Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഞ്ചിരിയും പുതുമകളും നിറച്ച് ഐസക്കിന്റെ വോട്ടു യാത്ര

issac-with-students

ചുട്ടുപഴുത്തു കിടക്കുകയാണ് ആലപ്പുഴ ടൗൺ യുപി സ്കൂളിന്റെ മുറ്റം. സ്കൂളിന് ഒരു വശത്തായി നിൽക്കുന്ന മാവിൽനിന്നും വീഴുന്ന മാമ്പഴം പെറുക്കാൻ കുട്ടികളുടെ ചെറു സംഘങ്ങൾ. കരളകം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കുട്ടികളുടെ കളിയരങ്ങിലേക്കെത്താമെന്നേറ്റ എംഎൽഎയെ പ്രതീക്ഷിച്ചിരിക്കുകയാണ് കുട്ടികൾ.

കുട്ടിക്കൂട്ടത്തിലേക്ക് മറ്റൊരു ‘കുട്ടി’യായി സ്ഥലം എംഎൽഎയും ഇടതു സ്ഥാനാർഥിയുമായ തോമസ് ഐസക് എത്തുമ്പോൾ ഉച്ചയോടടുത്തിരുന്നു. സ്കൂളിലെ ചെറിയ ഹാളിലാണ് പരിപാടി. ഹാളിലെ ചെറിയ തിട്ടയിലേക്കിരുന്ന ഐസക്കിനെ കുട്ടിക്കൂട്ടം പൊതിഞ്ഞു.

issac-selfi

‘തിരഞ്ഞടുപ്പിൽ മത്സരിക്കുകയാണ്. ഞാൻജയിച്ചാൽ നിങ്ങൾക്കെന്താ വേണ്ടത്’-കുട്ടികളോടുള്ള ആദ്യ ചോദ്യം. ഐസക്കിന്റെ ഇടവിട്ടുള്ള ചിരി വാക്കുകളെ മുറിച്ചു കളയുന്നു. റോഡുവേണം-പിന്നിൽനിന്ന് ആവശ്യമുയർന്നു. ‘കുട്ടികൾക്കു ഇപ്പോൾ റോഡെന്തിനാ. പറഞ്ഞയാൾ അടുത്തുവാ’-ഐസക് സ്നേഹപൂർവ്വം വിളിക്കുന്നു.

പാർക്ക്, കളിക്കളം, പുസ്തകം ആവശ്യങ്ങൾ വർധിക്കുകയാണ്.. സാമർഥ്യമുള്ള അധ്യാപകർ സംസാരം വലിച്ചു നീട്ടിയും കാടുകയറിയും ക്ലാസ് മുറിയെ ബോറടിപ്പിക്കില്ല. ഐസക്ക് സാമർഥ്യമുള്ള അധ്യാപകൻ കൂടിയാണ‌െന്നു ഓരോ നിമിഷവും തെളിയിക്കുന്നു. സ്വന്തം ടാബിൽ മണ്ഡലത്തിലെയും മറ്റു സ്കൂളുകളുടെയും ചിത്രങ്ങൾ കാണിച്ചു ഓരോ മാതൃകകൾ വിശദീകരിച്ചശേഷം സദസിലുണ്ടായിരുന്ന ആർടിസ്റ്റിനെ അടുത്തേക്ക് വിളിച്ച് ചില നിർദേശങ്ങൾ നൽകുന്നു.

കുട്ടികൾ വരച്ച ചിത്രങ്ങൾ സ്കൂൾ വളപ്പിൽ പ്രദർശിപ്പിക്കാനൊരു വേദിയാണ് ലക്ഷ്യം. പത്താം ക്ലാസിൽ മികച്ചനേട്ടം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് തന്റെ ഫേസ്ബുക്ക് ഡയറിക്കുറിപ്പുകളുടെ കോപ്പി നൽകിയശേഷം പുറത്തേക്കിറങ്ങുമ്പോൾ ഒപ്പംനിന്ന് സെൽഫിയെടുക്കാനായി ഒരുകൂട്ടം അധ്യാപരും വിദ്യാർഥികളും. കൂട്ടത്തിൽ മുൻ കൗൺസിലർ കൂടിയായ ശൈഷജയുമുണ്ട്. ‘എന്തു പ്രശ്നമുണ്ടായാലും ശാന്തമായി പരിഹാരം കാണാൻ ഐസക് സാറിന് പ്രത്യേക മിടുക്കുണ്ട്-ശൈലജ പറയുന്നു. മന്ത്രിയായിരുന്നപ്പോൾ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലന ക്ലാസുകൾ നൽകിയതും ശൈലജ ഓർമ്മിച്ചെടുക്കുന്നു.

issac-compaign

ദേശീയപാതയിൽ പലയിടത്തായി ‘നാടൻ’ പച്ചക്കറികളും ‘തനിനാടൻ’ പച്ചക്കറികളും വിൽക്കുന്ന ചെറിയ കടകൾ. ഇടയ്ക്കിടെ‌ ‘നാടൻ’മോരും ‘തനിനാടൻ’മോരും വിൽക്കുന്ന കടകൾ. തനി തനി നാടൻ വരുന്ന കാലത്തെക്കുറിച്ച് പാർട്ടി പ്രവർത്തകരിലൊരാളു‌െട തമാശ ആസ്വദിക്കുകയാണ് സ്ഥാനാർഥിയും. സ്വന്തം ഫേസ്ബുക്ക് കുറിപ്പുകളുടെ സമാഹാരം ‘ഫേസ്ബുക്ക്ഡയറി’ പ്രകാശനം ചെയ്യാനെത്തിയ സുഹൃത്തും നടനുമായ മമ്മൂട്ടിക്ക് സമ്മാനമായി പൂവൻകുലയും ബൊക്കെയായി പച്ചക്കറി കൂടയുമാണ് ഐസക്ക് നൽകിയത്. കൃഷി, മാലിന്യസംസ്കരണ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികൾ എന്നിവയ്ക്കാണ് ഐസക് മണ്ഡലത്തിൽ രൂപം നൽകിയിരിക്കുന്നത്. പലതും സംസ്ഥാന ശ്രദ്ധയാകർഷിച്ച മാതൃകകൾ.

തിരഞ്ഞെടുപ്പ് പ്രചരണം കാലിലെ നീര് വർധിപ്പിച്ചിട്ടുണ്ട്. ‘അക്യുപഞ്ചർ ചികിൽസ ചെയ്യണം, തിരഞ്ഞെടുപ്പ് തിരക്ക് കഴിയട്ടെയെന്ന് ചിരിയോടെ ഐസക്. ഓരോ പരിപാടി കഴിയുമ്പോഴും ഫേസ്ബുക്കിലെ അപ്ഡേഷൻ കൃത്യമായി നടത്തുന്നുണ്ട്. ന്യൂജനറേഷനെ പിന്തള്ളി വിഎസ് ഫേസ്ബുക്കിൽ മുന്നേറുന്ന കാര്യം സൂചിപ്പിച്ചപ്പോൾ പൊട്ടിച്ചിരിയോടെയായിരുന്നു മറുപടി-‘വലിയ നേതാക്കൾക്ക് കൂടുതൽ ലൈക് കിട്ടും, അല്ലാത്തവർ കുറച്ച് കഷ്ടപ്പെടും. യുവാക്കളെല്ലാം ഫേസ്ബുക്കിലല്ലേ, അവരെ കാര്യങ്ങളറിയിക്കണമെങ്കിൽ ഇത് കൂടിയേതീരൂ- ഐസക് പറയുന്നു.

issac

യാത്ര കേരള സ്പിന്നേഴ്സിലേക്കാണ്. പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണ് സ്ഥാപനം. കേരള സ്പിന്നേഴ്സിലെ തൊഴിലാളികളെ കണ്ടു പ്രശ്നങ്ങൾ ചോദിച്ചറിയുകയാണ് സ്ഥാനാർഥി. എൽഡിഎഫ് വന്നാൽ ചെയ്യുന്ന കാര്യങ്ങളും വിശദീകരിക്കുന്നു. വർഷങ്ങളായി അടഞ്ഞുകി‌ടന്ന സ്ഥാപനത്തെ ഏറ്റെടുത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ്.

സമയം മൂന്നുമണി. തീരദേശ റോഡിലൂടെ പായുകയാണ് ഐസക്കിന്റെ ഇന്നോവ കാർ. നാലുദിവസമാണ് തീരദേശ സംഗമത്തിനായി മാറ്റി വച്ചിരിക്കുന്നത്. കുടുംബയോഗങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുകൾ കൂടിയതോടെ പൊതു സമ്മേളനമാക്കേണ്ടിവന്നു. വാദ്യമേളങ്ങളു‌ടെ അകമ്പടിയോടെയാണേ് പലയിടത്തും സ്വീകരണം. പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല സ്ഥാനാർഥിക്ക്. ഒരു ജുബ്ബയിലൂടെ ആലപ്പുഴക്കാരുടെ മനസിലേക്കോടിയെത്തുന്നരൂപം.

പ്രചരണത്തിനിടെ തമ്പകചുവട്ടിലെ മത്സ്യവിൽപ്പനശാലയിലേക്ക് ക്ഷണിക്കുകയാണ് പ്രവർത്തകർ. തൊഴിലാളികളായ ജയന്തിയും സിന്ധുവും ചെറുതായി തുടങ്ങിയ സംരം‌ഭമാണ്. ഇപ്പോൾ മൊത്തകച്ചവടക്കാരിൽ പ്രമുഖരാണിവർ. മത്സ്യത്തൊഴിലാളികളിൽ ഏറെപേരും മീൻ വിൽക്കുന്നത് ഇവരുടെ കടയിലാണ്. മീൻ കൂടുതലുണ്ടെങ്കിൽ ഓട്ടോയിൽ വൈക്കം മാർക്കറ്റിലെത്തിക്കും. പ്രവർത്തനം ലാഭത്തിലാണെന്ന് ജയന്തിയും സിന്ധുവും പറയുന്നു. സമയം ഏഴുമണി കഴിയുന്നു. വിപണനത്തിന്റെ കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയാണ് ഐസക്. പുറത്തേക്കിറങ്ങി പാർട്ടി പ്രവർത്തകരുമായി അൽപനേരം ചർച്ച.

sindhu

വാഹനത്തിലേക്ക് കയറാനൊരുങ്ങുമ്പോൾ സഹായി ശ്രീജിത്ത് വെള്ളവുമായെത്തി. ചൂട് കാരണം ഏഴു മണി മുതൽ 11 വരെയാണ് രാവിലത്തെ പര്യടനം. വൈകിട്ട് മൂന്നു മണിക്ക് ശേഷവും. അഡ്വ. ലാലി വിൻസന്റാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥി അഡ്വ. രഞ്ചിത്ത് ശ്രീനിവാസ്. മാരാരിക്കുളത്തുനിന്ന് 2001ലും 2006ലും ഐസക് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാരാരിക്കുളം മണ്ഡലം 2011ൽ ആലപ്പുഴ മണ്ഡലമായി രൂപാന്തരപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16,342 വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കൂ‌ടാനാണ് സാധ്യത. കണക്കുകൾനിരത്തി- ഐസക് പറയുന്നു. ധനകാര്യവിദഗ്ധനും രാഷ്ട്രീയക്കാരനുമെന്ന നിലയിൽ ഐസക്കിന്റെ കണക്കുകൾ പിഴച്ചിട്ടില്ലെന്നത് ചരിത്രം.

Advertisement

Your Rating: