Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരമൂറും മനസ്സിൽ ഒരിടം തേടി

Kozhikodu3 - Copy

മധുരമൂട്ടി മനസ്സു നിറയ്ക്കുന്നവരാണ് കോഴിക്കോട്ടുകാർ. കോഴിക്കോടിനു രാഷ്ട്രീയ ചരിത്രത്തിലും മധുരസ്മരണകൾ ഏറെയുണ്ട്. മുഖം നോക്കാതെ ആരെയും സ്വീകരിക്കുന്ന, ആരെയും പ്രോൽസാഹിപ്പിക്കുന്ന കോഴിക്കോടിന്റെ സംസ്കാരം രാഷ്ട്രീയക്കാർക്കു പ്രിയപ്പെട്ടതാണ്.

തിരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും കോഴിക്കോടിന്റെ രാഷ്ട്രീയം കേരളത്തിന്റെ ഗതി നിർണയിക്കുന്ന തലങ്ങളിലേക്ക് ഉയരും.

കഴിഞ്ഞ പുനർനിർണയത്തിൽ അധികമായി കിട്ടിയ ഒന്നടക്കം 13 മണ്ഡലങ്ങളാണ് ജില്ലയ്ക്കു സ്വന്തമായുള്ളത്. കേരളത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയുമൊക്കെ നിർണയിക്കാൻപോന്ന 13 മണ്ഡലങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന്റെ പടിവാതിൽക്കലെത്തിയതു കോഴിക്കോടു നൽകിയ 10 സീറ്റിന്റെ ബലത്തിലാണെന്ന് ഇടതുമുന്നണിക്കാർക്കു പറയാം. യുഡിഎഫ് അധികാരത്തിലേറിയതു കോഴിക്കോടു നൽകിയ മൂന്നു സീറ്റിന്റെ ബലത്തിലാണെന്നു വലതുമുന്നണിക്കും പറയാം. അതാണ് കോഴിക്കോട്– ആവശ്യമറിഞ്ഞ് ആർക്കായാലും നൽകും.

Kozhikkodu - Copy

ഇടത്തേക്കു ചാഞ്ഞും വലത്തേക്കു ചരിഞ്ഞും തിരഞ്ഞെടുപ്പുകളെ നേരിട്ട കോഴിക്കോടിന് ഇത്തവണ ബിജെപിയെക്കൂടി പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകാലം തൊട്ടു കോഴിക്കോടിന്റെ പരിഗണന ബിജെപിയും അനുഭവിച്ചുതുടങ്ങി. സ്വന്തമാക്കിവച്ചിരിക്കുന്ന മുതലിന് മൂന്നാമതൊരവകാശി എത്തുന്നതിന്റെ ജാഗ്രത ഇടതു – യുഡിഎഫ് മുന്നണികളുടെ പ്രചാരണത്തിൽ വ്യക്തമാണ്. പ്രചാരണരംഗം പല മണ്ഡലങ്ങളിലും കടുത്ത പിരിമുറുക്കത്തിലാണ്. യുഡിഎഫും ബിജെപിയും സഖ്യത്തിലാണെന്ന് എൽഡിഎഫും അതല്ല എൽഡിഎഫും ബിജെപിയുമാണ് സഖ്യത്തിലെന്ന് യുഡിഎഫും ഇതൊന്നുമല്ല എൽഡിഎഫും യുഡിഎഫുമാണ് സഖ്യത്തിലെന്നു ബിജെപിയും ആരോപിക്കുന്ന കോഴിക്കോട്ട് ജനങ്ങളുടെ സഖ്യം ആരുമായാണെന്ന് അറിയാനുള്ള കാത്തിരിപ്പ് 19ലേക്കു നീളുകയാണ്. ഒരു കാര്യം വ്യക്തമാണ് – കയ്യും വീശി പാട്ടും പാടി ജയിച്ചിരുന്ന കാലം കഴിഞ്ഞു, മണ്ഡലമേതായാലും വിയർപ്പൊഴുക്കിയേ കടന്നുകൂടൂ.

ബേപ്പൂർ

പതിറ്റാണ്ടുകളായി തുടരുന്ന പിന്തുണയിൽ ഇത്തവണയും മണ്ഡലത്തിൽ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക്. സിറ്റിങ് എംഎൽഎ എളമരം കരീമിനെ മാറ്റിയതും പകരക്കാരനായി ആദ്യം നിശ്ചയിച്ച സ്ഥാനാർഥിക്ക് എതിർപ്പു നേരിടേണ്ടി വന്നതും മുന്നണിക്കുണ്ടാക്കിയ ക്ഷീണം, കോഴിക്കോട് മേയറും മുൻ എംഎൽഎയുമായ വി.െക.സി. മമ്മദ്കോയയെ കൊണ്ടുവന്നതിലൂടെ മറികടക്കാനായെന്നു മുന്നണി കരുതുന്നു. എന്നാൽ, 2011 മുതൽ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം കുറയുന്ന എൽഡിഎഫിനെ ഇത്തവണ തോൽപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ എം.പി. ആദം മുൽസി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മൽസരം കാഴ്ചവയ്ക്കാനും മുൽസിക്ക് കഴിഞ്ഞിരുന്നു. ഇരു മുന്നണികളും പിടിക്കുന്ന വോട്ടുകളിൽ വിള്ളലുണ്ടാക്കി ജയിച്ചുകയറാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ കെ.പി.പ്രകാശ്ബാബു. ഏഴായിരത്തോളം വരുന്ന കന്നി വോട്ടർമാർ മണ്ഡലത്തിന്റെ വിധി നിർണയിക്കും.

കോഴിക്കോട് സൗത്ത്

ജില്ലയിലെ ഏക മന്ത്രി മണ്ഡലത്തിൽ നേരത്തേ പ്രചാരണം തുടങ്ങാനായതിന്റെ ആത്മവിശ്വാസത്തിലാണു യുഡിഎഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ എം.കെ.മുനീർ. മന്ത്രിയെന്ന നിലയിലും എംഎൽഎ എന്ന നിലയിലും ചെയ്ത കാര്യങ്ങളാണു പ്രചാരണത്തിൽ മുഖ്യായുധം. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി ചിന്തിച്ചതിന്റെ ധൈര്യമാണ് എൽഡിഎഫ് സ്ഥാനാർഥി ഐഎൻഎല്ലിന്റെ എ.പി.അബ്ദുൽ വഹാബിന്. സംഘടനാ ദൗർബല്യങ്ങൾ ലീഗിനെ വീഴ്ത്തുമെന്നും എൽഡിഎഫ് കരുതുന്നു. എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ കുറ്റിയിൽ സതീഷ് എൽഡിഎഫ് അപ്രസക്തമായെന്നും മൽസരം യുഡിഎഫുമായാണെന്നും അവകാശപ്പെടുന്നു.

Kozhikkodu-2 - Copy

കോഴിക്കോട് നോർത്ത്

ശക്തമായ ത്രികോണ മൽസരമാണ് മണ്ഡലത്തിൽ. മൂന്നാം വിജയം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ എ.പ്രദീപ്കുമാർ വോട്ടു തേടുമ്പോൾ 2011ലെ സാഹചര്യം മാറിയിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി കരുത്തു തെളിയിച്ചതോടെ ഇരുമുന്നണികളും വോട്ടു ചോർച്ച ഭയക്കുന്നു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഒരു പതിറ്റാണ്ടിന്റെ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്ന ആത്മവിശ്വാസമാണ് പ്രദീപിനുള്ളത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.എം.സുരേഷ്ബാബുവിനെ രംഗത്തിറക്കി മണ്ഡലം പിടിക്കാൻ എല്ലാ സംഘടനാ ശക്തിയും യുഡിഎഫ് പ്രയോഗിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുന്നിലെത്താൻ കഴിഞ്ഞതു മുന്നണിക്കു കൂടുതൽ കരുത്തും നൽകുന്നു. ഇതിനിടെയാണ്, സംസ്ഥാന ഉപാധ്യക്ഷൻ കെ.പി.ശ്രീശനെ മണ്ഡലത്തിലിറക്കി ബിജെപി മൽസരം കടുപ്പിച്ചത്.

കുന്നമംഗലം

ത്രികോണ മൽസരംതന്നെയാണ് മണ്ഡലത്തിന്റെയും പ്രത്യേകത. തുടർച്ചയായ രണ്ടാം ജയം തേടി എൽഡിഎഫ് സ്വതന്ത്രനായി പി.ടി.എ.റഹീം ഇറങ്ങുമ്പോൾ കോൺഗ്രസിലെ ടി.സിദ്ദീഖിനെ ഇറക്കി യുഡിഎഫും മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനെ ഇറക്കി എൻഡിഎയും മൽസരം ശക്തമാക്കി. യുഡിഎഫ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലത്തിന്റെ സ്വഭാവം പുനർനിർണയത്തോടെ മാറിയതാണ് എൽഡിഎഫിന്റെ നേട്ടം. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കാത്ത മണ്ഡലമാണ് കുന്നമംഗലം. നിസ്സാര വോട്ടുകളുടെ മാറ്റംമറിച്ചിലുകൾ പോലും വിധിയിൽ നിർണായകമാകും. ജില്ലയിൽ ഏറ്റവും കൂടുതൽ കന്നിവോട്ടർമാരുള്ളത് കുന്നമംഗലത്താണ്– 7888.

എലത്തൂർ

തുടർച്ചയായ രണ്ടാംജയം തേടിയാണ് എൽഡിഎഫ് സ്ഥാനാർഥി എൻസിപിയിലെ എ.കെ.ശശീന്ദ്രൻ ഇറങ്ങിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലം അനുകൂലമായിരുന്നതിന്റെ ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്. ഏറെ വൈകിയാണ് യുഡിഎഫ് സ്ഥാനാർഥിയെ ജനതാദൾ യു പ്രഖ്യാപിച്ചത്. പി.കിഷൻചന്ദ് വൈകിയാണ് തുടങ്ങിയതെങ്കിലും എതിരാളികൾക്ക് ഒപ്പം ഓടിയെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം മൽസരത്തിന് ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ വി.വി.രാജനും പ്രതീക്ഷയിലാണ്.

ബാലുശേരി

ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതിയിരുന്ന ബാലുശേരിയിൽ സമീപകാല ചരിത്രത്തിലെ വീറുറ്റ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തുടർച്ചയായ രണ്ടാം ജയം തേടി സിപിഎമ്മിന്റെ പുരുഷൻ കടലുണ്ടി ഇറങ്ങുമ്പോൾ കോൺഗ്രസുമായി വച്ചുമാറി മണ്ഡലമെടുത്ത മുസ്‍ലിം ലീഗിന്റെ യു.സി.രാമനാണ് ഇവിടെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയിൽ ചേർന്ന പി.കെ.സുപ്രൻ എൻഡിഎ സ്ഥാനാർഥിയായതോടെ മണ്ഡലം പ്രവചനങ്ങൾക്കു പിടികൊടുക്കാതെയായി. മണ്ഡലത്തിന്റെ പൊതു സ്വഭാവം മാറില്ലെന്ന വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നിലെത്താനായത് യുഡിഎഫിനും പ്രതീക്ഷ നൽകുന്നു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടു കിട്ടുമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്ക്. ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമാണു ബാലുശേരി.

കൊടുവള്ളി

ഒരു ചേരിയിൽ നിന്നവരുടെ പരസ്പര പോരാട്ടമാണ് കൊടുവള്ളിയുടെ പ്രത്യേകത. പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന കൊടുവള്ളി എൽഡിഎഫിനൊപ്പം നിന്നത്, 2006ൽ മാത്രമാണ്. അന്നു മുസ്‍ലിം ലീഗുമായി പിണങ്ങി യുഡിഎഫിനെതിരെ മൽസരിച്ച പി.ടി.എ.റഹീമാണ് മണ്ഡലത്തിൽ ആദ്യമായി എൽഡിഫിനെ ജയിപ്പിച്ചത്. സാഹചര്യം ഏതാണ്ടു സമാനമാണ് ഇത്തവണയും. സിറ്റിങ് എംഎൽഎയെ മാറ്റി പുതുമുഖമായി ലീഗ് നേതാവ് എം.എ.റസാഖിനെ യുഡിഎഫ് മൽസരിപ്പിക്കുമ്പോൾ ലീഗിനോടു കലഹിച്ചു പുറത്തിറങ്ങിയ കാരാട്ട് റസാഖാണ് മറുചേരിയിൽ. 2006ലെ മൽസര ഫലമാണ് എൽഡിഎഫിന്റെ മനസ്സിൽ. എന്നാൽ, വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലത്തിൽ ഒരു വിള്ളലും വീഴില്ലെന്നു യുഡിഎഫ് വിശ്വസിക്കുന്നു. സംവിധായകൻ അലി അക്ബറാണ് ബിജെപി സ്ഥാനാർഥി.

തിരുവമ്പാടി

യുഡിഎഫിൽ ലീഗും കോൺഗ്രസും സീറ്റ് വച്ചുമാറുമെന്ന ധാരണയും ധാരണാ ലംഘനവുമൊക്കെ കണ്ട തിരുവമ്പാടിയിൽ ഇപ്പോൾ വിവാദങ്ങൾ ഒടുങ്ങി മൽസരം മുറുകിയിരിക്കുന്നു. കൊടുവള്ളി എംഎൽഎ ലീഗിലെ വി.എം.ഉമ്മർ മണ്ഡലം മാറി തിരുവമ്പാടിയിൽ മൽസരിക്കുമ്പോൾ, മുൻ എംഎൽഎ സിപിഎമ്മിലെ ജോർജ് എം. തോമസാണ് എൽഡിഎഫിന്റെ തുറുപ്പുചീട്ട്. മലയോര കർഷകരുടെ പ്രശ്നങ്ങളും പശ്ചിമഘട്ട സംരക്ഷണ നിയമവും ക്രൈസ്തവ സമുദായ വോട്ടുകളും നിർണായകമാകുന്ന മണ്ഡലത്തിൽ ഇരുമുന്നണികളും ഒരുപോലെ പ്രതീക്ഷയിലാണ്. 2006ലെ പൊതുതിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മാത്രമാണ് മണ്ഡലം ഇടത്തോട്ടു ചാഞ്ഞത്. അതിനു മുൻപും ശേഷവും മണ്ഡലം കോട്ട കാക്കുന്നതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫിന്. ബിഡിജെഎസിന്റെ ഗിരി പാമ്പനാലാണ് എൻഡിഎയുടെ സ്ഥാനാർഥി. എസ്എൻഡിപിയുടെ പ്രവർത്തനം നന്നായുള്ളതാണു മണ്ഡലം.

കുറ്റ്യാടി

തുടർച്ചയായ മൂന്നാം ജയം തേടിയാണ് എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെ.െക.ലതിക മൽസരിക്കുന്നത്. പഴയ മേപ്പയൂരിനെ പുതിയ കുറ്റ്യാടി ആക്കിയെങ്കിലും മണ്ഡലം ഇടതുചായ്‌വ് കാത്തുസൂക്ഷിക്കുന്നതു ലതികയ്ക്കു പ്രതീക്ഷയാണ്. എന്നാൽ, സ്ഥാനാർഥി നിർണയത്തോടെ മണ്ഡലത്തിലെ സിപിഎമ്മിൽ ഉടലെടുത്ത സംഘടനാ പ്രശ്നങ്ങൾകൂടി തുണയാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിന്റെ പാറക്കൽ അബ്ദുല്ലയ്ക്കുള്ളത്. ഗൾഫ് രാജ്യങ്ങളിലടക്കം നടത്തിയ പ്രചാരണവും ലോക്സഭാ തിരഞ്ഞെടുപ്പിലെ ലീഡും തുണയ്ക്കുമെന്നും യുഡിഎഫ് കരുതുന്നു. എന്നാൽ, പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴില്ലെന്ന കണക്കുകൂട്ടലിൽ തന്നെയാണ് എൽഡിഎഫ്. രാംദാസ് മണലേരിയാണ് ബിജെപി സ്ഥാനാർഥി.

പേരാമ്പ്ര

ജില്ലയിലെ ശ്രദ്ധേയ പോരാട്ടങ്ങളിലൊന്നാണ് പേരാമ്പ്രയിലേത്. ഇടതുപക്ഷത്ത് സിറ്റിങ് എംഎൽഎ മാറി മുൻ എംഎൽഎയും സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിയുമായ ടി.പി.രാമകൃഷ്ണൻ മൽസരിക്കുമ്പോൾ യുഡിഎഫിനു വേണ്ടി വീണ്ടും ഇറങ്ങുന്നത് കേരള കോൺഗ്രസി(എം)ലെ മുഹമ്മദ് ഇക്ബാലാണ്. പേരാമ്പ്രയുടെ ഇടതു ചായ്‌വാണ് ടി.പിയുടെ ശക്തി. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലം രാഷ്ട്രീയ നിലപാട് അരക്കിട്ട് ഉറപ്പിച്ചതു കാര്യങ്ങൾ എളുപ്പമാക്കുന്നതായി എൽഡിഎഫ് കണക്കുകൂട്ടുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ താമസിച്ചു പ്രചാരണം നടത്തിയതിന്റെ ആനുകൂല്യമാണ് ഇക്ബാൽ പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായി സിപിഎമ്മിൽ ഉടലെടുത്ത സംഘടനാ പ്രശ്നങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിലെ ലീഡും തുണയാകുമെന്നും കരുതുന്നു. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്റെ കൊളപ്പേരി സുകുമാരൻ നായരും സജീവമായതോടെ മണ്ഡലത്തിൽ മൽസരം കടുത്തു.

നാദാപുരം

ഉദ്വേഗനിർഭരമായ ഫോട്ടോ ഫിനിഷിലേക്കാണ് നാദാപുരം നീങ്ങുന്നത്. ജില്ലയിൽ സിപിഐ മൽസരിക്കുന്ന ഏക മണ്ഡലത്തിന് ഇടതു സ്നേഹം കൂടുതലാണ്. തുടർച്ചയായി രണ്ടാം വിജയം തേടി ഇ.കെ.വിജയൻ ഇറങ്ങുമ്പോൾ കാര്യങ്ങൾ കൂടുതൽ അനുകൂലമാണെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. എന്നാൽ, യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.പ്രവീൺകുമാർ എത്തിയതോടെ മണ്ഡലത്തിൽ മൽസരം കനത്തു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മണ്ഡലത്തിലെ പ്രചാരണം ഗൾഫ് നാടുകളിലേക്കു വരെ നീണ്ടു. പ്രവാസികൾ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തുമെന്നത് മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന തോന്നൽ. അതുണ്ടായാൽ മൽസര ഫലം പ്രവചനങ്ങൾ അപ്രസക്തമാക്കും. മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഡ് നേടാനായതും യുഡിഎഫിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു. മണ്ഡലത്തിൽ അട്ടിമറിയാണ് അവർ പ്രതീക്ഷിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ എം.പി.രാജനും സജീവമായതോടെ നിഷ്പ്രയാസ ജയം ആർക്കും സ്വപ്നംകാണാൻ കഴിയാതെയായി.

വടകര

മണ്ഡലം ചരിത്രമാകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുന്നണി സ്ഥാനാർഥികൾക്കു പുറമേ ആർഎംപി സ്ഥാനാർഥിയായി കെ.കെ.രമ എത്തിയതോടെ മണ്ഡലത്തിൽ മൽസരം ചതുഷ്കോണമായി. ഇരുമുന്നണിയിലെയും ജനതാദൾ പാർട്ടികൾ നേർക്കുനേർ പൊരുതുന്ന വടകരയിൽ തുടർച്ചയായ രണ്ടാം ജയം തേടി ഇറങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥി ജനതാദൾ എസ്സിന്റെ സി.കെ.നാണുവിന് വടകരയിൽ മൽസരിച്ച ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. വോട്ടുകളുടെ എണ്ണത്തിൽ മുന്നിലാണെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് സ്ഥാനാർഥി ജനതാദൾ യുവിലെ മനയത്ത് ചന്ദ്രനുള്ളത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ ഒരുപോലെ ലഭിക്കുമെന്നാണ് ആർഎംപിയുടെ പ്രതീക്ഷ. എൻഡിഎ സ്ഥാനാർഥിയായി എം.രാജേഷ്കുമാർ ശക്തികേന്ദ്രങ്ങളിൽ കരുത്തറിയിച്ചു നീങ്ങുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടമായി വടകരയിലെ മൽസരം മാറുന്നു. എൽഡിഎഫ് ഒഴികെ ആരു ജയിച്ചാലും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വമ്പൻ അട്ടിമറിയാകും.

കൊയിലാണ്ടി

പരമ്പരാഗത കോൺഗ്രസ് മണ്ഡലമായി അറിയപ്പെടുന്ന കൊയിലാണ്ടിയിൽ തുടർച്ചയായ രണ്ടാം ജയം തേടിയാണ് എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെ.ദാസൻ രംഗത്തുള്ളത്. സ്ഥാനാർഥി നിർണയത്തോടെ കോൺഗ്രസിൽ ശക്തമായ ഗ്രൂപ്പു പോരാട്ടം തുണയാകുമെന്നും എൽഡിഎഫ് കരുതുന്നു. അതു കഴിഞ്ഞ് ഇപ്പോൾ അങ്ങനെയൊന്നില്ല എന്നതിൽ യുഡിഎഫിനു സംശയമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അനുകൂലമായിരുന്ന ഫലവും മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ഉറപ്പിക്കുന്നു യുഡിഎഫ്. മുതിർന്ന കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യനെ രംഗത്തിറക്കിയതോടെ മൽസരം അനുകൂലമായെന്നും മുന്നണി കരുതുന്നു. സംഘടനാപരമായ പ്രശ്നങ്ങൾ മണ്ഡലത്തിൽ സിപിഎമ്മിന് ഉണ്ടെന്നതും യുഡിഎഫിനു ചൂണ്ടിക്കാട്ടാനുണ്ട്. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ കെ.രജിനേഷ് ബാബു മൽസരിക്കുന്നു.

Your Rating: