Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്കൊടിക്കും മൂവർണക്കൊടിക്കും പിന്നാലെ പാലക്കാട്ട് കാവിക്കൊടി പാറുന്ന പ്രദേശങ്ങളും

by ഷില്ലർ സ്റ്റീഫൻ
Palakkadu 2

ചുവപ്പു പരവതാനി വിരിച്ചു ജനപ്രതിനിധികളെ നിയമസഭയിലേക്ക് അയച്ച ജില്ലയാണു പാലക്കാട്. മുഖ്യമന്ത്രിമാരായും പ്രതിപക്ഷ നേതാക്കളായും വാണ കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞെടുത്തയച്ച ജില്ല 1977 മുതലാണ് മാറ്റങ്ങൾക്കു വിധേയമായത്; അതും സിപിഐ – കോൺഗ്രസ് ബാന്ധവത്തിൽ. പിന്നീട് 1987ൽ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ജില്ലയിലെ ഏഴു മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. 2006ൽ ഇടതുപക്ഷം ഭരണത്തിലെത്തിയപ്പോൾ 11 മണ്ഡലങ്ങളിൽ ഒൻപതും എൽഡിഎഫ് നേടി. 2011ൽ യുഡിഎഫ് ഭരണത്തിലേറിയപ്പോൾ ജില്ല പിന്തുണച്ചത് ആകെയുള്ള 12ൽ അഞ്ച് സീറ്റുകൾ കൊണ്ടാണ്.

ചെങ്കൊടിക്കും മൂവർണക്കൊടിക്കും പകരം കാവിക്കൊടി പാറുന്ന പ്രദേശങ്ങൾ വർധിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും ഒരു വിഭാഗം വോട്ടർമാരുടെ രസമാപിനികളെ ഉണർത്താനിടയുണ്ട്. ബിഡിജെഎസിന്റെ രാഷ്ട്രീയപ്രവേശവും പ്രചാരണവും മലമ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലെ രാഷ്ട്രീയച്ചൂടും വർധിപ്പിക്കുന്നു. അണ്ണാ ഡിഎംകെയിലൂടെ തമിഴക രാഷ്ട്രീയത്തിന്റെ കടന്നുവരവ് ചിറ്റൂരിലും മറ്റും ജനവിധിയുടെ പുതിയ ചാലുകൾ തീർക്കാനിടയുണ്ട്.

തൃത്താല

യുഡിഎഫ് തുടർവിജയം പ്രതീക്ഷിക്കുന്ന ഈ മണ്ഡലത്തിൽ വി.ടി. ബൽറാം വീണ്ടും മത്സരത്തിനിറങ്ങുന്നു. രണ്ട് പ്രധാന എതിർസ്ഥാനാർഥികളും സ്ത്രീകളാണെന്നതു സവിശേഷത. വികസനപ്രവർത്തനങ്ങളും പൊതു വിഷയങ്ങളിൽ ബൽറാം സ്വീകരിച്ച നിലപാടുകളും നേടിയ സ്വീകാര്യതയാണ് യുഡിഎഫിന്റെ തുറുപ്പുചീട്ട്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഹാട്രിക് വിജയചരിത്രമുള്ള സുബൈദ ഇസ്ഹാഖിനെ രംഗത്തിറക്കിയാണു സിപിഎമ്മിന്റെ പരീക്ഷണം. ബൽറാമിന്റെ ബന്ധുവായ പ്രഫ. വി.ടി. രമയെ നിർത്തി യുഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാണു ബിജെപി ശ്രമം.

പട്ടാമ്പി‌‌

കോൺഗ്രസിലെ സി.പി. മുഹമ്മദ് നാലാം വിജയം തേടി മത്സരരംഗത്ത്. പട്ടാമ്പി താലൂക്ക് രൂപീകരണമാണു യുഡിഎഫിന്റെ പ്രധാന വികസന നേട്ടം. ജെഎൻയു പരിവേഷമുള്ള യുവ സ്ഥാനാർഥി സിപിഐയിലെ മുഹമ്മദ് മുഹ്സിൻ എൽഡിഎഫ് സ്ഥാനാർഥിയാകുന്നത് സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലും കൗതുകം. ബിജെപിയിലെ പി. മനോജ് ഉയർത്തുന്ന പ്രചാരണവിഷയങ്ങൾ പ്രധാനം.

Palakkadu

ഷൊർണൂർ

ഇടതുപക്ഷത്തിന് മേൽക്കൈയുണ്ടെന്നു കരുതുന്ന മണ്ഡലത്തിൽ സിപിഎമ്മിലെ പി.കെ. ശശിയാണു എൽഡിഎഫ് സ്ഥാനാർഥി. വനിതാ എംഎൽഎയെ മാറ്റി സിപിഎം പുതുമുഖത്തെ രംഗത്തിറക്കുമ്പോൾ പട്ടാമ്പി നഗരസഭ വൈസ് ചെയർപഴ്സനായ കോൺഗ്രസിലെ സി. സംഗീതയാണു യുഡിഎഫ് സ്ഥാനാർഥി. പ്രചാരണത്തിൽ തുടക്കം മുതൽ സാന്നിധ്യം അറിയിക്കുന്ന ബിഡിജെഎസിലെ
വി.പി. ചന്ദ്രൻ നേടുന്ന വോട്ടുകൾ നിർണായകമാകും.

ഒറ്റപ്പാലം

സിറ്റിങ് എംഎൽഎയെ മാറ്റി സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ഉണ്ണി എൽഡിഎഫ് സ്ഥാനാർഥിയായ മണ്ഡലം. എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. പി. വേണുഗോപാലാണ് ബിജെപി സ്ഥാനാർഥി. മുന്നണികളുടെ സംഘടനാസംവിധാനങ്ങളുടെ ശക്തിദൗർബല്യങ്ങൾ മാറ്റുരയ്ക്കുന്നു.

മണ്ണാർക്കാട്


മുസ്‌ലിംലീഗിലെ ആഭ്യന്തരപ്രശ്നങ്ങൾ പറഞ്ഞുതീർത്തപ്പോൾ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവന കൊണ്ട് വീണ്ടും വിവാദങ്ങൾ ഉയർന്ന മണ്ഡലം. സിറ്റിങ് എംഎൽഎ ലീഗിലെ എൻ. ഷംസുദ്ദീൻ യുഡിഎഫ് സ്ഥാനാർഥിയായി ശക്തമായ മത്സരം. സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുന്നു. അട്ടപ്പാടിയുടെ രാഷ്ട്രീയ ഭൂപ്രകൃതിയും ബിഡിജെഎസ് സ്ഥാനാർഥി കേശവദേവ് പുതുമനയുടെ സാന്നിധ്യവും ഫലത്തെ സ്വാധീനിക്കും.

കോങ്ങാട്

കഴിഞ്ഞ തവണ മൂവായിരത്തിൽപരം വോട്ടുകൾക്കു സിപിഎം വിജയിച്ച ഈ സംവരണ മണ്ഡലത്തിൽ മുൻ മന്ത്രി പന്തളം സുധാകരനെ നിർത്തി ബലാബലം തീർക്കുകയാണ് യുഡിഎഫ്. സിറ്റിങ് എംഎൽഎ സിപിഎമ്മിലെ കെ.വി.വിജയദാസ് രണ്ടാം വട്ടവും ജനവിധി തേടുന്നു. മഹിളാ മോർച്ച നേതാവ് രേണു സുരേഷ് ബിജെപി സ്ഥാനാർഥി.

മലമ്പുഴ

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നാലാംവട്ടവും ജനവിധി തേടുന്ന മണ്ഡലത്തിൽ കമ്യൂണിസ്റ്റുകാരല്ലാത്തവർ വിജയിച്ച ചരിത്രമില്ല. എതിരാളിയായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് വരുമ്പോൾ രണ്ടു തലമുറകളുടെ പോരാട്ടം. വികസനവും മണ്ഡലം ഇലക്‌ഷൻ സെക്രട്ടറിയെ സിപിഎം മാറ്റിയ വിവാദവും വെള്ളാപ്പള്ളിക്കെതിരെയുള്ള വിഎസിന്റെ ആരോപണവും ചൂടുപിടിച്ച ചർച്ചാവിഷയങ്ങൾ. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വൈസ് ചെയർമാനും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാറിന്റെ ഊർജിത പ്രചാരണം മത്സരം കൊഴുപ്പിക്കുന്നു.

പാലക്കാട്

ത്രികോണ മത്സരത്തിനു മുൻപും സാക്ഷിയായ മണ്ഡലത്തിൽ കോൺഗ്രസിലെ യുവനേതാവ് ഷാഫി പറമ്പിൽ രണ്ടാം വിജയം തേടുന്നു. ഒരിടവേളയ്ക്കു ശേഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുൻ എംപി എൻ.എൻ. കൃഷ്ണദാസ് മത്സരത്തിനെത്തുമ്പോൾ പ്രചാരണം ഉച്ചസ്ഥായിയിൽ. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ഉൾപ്പെടുന്ന മണ്ഡലത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനാണു സ്ഥാനാർഥി.

തരൂർ

ഈ സംവരണ മണ്ഡലത്തിൽ നിന്ന് രണ്ടാം വട്ടവും നിയമസഭയിലേക്കു നാലാം തവണയും ജനവിധി തേടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ. ബാലനാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയാകുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ തോറ്റ ചരിത്രമില്ലാത്ത കോൺഗ്രസിലെ സി. പ്രകാശ്. കഴിഞ്ഞ തവണ ഘടകകക്ഷിക്കു മത്സരിക്കാൻ വിട്ടുകൊടുത്ത മണ്ഡലം ഇത്തവണ കോൺഗ്രസ് തിരിച്ചെടുത്തു. ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ പകുതി യുഡിഎഫ് ഭരണത്തിലാണ്. കെ.
വി. ദിവാകരനാണ് ബിജെപി സ്ഥാനാർഥി.

ചിറ്റൂർ

കോൺഗ്രസിലെ കെ. അച്യുതൻ അഞ്ചാംവട്ടവും ജനവിധി തേടുന്ന മണ്ഡലം. മുൻ എംഎൽഎയും ജനതാദൾ (എസ്) ദേശീയ നിർവാഹക സമിതി അംഗവുമായ കെ. കൃഷ്ണൻകുട്ടി 10 വർഷത്തിനു ശേഷം വീണ്ടും അച്യുതന്റെ എതിരാളിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നൽകിയ ആർബിസി മുന്നണിയും അവർ ഉയർത്തുന്ന ജലരാഷ്ട്രീയവും വേനൽച്ചൂടിലെ തിരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്തുന്നു. എം. ശശികുമാറാണ് ബിജെപി സ്ഥാനാർഥി. അണ്ണാ ഡിഎംകെ സ്ഥാനാർഥിയായി എൻ. മയിൽ സ്വാമിയും രംഗത്ത്.

നെന്മാറ

എസ്എൻഡിപിയുടെ രാഷ്ട്രീയത്തിനു സ്വാധീനമുള്ള മണ്ഡലം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്. പുതിയ സ്ഥാനാർഥിയായി കെ. ബാബുവിനെ എൽഡിഎഫ് രംഗത്തിറക്കി. ആലത്തൂർ മണ്ഡലത്തിൽ ഒരിക്കൽ കോൺഗ്രസിനെ വിജയിപ്പിച്ച ചരിത്രമുള്ള മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥിയാകുന്നത് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ.

ആലത്തൂർ

പല തവണ ആലത്തൂരിൽ നിന്നു വിജയിച്ച ആർ. കൃഷ്ണന്റെ പേരക്കുട്ടി കെ.ഡി. പ്രസേനനാണ് സിപിഎമ്മിന്റെ പുതുമുഖ സ്ഥാനാർഥി. ഒരിക്കലൊഴികെ എക്കാലവും കമ്യൂണിസ്റ്റുകാർ വിജയിച്ച മണ്ഡലം. ഇത്തവണയും യുഡിഎഫ് സ്ഥാനാർഥിയാകുന്നത് കേരള കോൺഗ്രസ് എമ്മിലെ കെ. കുശലകുമാർ. സിപിഎം വിട്ട് ബിജെപിയിലേക്കു ചേക്കേറിയവർ ഏറെയുള്ള മണ്ഡലത്തിൽ എം.പി. ശ്രീകുമാർ ആണ് ബിജെപി സ്ഥാനാർഥി.
 

Your Rating: