Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലായിൽ മൽസരം മാണിയും മാണിയും തമ്മിൽ

KM Mani-Mani C Kappan

പാലാ-വൈക്കം റോഡിലെ കൊട്ടാരമറ്റം ജംക്‌ഷനടുത്തുള്ള കെ.എം.മാണിയുടെ വീട്ടിൽ വലിയ ആൾകൂട്ടം. പരാതികൾ നൽകാനായി എത്തിയവരും പാർട്ടിപ്രവർത്തകരുമെല്ലാം കൂട്ടത്തിലുണ്ട്. പരാതി നൽകാനെത്തിയവരോടെല്ലാം വിശദമായി സംസാരിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നു. 

കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിയും മണ്ഡലത്തിലെ പരിചിതമുഖമായ മാണി സി.കാപ്പനും ഏറ്റുമുട്ടുമ്പോൾ പാലായിൽ മത്സരച്ചൂട് ഉയരുകയാണ്. ഇതിനിടെ കരുത്ത് തെളിയിക്കാൻ ബിജെപിയും രംഗത്തുണ്ട്.

KM Mani

മണ്ഡലത്തിലെ പ്രധാന നേതാക്കളെല്ലാം മാണിയുടെ വീട്ടിലുണ്ട്. ജനസമ്പർക്ക പരിപാടിക്കിടെ അൽപസമയം പാർട്ടി നേതാക്കളുമായി ചർച്ച. 11 മണിയോടെ ചില മരണവീടുകളിൽ സന്ദർശനം. വരുന്ന വഴിയിൽ പാലാടൗണിൽ ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തു. മാണി കടയിലേക്കെത്തിയതും നാട്ടുകാർ ചുറ്റും കൂടി. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് വോട്ട് തരണം- ചുറ്റുംകൂടിയവരോട് വോട്ടഭ്യർഥിച്ച് തിരികെ വീട്ടിലേക്ക്.

‘സർക്കാരിന്റെ വികസന നയത്തിനാണ് വോട്ട് ചോദിക്കുന്നത്. വാഗ്ദാനം ചെയ്ത മിക്കവാറും എല്ലാ പദ്ധതികളും പൂർത്തിയാക്കാനായി. 3000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്. പാലായിൽ ഇനിയും വികസനം വരണം. അതിന് ഈ ഭരണം തുടരണം’- മാണി പറയുന്നു. 

വീട്ടിൽ ഉച്ചഭക്ഷണത്തിനുശേഷം അൽപം വി‌ശ്രമം. നാലു മണിക്കാണ് അ‌‌ടുത്ത പ്രചാരണ പരിപാടി. ഇടനാട് എസ്എൻഡിപി ഹാളിൽ കരൂർ പഞ്ചായത്ത് കൺവൻഷൻ. 

KM Mani

പ്രസംഗിക്കാന്‍ കിട്ടിയ അവസരം ശരിക്കു മുതലാക്കുകയാണ് കരൂരിലെ പ്രാദേശിക നേതാക്കൾ. സംസ്ഥാന നേതാക്കളെത്തുന്നതുവരെ ആളെ കൂട്ടേണ്ടതുണ്ട്. ആഗോളവത്കരണം മുതൽ സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്‌ഥിതിയും, ലോട്ടറിയുമെല്ലാം പ്രസംഗത്തിൽ വിഷയമാകുന്നു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ച് അടുത്ത യോഗസ്ഥലമായ തലപ്പലം മണ്ഡലം കൺവൻഷൻ നടക്കുന്ന പ്ലാശനാൽ ഇലത്തുപറമ്പ് ഹാളിലേക്ക് മാണി പോകുമ്പോൾ സമയം വൈകിട്ട് ആറ്.

എൽഡിഎഫിന്റെ സ്ഥാനാർഥിയായ എൻസിപി നേതാവ് മാണി സി. കാപ്പൻ സ്വാതന്ത്ര്യസമര സേനാനിയും മുൻ എംപിയുമായ ചെറിയാൻ ജെ. കാപ്പന്റെ മകനാണ്. അറിയപ്പെടുന്ന സിനിമാ നിർമാതാവ്. തുടർച്ചയായ മൂന്നാം തവണയാണ് പാലായിൽ മത്സരിക്കുന്നത്. എൻസിപി സംസ്ഥാന ഖജാന്‍ജിയാണ്. മീനച്ചൽ പഞ്ചായത്തിലെ കടയംപൂവരണി, കൊച്ചുകൊട്ടാരം, വിളക്കുംമരുത്, ഇടമറ്റം, പൈക, പൂവത്തോട്, പാറപ്പള്ളി പ്രദേശങ്ങളിലായിരുന്നു മാണി സി. കാപ്പന്റെ പ്രചാരണവും കുടുംബയോഗങ്ങളും. പാലാ-മീനച്ചിൽ സഹകരണസംഘങ്ങളിലെ അഴിമതി ആരോപണങ്ങളെല്ലാം പ്രസംഗത്തിൽ വിഷയമാകുന്നു. 

‘ഇത്രയും നാൾ അധികാരത്തിലിരുന്നിട്ടും ആവശ്യമായ വികസനം പാലായിൽ കൊണ്ടുവരാൻ മാണിക്ക് കഴിഞ്ഞിട്ടില്ല. വികസനത്തിൽ പാലായെക്കാൾ താഴെയുണ്ടായിരുന്ന തൊടുപുഴയൊക്കെ വലിയ രീതിയിൽ വികസിച്ചിട്ടും പാല പഴയപടി തുടരുകയാണ്- മാണി സി. കാപ്പൻ പറയുന്നു.

Mani C Kappan

സിനിമാ നിർമാതാവുകൂടിയായ മാണി സി. കാപ്പൻ തിരഞ്ഞെട‌ുപ്പിനിടയിലും തന്റെ സിനിമാ പദ്ധതികൾക്ക് മുടക്കം വരുത്തിയിട്ടില്ല. മേലേപ്പറമ്പിൽ ആൺവീട് സിനിമയുടെ രണ്ടാം ഭാഗമാണ് പുതിയ പ്രോജക്ട്. കഥയും തിരക‌ഥയും, സംഭാഷണവും, സംവിധാനവുമെല്ലാം ഈ ഞാൻ തന്നെ, ഒരു ബാലചന്ദ്രമേനോൻ സ്റ്റൈൽ ചിരിയോടെ മാണി സി. കാപ്പൻ പറയുന്നു.  

ബിജെപി കോട്ടയം ജില്ലാ പ്രഡിഡന്റായ എൻ.ഹരിയാണ് എൻഡിഎ സ്ഥാനാർഥി. പള്ളിക്കത്തോട് പഞ്ചായത്തിലെ ബിജെപിയുടെ ആദ്യ അംഗമായിരുന്നു. 2006ൽ വാഴൂരിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 

2011 ഓടെ പാലാ മണ്ഡലത്തിന്റെ രൂപംമാറി. മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, വെളിയന്നൂർ, ഉഴവൂർ പഞ്ചായത്തുകൾ കടുത്തുരുത്തി മണ്ഡലത്തിലേക്ക് പോയി. പകരം പൂഞ്ഞാറിലെ ആറ് പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളിയിലെ ഒരു പഞ്ചായത്തും പാലായിലേക്ക് വന്നു. എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം എന്നീ പഞ്ചായത്തുകളും പാലാ നഗരസഭയും ഉൾപ്പെട്ടതാണ് മണ്ഡലം. പാലാ നഗരസഭ ഭരിക്കുന്നത് യുഡിഎഫ്. യുഡിഎഫ് 20 സീറ്റിലും എൽഡി‌എഫ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു.

Mani C Kappan

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31,000 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ നേടാനായതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. തലനാട്, എലിക്കുളം പഞ്ചായത്തുകളൊഴികെയുള്ളവയിൽ ഭരണം പിടിക്കാനായതും മുന്നണിക്ക് പ്രതീക്ഷ നൽകുന്നു.

മാണി സി. കാപ്പനെന്ന ശക്തനായ പോരാളിയിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. മാണിയുടെ ഭൂരിപക്ഷം 2011ൽ 17,000ത്തിൽനിന്ന് 7,753 ആയി കുറയ്ക്കാനും, 2011ൽ 5,259 ആയി കുറയ്ക്കാനും മാണി സി. കാപ്പനു കഴിഞ്ഞിരുന്നു.

ബിഡിജെഎസ് പിന്തുണ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി രണ്ടാംസ്ഥാനത്തെത്തി. പാലാ മണ്ഡലത്തിൽ 15 പഞ്ചായത്ത് അംഗങ്ങളെ നേടാനായതും അവരുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.

Your Rating: