Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനത്തിനു മാർക്കിടും, പാരമ്പര്യത്തെ തള്ളില്ല

Kottaym-9

തിരഞ്ഞെടുപ്പിൽ സൂര്യാതപം ഏറെ ഏൽക്കുന്നതു പൂഞ്ഞാറിലാണ്. കേരള രാഷ്ട്രീയത്തിലെ ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും ഒക്കെ സംഗമിക്കുന്ന പാലായും പുതുപ്പള്ളിയുമുണ്ട്. ചങ്ങനാശേരിയുടെ മധ്യേയുണ്ട്, സമദൂരം. നല്ലൊരു വികസന നായകൻ വന്നാൽ പിന്നെ പിരിയില്ല കോട്ടയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു സീറ്റിന്റെ രൂപമുള്ളതു വൈക്കത്താണ്. ഏറ്റുമാനൂരിലും സ്ഥിരം വേരുകൾ ചികയുന്നു. കുമ്മനം രാജശേഖരന്റെ ജന്മനാടായ ജില്ലയിൽ ബിജെപി മുന്നണിയാകട്ടെ ചിറകുവിടർത്താൻ ശ്രമിക്കുന്നു.

യുഡിഎഫ് ഹൃദയഭൂമിയായി കരുതുന്ന കോട്ടയത്തെ തിരഞ്ഞെടുപ്പു കണക്കുകളിൽ അധികവായന സിപിഎം ഇഷ്ടപ്പെടുന്നുമില്ല. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒൻപതിൽ ഏറ്റുമാനൂരും വൈക്കവും ഒഴികെ ഏഴു മണ്ഡലങ്ങളിലും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ ഒൻപതു മണ്ഡലങ്ങളും പിടിച്ചു യുഡിഎഫ് മേൽക്കോയ്മ നിലനിർത്തി. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ലീഡ് പിടിച്ച് വൈക്കത്തുമാത്രം എൽഡിഎഫ് തിരിച്ചുവരവ് നടത്തി. പഞ്ചായത്തു തിരഞ്ഞെടുപ്പിലെ വോട്ട് നിലയിൽ ജില്ലയിൽ യുഡിഎഫ് മേൽക്കൈ നിലനിർത്തിയിരുന്നുവെങ്കിലും എൽഡിഎഫ് അടിത്തറ വികസിപ്പിച്ചുള്ള ചെറിയ മുന്നേറ്റം നടത്തി. മുൻപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിലെ 73ൽ 12 പഞ്ചായത്തുകളിലായിരുന്നു ഇടതുഭരണമെങ്കിൽ അത് 22 പഞ്ചായത്തുകളിലേക്കു വ്യാപിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ വിജയവും ഇടതിന് ആത്മവിശ്വാസം പകരുന്നു. നാലെണ്ണം അധികം പിടിച്ച് 14–8 എന്ന നിലയിലാണ് ജില്ലാ പഞ്ചായത്ത് യുഡിഎഫ്–എൽഡിഎഫ് സീറ്റുനില. ബിജെപി– ബിഡിജെഎസ് മുന്നണി വോട്ടു ചോർത്തുമോ എന്നു മുന്നണികൾ ഭയക്കുന്നത് ഏറ്റുമാനൂരും വൈക്കത്തും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമാണ്.

വികസനത്തിനാണ് ജില്ലയിലെ ജനത മാർക്കിടുന്നതെന്നതാണു പൊതുവായി കാണുന്നത്. പിന്നെ രാഷ്ട്രീയത്തിലെ പാരമ്പര്യത്തെ തള്ളിപ്പറയാനും ചില മണ്ഡലങ്ങൾ ഇതുവരെ തയാറായിട്ടില്ല. ബാറും റബറും റബർ സമരവുമൊക്കെ തന്ത്രമാണ് ഇൗ തിരഞ്ഞെടുപ്പിൽ. ഉമ്മൻചാണ്ടിയാകട്ടെ, ജനക്കൂട്ടത്തിന്റെ നടുവിൽ. അതാണു കോട്ടയത്ത് യുഡിഎഫിന്റെ തുറുപ്പ്.

പുതുപ്പള്ളി

ഉമ്മൻചാണ്ടി മണ്ഡലത്തിൽ പര്യടനത്തിനുപോലും രണ്ടു ദിവസമേ വരുന്നുള്ളു. കേരളത്തിലെ യുഡിഎഫിന്റെ താരപ്രചാരകനു പുതുപ്പള്ളിയും ഇളവ് കൊടുത്തിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ 11–ാം മൽസരമാണിത്. പത്തും ജയങ്ങളായിരുന്നു. 1967ൽ കെഎസ്‌യുവിലൂടെ ജനമധ്യത്തിലെത്തിയ അദ്ദേഹം ഇന്നും ജനങ്ങൾക്കിടയിലാണ്. സിന്ധു ജോയിക്കുശേഷം മറ്റൊരു എസ്എഫ്ഐ പ്രസിഡന്റ് ജെയ്ക് സി.തോമസ് ആണ് ഇത്തവണ ഉമ്മൻചാണ്ടിയെ നേരിടുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിൽനിന്നു ജോർജ് കുര്യനെയാണ് രംഗത്തിറക്കിയത്. കഴിഞ്ഞ തവണയായിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം– 33,255 വോട്ടുകൾ. പഞ്ചായത്തു തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 33,618 വോട്ടിന്റെ മുൻതൂക്കം യുഡിഎഫിനുണ്ട്. ഇന്ത്യയിൽ ഏറ്റവും കഠിനാധ്വാനം ചെയ്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊണ്ടുവന്ന വികസനമാണ് യുഡിഎഫ് പ്രചാരണത്തിൽ ആദ്യവാചകം. പുതുപ്പള്ളിയിൽ ജയിക്കാനായാണ് മൽസരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ പ്രചാരണം. വിദ്യാർഥി സംഘങ്ങളുടെ നേതൃത്വത്തിലാണ് പ്രചാരണം ഉഷാറാക്കുന്നത്. മണ്ഡലത്തിലുടനീളം നടത്തിയ കൺവൻഷനുകളിലെ ജനപങ്കാളിത്തം എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യന്റെ പ്രചാരണത്തിനെയും വീറുറ്റതാക്കുന്നു.

പൂഞ്ഞാർ

പൂഞ്ഞാർ ഇങ്ങനെയൊരു പോര് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്ത് എറ്റവും കൂടുതൽ സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്നത് ഇവിടെയാണ്. പി.സി.ജോർജിനെ ഇടതുമുന്നണി തഴഞ്ഞതോടെ പൂഞ്ഞാർ ചതുഷ്കോണ മൽസരത്തിന്റെ ചൂടിലാണ്. ജോർജ് സ്വതന്ത്രനായി മൽസര രംഗത്ത്. യുഡിഎഫിന്റെ സ്ഥാനാർഥി കേരള കോൺഗ്രസിന്റെ ജോർജുകുട്ടി ആഗസ്തി ചുറുചുറുക്കോടെ മുന്നിലേക്ക് ഓടിക്കയറി നിൽക്കുന്നു. കേരള കോൺഗ്രസ് (ഡി)യുടെ പി.സി.ജോസഫ് ആണ് ഇടതുമുന്നണി സ്ഥാനാർഥിയെങ്കിലും സിപിഎമ്മിനാണ് ഇവിടെ അഭിമാന പോരാട്ടം. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ 18,000 വോട്ട് പിടിച്ചതിന്റെ ബലത്തിലാണ് ബിഡിജെഎസ് സ്ഥാനാർഥി എം.ആർ.ഉല്ലാസ് വോട്ടുതേടുന്നത്. ജോർജിനു നിലനിൽപിന്റേതു കൂടിയാണ് ഇൗ മൽസരം. പാർട്ടിക്കും തനിക്കും ക്ഷീണമുണ്ടാക്കിയ പി.സി.ജോർജിനെ പാഠം പഠിപ്പിക്കുകയെന്നതു മാണിക്കും പാർട്ടിക്കും വാശിയുള്ള കാര്യം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ ജോർജ് തിരിഞ്ഞതിന്റെ കണക്കുതീർക്കാൻ ആന്റോ ആന്റണിയും കോൺഗ്രസും തന്ത്രം മെനയുന്നു. സീറ്റുകിട്ടാതെ വന്നപ്പോൾ പി.സി.ജോർ‍ജ് സിപിഎമ്മിനെതിരെയും തിരിഞ്ഞതോടെ ജോർജിന്റെ വെല്ലുവിളി പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. കളത്തിൽ ഇറങ്ങാതെ മടിച്ചുനിന്ന ചില നേതാക്കളെ നേരിട്ടിറക്കാൻ മൂന്നുതവണ ചൂരലുമായി പിണറായി പൂഞ്ഞാറിലെത്തി. മുന്നണിയിൽ അല്ലാതെ മൽസരിക്കുന്നതിന്റെ പരിചയക്കുറവ് ജോർജിനെ ഉലയ്ക്കുന്നുണ്ടെങ്കിലും ചതുഷ്കോണം തകൃതിയാണ്.

കോട്ടയം

ജില്ലയിലെ ഏറ്റവും ചെറിയ മണ്ഡലം ആണെങ്കിലും ക്യാമറക്കണ്ണിൽ വലുതാണ് കോട്ടയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 711 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തിന്റെ എംഎൽഎ ആയത്. 2011ൽ വന്ന തിരുവഞ്ചൂർ രാധാകൃഷ്ണനല്ല 2016ൽ മൽസരിക്കുന്നത്. വികസനത്തിന്റെ ഏറ്റവും നീളമുള്ള പട്ടിക കയ്യിലുള്ളത് തിരുവഞ്ചൂരിനാണ്. 16 വലിയ പാലങ്ങളും ഒട്ടേറെ റോഡുകളും അതിൽപെടുന്നു. എവിടെനിന്നു ജയിച്ചാലും വികസനമെത്തിച്ചു മണ്ഡലത്തിന്റെ മനസ്സുകീഴടക്കുമെന്നതാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന നേതാവിന്റെ ചരിത്രവും. അങ്ങനെ കോട്ടയത്തു വികസനമാണ് എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പു പ്രചാരണ അജൻഡ. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ റെജി സഖറിയയാണ് ഇടതിന്റെ പോരാളി. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു രംഗത്തെ മുഖമാണ് റെജി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മൽസരിച്ചു ഭൂരിപക്ഷം അൽപമൊന്നു പിടിച്ചുനിർത്താനായതിന്റെ കണക്കുണ്ട് റെജിയുടെ പട്ടികയിൽ. പ്രചാരണത്തിൽ സിപിഎം യുഡിഎഫിനൊപ്പം എത്തുന്നുണ്ട്. വിഎസും പിണറായിയും പ്രകാശ് കാരാട്ടുമുൾപ്പെടെ നേതാക്കളെത്തി. എംഎസ് കരുണാകരനാണ് ബിജെപിയുടെ സ്ഥാനാർഥി. 25,000 വോട്ടുകൾ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്നു ലഭിച്ചെന്ന കണക്കാണ് ബിജെപിക്കു പ്രചോദനം.

ഏറ്റുമാനൂർ

ഏറ്റുമാനൂർ മണ്ഡലത്തിലാണ് കോട്ടയം മെഡിക്കൽ കോളജ്. അവിടെ ശസ്ത്രക്രിയ തിയറ്ററിനു മുന്നിൽ അക്ഷമയോടെ നിൽക്കുന്ന ബന്ധുക്കളെ ഓർമിപ്പിക്കും ഇവിടത്തെ രാഷ്ട്രീയ വിശകലന വിദഗ്ധർ. ഒന്നും പറയാറായിട്ടില്ല. സിപിഎം ആഴത്തിൽ ആലോചിച്ചുറപ്പിച്ചു സിറ്റിങ് എംഎൽഎ സുരേഷ്കുറുപ്പിനെ മൽസരിക്കാനിറക്കി. 20 വർഷവും തോൽവിയറിയാതെ നിന്നെങ്കിലും കഴിഞ്ഞതവണ പരാജയം രുചിച്ച കേരള കോൺഗ്രസിന്റെ (എം) തോമസ് ചാഴികാടൻ പഴുതുകളടച്ച് വീറോടെയുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളായ കുമരകവും തിരുവാർപ്പും അയ്മനവും ലക്ഷ്യമിട്ടു ബിഡിജെഎസ് വന്നതോടെ ശക്തമായ ത്രികോണ മൽസരം. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് എ.ജി.തങ്കപ്പനാണ് ബിഡിജെഎസ് സ്ഥാനാർഥി. യുഡിഎഫിനു വിമതശല്യവും തലവേദനയായുണ്ട്.

പാലാ

പാലായുടെ ക്ലോസപ്പിൽ കെ.എം.മാണിയുടെ പ്രതാപം തുടിക്കുന്ന മീശ കാണാം. ‘എന്നാ’ പറഞ്ഞാലും ആ മീശയുടെ വലുപ്പം കുറയ്ക്കാൻ പറ്റില്ലെന്ന നിലപാടിലാണ് പാലായിൽ കേരള കോൺഗ്രസുകാർ. 1965 മുതൽ പാലായിൽ ജയിക്കുകയാണ് കെ.എം.മാണി. പാർട്ടിയുടെ രക്തഓട്ടം തീരെക്കുറവായതിനാൽ പാലായിൽ കെ.എം.മാണിയുമായി നേരിട്ടൊരു യുദ്ധത്തിന് ഇതുവരെ സിപിഎം ഇറങ്ങിയിട്ടില്ല. എൻസിപിക്കാണ് 2001 മുതൽ സീറ്റ് നൽകിയിട്ടുള്ളത്. മാണി സി.കാപ്പൻ തന്നെയാണ് മൂന്നാമൂഴത്തിലും. കഴിഞ്ഞതവണ പാലായിൽ കടുത്ത മൽസരമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. 5259 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മാണിക്ക്. ഇപ്രാവശ്യം പാലായിൽ സർവസന്നാഹവുമായാണ് ഇടതുമുന്നണി മാണി സി.കാപ്പനൊപ്പമുള്ളത്. എന്നാൽ പഴയ പാലായല്ല, ഇപ്പോഴത്തെ പാലായെന്നു െക.എം.മാണി കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ടു കാണിച്ചുകൊടുത്തുവെന്നു യുഡിഎഫ് വ്യക്തമാക്കുന്നു. പുതിയ റോഡുകളും സ്റ്റേഡിയവും ഉൾപ്പെടെ മൂവായിരം കോടിയുടെ വികസനം തുടങ്ങിവച്ചുവെന്നതാണ് പ്രചാരാണായുധം. ജില്ലയിലെ ഏറ്റവും ശക്തനായ ജില്ലാ പ്രസിഡന്റ് ബിജെപി എൻ.ഹരിയെ തന്നെ രംഗത്തിറക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് അവരുടെ പ്രതീക്ഷ. ഉദ്ദേശം 19,000 വോട്ട് പാലായിൽ ബിജെപി–ബിഡിജെഎസ് സഖ്യത്തിന് ലഭിച്ചു.

ചങ്ങനാശേരി

കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയിൽ അടുത്തടുത്ത കസേരകളിൽ ഇരുന്നവരാണ് സി.എഫ്.തോമസും ഡോ. കെ.സി.ജോസഫും. തിരഞ്ഞെടുപ്പു പ്രഖ്യാപനം കഴിഞ്ഞാണ് എതിരാളികളായത്. മൂന്നര പതിറ്റാണ്ടായി ചങ്ങനാശേരിയിൽ ‌വിജയിക്കുന്ന സി.എഫ്.തോമസ് ഇൗ തിര‍ഞ്ഞെടുപ്പോടെ മൽസരരംഗം വിടുകയാണെന്നറിയിച്ചു. വികസനങ്ങളിൽ ചിലതു പൂർത്തിയാകാനുണ്ട്. അതിനായി ഇൗ അഞ്ചുകൊല്ലം കൂടി – ഇതാണ് സിഎഫിന്റെ അപേക്ഷ. കേരള കോൺഗ്രസ് (ഡി) ഉണ്ടായപ്പോൾ തന്നെ ചങ്ങനാശേരിക്കു വേണ്ടി ഡോ. കെ.സി.ജോസഫ് നിയോഗിക്കപ്പെട്ടു. ചങ്ങനാശേരിയുടെ കുട്ടനാടൻ ബന്ധമായിരുന്നു കാരണം. ആ ബന്ധത്തിലാണ് ഡോ. കെ.സി.ജോസഫിന്റെ വിജയ പ്രതീക്ഷയും. ഇടതുമുന്നണിക്കു വേണ്ടി സിപിഎം അണികളെയിറക്കാൻ പിണറായി വിജയൻ നേരിട്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ 22,000 ആയി വർധിച്ച വോട്ട് ഓഹരിയിലാണ് ബിജെപിയുടെ കണ്ണ്. മുൻ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണനാണ് ബിജെപിയുടെ പോരാളി.

കടുത്തുരുത്തി

കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള പോരാട്ടമാണ് ഇവിടെ. കേരള കോൺഗ്രസ് (എം)ന്റെ മോൻസ് ജോസഫ്, ഇടതുമുന്നണിയിലെ കേരള കോൺഗ്രസ് (സ്കറിയാ തോമസ്) വിഭാഗം ചെയർമാൻ സ്കറിയാ തോമസ്, എൻഡിഎയിലെ േകരള കോൺഗ്രസിൽനിന്നു സ്റ്റീഫൻ ചാഴികാടൻ എന്നിവരാണ് മൽസരംരഗത്ത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനം മാത്രം പറഞ്ഞാണ് മോൻസ് ജോസഫിന്റെ വോട്ടുതേടൽ. രാഷ്ട്രീയ ചർച്ചകളിലേക്കു കൊണ്ടുപോകാനാണ് സ്കറിയാ തോമസിന് ഇഷ്ടം. സ്കറിയാ തോമസിനോടുള്ള അടുപ്പംവച്ചു പിണറായി വിജയൻ നേരിട്ടെത്തി പാർട്ടി കമ്മിറ്റി വിളിച്ചാണ് സിപിഎമ്മിന്റെ പ്രവർത്തനത്തിനു ചാവികൊടുത്തത്. സ്റ്റീഫൻ ചാഴികാടൻ ബിജെപി– ബിഡിജെഎസ് കരുത്തിനെ വോട്ടാക്കി മാറ്റിയാൽ മുന്നണികൾക്കു ക്ഷീണമുണ്ടാക്കും.

കാഞ്ഞിരപ്പള്ളി

ത്രികോണ മൽസരം എന്നത് ഇവിടെ ഭംഗിവാക്കല്ല. സിറ്റിങ് എംഎൽഎ ഡോ. എൻ.ജയരാജിനു മണ്ഡലത്തിന്റെ യുഡിഎഫ് സ്വഭാവമാണ് ബലം. ശക്തമായ പ്രചാരണത്തിനും കുറവില്ല. കാര്യമായി വികസനമെത്തിച്ചുവെന്നതാണ് വോട്ടറുടെ മനസ്സിൽ അദ്ദേഹമെത്തിക്കുന്ന സന്ദേശം. സംസ്ഥാന നേതൃത്വത്തിലുള്ള വി.ബി.ബിനുവിനെയാണ് സിപിഐ രംഗത്തിറക്കിയത്. പഞ്ചായത്തു തിര‍ഞ്ഞെടുപ്പിൽ ഇടതിനുണ്ടായ മുന്നേറ്റം, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ ഇടതുനേതാക്കളുടെ തട്ടകം എന്ന നിലയിലൊക്കെ പഴയ ചുമപ്പൻ സാന്നിധ്യം തിളക്കിയെടുക്കുകയാണ് പ്രചാരണത്തിലൂടെ ബിനു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംലാൽ നടത്തിയ കണക്കെടുപ്പിൽ കാഞ്ഞിരപ്പള്ളിയും ഉൾപ്പെട്ടു. അന്തിമഘട്ടമെത്തുമ്പോൾ മണ്ഡലത്തിൽ മുന്നണികളുമായി തങ്ങൾക്കുള്ള വ്യത്യാസം അയ്യായിരം വോട്ടിന്റേതാവുമെന്ന ഈ കണക്കുകൂട്ടലാണ് ദേശീയ അധ്യഷൻ അമിത് ഷായെ കാഞ്ഞിരപ്പള്ളിയിൽ പ്രചാരണത്തിനെത്തിച്ചത്. വി.എൻ.മനോജാണ് ബിജെപിയുടെ സ്ഥാനാർഥി. മുപ്പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്കു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയത്.

വൈക്കം

ഇടതുമണ്ഡലമെന്നു നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു പറയാമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനോടു ചേരും. ഇത്തവണ മൂന്നാമതൊരു കാറ്റുകൂടി മണ്ഡലത്തിൽ കടന്നെത്തുന്നു. ബിജെപി– ബിഡിജെഎസ് സഖ്യത്തിന്റെ വരവാണ് ഇരുമുന്നണികൾക്കും നെഞ്ചിടിപ്പുയർത്തുന്നത്. സി.കെ.ആശയാണ് സിപിഐയുടെ സ്ഥാനാർഥി. കഴി‍ഞ്ഞ തവണ തോൽവി പിണഞ്ഞെങ്കിലും മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ യുഡിഎഫിനെ തുണയ്ക്കുമെന്നു കരുതുന്നു കോൺഗ്രസ് സ്ഥാനാർഥി എ.സനീഷ് കുമാർ. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൻ.കെ.നീലകണ്ഠൻ മാസ്റ്ററാണ് എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപിയുടെയും കെപിഎംഎസിന്റെയും ശക്തികേന്ദ്രമാണ് വൈക്കം. അപകടം തടയാൻ കുടുംബയോഗങ്ങൾ വഴി ഇടതുമുന്നണി നീങ്ങുന്നു.

kottayam
Your Rating: