Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നത്തൂർ കോട്ടപിടിക്കാൻ അങ്കത്തട്ടിൽ മച്ചുനന്മാർ

poll-kovoor

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും കല്ലടയാറും പള്ളിക്കലാറും ഉറവ തീർത്ത കുന്നിറമ്പുകളുടെ നാടാണു കുന്നത്തൂർ. രാഷ്ട്രീയ അടിയൊഴുക്കുകളേറെക്കണ്ട മണ്ണ്. ഇവിടെയാണ് സംസ്ഥാനത്തെ ഏറ്റവും കൗതുകകരമായ മൽസരങ്ങളിലൊന്നിന് ഈ തിരഞ്ഞെടുപ്പിൽ നിലമൊരുങ്ങുന്നത് – മച്ചുനന്മാരുടെ നേർക്കുനേർ പോര്! ഇടതുപക്ഷത്തെ ആർഎസ്പിക്കുവേണ്ടി കോവൂർ കുഞ്ഞുമോൻ; വലതുപക്ഷത്തെ ആർഎസ്പിക്കുവേണ്ടി ഉല്ലാസ് കോവൂർ – സഹോദരങ്ങളുടെ മക്കൾ.

ഇടതുമുന്നണിക്കൊപ്പം നിന്ന് ആർഎസ്പിയുടെ ബാനറിൽ ഹാട്രിക് വിജയം തികച്ചയാളാണു കോവൂർ കുഞ്ഞുമോൻ. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ആർഎസ്പി യുഡിഎഫ് പാളയത്തിലെത്തിയപ്പോൾ കുഞ്ഞുമോനും ഒപ്പം പോയി. ഈ തിരഞ്ഞെടുപ്പിൽ വീണ്ടും, യുഡിഎഫ് വിട്ട്, സ്വന്തം പാർട്ടിയുമായി കുഞ്ഞുമോൻ ഇടതുപക്ഷത്തെത്തിയിരിക്കുന്നു. രാജിവച്ചു വന്നാൽ കുന്നത്തൂർ തന്നേക്കാമെന്ന സിപിഎമ്മിന്റെ വാക്കു കേട്ടാണ് സ്വന്തം വീടായിരുന്ന ആർഎസ്പി വിട്ടു കുഞ്ഞുമോൻ ഇറങ്ങിയത്. ആർഎസ്പിയുടെ ഒരു കഷണമെങ്കിലും എൽഡിഎഫിൽ വേണമെന്ന സിപിഎമ്മിന്റെ വാശിയാണ് ആർഎസ്പി (ലെനിനിസ്റ്റ്) എന്ന കുഞ്ഞുമോന്റെ പുതിയ പാർട്ടി രൂപീകരണത്തിന്റെ ഹേതു.

ആർഎസ്പിയുടെ ഈറ്റില്ലമായ കൊല്ലത്തു പാർട്ടിയുടെ അഭിമാനക്കോട്ടയാണു കുന്നത്തൂർ. കേരളപ്പിറവിക്കുശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണ വിജയക്കൊടി പാറിച്ച പാർട്ടിയും മറ്റൊന്നല്ല. വിദ്യാർഥി – യുവജന രാഷ്ട്രീയത്തിലൂടെ രംഗത്തു വന്ന കുഞ്ഞുമോനും പാർട്ടിയുടെ ഈ അടിത്തറയായിരുന്നു തുണ. ഒന്നരപ്പതിറ്റാണ്ടായി ജനപ്രതിനിധിയെന്ന നിലയിൽ നേടിയെടുത്ത പരിചയമാണ് ഇപ്പോൾ കുഞ്ഞുമോന്റെ കൈമുതൽ. ഒരു തവണകൂടി മറുകര കടത്തിവിടാൻ മുന്നണിയും യത്നിക്കുന്നു.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ തോൽപിച്ചു നിയമസഭയിലേക്കു പോയ ഈ നാൽപത്തിയേഴുകാരനെ നേരിടാൻ കോവൂർ കുടുംബത്തിൽനിന്നുതന്നെ യുഡിഎഫ് പക്ഷത്തെ ആർഎസ്പി യുവനേതാവിനെ കണ്ടെത്തി. കുഞ്ഞുമോന്റെ അമ്മയുടെ ആങ്ങളയുടെ മകൻ ഉല്ലാസ് കോവൂർ എന്ന യുവപ്രതിഭയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മണ്ഡലമാകെ ചർച്ചയായി. പാർട്ടിയും നേതാക്കളും തള്ളിപ്പറഞ്ഞ ഇടതുമുന്നണിയിലേക്കു കുഞ്ഞുമോൻ മടങ്ങിപ്പോയതു തെല്ലൊരു ആഘാതമായെങ്കിലും അതേ നാണയത്തിൽ തിരിച്ചടിക്കാനായതിന്റെ ത്രില്ലിലാണ് ആർഎസ്പി. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ വെട്ടിയാൽ മുറിയാത്തതാണെന്നു നേതൃത്വത്തിന് ഉറപ്പുണ്ട്.

ചരിത്രത്തിൽ ബിരുദവിദ്യാർഥിയായ ഉല്ലാസ് കോവൂർ ആർവൈഎഫ് കേന്ദ്രകമ്മിറ്റി അംഗമാണ്. ദൃശ്യമാധ്യമ പഠനത്തിൽ ഡിപ്ലോമ നേടിയിട്ടുള്ള ഈ മുപ്പത്തേഴുകാരൻ ഒട്ടേറെ ചാനലുകളിൽ ജനപ്രിയ പ്രോഗ്രാമുകളുടെ സംവിധായകനാണ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കൾച്ചറൽ സ്കോളർഷിപ്പും ദേശീയ ഫെലോഷിപ്പും ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ നേടിയ ഉല്ലാസ്, മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. പാർട്ടിക്കും മുന്നണിക്കുമൊപ്പം ചെറുപ്പക്കാരുടെ വൻസംഘവും ഉല്ലാസിനു തുണയായുണ്ട്.

ഭാരത് ധർമജന സേനയുടെ കേന്ദ്രകമ്മിറ്റി അംഗവും നാടക – സീരിയൽ നടനുമായ തഴവ സഹദേവനെയാണ് ബിജെപി മുന്നണി രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ ഓരോ തവണയും വോട്ട് വർധിപ്പിക്കുന്നതാണു ബിജെപിയുടെ ചരിത്രം. കശുവണ്ടി – കർഷക തൊഴിലാളികളുടെ വിയർപ്പിൽ കുതിർന്ന മണ്ണിലെ പോരാട്ടമാണ് എങ്ങും ചർച്ചാവിഷയം.

Your Rating: