Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്ക് ഉത്തരം തേടുമ്പോൾ

by ജയചന്ദ്രൻ ഇലങ്കത്ത്
Kollam 5

വഴി തേടി അലയേണ്ടിവരുന്ന പീഠഭൂമിയാണ് രാഷ്ട്രീയക്കാർക്കു പലപ്പോഴും കൊല്ലം. കൊല്ലത്തെ കൂട്ടപ്പാച്ചിലിനു മറ്റൊരർഥംകൂടി മുൻപുണ്ടായിരുന്നു: ഇവിടെ ഭൂരിപക്ഷം സീറ്റ് നേടുന്ന മുന്നണി തലസ്ഥാനത്തു ഭരണം പിടിക്കും. കഴിഞ്ഞ തവണ വോട്ടർമാർ ആ പതിവും തെറ്റിച്ചു. എൽഡിഎഫിനു പതിനൊന്നിൽ ഒൻപതു സീറ്റ് നൽകിയെങ്കിലും ഭരണത്തിലെത്തിയതു യുഡിഎഫ്. അങ്ങനെ വഴിക്കണക്കാകെ തെറ്റിപ്പോകുന്ന സങ്കരഭൂമികൂടിയാണു കൊല്ലം.

പതിനൊന്നിൽ ഒൻപതു സീറ്റിന്റെ ബലത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിനു മൂന്നു മണ്ഡലങ്ങളിൽ മാത്രമാണു മുന്നിലെത്താനായത്. സിപിഎം പിബി അംഗം എം.എ.ബേബി സ്വന്തം മണ്ഡലമായ കുണ്ടറയിൽ ഉൾപ്പെടെ പിന്നിൽ പോയതിന്റെ ആഘാതത്തിൽനിന്നു പാർട്ടി മോചിതമായിട്ടില്ല. പിന്നീട്, തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ ജില്ല വീണ്ടും മലക്കംമറിഞ്ഞു. ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണം പിടിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ കുതിരയെടുപ്പ് ഏറെക്കണ്ടു, കൊല്ലം. ആർഎസ്പി ഇടതിൽനിന്നു യുഡിഎഫിലെത്തി. വൈകാതെ കോവൂർ കുഞ്ഞുമോൻ ഒരു കഷണം ആർഎസ്പിയുമായി എൽഡിഎഫിൽ തിരിച്ചെത്തി. യുഡിഎഫിൽനിന്നു കെ.ബി.ഗണേഷ്കുമാറും കേരള കോൺഗ്രസ്–ബിയും എൽഡിഎഫിലേക്കു പോയി. വലത്തോട്ടു പോയ ആർഎസ്പിയുടെയും ഇടത്തോട്ടു പോയ ആർഎസ്പിയുടെയും ഭാവിക്കുനേരെ ചോദ്യചിഹ്നം വരയ്ക്കാൻകൂടി കെൽപുണ്ടാകും ഇത്തവണത്തെ ജനവിധിക്ക്.

Kollam-4

നാലു ചലച്ചിത്രതാരങ്ങൾ മത്സരിക്കാനിറങ്ങിയതിന്റെ ആകർഷകതയ്ക്കൊപ്പം സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർഥി നിർണയത്തിന്റെയും പേരിൽ ഇരുമുന്നണികളിലും പൊട്ടലും ചീറ്റലും കണ്ട ജില്ലയാണിത്. മദ്യവ്യവസായിക്കു സീറ്റ് നൽകിയതും സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തെ ഒഴിവാക്കിയതും പേയ്മെന്റ് സീറ്റ് വിവാദവും സിപിഎമ്മിലും എൽഡിഎഫിലും സൃഷ്ടിച്ച അസ്വാരസ്യങ്ങൾ ചില്ലറയായിരുന്നില്ല. സ്ഥാനാർഥിത്വമോഹികളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച പൊല്ലാപ്പ് കോൺഗ്രസിലും കുറവല്ലായിരുന്നു.

എസ്എൻഡിപി യോഗത്തിന്റെ ആസ്ഥാന ജില്ലയിൽ ബിഡിജെഎസ് ചെലുത്തുന്ന സ്വാധീനം രണ്ടായാലും നാളെ അതും ചരിത്രമാകും. അണ്ടിപ്പരിപ്പും മീനും കയറും കരിമണലും കൈത്തറിയും റബറും അങ്ങനെ ഒട്ടും ചേർച്ചയില്ലാതെ കിടക്കുമെങ്കിലും അതിലൊരു ചേരുവ കണ്ടെത്തി പാകപ്പെടുത്തുന്നവർക്കു ജില്ലയുടെ അംഗീകാരം എന്നർഥം.

കുന്നത്തൂർ

കുന്നത്തൂർക്കോട്ട ആർഎസ്പി പിടിച്ചടക്കിയിട്ടു മൂന്നു പതിറ്റാണ്ടാകുന്നു. മൺവെട്ടിയും മൺകോരികയും ചിഹ്നത്തിൽ വോട്ടു ചോദിച്ചെത്തുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പതിവ് ആവർത്തിക്കാനാണ് ആർഎസ്പിയുടെ പോരാട്ടം. എൽഡിഎഫ് വിട്ട് ആർഎസ്പി യുഡിഎഫിലേക്കു പോയപ്പോൾ ഇടതുമുന്നണിയിലൊരു ആർഎസ്പി കഷണം വേണമെന്നു തീരുമാനിച്ച സിപിഎം കണ്ടെത്തിയത് ഈ സംവരണ മണ്ഡലത്തിൽ ഹാട്രിക് വിജയം തികച്ച കോവൂർ കുഞ്ഞുമോനെയാണ്. ആ കുഞ്ഞുമോനെ നേരിടാൻ, കുഞ്ഞുമോന്റെ അമ്മയുടെ സഹോദരന്റെ മകൻ ഉല്ലാസ് കോവൂർ എന്ന ചെറുപ്പക്കാരനെ ആർഎസ്പി രംഗത്തിറക്കിയപ്പോൾ മണ്ഡലത്തിൽ മച്ചുനന്മാരുടെ പോര് കനത്തു. ബിഡിജെഎസ് സ്ഥാനാർഥി തഴവ സഹദേവനും രംഗത്തിറങ്ങിയതോടെ മത്സരത്തിനു മുൻപെങ്ങുമില്ലാത്ത വാശി. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽ വീണാൽ മണ്ഡലത്തിന്റെ ഗതി മാറും.

കരുനാഗപ്പള്ളി

എൽഡിഎഫിന്റെ ശക്തികേന്ദ്രമെന്നാണു വിശേഷണമെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷിനെ യുഡിഎഫ് രംഗത്തിറക്കിയതോടെ മണ്ഡലത്തിന്റെ ചിത്രം മാറി. സിറ്റിങ് എംഎൽഎ സി.ദിവാകരനെ മാറ്റി സിപിഐ ജില്ലാ സെക്രട്ടറി ആർ.രാമചന്ദ്രനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. ബിഡിജെഎസിന്റെ വി.സദാശിവനാണ് എൻഡിഎ സ്ഥാനാർഥി. കന്നിപ്പോരാട്ടത്തിന്റെ വീര്യവുമായി മൂവരും കളം നിറയുമ്പോൾ, 1980 മുതൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലം ഇക്കുറി ചരിത്രം തിരുത്തുമോയെന്ന ആകാംക്ഷയാണെങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനാലായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് നേടിയെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അത് അട്ടിമറിച്ചു ലീഡ് നേടി.

ചവറ

ആർഎസ്പികൾ ലയിച്ച് ഒന്നായതിന്റെ ശക്തി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ട മണ്ഡലമാണിത്. എൻ.കെ.പ്രേമചന്ദ്രന് ഇരുപത്തയ്യായിരത്തോളം വോട്ടിന്റെ വലിയ ഭൂരിപക്ഷം കിട്ടിയപ്പോൾ സിപിഎമ്മും എൽഡിഎഫും അന്ധാളിച്ചു. യുഡിഎഫിൽ മന്ത്രി ഷിബു ബേബി ജോൺ തുടർച്ചയായ രണ്ടാം ജയം തേടി രംഗത്തിറങ്ങിയപ്പോൾ മുൻ ആർഎസ്പിക്കാരനും മുൻ കോൺഗ്രസുകാരനും മുൻ ബാറുടമയുമായ എൻ.വിജയൻപിള്ള പെട്ടെന്നു സിഎംപിക്കാരനായി, എൽഡിഎഫ് സ്ഥാനാർഥിയുമായി. രാജ്യാന്തര ശ്രദ്ധയാകർഷിച്ച ഒരുപിടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഷിബുവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഭൂരിപക്ഷത്തിന്റെ ഗ്രാഫ് ഉയർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണു യുഡിഎഫ്. ഗ്രാമപഞ്ചായത്തംഗമായും ജില്ലാ പഞ്ചായത്തംഗമായും പയറ്റിയ വിജയൻപിള്ളയ്ക്കു മണ്ഡലത്തിലാകെയുള്ള ബന്ധങ്ങളാണു കൈമുതൽ. ബിജെപി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി എം.സുനിൽ ആണ് എൻഡിഎ സ്ഥാനാർഥി.

കൊല്ലം

രണ്ടു തവണ ജയിച്ച പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം മുൻ മന്ത്രി പി.കെ.ഗുരുദാസനെ മാറ്റിനിർത്തി നടൻ മുകേഷിനെ രംഗത്തിറക്കി സിപിഎം പുതിയൊരു പരീക്ഷണത്തിനു തുനിയുന്നു. ഡിഡിസി വൈസ് പ്രസിഡന്റ് കൂടിയായ മുൻ യൂത്ത് കോൺഗ്രസ് നേതാവ് സൂരജ് രവിയാണു യുഡിഎഫ് സ്ഥാനാർഥി. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ സ്വന്തം സ്ഥാനാർഥിയാണു സൂരജെങ്കിൽ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സ്വന്തം സ്ഥാനാർഥിയാണു മുകേഷ്. മറ്റൊരു പിബി അംഗം എം.എ.ബേബിയും മുകേഷിന്റെ പിന്നിലുണ്ടായിരുന്നു. എസ്എൻ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ.ശശികുമാർ എൻഡിഎ സ്വതന്ത്രനായി രംഗത്തുണ്ട്. കശുവണ്ടിത്തൊഴിലാളികളും തീരദേശ വോട്ടുബാങ്കും നിർണായകമായ മണ്ഡലം ആർഎസ്പിയുടെ ആസ്ഥാനവും ശക്തികേന്ദ്രവുമാണ്. കേരള രൂപീകരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ പതിനാലിൽ ഒൻപതിലും ആർഎസ്പി ജയിച്ച പാരമ്പര്യം.

കുണ്ടറ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള മണ്ഡലത്തിൽ തൊഴിലാളികൾ ആരെ തുണയ്ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ജനവിധി. മുൻ എംഎൽഎ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്‌സിക്കുട്ടിയമ്മയെ രംഗത്തിറക്കി മണ്ഡലം നിലനിർത്താൻ സിപിഎം അരയും തലയും മുറുക്കുന്നു. ചോദിച്ചു വാങ്ങിയ സീറ്റുമായി കെപിസിസി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി കളം നിറഞ്ഞതോടെ ജനവിധി പ്രവചനാതീതം. ജയിക്കുന്നയാൾ ഭരണപക്ഷത്താകുമെന്ന പാരമ്പര്യം 1967 മുതൽ മണ്ഡലത്തിന് അവകാശപ്പെട്ടതാണ്. കഴിഞ്ഞ തവണ മാത്രം അതിനു മാറ്റം വന്നു. മണ്ഡലത്തിലെ മാറിയ സാഹചര്യത്തിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയോടെ ബിജെപി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി എം.എസ്.ശ്യാംകുമാർ എൻഡിഎ സ്ഥാനാർഥിയായി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

ഇരവിപുരം

ആർഎസ്പി സംസ്ഥാന സെക്രട്ടറി സിറ്റിങ് എംഎൽഎ എ.എ.അസീസ് തുടർച്ചയായ നാലാം അങ്കത്തിനിറങ്ങുന്ന മണ്ഡലത്തിൽ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് ഏരിയ കമ്മിറ്റി അംഗവും കൊല്ലം കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷനുമായ എം.നൗഷാദിനെയാണ്. ബിഡിജെഎസിലെ ആക്കാവിള സതീക്ക് എൻഡിഎ സ്ഥാനാർഥിയായി നിർണായക പോരാട്ടം നടത്തുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതുവരെ പത്തുതവണ വിജയം വരിച്ച ആർഎസ്പിക്ക് ഇക്കുറിയും ജയം അഭിമാനപ്രശ്നം. പരമ്പരാഗത വോട്ടുബാങ്ക് തുണയ്ക്കുമെന്ന പ്രതീക്ഷയാണു യുഡിഎഫിന്. മുൻപ് ഇടഞ്ഞുനിന്ന മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി വന്നതും പ്രതീക്ഷ നൽകുന്നു. ആർഎസ്പി ജില്ലയിൽ അക്കൗണ്ട് തുറക്കില്ലെന്ന പാർട്ടി നേതൃത്വത്തിന്റെ വെല്ലുവിളി യാഥാർഥ്യമാക്കാനുള്ള പോരാട്ടത്തിലാണു സിപിഎം പ്രവർത്തകർ.

ചാത്തന്നൂർ

വെടിക്കെട്ടപകടം നടന്ന പരവൂർ പുറ്റിങ്ങൽ ഉൾപ്പെടുന്ന മണ്ഡലം അപകടത്തിന്റെ ആഘാതത്തിൽനിന്നു മോചിതമായിട്ടില്ലെങ്കിലും പോരിന്റെ വീര്യത്തിനു കുറവൊന്നുമില്ല. രണ്ടാം ജയം തേടിയിറങ്ങിയ സിറ്റിങ് എംഎൽഎ സിപിഐയിലെ ജി.എസ്.ജയലാലിനെ നേരിടാൻ മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരനെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ, ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുക്കി ബിജെപി രംഗത്തിറക്കിയത് എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനെയാണ്.

കൊട്ടാരക്കര

മണ്ഡലത്തിന്റെ പേരു കേട്ടാൽ അതിനൊപ്പം ആർ.ബാലകൃഷ്ണപിള്ളയെ ഓർക്കുന്ന മണ്ഡലമാണിത്. ഹാട്രിക് ജയം ലക്ഷ്യമിട്ടു സിറ്റിങ് എംഎൽഎ പി.അയിഷാ പോറ്റിയെ സിപിഎം വീണ്ടും രംഗത്തിറക്കിയപ്പോൾ മുൻ ഡിസിസി പ്രസിഡന്റ് വി.സത്യശീലന്റെ മകൻ കന്നിക്കാരൻ സവിൻ സത്യനാണ് കോൺഗ്രസിന്റെ പ്രതീക്ഷകൾ ചുമലിലേൽക്കുന്നത്. സിപിഐയുടെ മുൻ ജില്ലാ പഞ്ചായത്തംഗം രാജേശ്വരി രാജേന്ദ്രനെ പാർട്ടി സ്ഥാനാർഥിയായി രംഗത്തിറക്കി എൽഡിഎഫ് കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കി ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടിയെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു മറികടന്ന് അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം കോൺഗ്രസ് നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഭരണം പിടിച്ച എൽഡിഎഫ് ആ സ്വാധീനത്തിന്റെ പിൻബലത്തിലാണു കളം നിറയുന്നത്.

ചടയമംഗലം

ഹാട്രിക് വിജയം തേടി മുൻ മന്ത്രി മുല്ലക്കര രത്നാകരനെ സിപിഐ വീണ്ടും രംഗത്തിറക്കിയപ്പോൾ അപ്രതീക്ഷിതമായി കരുത്തനായ സ്ഥാനാർഥിയെ കിട്ടിയ ത്രില്ലിലാണു കോൺഗ്രസ്. കെപിസിസി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ എം.എം.ഹസൻ മണ്ഡലത്തിന്റെ പതിവു മാറ്റിമറിക്കുമെന്ന ധാരണ പരത്തിക്കഴിഞ്ഞു. പക്ഷേ, നിയമസഭാ – ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മുന്നണിക്കൊപ്പം അടിയുറച്ചു നിന്ന മണ്ഡലം തദ്ദേശ തിരഞ്ഞെടുപ്പിലും ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളിലും ഭരണം സമ്മാനിച്ചതാണ് എൽഡിഎഫിന്റെ ബലം. കോൺഗ്രസിലെ അനൈക്യങ്ങൾക്കു പേരുകേട്ട മണ്ഡലത്തിൽ ഇക്കുറി അത് ഇല്ലാതായി എന്നതാണു യുഡിഎഫിന്റെ ശക്തി. ബിജെപിയുടെ കെ.ശിവദാസൻപിള്ളയും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

പത്തനാപുരം

താരപ്പോരുകൊണ്ടു സംസ്ഥാനത്താകെ ശ്രദ്ധയാകർഷിച്ച മണ്ഡലം ഇതുവരെ കണ്ടിട്ടില്ലാത്ത വീറിനും വാശിക്കുമാണു സാക്ഷ്യം വഹിക്കുന്നത്. തുടർച്ചയായി മൂന്നു തവണ യുഡിഎഫ് ബാനറിൽ ജയിച്ച് എംഎൽഎയും മന്ത്രിയുമായ കെ.ബി.ഗണേഷ്കുമാർ എൽഡിഎഫ് ബാനറിൽ കേരള കോൺഗ്രസ്–ബി സ്ഥാനാർഥിയായപ്പോൾ, ഗണേഷ് വേഷമിട്ട അതേ വെള്ളിത്തിരയിൽനിന്നുതന്നെ നടൻ ജഗദീഷിനെ കൊണ്ടുവന്ന് എൽഡിഎഫിനെ വിറപ്പിക്കുകയാണു കോൺഗ്രസ്. ബിജെപിയും വിട്ടുകൊടുത്തില്ല – വില്ലനായും കൊമേഡിയനായും മിന്നിയ ഭീമൻ രഘുവിനെ വെള്ളിത്തിരയിൽനിന്നുതന്നെ പാർട്ടിയും കണ്ടെടുത്തു. ഒന്നര പതിറ്റാണ്ടായി ഗണേഷിനെ തുണച്ചുപോന്ന വോട്ടുകേന്ദ്രങ്ങളിൽ ജഗദീഷ് കനത്ത വിള്ളലുണ്ടാക്കുമ്പോൾ പ്രതിരോധം തീർത്തു ജീവന്മരണ പോരാട്ടം നടത്തുകയാണു ഗണേഷും എൽഡിഎഫും.

പുനലൂർ

രണ്ടു പതിറ്റാണ്ടായി തുടർച്ചയായി എൽഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലത്തിൽ ഹാട്രിക് തികയ്ക്കാൻ സിപിഐ കെ.രാജുവിനെത്തന്നെ രംഗത്തിറക്കി. കിഴക്കൻ മേഖലയിൽ മാറ്റം കൊതിച്ചു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മുൻ എംഎൽഎ എ.യൂനുസ്കുഞ്ഞിനെ വിട്ടിരിക്കുകയാണു യുഡിഎഫ്. കേരള കോൺഗ്രസ് – പി.സി.തോമസ് വിഭാഗത്തിലെ സിസിൽ ഫെർണാണ്ടസ് ആണ് എൻഡിഎ സ്ഥാനാർഥി. ജില്ലയിൽ സിപിഐയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പുനലൂരിൽ ഭൂരിപക്ഷം കൂട്ടാനാണ് എൽഡിഎഫ് ശ്രമം. ചുരുങ്ങിയ നാളുകൾക്കുള്ളിൽ മണ്ഡലമാകെ നിറഞ്ഞ യൂനുസ്കുഞ്ഞിനു കോൺഗ്രസുകാരെ ഒരേ മനസ്സോടെ ഒപ്പം നിർത്താൻ കഴിഞ്ഞതാണു ശ്രദ്ധേയം.

Your Rating: