Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തമെന്ന ഉറപ്പിൽ നാട്ടുകാരുടെ പോര്

election

ഉറപ്പായും ആരെയെങ്കിലും ജയിപ്പിക്കണോ, എങ്കിൽ തിരുവമ്പാടിയുണ്ടല്ലോ എന്നു യുഡിഎഫുകാർ ഒരിക്കൽ കരുതിയിരുന്നു. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ വിവാദത്തിന്റെ ആദ്യവെടി ഇവിടെ പൊട്ടിയപ്പോൾ എല്ലാവരും ഒന്നു കാതോർത്തു. മലയോര മുന്നണിയും രൂപതയും ലീഗും സിപിഎമ്മും സീറ്റിന്റെ പേരിൽ കളത്തിലിറങ്ങിയപ്പോൾ ചെറിയൊരു വെടിക്കെട്ടു തന്നെ ചിലരെങ്കിലും പ്രതീക്ഷിച്ചു. എന്നാൽ അതിവേഗം വിവാദത്തെ നനഞ്ഞ പടക്കമാക്കി യുഡിഎഫ് അവസാനിപ്പിച്ചു. യുഡിഎഫിൽ പതിവുള്ളതല്ലല്ലോ ഇതെന്നായി അമ്പരപ്പ്.

തിരുവമ്പാടിയുടെ രാഷ്ട്രീയം ശ്രദ്ധിക്കുന്നവർ ഇനി നോക്കുക യുഡിഎഫിന്റെ ഈ ഉറച്ച കോട്ടയിൽ വിള്ളലുണ്ടാക്കാൻ എൽഡിഎഫിനു കഴിയുമോ എന്നായിരിക്കും. രണ്ടുതവണ അതിന് ഇടതുപക്ഷത്തിനു സാധിച്ചു. 2006ൽ ആണ് ആദ്യജയം. സിപിഎമ്മിലെ യുവനേതാവ് മത്തായി ചാക്കോ മണ്ഡലം പിടിച്ചെടുത്തു. എംഎൽഎ ആയിരിക്കേ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും എൽഡിഎഫ് ജയിച്ചു, ജോർജ് എം. തോമസിലൂടെ. 2011ൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

ഇത്തവണ യുഡിഎഫിനു വേണ്ടി കൊടുവള്ളിയിലെ സിറ്റിങ് എംഎൽഎ വി.എം. ഉമ്മറാണു മൽസരത്തിനെത്തുന്നത്. 2006ലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി തിരുവമ്പാടിയിൽ മൽസരിച്ച ഉമ്മറിന് അന്നു കപ്പിനും ചുണ്ടിനും ഇടയിലാണു തിരുവമ്പാടി നഷ്ടപ്പെട്ടത്. 2011ൽ കൊടുവള്ളിയിൽ നിന്നു ജയിച്ചു നിയമസഭയിലെത്തിയ ഉമ്മർ കൊടുവള്ളി വിട്ടു വീണ്ടും തിരുവമ്പാടിയിൽ എത്തുമ്പോൾ ഒരു മധുര പ്രതികാരമാണു സ്വപ്നം കാണുന്നത്.

മത്തായി ചാക്കോ 5479 വോട്ടിനു ജയിച്ച തിരുവമ്പാടിയിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ സിപിഎം ജയിച്ചത് 246 വോട്ടിനായിരുന്നു. അന്ന്, വി.എം. ഉമ്മറിനെ തോൽപ്പിച്ച ജോർജ് എം. തോമസ് തന്നെയാണ് ഇത്തവണയും ഇവിടെ മുഖ്യ എതിരാളി. എസ്എൻഡിപി യൂണിയൻ ശക്തമായ തിരുവമ്പാടിയിൽ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാലാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു കാര്യമായ ചലനം മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ബിഡിജെഎസ് മൽസരിക്കുമ്പോൾ മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

മൂന്നു സ്ഥാനാർഥികളും മണ്ഡലത്തിനു സുപചരിതരാണെന്നതു തിരുവമ്പാടിയിൽ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കൂട്ടും. പഴയ തിരുവമ്പാടി മണ്ഡലത്തിൽ ജനിച്ചുവളർന്നവരാണു വി.എം. ഉമ്മറും ജോർജ് എം. തോമസും. 2011ൽ മണ്ഡല പുനർനിർണയത്തോടെ ഉമ്മറിന്റെ ജന്മസ്ഥലമായ തച്ചംപൊയിൽ കൊടുവള്ളി മണ്ഡലത്തിന്റെ ഭാഗമായി, പഴയ കൊടുവള്ളിയുടെ ഭാഗമായ മുക്കത്തു ജനിച്ച ഗിരി പാമ്പനാൽ തിരുവമ്പാടിയുടെ ഭാഗവുമായി. ഉമ്മറും ജോർജും ഏറ്റുമുട്ടുമ്പോൾ പഴയ ഉപതിരഞ്ഞെടുപ്പിന്റെ രണ്ടാം അവതരണമാകും തിരുവമ്പാടിയിൽ നടക്കുക. പരമ്പരാഗത യുഡിഎഫ് കോട്ടയിലുള്ള വിശ്വാസമാണ് ഉമ്മറിനുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ലീഡും പ്രതീക്ഷ നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലം അനുകൂലമായതിന്റെ ആത്മവിശ്വാസമാണ് എൽഡിഎഫിന്. കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകൾ ഒഴികെ എല്ലാ തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫിന്റെ കൈകളിലാണ്. വി.എം. ഉമ്മറിനെ ഒരിക്കൽ തോൽപ്പിച്ചതിന്റെ മേൽക്കൈയും ജോർജ് എം. തോമസിന് അവകാശപ്പെടാം. പൊതുസമ്മതനായ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിൽ യുഡിഎഫുമായി സൗന്ദര്യപ്പിണക്കത്തിലായ താമരശേരി രൂപതയും മലയോര വികസന സമിതിയും സഹായിക്കുമെന്ന പ്രതീക്ഷയും എൽഡിഎഫിനുണ്ട്. ബിജെപി ശക്തമല്ലാത്ത തിരുവമ്പാടിയിൽ പഴയ കോൺഗ്രസുകാരനെ സ്ഥാനാർഥിയാക്കിയ ബിഡിജെഎസിന്റെ പ്രതീക്ഷ എസ്എൻഡിപിയിലും കുറെയൊക്കെ കോൺഗ്രസുകാരിലുമാണ്.

സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും എല്ലാ സ്ഥാനാർഥികളും മണ്ഡലത്തിൽ നിറഞ്ഞുകഴിഞ്ഞു. നാട്ടുകാരിൽ ആരെ തിരുവമ്പാടി വരിക്കുമെന്നേ ഇനി അറിയാനുള്ളൂ.

Your Rating: