Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങൊരുങ്ങി ആളൊരുക്കി മുന്നണികൾ

by സ്വന്തം ലേഖകൻ
election-date

യുഡിഎഫ്: വികസന നേട്ടം തുറുപ്പുചീട്ട്

തിരഞ്ഞെടുപ്പ് നേതൃത്വം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ കൂട്ടായ നേതൃത്വം. ഇവരിൽ സുധീരൻ മത്സരിക്കുമോ എന്നതു ഹൈക്കമാൻഡ് തീരുമാനത്തെ ആശ്രയിച്ച്. ജയിച്ചാൽ മുഖ്യമന്ത്രി പദം ആർക്കെന്ന് അപ്പോൾ തീരുമാനിക്കാൻ ധാരണ.

തൽസ്ഥിതി: മുന്നണിയിലെ പ്രധാനകക്ഷികളിലൊന്നായ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു തന്നെ 20 സ്ഥാനാർഥികളെ അണിനിരത്തി യുഡിഎഫിനെ ആ തലത്തിൽ ഒരു ചുവട് മുന്നിലെത്തിച്ചു. മറ്റു കക്ഷികളുമായുള്ള സീറ്റ് വിഭജനചർച്ചകൾ ഏഴിനു പൂർത്തിയാക്കാൻ ശ്രമം. കോൺഗ്രസിന്റെ പ്രാഥമിക പട്ടിക ഇന്നു തയാറായേക്കും. പുതിയ കക്ഷിയായ ആർഎസ്പിക്ക് സീറ്റുകൾ കണ്ടെത്തേണ്ടതും തങ്ങളാവശ്യപ്പെടുന്ന സീറ്റുകൾ വേണമെന്ന ജനതാദളിന്റെ(യു) നിലപാടും ഇപ്പോഴത്തെ വെല്ലുവിളി. കേരള കോൺഗ്രസി(എം) ലെ ഏതാനും നേതാക്കൾ എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത് മുന്നണിയെ അസ്വസ്ഥമാക്കി.

അനുകൂലം: വികസനരംഗത്ത് യുഡിഎഫ് സർക്കാരിന്റെ വലിയ നേട്ടങ്ങൾ തുടർഭരണത്തിനു വേണ്ട ജനപിന്തുണ സമ്മാനിക്കുമെന്ന പ്രതീക്ഷ. ജനങ്ങൾക്കുവേണ്ടി സാധ്യമായതെന്തും ചെയ്യുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മനോഭാവം ഒരു വിഭാഗം വോട്ടർമാരിൽ സൃഷ്ടിക്കാവുന്ന അനുകൂല വികാരം. യുഡിഎഫിലും കോൺഗ്രസിലും പൊതുവിലുള്ള ഒത്തൊരുമ. മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ജനതാദൾ(യു), ആർഎസ്പി എന്നീ ഘടകകക്ഷികൾ ഒപ്പമുള്ളതിന്റെ ബലം. വിവിധ മത, സാമുദായിക വിഭാഗങ്ങൾ നൽകിവരുന്ന പിന്തുണ. രണ്ടുപേരുടെ മാത്രം ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സർക്കാർ കാലാവധി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസം.

congress

പ്രതികൂലം: സർക്കാരിന് ക്ലീൻ ഇമേജ് ഇല്ല എന്ന സ്ഥിതി. ആക്ഷേപങ്ങളും ആരോപണങ്ങളും തിരിച്ചടിക്ക് വഴിവയ്ക്കുമോ എന്ന ശങ്ക. മുഖ്യമന്ത്രി അടക്കം ഉള്ളവർക്കെതിരെ ആക്ഷേപങ്ങൾ. യുഡിഎഫിന് പൊതുവിൽ പിന്തുണ നൽകിവന്ന വിഭാഗങ്ങളെ എൻഡിഎ സഖ്യം എത്രകണ്ട് സ്വാധീനിക്കും എന്ന അനിശ്ചിതത്വം.

മുന്നണികളെ മാറിമാറി അധികാരത്തിലേറ്റുന്ന കേരളത്തിന്റെ രീതി. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി യുഡിഎഫിന്റെ ആത്മവിശ്വാസത്തിൽ ഉണ്ടാക്കിയ ചോർച്ച.

എൽഡിഎഫ്: സർക്കാർ വിരുദ്ധ വോട്ടിൽ കണ്ണുനട്ട്

തിരഞ്ഞെടുപ്പ് നേതൃത്വം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കൂട്ടായി നയിക്കും. ഇവരിൽ വിഎസും പിണറായിയും മത്സരിക്കുമെന്നിരിക്കെ ജയിച്ചാൽ ആരു മുഖ്യമന്ത്രിയാകും എന്നത് അപ്പോൾ മാത്രം തീരുമാനിക്കും.

തൽസ്ഥിതി: എൽഡിഎഫിന്റെ സീറ്റ് വിഭജനചർച്ച സംസ്ഥാനതലത്തിൽ ഇനിയും ആരംഭിച്ചിട്ടില്ല. ജില്ലകളിൽ ചർച്ചകൾ തുടങ്ങാൻ പോകുന്നു. മുന്നണിക്ക് പുറത്തുള്ള പതിനൊന്നോളം പാർട്ടികളെ എങ്ങനെ ഉൾക്കൊണ്ടുപോകും എന്ന് ആശയക്കുഴപ്പം. എൽഡിഎഫിനകത്തെ അവകാശവാദങ്ങൾ പരിഹരിക്കാവുന്നതേ ഉള്ളൂ എന്നു കണക്കുകൂട്ടൽ. സിപിഎം സ്ഥാനാർഥികളെ 13നും സിപിഐയുടേത് 19നും തീരുമാനിച്ചേക്കും.

ldf

അനുകൂലം: സർക്കാർ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന പ്രതീക്ഷ. സിപിഎമ്മിലും എൽഡിഎഫിലും പൊതുവിലുള്ള ഐക്യം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആറുമാസത്തോളം മുൻപു തന്നെ സിപിഎം സൂക്ഷ്മതലത്തിൽ നടത്തിവരുന്ന സംഘടനാപ്രവർത്തനം. സംഘപരിവാർ വിരുദ്ധ വികാരം ഇവിടെ ന്യൂനപക്ഷപിന്തുണയ്ക്കു വഴിയൊരുക്കുമെന്ന പ്രതീക്ഷ. കേരള കോൺഗ്രസിലെ വിമതനേതാക്കൾ ഒപ്പം ചേർന്നത് ക്രിസ്ത്യൻ വിഭാഗത്തിലേക്ക് ഒരു പാലമിടാൻ പര്യാപ്തമായി എന്നു നിഗമനം. ‍

പ്രതികൂലം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സിപിഎമ്മിന്റെ ഭാവി മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചു മത്സരിച്ചാൽ ആരെയാണ് മുഖ്യമന്ത്രിപദമേറ്റാൻ പോകുന്നത് എന്ന ചോദ്യം സൃഷ്ടിക്കുന്ന അനിശ്ചിതത്വം. വികസനവിരുദ്ധരെന്ന പ്രതിച്ഛായ. പി.ജയരാജനപ്പോലെയുള്ള ഒരു പ്രമുഖ നേതാവ് കൊലക്കേസിൽ സിബിഐ പ്രതിപ്പട്ടികയിൽ വന്നത് സിപിഎമ്മിനെതിരെയുള്ള പ്രചാരണങ്ങൾക്ക് ആയുധം കൊടുക്കുന്നു എന്ന സ്ഥിതി.

സിപിഐ ഒഴിച്ച് ഒരു ഘടകകക്ഷിയും ശക്തരല്ല എന്ന യാഥാർഥ്യം. ആർ. ബാലകൃഷ്ണപിള്ളയെയും പി.സി. ജോർജിനെയും പോലെ എതിർത്തുപോന്നവർ ചങ്ങാതികളായ സാഹചര്യം. ബംഗാളിലെ കോൺഗ്രസ് സഹകരണം ഇവിടെ കോൺഗ്രസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ മൂർച്ച കുറയ്ക്കുന്നു എന്നത്.

എൻഡിഎ: പുതുസഖ്യവുമായി പ്രത്യാശയോടെ

തിരഞ്ഞെടുപ്പ് നേതൃത്വം: ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനും ഭാരത് ധർമജനസേന(ബിഡിജെഎസ്) സ്ഥാപകനേതാവും എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ബിജെപി നേതാവ് ഒ. രാജഗോപാലും മുന്നിൽ നിൽക്കും. കേരളത്തിൽ ഇതുവരെ ബിജെപി അക്കൗണ്ട് തുറക്കാത്തതിനാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും മുന്നോട്ടുവയ്ക്കേണ്ട സാഹചര്യമില്ല.

തൽസ്ഥിതി: കേരള എൻഡിഎ എന്നാൽ ബിജെപിയും ബിഡിജെഎസുമാണ്. മറ്റു ചെറുകക്ഷികൾക്കു പേരിനു മാത്രമാകും സീറ്റ്. സീറ്റ് വിഭജന ചർച്ചകൾ മുറുകുന്നതേയുള്ളൂ. സഖ്യം സംബന്ധിച്ചുള്ള തീരുമാനങ്ങൾ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നു എന്ന അസ്വസ്ഥത ബിജെപിയുടെ സംസ്ഥാന, ജില്ലാ ഘടകങ്ങൾക്കുണ്ട്. പലരും നോക്കിവച്ചിരിക്കുന്ന സീറ്റുകൾ ഒടുവിൽ ബിഡിജെഎസ് കൊണ്ടുപോകുമോ എന്ന ശങ്ക.

bjp

അനുകൂലം: എസ്എൻഡിപിയുടെ അമരക്കാരൻ കൂടെയുണ്ട് എന്നതു സൃഷ്ടിക്കുന്ന പ്രതീക്ഷ. ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അതിശക്തമായ സംഘടനാപ്രവർത്തനം. കേന്ദ്രാധികാരവും മോദിയുടെ പ്രഭാവവും ഇവിടെ അനുകൂല തരംഗം സൃഷ്ടിക്കുമെന്ന പ്രത്യാശ. മുൻനിര നേതാക്കളെ ആകെ സ്ഥാനാർഥികളാക്കിക്കൊണ്ട് ഏതുവിധേനയും മുന്നേറാനുള്ള ഒരുക്കം. പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ പൊതുവിൽ കുമ്മനത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു എന്നത്. ഇരുമുന്നണികൾക്കും ബദൽ വേണ്ടേ എന്ന ചോദ്യം.

പ്രതികൂലം: നിയമസഭാതിരഞ്ഞെടുപ്പിൽ കേരളം ഇതുവരെ ബിജെപിയെ അനുഗ്രഹിച്ചിട്ടില്ല എന്ന ചരിത്രം. ജയസാധ്യതയില്ലാത്തവർക്ക് വോട്ടു ചെയ്യണമോ എന്ന വോട്ടർമാരുടെ സംശയം കലർന്ന മനഃശാസ്ത്രം. യുഡിഎഫും എൽഡിഎഫും ശക്തമായ 140 മണ്ഡലങ്ങളിലും അവരെ മറികടക്കാൻ പോന്ന വോട്ടു നേടുക എന്ന ക്ലേശകരമായ വെല്ലുവിളി. വർഗീയതയ്ക്കെതിരെ പൊരുതുക എന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും യോജിച്ച മുദ്രാവാക്യം. ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂടി വോട്ടു കിട്ടിയാൽ മാത്രമേ ജയിക്കാൻ കഴിയൂ എന്ന വസ്തുത.

Your Rating: