Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീം കേരള 11 കളിക്കാർ: തിരഞ്ഞെടുപ്പു കളിക്കളത്തിലെ നിർണായക താരങ്ങൾ ഇവർ..

oommen

ഉമ്മൻചാണ്ടി

നിലപാടിനു വിജയം തേടി

പതിനൊന്നാം തവണ മത്സരിക്കാൻ ഒരുങ്ങുകയാണ് ഉമ്മൻചാണ്ടി. യുഡിഎഫിൽ അദ്ദേഹം അപ്രതിരോധ്യനാണ്. മുഖ്യമന്ത്രിസ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചില്ലെങ്കിലും യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ മറ്റൊരു പേര് കോൺഗ്രസിനുമുന്നിലുണ്ടാകില്ല. ആരോപണങ്ങളും ആക്ഷേപങ്ങളും അപ്രസക്തമാകും. വികസനമാണു ജനങ്ങൾക്കുവേണ്ടത് എന്ന നിലപാടിന്റെകൂടി വിജയമായി മുഖ്യമന്ത്രിക്കു വ്യാഖ്യാനിക്കാൻ കഴിയും. ദേശീയരാഷ്ട്രീയത്തിലും ഗ്രാഫ് ഉയരും. യുഡിഎഫ് തോറ്റാൽ, പ്രതിപക്ഷനേതാവാകാൻ അനായാസം കഴിയണം എന്നുമില്ല. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും സമ്മാനിച്ച തോൽവിയായി അതു ചിത്രീകരിക്കപ്പെടും.

വിഎസ് അച്യുതാനന്ദൻ

vs

ജനപിന്തുണ, കേന്ദ്രം തുണ‍

93–ാം വയസ്സിലും മത്സരിക്കാൻ സന്നദ്ധനായി നിൽക്കുന്നു വിഎസ്. എൽഡിഎഫിനെ അധികാരത്തിലെത്തിക്കാൻ കഴിഞ്ഞാൽ പ്രചാരണനായകനായ വിഎസിന് അതിലൊരു ക്രഡിറ്റ് തീർച്ചയായും ലഭിക്കും. പക്ഷേ, മുഖ്യമന്ത്രിപദം ഇനിയും വന്നുചേരുക എളുപ്പമാകില്ല. സംസ്ഥാനകമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ചു വിഎസിനെ അനായാസം തള്ളാൻ പിണറായിക്കു കഴിയുമെന്നിരിക്കെ അച്യുതാനന്ദനു കേന്ദ്രനേതൃത്വത്തെ ആശ്രയിക്കേണ്ടിവരും. എൽഡിഎഫ് തോറ്റാൽ നേതൃത്വം ആദ്യം ശ്രമിക്കുക വിഎസിന്റെ രാഷ്ട്രീയജീവിതത്തിനു വിരാമമിടാനുമാകും. മത്സരിക്കാതെ മാറിനിൽക്കേണ്ടിവന്നാൽ ഇടഞ്ഞ വിഎസിനെയും കാണാം.

പിണറായി വിജയൻ

vijayan

ഇത് കാത്തിരുന്ന ഊഴം

സിപിഎമ്മിന്റെ ശക്തനായ നേതാവ് ഇത്തവണ എംഎൽഎ ആകാനല്ല, മുഖ്യമന്ത്രിപദമേറാനാണു മത്സരിക്കുന്നത്. കണ്ണൂരിലെ ധർമടം പിണറായി തിരഞ്ഞെടുക്കാനാണു സാധ്യത. കഴിഞ്ഞ രണ്ടുതവണയും മത്സരിക്കാതെ സംഘടനാരംഗത്തു പാർട്ടി സെക്രട്ടറിയായി തുടർന്ന പിണറായി ഇത്തവണ പാർലമെന്ററി രംഗത്തു തന്റെ ഊഴമാണെന്നു വിശ്വസിക്കുന്നു. ലാവ്‌ലിൻ കേസ് വീണ്ടും ഉയർത്താനുള്ള സർക്കാർനീക്കം പാളിയതോടെ കൂടുതൽ ആത്മവിശ്വാസം. എൽഡിഎഫ് ജയിക്കുകയും പിണറായി മുഖ്യമന്ത്രിയാകുകയും ചെയ്താൽ സംഘടനയിലും കൂടുതൽ ശക്തനാകും. വിഎസ് കൂടി മത്സരിക്കുന്ന സാഹചര്യം പക്ഷേ, അനിശ്ചിതത്വം സൃഷ്ടിക്കുന്നു. എൽഡിഎഫ് പ്രതിപക്ഷത്തുതന്നെ തുടർന്നാൽ പ്രതിപക്ഷനേതാവ്.

വി.എം. സുധീരൻ

sudheeran

സസ്പെൻസ് തുടരില്ല

മത്സരിക്കാനുള്ള താൽപര്യമുണ്ട് എന്ന സൂചനനൽകുന്ന വി.എം. സുധീരൻ അക്കാര്യം ഇപ്പോഴും സസ്പെൻസിൽ നിർത്തുന്നു. ക്ലീൻ ഇമേജ് ഉള്ള സുധീരന്റെ സ്ഥാനാർഥിത്വം ഈ പ്രത്യേക സാഹചര്യത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നു കരുതുന്നവരുണ്ട്. അസാധാരണ സാഹചര്യങ്ങൾ മുഖ്യമന്ത്രിപദത്തിൽ എത്തിച്ചേക്കാമെന്ന പ്രതീക്ഷ സുധീരൻ അനുകൂലികൾക്കുണ്ട്. മത്സരിച്ചാൽ പഴയതട്ടകമായ തൃശൂരിലെ മണലൂരിൽ തന്നെയാകാനാണു സാധ്യത. കെപിസിസി പ്രസിഡന്റ് പദത്തിൽ തന്നെ തുടരുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താൽ സംഘടനയിൽ കൂടുതൽ ശക്തനും സ്വീകാര്യനുമാകും. യുഡിഎഫ് തോറ്റാൽ അമ്പുകൾ സുധീരനെതിരെയും തിരിയും.

കോടിയേരി ബാലകൃഷ്ണൻ

balakrishnan

സ്വീകാര്യത തേടി

സിപിഎം സംസ്ഥാനസെക്രട്ടറിപദമേറ്റ സാഹചര്യത്തിൽ ഇത്തവണ മത്സരിക്കില്ല. തുടർച്ചയായ പരാജയങ്ങൾക്കുശേഷം തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയത്തിലെത്തിച്ച കോടിയേരിക്കു നിയമസഭാതിരഞ്ഞെടുപ്പ് വിജയം കൂടി കൈവന്നാൽ അത് ഇരട്ടനേട്ടം. പാർട്ടിയിലും ഇടതുമുന്നണിയിലും കൂടുതൽ സ്വീകാര്യനായി മാറും. എൽഡിഎഫിന് അധികാരം അകലെയായാലും സംസ്ഥാന സെക്രട്ടറിയുടെ കസേരയ്ക്കു ഭീഷണിയൊന്നുമില്ല. പക്ഷേ, പാർട്ടിക്കു കൈവരുന്ന ദൗർബല്യം കോടിയേരിയെയും ദുർബലനാക്കും. ജീവന്മരണ പോരാട്ടത്തിൽ സിപിഎമ്മിനെ നയിക്കുന്നു എന്ന വെല്ലുവിളിതന്നെ മുന്നിൽ.

രമേശ് ചെന്നിത്തല

chennithala

പുതിയ ലക്ഷ്യങ്ങൾ

ആഭ്യന്തരമന്ത്രിപദത്തിൽ നിന്നു മുഖ്യമന്ത്രിപദത്തിലേക്ക് എന്നതാണ് ചെന്നിത്തലയുടെ മുന്നിലെ ലക്ഷ്യം. പത്തുവർഷത്തോളം കെപിസിസി പ്രസിഡന്റ് സ്ഥാനത്തു തുടർന്നതിന്റെ അനുഭവസമ്പത്തും ഡൽഹിയിലും കേരളത്തിലും വഹിച്ച പദവികളുടെ കരുത്തും അതിനു തന്നെ അർഹനാക്കുന്നുവെന്ന് രമേശ് കരുതുന്നു. ഹൈക്കമാൻഡിന്റെ നിലപാടിൽ പ്രതീക്ഷ അർപ്പിക്കുന്നു. ഐ ഗ്രൂപ്പിൽപ്പെട്ട പരമാവധിപേരെ എംഎൽഎമാരാക്കാനുള്ള ശ്രമത്തിലേർപ്പെടും. ഹരിപ്പാട് തന്നെ വീണ്ടും സ്ഥാനാർഥിയാകും. യുഡിഎഫ് തോൽക്കുന്നപക്ഷം ഐ ഗ്രൂപ്പ് വിഘടിക്കാതെ നിർത്തുക വെല്ലുവിളിയുമാകും.

പി.കെ. കുഞ്ഞാലിക്കുട്ടി

kunjalikutty

ലീഗിന്റെ കരുത്ത്

പ്രതിസന്ധികൾ അതിജീവിച്ച ഈ മുസ്‌ലിം ലീഗ് നേതാവ് വേങ്ങരയിൽ വീണ്ടും ജനവിധിതേടുന്നു. യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ അതിൽ ലീഗിന് വലിയപങ്കുണ്ടാകും എന്നിരിക്കെ മുന്നണിരാഷ്ട്രീയത്തിലും ലീഗിലും കുഞ്ഞാലിക്കുട്ടിയുടെ ആധികാരികത വർധിക്കും. യുഡിഎഫ് പരാജയപ്പെടുകയും ലീഗ് ഭൂരിപക്ഷം സീറ്റുകൾ വിജയിക്കുകയും ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ പ്രസക്തി കൂടുകയേയുള്ളൂ. ലീഗിനുണ്ടാകാവുന്ന ഏതു തിരിച്ചടിയുടെയും പാപഭാരവും കുഞ്ഞാലിക്കുട്ടി ചുമക്കേണ്ടിവരും.

കെ.എം. മാണി

mani

നിർണായകം ഇത്തവണ

കോഴ ആരോപണം സൃഷ്ടിച്ച വ്യക്തിപരമായ പ്രതിസന്ധിക്കുശേഷം പാർട്ടിയിലെ പ്രതിസന്ധിയുടെകൂടി നടുവിൽ നിൽക്കുന്ന കെ.എം. മാണിക്ക് ഈ നിയമസഭാതിരഞ്ഞെടുപ്പിലെ കേരളകോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രകടനം നിർണായകം. പാലാ അദ്ദേഹത്തെയും കേരളം യുഡിഎഫിനെയും അനുഗ്രഹിച്ചാൽ മാണിക്ക് തലയുയർത്തിത്തന്നെ നിൽക്കാം. എൽഡിഎഫ് അധികാരത്തിലേറിയാൽ കേസുകളിലെ തുടർനടപടികൾ അദ്ദേഹത്തിന് ആശങ്കയോടെ വീക്ഷിക്കേണ്ടിവരും.

കാനം രാജേന്ദ്രൻ

kaanam

കരുത്തനാവാൻ

നിയമസഭാതിരഞ്ഞെടുപ്പിൽ സിപിഐയെ ആദ്യമായി നയിക്കുന്ന ഈ സംസ്ഥാനസെക്രട്ടറി പാർട്ടിയുടെയും എൽഡിഎഫിന്റെയും മെച്ചപ്പെട്ട പ്രകടനം മോഹിക്കുന്നു. അതുണ്ടായാൽ സിപിഐയിൽ കാനം കൂടുതൽ കരുത്തനാകും. എൽഡിഎഫിനകത്തും സ്വീകാര്യത കൂടും. സംസ്ഥാനസെക്രട്ടറിയായ സാഹചര്യത്തിൽ മത്സരിക്കാനില്ല. എൽഡിഎഫ് തോറ്റാൽ സ്വാഭാവികമായും സിപിഐയുടെയും കാനത്തിന്റെയും പ്രസക്തി കുറയുകയും ചെയ്യും.

കുമ്മനം രാജശേഖരൻ

kummanam

ജയിപ്പിച്ചേ തീരൂ...

ബിജെപിയുടെ ഈ പുതിയ സംസ്ഥാനപ്രസിഡന്റിന് പാർട്ടിയെ കേരളത്തിൽ ജയിപ്പിച്ചു തുടങ്ങിയേതീരൂ. ഏതാനും മണ്ഡലങ്ങളിലെങ്കിലും അതിനു സാധിച്ചാൽ കേരളനിയമസഭയിൽ പാർട്ടിക്ക് അക്കൗണ്ടു തുറന്ന കാലത്തെ പ്രസിഡന്റ് എന്ന് പലരും കാത്തിരുന്ന വിശേഷണം സ്വന്തമാകും. മത്സരിക്കുമെന്ന് ഉറപ്പാണെങ്കിലും സീറ്റ് തീരുമാനിച്ചിട്ടില്ല. ബിജെപിക്കു പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമായില്ലെങ്കിൽ കുമ്മനത്തിന്റെ രക്തത്തിനുവേണ്ടി മുറവിളി ഉയരും. പാർട്ടിക്ക് വൻമുന്നേറ്റമുണ്ടായാൽ താരമാവും.

വെള്ളാപ്പള്ളി നടേശൻ

vellappally

ചാഞ്ചാട്ടം മാറി

ചാഞ്ചാടി നിന്നശേഷം ബിജെപിയെ പുണരാൻ തീരുമാനിച്ചിരിക്കുന്ന ബിഡിജെഎസ് സ്ഥാപകനേതാവു മത്സരിക്കാനുള്ള സാധ്യതയില്ല. ബിജെപി– ബിഡിജെഎസ് സഖ്യത്തിനു മുന്നേറ്റം ഉണ്ടായാൽ എസ്എൻഡിപി ജനറൽസെക്രട്ടറി പദത്തിൽ വെള്ളാപ്പള്ളിക്ക് ആത്മവിശ്വാസത്തോടെ തുടരാം. മറിച്ചായാൽ പാളിയ രാഷ്ട്രീയനീക്കം ദുർബലനാക്കും. മുഖ്യശത്രുവായ സിപിഎം അധികാരത്തിലേറിയാൽ വെള്ളാപ്പള്ളിക്ക് ആശങ്ക കൂടും. യുഡിഎഫിൽ നിന്നും ഉദാരതയൊന്നും പ്രതീക്ഷിക്കേണ്ട എന്നതിനാൽ കേരള എൻഡിഎയുടെ പ്രസക്തി ഉറപ്പിക്കേണ്ടതു വെള്ളാപ്പള്ളിക്ക് അനിവാര്യം.

Your Rating: