Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃക്കാക്കരയിൽ എതിരാളിയുടെ ‘ചവിട്ടേൽക്കാതിരിക്കാൻ’ സ്ഥാനാർഥികൾ

sebastian

എറണാകുളം പടമുകളിലെ വീടിന്റെ വാതിൽ തുറന്ന് മലയാളികൾക്ക് പരിചിതനായ താടിക്കാരൻ ചിരിയോടെ ഇറങ്ങിവന്നു. സംവിധായകനും നിർമ്മാതാവും നടനുമായ ലാൽ. ‘വെയിലത്തു നിൽക്കാതെ കയറിവാ’ മുഴങ്ങുന്ന ശബ്ദത്തിൽ ചിരിയോടെ സുഹൃത്തായ സെബാസ്റ്റ്യൻ പോളിനെ ലാൽ വീടിനുള്ളിലേക്ക് ക്ഷണിച്ചു. സൗഹൃദ സംഭാഷണത്തിനും അൽപനേരത്തെ രാഷ്ട്രീയ ചർച്ചയ്ക്കും ശേഷം പുറത്തേക്കിറങ്ങുമ്പോൾ ലാലിന്റെ ശബ്ദം വീണ്ടും മുഴങ്ങി ‘എല്ലാ ആശംസകളും’.

വാമനന്റെ തൃക്കാൽ പതിഞ്ഞ മണ്ണാണ് പിന്നീട് തൃക്കാക്കരയായതെന്നാണ് ഐതിഹ്യം. ഈ തിര‍‍ഞ്ഞെടുപ്പിൽ എതിരാളിയുടെ ‘ചവിട്ടേൽക്കാതിരിനുള്ള’ കഠിന ശ്രമത്തിലാണ് ഓരോ സ്ഥാനാർഥിയും. സിപിഎമ്മിന്റെ എറണാകുളം ജില്ലയിലെ സ്ഥിരം സ്വതന്ത്രനായ സെബാസ്റ്റ്യൻ പോൾ എട്ടാം മത്സരത്തിനിറങ്ങുമ്പോൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.

മറുവശത്ത് തുടക്കത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിച്ച് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് പി.ടി. തോമസെന്ന കരുത്തനായ എതിരാളിയെ. പോരാട്ടം കനക്കുമ്പോൾ, ഒരു മൗസ് ക്ലിക്കിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നതല്ല കൊച്ചിയുടെ ഐടി ഹബ്ബായ തൃക്കാക്കരയുടെ മനസ്.

ലാലിന്റെ വീട് സന്ദർശിച്ചശേഷം തൃക്കാക്കരയിലെ കാർഡിനൽനഗർപള്ളി, ഭരതമാതാ കോളേജ്, കോൺവെന്റുകൾ, കരുണാലയം എന്നിവിടങ്ങളിൽ സെബാസ്റ്റ്യൻ പോൾ സന്ദർശനം നടത്തി. പിന്നീട്, പോണേക്കരയിൽ സംഘടിപ്പിച്ച ഇടപ്പ‌ള്ളി വികസന സെമിനാറിൽ പങ്കെടുത്തു.

‘ഇടപ്പള്ളി വികസിച്ചിട്ടും ഇവിടുത്തെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവയെല്ലാം പരിഹരിക്കാൻ ദീർഘ വീക്ഷണത്തോടെ പദ്ധതികൾ ആവിഷക്കരിക്കണം’-സെബാസ്റ്റ്യൻ പോൾ പറയുന്നു.

മാലിന്യ പ്രശ്നത്തെക്കുറിച്ച് രൂക്ഷമായ വിമർശനമാണ് യോഗത്തിലുണ്ടായത്. ഇതിനിടയിൽ വാഴക്കാലയിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സംഘടിപ്പിച്ച റാലി സ്ഥാനാർഥി ഫ്ലാഗ് ഓഫ് ചെയ്തു. സെബാസ്റ്റ്യൻ പോളിന്റെ വിജയത്തിനായി 150 പേരടങ്ങുന്ന യുവജന സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. മെയ് ഒന്നിന് സ്്ക്വാഡ് പ്രവർത്തനം ആരംഭിക്കും.

paul

സമയം 2.00. ഐ‌ടി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാക്കനാട് ഇൻഫോപാർക്കിൽ ജീവനക്കാരുമായി ചർച്ച നടത്താനെത്തിയ സ്ഥാനാർഥിയോട് യാത്രാ ക്ലേശമുൾപ്പെ‌ടെയുള്ള പരാതികളുടെ കെട്ടഴിക്കുകയാണ് ടെക്കികൾ. ‘നഗരം വികസിക്കുകയാണെങ്കിലും അതിനനുസരിച്ച് മികച്ച ഗതാഗത സംവിധാനം ഏർപ്പെടുത്താൻപോലും അധികൃതർ തയ്യാറാകുന്നില്ല’-ടെക്കിയായ രാജേഷ് പറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ ആത്മാർഥമായ ശ്രമമുണ്ടാകുമെന്ന് സ്ഥാനാർഥിയുടെ ഉറപ്പ്.

പ്രചരണത്തിനായി മുഖ്യമന്ത്രിയെത്തിയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായ പി.‌ടി. തോമസ്. വൈറ്റില ഭാഗത്തെ കടകളിൽ സന്ദർശനം നടത്തി. പിന്നീട്, കാക്കനാട് യുഡിഎഫ് സംഗമത്തിലും ഫെഡറൽ പാർക്ക് ഹൗസിങ് കോളനിയിൽ മുഖാമുഖത്തിലും പങ്കെടുത്തു.

‘തൃക്കാക്കരയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുകയാണ് ആദ്യ ലക്ഷ്യം. പെരിയാറിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാകില്ല. മൂവാറ്റുപുഴയിലെ വെള്ളംകൂടി എത്തിച്ചാലേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനുള്ള പദ്ധതികൾ വരണം’-പി.ടി. തോമസ് പറയുന്നു.

pt

ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ചക്കരപറമ്പ്- കാക്കനാട് സമാന്തര റോഡ് വേണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബന്നി ബഹന്നാന് 22,406 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ്. സ്‌ഥാനാർഥിത്വം ഉറപ്പിച്ച ബന്നി ബഹന്നാൻ പ്രചരണം ആരംഭിച്ചെങ്കിലും അപ്രതീക്ഷമായി പിൻമാറേണ്ടുവന്നു. ഇതിന്റെ പ്ര‌ശ്നങ്ങൾ പ്രവർത്തകർക്കിടയിലുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു. ആദ്യമായാണ് ജില്ലയിൽനിന്ന് മത്സരിക്കുന്നതെ‌ങ്കിലും രണ്ടു പതിറ്റാണ്ടിലേറെയായി എറണാകുളത്ത് സ്ഥിര താമസക്കാരനാണ് പി.ടി. തോമസ്.

മറുവശത്ത്, സെബാസ്റ്റ്യൻ പോളിനെ എറണാകുളത്തുനിന്നും തൃക്കാക്കരയിലേക്ക് മാറ്റി ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ്. ലോക്സഭയിലേക്ക് നാലും നിയമസഭയിലേക്ക് മൂന്നുതവണയും മത്സരിച്ചപ്പോഴെല്ലാം സിപിഎം സ്വതന്ത്രനായിരുന്നെങ്കിൽ ഇത്തവണ ടെലിവിഷനും കാറും ചിഹ്നമെല്ലാം ഉപേക്ഷിച്ച് പാർട്ടി ചിഹ്നത്തിലാണ് മത്സരം.

ബിജെപി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാർട്ടിക്ക് തലവേദനയാണ്. ലോക് ജനശക്തി സ്ഥാനാർഥി വിവേക് വിജയന്റെ സ്ഥാനാർഥിത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് സീറ്റ് ബിജെപി ഏറ്റെ‌ടുത്തിട്ടുണ്ട്. എസ്. സജിയാണ് പുതിയ സ്ഥാനാർഥി. തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി ഉണ്ടാകാത്തത് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി. തോമസിന് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ക്രിസ്റ്റി തോമസിനേക്കാൽ 17,314 ഭൂരിപക്ഷം നേടാനായതും പ്രതീക്ഷ നൽകുന്നഘടകമാണ്.

സെബാസ്റ്റ്യൻ പോളിന്റെ വ്യക്തി പ്രഭാവത്തിലാണ് എൽഡിഎഫ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭാ ഭരണം പിടിക്കാനായതും അവർക്ക് പ്രതീക്ഷ നൽകുന്നു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 21 സീറ്റ്. എൽഡിഎഫ് 20 സീറ്റുകൾ നേടി. രണ്ട് സ്വതന്ത്രർ വിജയിച്ചു. എന്നാൽ, തൃക്കാക്കര മണ്ഡലത്തിലെ കോർപ്പറേഷൻ സീറ്റുകളിൽ 16 എണ്ണത്തിൽ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫിന് 7 സീറ്റിലേ വിജയിക്കാനായുള്ളൂ.

Advertisement


Your Rating: