. ബിജെപിക്കു വീണ്ടും തിരിച്ചടിയേറ്റാൽ അത് ആർഎസ്എസിലാകും ചുഴികൾ സൃഷ്ടിക്കുക.

വിപ്ലവസ്വഭാവമുള്ള മുന്നണി എന്നു സ്വയം കരുതിയിരുന്ന എൽഡിഎഫ് ഇന്നു പഴയ വർഗശത്രുക്കൾ കൂടി പായ വിരിച്ചുകിടക്കുന്ന വലിയ കൂടാരമായിരിക്കുന്നു എന്നതു മറ്റൊരു മാറ്റം. പത്തിലധികം പാർട്ടികളെ തടുത്തു കൂട്ടി തിരഞ്ഞെടുപ്പിലേക്ക് അവർ ഇന്നോളം നീങ്ങിയിട്ടില്ല. 1987ൽ എം.വി. രാഘവൻ തോൽപ്പിച്ചു ഞെട്ടിച്ച അതേ അഴീക്കോട് എംവിആറിന്റെ മകനു സിപിഎം വാഗ്ദാനം ചെയ്യുന്നതിലേക്കെത്തി ആ മാറ്റം. രണ്ടുചേരികളിലായി പോരടിച്ചു നിന്ന വിഎസും പിണറായിയും ഒരുമിച്ചു നയിക്കുന്നതിലെ ആകാംക്ഷ ജനവിധി കഴിഞ്ഞാലും തീരുന്നതല്ല.

ആർഎസ്പിയെപ്പോലെ ഇടതുചേരിയിൽ എക്കാലവും നിന്ന പാർട്ടിയെ ഒപ്പം കൂട്ടുന്നതിലേക്കു കോൺഗ്രസും മാറി. കണക്കു പറഞ്ഞും വിലപേശിയും സീറ്റ് വാങ്ങിയിരുന്ന എ–ഐ ഗ്രൂപ്പുകൾക്കിടയിലേക്കു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ വന്നതോടെ ഗ്രൂപ്പുകൾ തമ്മിൽ ധാരണ രൂപപ്പെടുന്നു എന്നതും സമീപകാല മാറ്റം. സുധീരൻ കൂടി മത്സരരംഗത്തിറങ്ങുമോ എന്നത് ഇനിയും അറിയാനിരിക്കുന്ന മാറ്റം.

വികസനം, അഴിമതി, അക്രമം തുടങ്ങിയവയ്ക്കൊപ്പം ഉയർന്നുപൊങ്ങുന്ന ഒരു വിഷയം കൂടിയുണ്ടാകും– വർഗീയത. ഒരേസമയം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആയുധം. ദേശീയരാഷ്ട്രീയവും ചലനങ്ങളും കേരളവിധി കുറിക്കുന്നതിൽ നിർണായകമാണ് എന്നു തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചുകഴിഞ്ഞു.

കഴിഞ്ഞ തവണ മാർച്ച് 26നു നാമനിർദേശപത്രിക സമർപ്പണം പൂർത്തിയാകുമ്പോഴും യുഡിഎഫ് സീറ്റ് വിഭജനത്തിന്റെ കുഴമറിച്ചിലിലായിരുന്നു. എൽഡിഎഫ് അത്രയും വൈകിയില്ല എന്നു മാത്രം. പ്രചാരണത്തിനു മുന്നിൽ ആകെയുണ്ടായിരുന്നതു കഷ്ടിച്ചു മൂന്നാഴ്ച. ഇത്തവണ എന്തു ചെയ്യണം എന്നറിയാതെ രണ്ടുമാസം. അതിനിടയിലെ മാറ്റങ്ങളോ തീർത്തും പ്രവചനാതീതവും!

Your Rating: