Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുവണ്ടി മണമുള്ളൊരു ഓർമയും ചിരിചിന്തകളുമായി കൊല്ലത്തെ കൈയിലെടുക്കാൻ മുകേഷ്

Mukesh താരം താരമല്ലാതെ: കൊല്ലം മാടൻനടയിൽ മുകേഷ് വോട്ട് അഭ്യർഥിക്കുന്നു. ചിത്രം: രാജൻ എം തോമസ്

‘സഖാവ് ഭാർഗവിയുടെ കറ പുരണ്ട കൈകൾക്കു നല്ല മണമായിരുന്നു. അണ്ടിപ്പരിപ്പിന്റെ മണം മൂക്കിലടിച്ചു കേറുമ്പോൾ, കുഞ്ഞായിരുന്ന ഞാൻ ആ കൈകൾ പിടിച്ചു മണപ്പിക്കും. അണ്ടിപ്പരിപ്പ് കഴിക്കാനുള്ള കൊതിയടക്കാൻ അതേ അന്നു മാർഗമുണ്ടായിരുന്നുള്ളൂ. സഖാവ് ഭാർഗവിയുടെ ആ ചെറിയ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബം. സഖാവ് ഭാർഗവി ആരാണെന്നറിയാമോ നിങ്ങൾക്ക് ...? എന്റെ അമ്മേടമ്മ, അമ്മൂമ്മ...’

തൃക്കരുവയിലെ കശുവണ്ടി ഫാക്ടറിക്കു മുന്നിൽ തടിച്ചുകൂടിയ സ്ത്രീത്തൊഴിലാളികൾ, കൂട്ടത്തിലൊരാളിൽനിന്നൊരു കഥ കേട്ടപോൽ ഒരുവേള നിശ്ശബ്ദരായി. വെള്ളിത്തിരയിലെ വെളിച്ച വിന്യാസമില്ലാതെ, മുഖച്ചായങ്ങളില്ലാതെ മുകേഷ് പറഞ്ഞു തുടങ്ങി ‘കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ടാണ് അമ്മൂമ്മ എന്റെ അമ്മ വിജയകുമാരിയെയും കുഞ്ഞമ്മയെയും വളർത്തിയത്. എത്രയോ കൊല്ലം അമ്മൂമ്മ ഫാക്ടറിയിൽ പണിയെടുത്തു. അക്കാലത്ത് ആർഎസ്പിയുടെ സജീവ പ്രവർത്തകയായിരുന്നു അമ്മൂമ്മ. പിന്നീട് അമ്മയെ കമ്യൂണിസ്റ്റ് അച്ഛൻ (ഒ. മാധവൻ) കല്യാണം കഴിച്ചു. അങ്ങനെ ഞങ്ങളുടെ കുടുംബവും കമ്യൂണിസ്റ്റായി.’

‘വീടിനു മുന്നിലൂടെ കശുവണ്ടിത്തൊഴിലാളികൾ ജാഥ പോലെ പോകുന്നതു കണ്ടാണ് ഞാൻ വളർന്നത്. ശനിയാഴ്ച അമ്മൂമ്മയ്ക്കു ശമ്പളം കിട്ടും. ശമ്പളദിവസം കമ്പനിപ്പടിക്കൽ ചന്തയാണ്. അമ്മൂമ്മ സ്നേഹത്തോടെ പൊതിഞ്ഞുകൊണ്ടുവരുന്ന മിഠായിപ്പൊതി കാത്ത് ഞാനിരിക്കും. ഇപ്പോൾ, അതേ സഖാവ് ഭാർഗവിയുടെ കൊച്ചുമോൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. അനുഗ്രഹിക്കണം.’ സമ്മതമെന്നോണം, തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ കടലാസിൽ പൊതിഞ്ഞു തൊഴിലാളികൾ മുകേഷിനു കൈമാറി. അതേറ്റു വാങ്ങുമ്പോൾ, കുടുകുടാ ചിരിപ്പിച്ച താരത്തിന്റെ ശബ്ദം തെല്ലൊന്നിടറി.

മടങ്ങുമ്പോൾ, വഴിമധ്യേ എതിരെ വന്ന ബസിനു സൈഡ് കൊടുക്കാൻ കാർ ഒതുക്കി. ബസിൽനിന്നു കുറേ കൈകളും പുഞ്ചിരികളും പുറത്തേക്കു നീണ്ടു. കാറിന്റെ മുൻസീറ്റിൽ അവർ മുകേഷിനെ കണ്ടു. കാറിൽനിന്നു പുറത്തിറങ്ങി മുകേഷ് അവർക്കു പുഞ്ചിരിയും അഭിവാദ്യവും മടക്കി. യാത്ര തുടർന്നപ്പോൾ സ്ഥാനാർഥിയോടൊരു ചോദ്യം – ‘കശുവണ്ടി ഫാക്ടറിക്കു മുന്നിൽ കണ്ട മുകേഷ് അല്ലല്ലോ ഇപ്പോൾ, പെട്ടെന്നു ജോളിയായല്ലോ...’ മറുപടിയിൽ മുകേഷ് തനി കൊല്ലത്തുകാരനായി: ‘എന്തോന്നെടേ ഇത്, ആ ബസിന്റെ പേര് നോക്കിയോ – പുഞ്ചിരി.’. ശരിയാണ്, ചിന്നക്കട–പ്രാക്കുളം റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ പേര് പുഞ്ചിരി.

തൃപ്പനയം ദേവീക്ഷേത്രത്തിൽ പൊങ്കാലയ്ക്കിടെ എത്തിയ സ്ഥാനാർഥിക്കൊപ്പം നിന്നു സെൽഫിയെടുക്കാൻ തിക്കും തിരക്കും. കൂട്ടത്തിലൊരു വിരുതൻ ഇടിച്ചുകേറി നിന്നപ്പോൾ കമന്റ് ‘എന്തുവാടേ, തിളച്ച പായസത്തിനു മുന്നിലാണോ സെൽഫീ ?’

പെരിനാട് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിലെ വെക്കേഷൻ ബൈബിൾ സ്കൂളിന്റെ സമാപനച്ചടങ്ങിലും നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലെ അവധിക്കാല ക്യാംപിലും പങ്കെടുത്തു കുട്ടികളോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു രംഗമിളക്കിയ മുകേഷിലെ രാഷ്ട്രീയക്കാരനെ പിന്നാലെ കണ്ടു. ഒപ്പമുണ്ടായിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജനും കൊല്ലം ഏരിയ കമ്മിറ്റിയംഗം എച്ച്. ബെയ്സിൽലാലും സ്ഥാനാർഥിയെ കൊണ്ടുചെന്നത് ആർഎസ്പി നേതാവും മുൻമന്ത്രിയുമായ വി.പി. രാമകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക്. വിപിയുടെ മകൾ ജയന്തി ആർഎസ്പി വിട്ടു സിപിഎമ്മിൽ ചേർന്നിട്ട് അധികകാലമായിട്ടില്ല. വി.പിയെ കണ്ട പാടെ മുകേഷിന്റെ കൈകൾ തൊഴുതു ‘സ്ഥാനാർഥിയാണ്, അനുഗ്രഹിക്കണം...’ സ്ഥാനാർഥിയാകുന്നതിനു മുൻപേ അറിയാം, ഒ. മാധവൻ ഉള്ള കാലം മുതലേ...’– വി.പിയുടെ മറുപടി കേട്ടു മുകേഷിന്റെ മുഖത്ത് ചിരിനിറഞ്ഞു.

ആർഎസ്പിയുടെ വനിതാ സംഘടന ഐക്യ മഹിളാ സംഘത്തിന്റെ ദേശീയ അധ്യക്ഷയും എസ്എൻ കോളജ് പ്രഫസറുമായിരുന്ന ഡോ. കെ.സി. സരസമ്മയുടെ അനുസ്മരണ ചടങ്ങിൽ പ്രഭാഷകനായി പൂർവ വിദ്യാർഥി കൂടിയായ മുകേഷ് പിന്നീട്. സരസമ്മയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം നേരത്തേ മുകേഷിനായിരുന്നു. മുകേഷ് പ്രസംഗം തുടങ്ങിയപ്പോൾ മഴ പെയ്തു. അതു അനുഗ്രഹ വർഷമാണെന്നു സ്ഥാപിച്ചു മുകേഷ് തുടർന്നു ‘എന്റെ ഭാഷയും ജീവിതരീതിയുമൊക്കെ കൊല്ലം തന്നെ. ഇതൊരു ചെറിയ ദൗത്യമല്ലെന്ന് എനിക്കറിയാം...’

വൈകിട്ടു മുകേഷിനെ കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ കണ്ടു. പാർട്ടി സംഘടിപ്പിച്ച കൺവൻഷനിൽ പങ്കെടുത്തു മുകേഷ്, കടലിനെക്കുറിച്ചും തീരത്തെ വറുതിയെക്കുറിച്ചുമൊക്കെ വാചാലനായി. തിരശ്ശീലയിൽനിന്നിറങ്ങി വന്ന താരത്തെ തൊട്ടടുത്തു കണ്ടു മത്സ്യത്തൊഴിലാളികൾ തിര പോലിളകി. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും മുകേഷ് അവരിലൊരാളായി..

സന്ധ്യയ്ക്ക്, മതിലിൽ ഒ. മാധവന്റെ പേരു കൊത്തിയ വടക്കേവിള പ്രശാന്തി നഗറിലെ 43–ാം നമ്പർ വീട്ടിൽ വച്ച് യാത്ര പറയുമ്പോൾ ഉമ്മറത്തേക്കു വന്നു വലതുകാൽ മുന്നോട്ടു പിണച്ചുവച്ച്, മുന്നോട്ടൽപം കുനിഞ്ഞ്, ഇടതുകൈ വെള്ളയിൽ വലതുമുഷ്ടി തിരുമ്മി ഗോഡ് ഫാദറിലെ മഹാദേവനെപ്പോലെ മുകേഷ് പറഞ്ഞു ‘എന്റെ ഫെയ്സ്ബുക്കിലൊന്നു ലൈക്കടിച്ചേക്കണേടേയ്...’ നോക്കിയപ്പോൾ ശരിയാണ്. പകലത്തെ പടങ്ങൾ മുഴുവൻ ഫേസ്ബുക്കിൽ ചിരിച്ചോണ്ടു നിൽക്കുന്നു. എല്ലാറ്റിനും ലൈക്കോടു ലൈക്ക്.

Your Rating: