Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചെടുക്കാൻ ഇരുമുന്നണികൾ; വിടരാൻ കൊതിച്ച് ബിജെപിയും

by സുജിത് നായർ
trivandrum

എല്ലാ നാട്ടുകാരെയും ഉൾക്കൊള്ളുന്നവരാണു തിരുവനന്തപുരത്തുകാർ. രാഷ്ട്രീയ കാര്യത്തിൽ നാടിനു വ്യത്യാസമില്ലാത്തതിനാൽ യുഡിഎഫിനും എൽഡിഎഫിനും മാത്രമല്ല, ബിജെപിക്കും ഉണ്ട് തിരുവനന്തപുരത്തെക്കുറിച്ച് ഏറെ പ്രതീക്ഷ. സംസ്ഥാനത്ത് എവിടെയെങ്കിലും ബിജെപി അക്കൗണ്ട് തുറക്കുന്നുവെങ്കിൽ അതിനുളള ആദ്യവേദി ഒരുങ്ങുക തലസ്ഥാനജില്ലയിൽ ആവുമെന്നും അവർ വിലയിരുത്തുന്നു.

ജില്ലയിലെ 14 നിയമസഭാ സീറ്റിൽ ഒൻപതും ഇപ്പോൾ യുഡിഎഫിന്റെ പക്കലാണ്. പക്ഷേ ജില്ലാ പഞ്ചായത്തും കോർപറേഷനും അടക്കം ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫിനൊപ്പവും. കോർപറേഷനിൽ രണ്ടാംസ്ഥാനത്ത് ബിജെപി. രണ്ട് എംപിമാരെ മുന്നണികൾ വീതംവച്ചുവെങ്കിലും അതിൽ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ രണ്ടാമതെത്തിയത് ബിജെപി.

അപ്പോൾ മൂന്നു കൂട്ടർക്കുമുണ്ട്, മോഹിക്കാൻ ഒരു വിഹിതം.

തിരുവനന്തപുരം ജില്ല പിടിക്കുന്നവർ ഭരണത്തിൽ എത്തുന്നതാണ് പാരമ്പര്യം. പ്രതീക്ഷിച്ച മൂന്നേ മൂന്നു സീറ്റ് ജില്ലയിൽകിട്ടാതെ പോയതാണ് ഭരണത്തുടർച്ച കളഞ്ഞുകുളിച്ചതെന്നു 2011 ലെ ജനവിധിക്കുശേഷം സിപിഎം വിലയിരുത്തി. തലസ്ഥാനവും കേരളവും ആ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് എങ്കിൽ മധുരപ്രതികാരത്തിനു പൊരുതുകയാണ് ഇടതുമുന്നണി. താമര വിരിയാൻ ഉറ്റുനോക്കി ബിജെപിയും. ഇന്ദിരാഭവനും എകെജി സെന്ററും മാരാർജിഭവനും തമ്മിൽ ഏതാനും കിലോമീറ്ററുകൾ മാത്രം അകലമുള്ള തിരുവനന്തപുരത്തെ പ്രകടനം രാഷ്ട്രീയനേതൃത്വങ്ങൾക്കും അഭിമാനപ്രശ്നമാണ്.

തിരുവനന്തപുരം

തലസ്ഥാനത്തിന്റെ ഈ ‘തലസ്ഥാനമണ്ഡലം’ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ബിജെപി സ്ഥാനാർഥിയായതോടെയാണ്. തനിക്കൊപ്പം സെൽഫി എടുത്തവരെല്ലാം വോട്ടു ചെയ്താൽ ജയിക്കുമെന്നു ശ്രീശാന്തിനു പറയാവുന്ന ഈ മണ്ഡലത്തിൽ, പക്ഷേ താരം യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ ആയ മന്ത്രി വി.എസ്. ശിവകുമാർ തന്നെ. മണ്ഡലത്തിൽ നിറഞ്ഞുനിന്നു നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളുടെയും വോട്ട് ശിവകുമാർ പ്രതീക്ഷിക്കുമ്പോൾ ഇടതു വോട്ടുബാങ്കിൽ വിശ്വസിക്കുകയാണ് മുന്നണി മാറിത്തിരിഞ്ഞു സ്ഥാനാർഥിയായ എൽഡിഎഫിന്റെ ആന്റണി രാജു. ഒന്നാമതെത്തുന്നതിനൊപ്പം മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടാതിരിക്കാനുള്ള മത്സരവും ഇവിടെ പ്രകടം. ശിവകുമാറിനെതിരെ ആക്ഷേപങ്ങൾ തുറന്നടിച്ചു വാർത്തകളിൽ നിറയുന്ന നാലാമതൊരാളുമുണ്ട്. എഐഎഡിഎംകെ ബാനറിൽ മത്സരിക്കുന്ന ബാർകേസ് താരം ബിജുരമേശ്.

വട്ടിയൂർക്കാവ്

trivandrum

കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയ വട്ടിയൂർക്കാവിൽ യുഡിഎഫിന്റെ കെ. മുരളീധരൻ മണ്ഡലവുമായി സൃഷ്ടിച്ച അഭേദ്യബന്ധത്തിന്റ ഇഴ മുറിക്കാനുള്ള കരുത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനോ എൽഡിഎഫിന്റെ ടി.എൻ സീമയ്ക്കോ ഉണ്ടാകുമോ എന്നതാണ് ചോദ്യം. പ്രചാരണരംഗത്ത് ഈ രണ്ടുപേരും സൃഷ്ടിക്കുന്ന ആവേശപ്പെരുമഴ കനത്ത പോരാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ചുകഴിഞ്ഞു. ബിജെപി അനുഭാവികളുടെ മുഴുവൻവോട്ടും സമാഹരിക്കാൻ കുമ്മനത്തിനു കഴിയുമെന്നു ബിജെപി പ്രതീക്ഷിക്കുമ്പോൾ വോട്ടുകളിൽ ചോർച്ച കണ്ട് തടയേണ്ട വെല്ലുവിളി മുരളിക്ക് മുന്നിൽ ശക്തമാണ്. പെട്ടെന്നുതന്നെ മണ്ഡലത്തിൽ നല്ല സാന്നിധ്യമായി മാറിയ സീമയ്ക്ക് ഇടതുവോട്ടുകൾ പൂർണമായും ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. മുരളിക്ക് കഴിഞ്ഞതവണ ലഭിച്ച 16,167 വോട്ടിന്റെ ഭൂരിപക്ഷവും എതിരാളികൾക്കു വെല്ലുവിളി.

നേമം

ഈ പേരുകേട്ടാൽ മലയാളികൾ ചോദിക്കുക ‘രാജഗോപാൽ ബിജെപിക്കായി അക്കൗണ്ട് തുറക്കുമോ’ എന്നാണ്. യുഡിഎഫിന്റെ ചാരുപാറ രവിയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി ആവേശകരമായ പോരാട്ടത്തിലൂടെ കഴിഞ്ഞതവണ രാജഗോപാലിനെ തോൽപ്പിച്ച, അതേ സാഹചര്യത്തിന്റെ ആവർത്തനം വി. ശിവൻകുട്ടി പ്രതീക്ഷിക്കുമ്പോൾ അന്നു സംഭവിച്ചതിൽനിന്ന് ഇക്കുറി പാഠം പഠിക്കുന്നുണ്ട് ‘ഇരമ്പമില്ലാതെ’ നീങ്ങുന്ന രാജഗോപാലും യുഡിഎഫ് സ്ഥാനാർഥി വി. സുരേന്ദ്രൻപിള്ളയും. സിപിഎം–ബിജെപി പോരിനിടെ 20,248 വോട്ടിൽ യുഡിഎഫ് ഒതുങ്ങിയതിൽനിന്നൊരു മാറ്റം സമീപകാലം വരെ ഇടതുമുന്നണിക്കാരനായിരുന്ന സുരേന്ദ്രൻപിള്ള സൃഷ്ടിച്ചാൽ ആരുടെ സാധ്യതയെ ബാധിക്കുമെന്നതും ചോദ്യം. പ്രധാന മത്സരം ആരൊക്കെ തമ്മിൽ എന്ന കാര്യത്തിലും മത്സരം നടക്കുന്നയിടത്ത് മൂന്നാംസ്ഥാനത്തേക്കു പിന്തളളപ്പെടാതിരിക്കാനുളള ജാഗ്രതയും പ്രകടം.

കഴക്കൂട്ടം

കേരളത്തിലെ തന്നെ ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. ഹാട്രിക് തികച്ച യുഡിഎഫിന്റെ എം.എ.വാഹിദിന് മണ്ഡലത്തിലുള്ള സ്വാധീനത്തെ രാഷ്ട്രീയ ശക്തികൊണ്ടു ദുർബലപ്പെടുത്തി വിജയം കൊയ്യാനാണ് സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ശ്രമിക്കുന്നത്. ടെക്നോപാർക്ക് ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ വികസനം തന്നെയാണ് മുഖ്യ അജൻഡ. ഇടത്, ബിജെപി വോട്ടുകൾ കൂടി നേടാൻ മുൻകാലങ്ങളിൽ തനിക്കു സാധിച്ചുവെങ്കിൽ ഇക്കുറി ഈ വോട്ടുകൾ അതത് സ്ഥാനാർഥികൾക്കുതന്നെ ലഭിക്കും എന്ന വ്യത്യാസം മുന്നിൽ കണ്ടു നീങ്ങുകയാണ് മുമ്പു റിബലായി നിന്നുപോലും കഴക്കൂട്ടം കീഴടക്കിയിട്ടുള്ള വാഹിദ്. 2006 ൽ വാഹിദ്–കടകംപള്ളി പോരിൽ 215 വോട്ടിനായിരുന്നു വാഹിദിന്റെ വിജയം. മുരളി കൂടി നിലയുറപ്പിച്ചതോടെ മിന്നുന്ന അതേ ഫോട്ടോഫിനിഷ് എന്ന പ്രതീതി.

നെടുമങ്ങാട്

ഡപ്യൂട്ടിസ്പീക്കറും ജനപ്രിയ എംഎൽഎയുമായ പാലോട് രവിയുടെ സ്വാധീനത്തെ തന്റെ തലയെടുപ്പും ഇടതുപക്ഷത്തിനു മണ്ഡലത്തിലുള്ള കരുത്തും കൊണ്ട് അതിജീവിക്കാൻ നോക്കുകയാണ് എൽഡിഎഫിന്റെ സി. ദിവാകരൻ. പ്രചാരണരംഗത്ത് ഇവരുടെയൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് പിടിക്കുന്ന വോട്ടുകൾ മുന്നണി സ്ഥാനാർഥികളുടെ സാധ്യതയേയും ബാധിക്കാം. വികസനരംഗത്ത് ചെയ്ത നല്ല കാര്യങ്ങളും രാഷ്രീയത്തിന് അതീതമായി സൃഷ്ടിച്ച ബന്ധങ്ങളിലും പ്രതീക്ഷയർപ്പിക്കാമെന്നു രവി കരുതുമ്പോൾ തന്നെ രണ്ടുതവണ ചെറിയ വോട്ടിനെങ്കിലും അദ്ദേഹത്തെ പരാജയപ്പെടുത്തിയ ചരിത്രം നൽകുന്ന പ്രതീക്ഷയുണ്ട് എൽഡിഎഫിന്.

കാട്ടാക്കട

മണ്ഡലവുമായുള്ള ആത്മബന്ധത്തിന്റെ കരുത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് സ്പീക്കർ എൻ.ശക്തൻ. എതിരാളികളായ എൽഡിഎഫിന്റെ ഐ.ബി.സതീഷും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും ശക്തമായ വെല്ലുവിളി ഉയർത്താൻ കഠിനപരിശ്രമത്തിലും. ഇടതിനു പുറത്തുള്ള വോട്ടുകളും സമാഹരിക്കാൻ കഴിയുന്ന സ്വീകാര്യത സതീഷിനും ആർഎസ് എസിന്റെ കൃത്യവും ശക്തവുമായ പ്രവർത്തനം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് എന്ന ബലം കൃഷ്ണദാസിനും ഉണ്ടെന്നതിനാൽ ശക്തനായ ശക്തനും സൂക്ഷിച്ചാണു നീങ്ങുന്നത്.

trivandrum

അരുവിക്കര

അരുവിക്കര എന്നു കേട്ടാൽ അന്തരിച്ച ജി.കാർത്തികേയന്റെയും പിന്നാലെ കെ.എസ്. ശബരീനാഥന്റെയും സ്നേഹചിത്രം തെളിയുന്നതിനാൽ അതിന്റെ ബലം തന്നെയാണ് യുഡിഎഫിനുള്ളത്. തുടക്കത്തിലുണ്ടായിരുന്ന പതർച്ച മാറ്റി ഇടതു വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചു നീങ്ങുന്നുണ്ട് എൽഡിഎഫിന്റെ എ.എ.റഷീദ്. കേരളമാകെ ഒരു തരംഗമുണ്ടോ എന്നു റഷീദ് ആലോചിക്കുമ്പോൾ ശബരി ആത്മവിശ്വാസത്തോടെ തന്നെ. ചലച്ചിത്ര സംവിധായകനെന്നനിലയിൽ തുടക്കത്തിൽ തന്നെ സൃഷ്ടിച്ച പ്രതീക്ഷ സ്ഥാനാർഥി എന്ന നിലയിൽ രാജസേനന് പറ്റുന്നുണ്ടോ എന്ന് അദ്ദേഹത്തെ നിർത്തിയ ബിജെപി നിരീക്ഷിച്ചുവരുന്നു.

വർക്കല

ഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഇടതിന്റെ കൂടെ നിൽക്കുമ്പോഴും നാലാം വിജയവും അനായാസമെന്നു കരുതുന്ന വർക്കല കഹാറിന്റെ സ്വാധീനത്തിൽനിന്നു മണ്ഡലം തിരിച്ചുപിടിക്കുക എന്നത് എൽഡിഎഫിന്റെ വി. ജോയിക്ക് വലിയ വെല്ലുവിളി. ബിഡിജെഎസിനു സ്വാധീനമുള്ള മണ്ഡലത്തിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറി എസ്.ആർ.എം.അജി മത്സരിക്കുന്നത് ത്രികോണമത്സര പ്രതീതി ഉയർത്തി എന്നത് ഇക്കുറിയുളള മാറ്റം.

ആറ്റിങ്ങൽ

സംവരണമണ്ഡലമായ ആറ്റിങ്ങൽ തങ്ങളുടെ കോട്ടയായി എൽഡിഎഫ് കരുതുന്നു. മണ്ഡലം നിറഞ്ഞുനിന്നു വീണ്ടും മത്സരിക്കുന്ന ബി.സത്യനെതിരെ ആർഎസ്പിക്കാരനായ യുഡിഎഫ് സ്ഥാനാർഥി കെ. ചന്ദ്രബാബുവിന് അത്യധ്വാനം വേണ്ടിവരും. കഴിഞ്ഞതവണ മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷം സത്യൻ നേടിയ ഈ മണ്ഡലത്തിൽ അതു കുറയ്ക്കും എന്ന വാശിയിൽ ബിജെപിയുടെ രാജിപ്രസാദും രംഗത്തുണ്ട്.

ചിറയിൻകീഴ്

ജില്ലയിലെ ഈ രണ്ടാംസംവരണമണ്ഡലവും ഇടതുമുന്നണിക്കൊപ്പമാണെങ്കിലും സിപിഐയുടെ സിറ്റിങ് എംഎൽഎയായ വി. ശശിക്കെതിരേ നാട്ടുകാരനായ യുഡിഎഫ് സ്ഥാനാർഥി കെ.എസ്.അജിത് കുമാർ പെട്ടെന്നുതന്നെ സ്വീകാര്യനായി നല്ല മത്സരം കാഴ്ചവയ്ക്കുന്നു. എൽഡിഎഫ് അനായാസം ജയിക്കുമെന്ന സാഹചര്യം അജിത്തിനു മാറ്റാൻ കഴിഞ്ഞുവെങ്കിലും മണ്ഡലത്തിനുള്ള ഇടതു കൂറ് അദ്ദേഹത്തിനു വെല്ലുവിളിയാണ്. സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ.പി.പി. വാവയെ രംഗത്തിറക്കി ബിജെപിയും മത്സരം കടുപ്പിക്കുന്നു.

കോവളം

സിറ്റിങ് എംഎൽഎ ജമീലാപ്രകാശവും കോൺഗ്രസിന്റെ യുവമുഖം എം. വിൻസന്റും എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കൂടിയായ ബിഡിജെഎസ് സ്ഥാനാർഥി ടി.എൻ. സുരേഷും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന കോവളം ജില്ലയാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ്. ജമീല വിജയം ആവർത്തിക്കുമെന്നു പ്രതീക്ഷിക്കുമ്പോൾ വിൻസന്റിന്റെ വ്യക്തിത്വത്തിനും ശൈലിക്കും മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് കോൺഗ്രസും കരുതുന്നു. സുരേഷ് പിടിക്കുന്ന വോട്ടിൽ എൽഡിഎഫിനാണ് ഏറെ ആശങ്കയെങ്കിലും നീലലോഹിതദാസൻനാടാർക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ജമീലയുടെ എതിരാളികൾ കരുതലോടെ കാണ്ടേണ്ടിവരും.

നെയ്യാറ്റിൻകര

പാർട്ടി മാറിയശേഷവും ജയിച്ചു സിപിഎമ്മിനു ‘ഡബിൾ ഷോക്ക്’ നൽകിയ ആർ. സെൽവരാജിനെതിരെ പാർട്ടിക്കാരുടെ ഇഷ്ടക്കാരനായ ഏരിയാസെക്രട്ടറി കെ. ആൻസലനെ രംഗത്തിറക്കി ശക്തമായ മത്സരം സിപിഎം കാഴ്ചവയ്ക്കുന്നു. നഗരസഭയിൽ അഞ്ചു സീറ്റ് നേടി കരുത്തുകാട്ടിയ ബലത്തിൽകൂടി നിൽക്കുന്ന ബിജെപിയുടെ പുഞ്ചക്കരി സുരേന്ദ്രൻ ഒബിസി മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.

വാമനപുരം

കോട്ട എന്ന് എൽഡിഎഫ് അഭിമാനിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാം എന്ന വാഗ്ദാനത്തോടെ സീറ്റു ചോദിച്ചു വാങ്ങി കെപിസിസി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് രംഗത്തെത്തിയതോടെ മത്സരം ആവേശഭരിതമായി. എൽഡിഎഫിലെ കരുത്തനായ കോലിയക്കോട് കൃഷ്‍ണൻനായർക്കു കഴിഞ്ഞതവണ ലഭിച്ചത് 2236 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണെന്നു കണ്ടുള്ള പ്രതീക്ഷയാണ് യുഡിഎഫിനെ നയിക്കുന്നതെങ്കിലും എൽഡിഎഫിന്റെ യുവനേതാവ് ഡി.കെ. മുരളി ആത്മവിശ്വാസത്തിലാണ്. പ്രബലർ തമ്മിലുള്ള മത്സരത്തിൽ ബിജെപിയുടെ ആർ.വി. നിഖിലിന് കാര്യമായ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞിട്ടില്ല.

പാറശാല

സിറ്റിങ് എംഎൽഎ എ.ടി. ജോർജും സിപിഎമ്മിന്റെ മുൻ നെയ്യാറ്റിൻകര ഏരിയാസെക്രട്ടറി സി.കെ. ഹരീന്ദ്രനും ഏറ്റുമുട്ടുകയാണ് ഇവിടെ. ജോർജ് മണ്ഡലത്തിൽ താരമാണ്. ഹരീന്ദ്രൻ പാർട്ടിക്ക് പുറത്തും സ്വീകാര്യനും. മണ്ഡലം പിടിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും ഇരുവർക്കുമൊപ്പം നിൽക്കുന്ന ബിജെപി ദേശീയസമിതി അംഗം കരമന ജയൻ പിടിക്കുന്ന വോട്ടിൽ പക്ഷേ ഹരീന്ദ്രൻ കൂടുതൽ ജാഗരൂകനാകേണ്ടിവരും.
 

Your Rating: