Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീർഥാടക ജില്ല പിടിക്കാൻ കഠിന വ്രതം

Pathanamthitta2

ജജനസംഖ്യയുടെ കാര്യത്തിൽ ‘വർധന’ താഴോട്ട് എന്ന അദ്ഭുതമാണു പത്തനംതിട്ട ജില്ല നെറ്റിയിലൊട്ടിച്ച ലേബൽ. മറ്റെല്ലാ ജില്ലയിലും ജനസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുമ്പോൾ പത്തനംതിട്ടയിൽ അത് 2.16% കുറയുകയാണ്. ജനവാസ മേഖല കുറവ്, ഒട്ടേറെപ്പേർ വിദേശത്ത് എന്നിങ്ങനെ കാരണങ്ങൾ പലതു പറയാം.

കേറിത്താമസത്തിന്റെ പിറ്റേന്നു പൂട്ടിയാൽ വർഷങ്ങളോളം തുറക്കാത്ത വലിയ വീടുകൾ പത്തനംതിട്ടയുടെ മുഖമുദ്രയാണ്. അങ്ങനെ ആളെണ്ണം കുറഞ്ഞു വന്നപ്പോൾ ഏഴര നിയമസഭാ മണ്ഡലമുണ്ടായിരുന്നത് അഞ്ചായി.

വിസ്തൃതിയുടെ പകുതിയിലേറെ വനം, ബാക്കിയുള്ളതിൽ നല്ല പങ്ക് റബർ തോട്ടം, പമ്പയും അച്ചൻകോവിലാറും മണിമലയാറും നൽകുന്ന ജലസമൃദ്ധി, കിഴക്കൻ മലകൾ കെട്ടിയ കോട്ട – സ്ഥൂലക്കാഴ്ചയിൽ ഇങ്ങനെയാണു പത്തനംതിട്ട. ആകെ പച്ചപ്പ്. അടുത്തു വന്നാൽ പച്ചപ്പിന്റെ വിള്ളലുകളിലെല്ലാം പിന്നെയുമുണ്ടു കാഴ്ചകൾ. അവയിൽ കുറെയൊക്കെ അസുഖകരവുമാണ്. മലകളുടെ നിറുകയിൽ പാറമടകൾ വ്രണമായി കാണാം. മണലെടുത്തു ചവിട്ടിത്താഴ്ത്തിയ നദികൾ. വിലയിടിഞ്ഞു വെട്ടൊഴിഞ്ഞതിനാൽ പാൽ ചുരത്തി പാഴാക്കുന്ന റബർ മരങ്ങൾ എമ്പാടും.

ശബരിമലയും മാരാമണ്ണും പരുമലയും ചെറുകോൽപ്പുഴയും മഞ്ഞനിക്കരയുമൊക്കെ ചേർന്നു തീർഥാടക ജില്ലയെന്നൊരു പേരു പത്തനംതിട്ടയ്ക്കു സമ്മാനിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിനപ്പുറം വികാരമാകുന്ന വിവാദങ്ങളുണ്ടായിരുന്നു ഈയിടെവരെ. പക്ഷേ, പലതും തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ എടുത്താൽ പൊങ്ങാത്ത വിഷയങ്ങളെക്കാൾ പ്രാദേശിക വികസനംപോലുള്ള ലളിതമായ സംഗതികളാണ് ഏറെപ്പേർക്കും പ്രിയം.

ആറന്മുള വിമാനത്താവളം, റബർ വില, ഗാഡ്ഗിൽ – കസ്തൂരിരംഗൻ റിപ്പോർട്ടുകൾ തുടങ്ങി മുൻപു ചർച്ചയായിട്ടുള്ള പലതും ഇത്തവണ തിരഞ്ഞെടുപ്പിന്റെ വാഗ്വാദങ്ങളിൽ അധികം തലനീട്ടുന്നില്ല. സ്ഥാനാർഥികളും കൊള്ളുന്ന ചൂടുതന്നെയാണു പലയിടത്തും പ്രശ്നം – ശുദ്ധജലമില്ല.

Pathanamthitta

പുനർനിർണയത്തിലെ പുതിയ വേലിക്കല്ലുകൾ കഴിഞ്ഞ തവണ നിയമസഭാ മണ്ഡലങ്ങളെ അഞ്ചായി ചുരുക്കിയതോടെ ഉള്ളതിൽ അൽപം ഏറിയ പങ്ക് ഇടതുപക്ഷത്തിനു പകുത്തു കൊടുത്തു. മുൻപ് ഏറെ സ്നേഹം കിട്ടിയ യുഡിഎഫിനു രണ്ടും. ഇത്തവണ മുഴുവൻ വാത്സല്യവും പിടിച്ചു വാങ്ങണമെന്നുണ്ട് യുഡിഎഫിന്. എങ്കിൽ കഴിഞ്ഞ തവണത്തെ രണ്ടുപോലും തരില്ലെന്ന് എൽഡിഎഫ് കെറുവിക്കുന്നു. എല്ലായിടത്തും ഉശിരൻ മത്സരം എൻഡിഎയ്ക്ക് അത്യാവശ്യം.


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമായ ആറന്മുള, മണ്ഡലം ആസ്ഥാനത്തുനിന്നു നൂറു കിലോമീറ്ററോളം അകലെ (ഗവി) വരെ വോട്ടർമാരുള്ള കോന്നി, സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ റബർ കൃഷിയുള്ള റാന്നി, പല ക്രിസ്ത്യൻ സഭകളുടെയും ആസ്ഥാനം, ദേശീയ പ്രാധാന്യമുള്ള ശബരിമലയെ ഉൾക്കൊള്ളുന്ന നാട് എന്നിങ്ങനെയുള്ള പ്രത്യേകതകളും പത്തനംതിട്ടയ്ക്കുണ്ട്.

സിറ്റിങ് എംഎൽഎമാർ അഞ്ചും മത്സരിക്കുകയാണ് ഇത്തവണ. തിരുവല്ലയിൽ മാത്യു ടി.തോമസ് (ജനതാദൾ – എസ്), റാന്നിയിൽ രാജു ഏബ്രഹാം (സിപിഎം), ആറന്മുളയിൽ കെ.ശിവദാസൻ നായർ (കോൺഗ്രസ്), കോന്നിയിൽ അടൂർ പ്രകാശ് (കോൺഗ്രസ്), അടൂരിൽ ചിറ്റയം ഗോപകുമാർ (സിപിഐ). പ്രധാന എതിരാളികളിൽ രണ്ടു മുൻ എംഎൽഎമാരുണ്ട് – അടൂരിലെ കെ.കെ.ഷാജുവും (കോൺഗ്രസ്) തിരുവല്ലയിലെ ജോസഫ് എം.പുതുശേരിയും (കേരള കോൺഗ്രസ് – എം). മൂന്നു കന്നിക്കാരുണ്ട് – റാന്നിയിലെ മറിയാമ്മ ചെറിയാൻ (കോൺഗ്രസ്), കോന്നിയിലെ ആർ.സനൽകുമാർ (സിപിഎം), ആറന്മുളയിലെ വീണാ ജോർജ് (സിപിഎം).

എൻഡിഎയിൽ ആറന്മുളയിലെ എം.ടി.രമേശ് (ബിജെപി) മാത്രമാണ് നിയമസഭയിലേക്കു മുൻപു മത്സരിച്ചിട്ടുള്ളത്. ഡി.അശോക്‌ കുമാർ (കോന്നി – ബിജെപി), കെ.പത്മകുമാർ (റാന്നി – ബിഡിജെഎസ്), അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് (തിരുവല്ല – ബിഡിജെഎസ്), പി.സുധീർ (അടൂർ – ബിജെപി) എന്നിവർ കന്നിയങ്കക്കാരാണ്.

തിരുവല്ല

പഴയ കല്ലൂപ്പാറ മണ്ഡലവും ചേർന്നതാണ് ഇപ്പോഴത്തെ തിരുവല്ല. മൂന്നു മുന്നണികളിലും പ്രധാന കക്ഷികളല്ല മത്സരിക്കുന്നത്. എൽഡിഎഫിൽ ജനതാൾ (എസ്), യുഡിഎഫിൽ കേരള കോൺഗ്രസ് (എം), എൻഡിഎയിൽ ബിഡിജെഎസ്. എങ്കിലും പോരാട്ടം തീപാറുന്നതുതന്നെ. മൂന്നുപേരും അവരവരുടെ പ്രസ്ഥാനങ്ങളിലെ സംസ്ഥാനതല നേതാക്കൾ. മാത്യു ടി. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയും, പുതുശേരി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്.

കെഎസ്ആർടിസി സ്റ്റാൻ‍ഡ് വികസനവും ഒട്ടേറെ റോഡുകളും പാലങ്ങളുമൊക്കെ വന്നതും അഴിമതിക്കെതിരായ വികാരവും അനുകൂലമാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും മണ്ഡലത്തിന്റെ പൊതുവേയുള്ള യുഡിഎഫ് അനുഭാവവും തുണയാകുമെന്നു യുഡിഎഫിന്റെ കണക്കുകൂട്ടൽ. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലും നരേന്ദ്ര മോദിക്ക് അനുകൂലമായ പുത്തനുണർവിലും എൻഡിഎയ്ക്കു പ്രതീക്ഷ.

റാന്നി

സിപിഎമ്മിലെ രാജു ഏബ്രഹാം നാലു തവണയായി തുടരുന്ന അജയ്യമായ യാത്രയ്ക്കു തടയിടാൻ യുഡിഎഫ് ഇറക്കിയതു സീനിയർ പുതുമുഖമായ മറിയാമ്മ ചെറിയാനെയാണ്. മുൻ എംഎൽഎ പരേതനായ എം.സി.ചെറിയാന്റെ ഭാര്യയും കെപിസിസി സെക്രട്ടറിയുമാണ് അവർ. ജില്ലയിൽ എൻഡിഎ ഏറ്റവും ശക്തമായ മത്സരം നടത്തുന്ന മണ്ഡലങ്ങളിലൊന്നാണിത്. മറ്റു മുന്നണികളുടെ പരമ്പരാഗത വോട്ടുകേന്ദ്രങ്ങളിൽ കടന്നുകയറാൻ കഴിയുന്നുണ്ടെന്നു സ്ഥാനാർഥി കെ.പത്മകുമാറും പ്രവർത്തകരും വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ അത് ആർക്കു ദോഷം ചെയ്യുമെന്നതിൽ ഏകാഭിപ്രായമില്ല.

പ്രാദേശിക വികസനത്തിലെ മേൻമകളാണ് എൽഡിഎഫിനു പറയാനുള്ളത്. എന്തെങ്കിലും നടന്നെങ്കിൽ അതു സംസ്ഥാന സർക്കാരിന്റെ നേട്ടമെന്നു യുഡിഎഫ് മറുപടി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രചാരണത്തിനെത്തിയതും ചിട്ടയായ പ്രവർത്തനങ്ങളും മുതൽക്കൂട്ടാക്കാനാണ് എൻഡിഎയുടെ ശ്രമം.

ആറന്മുള

ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ പേരിൽ മണ്ഡലമില്ലാതായപ്പോഴാണ് പത്തനംതിട്ടയും ആറന്മുളയും ചേർത്തു പുതിയ ആറന്മുള മണ്ഡലമായത്. ഇത്തവണ സ്ഥാനാർഥി നിർ‍ണയത്തിന്റെ പേരിൽ സിപിഎമ്മിൽ വലിയ പ്രശ്നങ്ങളുണ്ടായി ആറന്മുളയിൽ. പാർട്ടിയിലെ അർഹരായ പലരെയും ഒഴിവാക്കിയതിന്റെ പേരിൽ പ്രവർത്തകർ പ്രകടനത്തിലൂടെയും പോസ്റ്ററുകളിലൂടെയും പ്രതിഷേധിച്ചു. എത്രയൊക്കെയായിട്ടും നേതൃത്വം അഭിപ്രായത്തിൽ ഉറച്ചുനിന്നു. മാധ്യമപ്രവർത്തകയായ വീണാ ജോർജിനു തന്നെ സീറ്റ് നൽകി. യുഡിഎഫിലെ സിറ്റിങ് എംഎൽഎ കെ.ശിവദാസൻ നായരുടെ സ്ഥാനാർഥിത്വത്തിനു കാര്യമായ വെല്ലുവിളിയുണ്ടായിരുന്നില്ല. വികസന നേട്ടങ്ങളും തുടർഭരണ സാധ്യതയും ഉയർത്തിക്കാട്ടി യുഡിഎഫ് പ്രവർത്തകർ നേരത്തേ കളത്തിലിറങ്ങി. വീണാ ജോർജും കൂട്ടരും വൈകിച്ചില്ല. പ്രചാരണം നോക്കി ആരു മുന്നിലെന്നു പറയാൻ കഴിയാത്ത സ്ഥിതി.

എൻഡിഎ സ്ഥാനാർഥി എം.ടി.രമേശും പ്രവർത്തകരും ശാന്തമായ നീക്കങ്ങളിലൂടെ ശക്തി ഉറപ്പിക്കാൻ ശ്രമിക്കുന്നു. ഒരു സമയത്തു തുടരെ ചർച്ചയായിരുന്ന ആറന്മുള വിമാനത്താവള പദ്ധതിയെ എതിർത്തവരും അനുകൂലിച്ചവരും ആ വിഷയം ചർച്ചയ്ക്കു വയ്ക്കുന്നില്ലെന്നു പറയാം. ശുദ്ധജലം, വികസനം തുടങ്ങിയ വിഷയങ്ങൾക്കാണിപ്പോൾ മുൻതൂക്കം.

കോന്നി

വികസനത്തിനു മാതൃകയായി യുഡിഎഫ് ഉയർത്തിക്കാട്ടുന്ന മണ്ഡലം. റാന്നിയിൽനിന്നു രണ്ടു പഞ്ചായത്തുകൾകൂടി ചേർത്തതാണു പുതിയ കോന്നി. സർക്കാർ മെഡിക്കൽ കോളജ്, താലൂക്ക് രൂപീകരണം, സിവിൽ സർവീസ് അക്കാദമി, വിനോദസഞ്ചാര വികസനം, അച്ചൻകോവിൽ – ചിറ്റാർ റോഡ്, മറ്റു റോഡുകളുടെ വികസനം തുടങ്ങി ഒരുപാടുണ്ട് അവർക്കു പറയാൻ. എന്നിട്ടും അടൂർ പ്രകാശിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു കിട്ടാൻ വൈകിയതെന്തേ എന്ന് എൽഡിഎഫ് ചോദിക്കുമ്പോൾ അതിലൊരു മുനയുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി ആർ.സനൽകുമാറിന്റെ സ്ഥാനാർഥിത്വത്തിന് ഒരു പ്രശ്നവുമുണ്ടായില്ലേ എന്ന യുഡിഎഫിന്റെ ചോദ്യത്തിലുമുണ്ട് മുനയും മൂർച്ചയും. സനൽകുമാറിനെതിരെ സിപിഎം ഘടകങ്ങൾ ആദ്യഘട്ടത്തിൽ വാളെടുത്തിരുന്നു. അഴിമതിയാണ് എൽഡിഎഫ് പ്രധാന വിഷയമാക്കുന്നത്. അതിൽ കാര്യമില്ലെന്നു കോന്നിക്കാർക്ക് അറിയാമെന്നു യുഡിഎഫ് എഴുതിത്തള്ളുന്നു. തോൽവിയറിയാത്ത നാലു മത്സരങ്ങൾക്കുശേഷം അഞ്ചാമൂഴത്തിലാണ് അടൂർ പ്രകാശ്. സനൽകുമാർ കന്നിക്കാരനും. എൻഡിഎ സ്ഥാനാർഥി ഡി.അശോക് കുമാറിന്റെ പ്രതീക്ഷ ഇരുമുന്നണികളെയും മടുത്ത വോട്ടുകളിലാണ്.

അടൂർ

ജില്ലയിലെ ഏക സംവരണ മണ്ഡലമായ (പട്ടികജാതി) അടൂരിന്റെയും രൂപം കഴിഞ്ഞ തവണ മാറി. ഇല്ലാതായ പന്തളം മണ്ഡലത്തിന്റെ കുറച്ചു ഭാഗങ്ങൾ ചേർത്തു. കഴിഞ്ഞ തവണ യുഡിഎഫിലെ മുൻ മന്ത്രി പന്തളം സുധാകരനെ സിപിഐയിലെ കന്നിക്കാരനായ ചിറ്റയം ഗോപകുമാർ തോൽപിച്ചത് 607 വോട്ടിന്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിരന്തര ജയങ്ങൾക്കു പിന്നാലെയുള്ള തോൽവി യുഡിഎഫിൽ നിരാശയും എൽഡിഎഫിൽ ആവേശവുമുണ്ടാക്കിയതു സ്വാഭാവികം.

ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില യുഡിഫിനു നൽകിയിരുന്നു. പക്ഷേ, തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫിനു ഭരണം കിട്ടി. പ്രതിപക്ഷത്തായിരുന്നിട്ടും എംഎൽഎയുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചു ചിറ്റയം പരമാവധി വികസനം എല്ലാ രംഗത്തും കൊണ്ടുവന്നെന്നു പ്രവർത്തകർ. തിരുവഞ്ചൂർക്കാലത്തിനുശേഷം അടൂർ ഒട്ടും വളർന്നില്ലെന്നാണു യുഡിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തെ കൈത്തെറ്റു തിരുത്താൻ ജനങ്ങൾക്ക് ആവോളം കാരണങ്ങളുണ്ടെന്നു യുഡിഎഫ് സ്ഥാനാർഥി കെ.കെ.ഷാജു പറയുന്നു. എൻഡിഎ സ്ഥാനാർഥി പി.സുധീർ യുവജനങ്ങളിൽ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. എംഎൽഎയുടെ സാന്നിധ്യമില്ലാത്ത മണ്ഡലമെന്നു വിശേഷിപ്പിച്ച് അടിസ്ഥാന വികസന പോരായ്മയിലേക്കും എൻഡിഎ വിരൽ ചൂണ്ടുന്നു.  

Your Rating: