Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലമടക്കുകൾക്കും വോട്ടിന്റെ ചൂട്

Wayanadu

വയനാടെന്നതിനു നേരെ ‘ ഇതു ഞങ്ങളുടെ കോട്ട’യെന്ന് യുഡിഎഫ് എഴുതിച്ചേർക്കുമെങ്കിലും ഒരു നക്ഷത്രചിഹ്നമിട്ട് ‘നിബന്ധനകൾക്കു വിധേയം’ എന്ന് അടിയിലെഴുതിച്ചേർക്കും വോട്ടർമാർ. കൽപറ്റ, മാനന്തവാടി, ബത്തേരി എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളാണുള്ളത്. മൂന്നിലും നിലവിൽ യുഡിഎഫ് എംഎൽഎമാർ.

ചുരത്തിനു മുകളിൽ കൗതുകങ്ങളും സവിശേഷതകളും നിറഞ്ഞ കൊച്ചുസുന്ദരിയാണ് നാട്. മൂന്ന് ജില്ലകളുമായും രണ്ടു സംസ്ഥാനങ്ങളുമായും തൊട്ടുതൊട്ടാണ് കിടപ്പെങ്കിലും തനതു സംസ്കാരത്തിലും സ്വഭാവത്തിലും കലർപ്പുകൾ കടന്നുകയറിയിട്ടില്ല. വയനാടു വയനാടാണ്. വയനാടിനെപ്പോലെ വയനാടു മാത്രം.

നാടാകെ ചൂടിൽ വെന്തുരുകുമ്പോഴും വയനാടിന്റെ കൊച്ചുകുളിരു തേടി ഇപ്പോഴും ആയിരങ്ങളെത്തുന്നു; സന്തോഷിച്ചു മടങ്ങുന്നു. കൃഷിയാണ് ജീവനെന്നതിനാൽ കമുകിന്റെ മഹാളിയും കുരുമുളകിന്റെ ദ്രുതവാട്ടവും കാപ്പിയുടെ വിലയിടിവുമെല്ലാം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തെ ബാധിക്കും. എവിടെ നോക്കിയാലും മലകൾ കാണാവുന്ന വയനാട്ടിൽ ഏതു മലമുകളിലുള്ളവനെയും താഴെയെത്തിക്കാൻ കർഷകപ്രതിഷേധത്തിനു കഴിയുമെന്നും രാഷ്ട്രീയക്കാർക്കറിയാം.

മണ്ണ് യുഡിഎഫിന്റെയെന്നു പറയുമ്പോഴും മനസ്സ് പൂർണമായും തീറെഴുതിക്കൊടുക്കാൻ വോട്ടർമാർ തയാറല്ല. പ്രതികാരത്തിന്റെ പ്രഹരത്തിൽ പലതവണ അടിതെറ്റിയിട്ടുണ്ട് യു‍ഡിഎഫിന്. തെറ്റുതിരുത്തിവന്നാൽ മധുരം നൽകി തിരികെ കയറ്റിയിട്ടുമുണ്ട്. 2001ൽ മുഴുവൻ മണ്ഡലങ്ങളിലും ജയിപ്പിച്ച കോൺഗ്രസിനെ 2006ൽ മൂന്നിടത്തും തോൽപിച്ച വോട്ടർമാർ 2011ൽ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫിനെ തിരിച്ചുവിളിച്ച് സ്നേഹം കാണിച്ചു.

Wayanadu-info


ബത്തേരിയും മാനന്തവാടിയും പട്ടികവർഗ സംവരണമാണ്. കൽപറ്റ മാത്രമാണ് ജനറൽ സീറ്റ്. കോൺഗ്രസിനും സിപിഎമ്മിനും ലീഗിനും ശക്തിയുള്ള മണ്ഡലങ്ങളിൽ സോഷ്യലിസ്റ്റ് പാർട്ടികൾക്കും നല്ല വളക്കൂറുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടുകൾ കൂട്ടുന്ന ബിജെപിക്ക് ഇത്തവണ ബിഡിജെഎസ് മാത്രമല്ല സി.കെ. ജാനുവും കൂട്ടിനുണ്ട്.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കൽപറ്റയിൽ സിപിഎമ്മിനു ജയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 1987ൽ ജനതാ പാർട്ടിയിൽ നിന്ന് എം.പി. വീരേന്ദ്രകുമാറും 2006ൽ സോഷ്യലിസ്റ്റ് ജനതാദളിൽനിന്ന് എം.വി. ശ്രേയാംസ്കുമാറും വഴി നേടിയ വിജയം മാത്രമാണ് ഇടതുമുന്നണിക്ക് പറയാനുള്ളു. മാനന്തവാടിയിൽ 1970നു ശേഷം ഒരു തവണ മാത്രമാണ് സിപിഎം വിജയിച്ചത്. 2006ലെ തിരഞ്ഞെടുപ്പിൽ കെ.സി. കുഞ്ഞിരാമൻ മുസ്​ലിം ലീഗിലെ പി. ബാലനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ബത്തേരിയിൽ 1996ൽ എംഎൽഎയായിരുന്ന കെ.സി. റോസക്കുട്ടിയെ പരാജയപ്പെടുത്തി പി.വി. വർഗീസ് വൈദ്യരും 2006ൽ എൻ.ഡി. അപ്പച്ചനെ പരാജയപ്പെടുത്തി പി. കൃഷ്ണപ്രസാദും സിപിഎം എംഎൽഎമാരായി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റത്തിന്റെ പ്രതീക്ഷയിലാണ് ഇടതുപക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിലും മാനന്തവാടിയിലും ഇടതുപക്ഷമായിരുന്നു മുന്നിൽ. കൽപറ്റ മണ്ഡലത്തിലാകട്ടെ യുഡിഎഫിന് നേരിയ മുൻതൂക്കമേയുള്ളു. തദ്ദേശതിരഞ്ഞെടുപ്പിൽ കൂടുതൽ പഞ്ചായത്തുകൾ ഇടതിനാണെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണവും നാലിൽ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫിനാണ്. ബത്തേരിയിൽ കേരള കോൺഗ്രസ് (എം ) സഹകരണത്തോടെ ഇടതുപക്ഷം ഭരിക്കുന്നു.

മാനന്തവാടി

മന്ത്രിമണ്ഡലമെന്ന പെരുമയോടെയാണ് മാനന്തവാടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മന്ത്രിസഭയിലെ ഏക പെൺതരിയായ പി.കെ. ജയലക്ഷ്മി കോൺഗ്രസിനുവേണ്ടി മത്സരത്തിനിറങ്ങുമ്പോൾ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഒ.ആർ. കേളുവിനെയാണ് സിപിഎം രംഗത്തിറക്കിയത്. കെ. മോഹൻ‍ദാസാണ് ബിജെപി സ്ഥാനാർഥി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്നിലാണെന്ന കണക്കുകൾ ഇടതുപക്ഷം നിരത്തുമ്പോൾ താൻ മണ്ഡലത്തിൽ നടത്തിയ വികസനങ്ങളുടെ വലിയ കണക്കുകൾ ജയലക്ഷ്മിയും പറയും. മണ്ഡലത്തെ ജയലക്ഷ്മി പൊന്നുപോലെ നോക്കിയെന്ന അഭിപ്രായം പൊതുവേ പാർട്ടിക്കുണ്ട്. കോൺഗ്രസിലെ പ്രശ്നങ്ങളും മറ്റും ഉയർത്തി നേട്ടം കൊയ്യാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സിപിഎം. ആദിവാസി ഭൂമിവിതരണത്തിലെ പാളിച്ചകൾ ഉൾപ്പെടെ സജീവമായ വിഷയങ്ങളായി ഉയർത്തുന്നു. മന്ത്രി ഭരിച്ചിട്ടും പല കോളനികളിലും വികസനവെളിച്ചമെത്തിയില്ലെന്നും ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥയും ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. ജയലക്ഷ്മിയുടെ വിദ്യാഭ്യാസയോഗ്യതാ വിവാദമുയർത്താൻ ഇടതുപക്ഷം ശ്രമിച്ചെങ്കിലും അവരുടെ സ്ഥാനാർഥിക്കു നേരെയും അത്തരം വിവാദം വന്നു. ലീഗും കോൺഗ്രസും ശക്തമായ മണ്ഡലത്തിൽ ഇടതുപക്ഷത്തിൽ സിപിഎമ്മിനു പുറമേ സിപിഐക്കും വേരുകളുണ്ട്. സിപിഎം-സിപിഐ തർക്കം സാധാരണമായ മണ്ഡലത്തിൽ ഇത്തവണ വലിയ പ്രശ്നങ്ങളില്ല.

ബത്തേരി

എൻഡിഎ സ്ഥാനാർഥിയായി സി.കെ. ജാനു വന്നതോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് ബത്തേരി. നിലവിലെ എംഎൽഎ ഐ.സി. ബാലകൃഷ്ണനെ തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്തിറക്കുമ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും പൂതാടി പഞ്ചായത്ത് പ്രസിഡന്റുമായ രുക്മിണി സുബ്രഹ്മണ്യനാണ് സിപിഎം സ്ഥാനാർഥി. ജനകീയ പരിവേഷമുള്ള ഐ.സി. ബാലകൃഷ്ണനിലൂടെ വീണ്ടുമൊരു വിജയം യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ രുക്മിണിയിലൂടെ അട്ടിമറിസാധ്യത സിപിഎം ആഗ്രഹിക്കുന്നു.

ജാനുവിനു ലഭിക്കുന്ന വോട്ടുകൾ ആർക്കു നഷ്ടമാകുമെന്ന് ഇരുമുന്നണികളും ചർച്ച ചെയ്യുമ്പോൾ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജാനു. എന്നാൽ പുറമേ ചർച്ചയാകും പോലെ ജാനു വലിയ സാന്നിധ്യമാകില്ലെന്നാണ് ഇരുമുന്നണികളുടെയും ഉറച്ച വിശ്വാസം. ബെംഗളൂരു ദേശീയപാതയിലെ രാത്രിയാത്രാനിരോധനം, വന്യമൃഗശല്യം, കാർഷികപ്രതിസന്ധി എന്നിവയെല്ലാം മണ്ഡലത്തിലെ സജീവ ചർച്ചയാണ്.

കൽപറ്റ

യുഡിഎഫിനോടു മമതയുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ഫലപ്രഖ്യാപനത്തിനു മുൻപുതന്നെ താൻ തോൽക്കുമെന്ന് സിപിഎം സ്ഥാനാർഥി പറഞ്ഞത് പാർട്ടിയെ കറുത്ത നിഴൽപോലെ വേട്ടയാടുന്നുണ്ട്. അന്നു തോറ്റതിന്റെ കണക്കുതീർക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനെയാണ് പാർട്ടി സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

സിറ്റിങ് എംഎൽഎ എം.വി. ശ്രേയാംസ്കുമാർ തന്നെയാണ് യുഡിഎഫിനു വേണ്ടി രംഗത്ത്. മെഡിക്കൽ കോളജ് ഉൾപ്പെടെ കോടികളുടെ വികസനനേട്ടങ്ങൾ അണിനിരത്തി ശ്രേയാംസ് പ്രചാരണം നടത്തുമ്പോൾ സി.കെ. ശശീന്ദ്രന്റെ ലാളിത്യവും വ്യക്തിപ്രഭാവവും വോട്ടാകുമെന്ന് സിപിഎം കരുതുന്നു. എന്നാൽ കോൺഗ്രസിന്റെയും ലീഗിന്റെയും ജനതാദളിന്റെയും ശക്തികേന്ദ്രത്തിൽ പ്രചാരണരംഗത്ത് രാഷ്ട്രീയം കുറച്ച് സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം മാത്രം ആയുധമാക്കുന്ന രീതിയെ ഇടതുമുന്നണിയിൽതന്നെ എതിർക്കുന്നവരുണ്ട്.

എന്നിരുന്നാലും മണ്ഡലത്തിൽ ശക്തമായ വെല്ലുവിളിയുയർത്താൻ ശശീന്ദ്രനു കഴിയുന്നുവെന്ന് ഇടതുപക്ഷം പറയുന്നു. ശ്രേയാംസിന്റെ വികസന പദ്ധതികൾ പലതും പ്രഖ്യാപനങ്ങൾ മാത്രമായെന്നും മെഡിക്കൽ കോളജിനു ഭൂമികണ്ടെത്തലും തറക്കല്ലിടലും അല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. എന്നാൽ കുറഞ്ഞ സമയത്തിനകം മെഡിക്കൽ കോളജ് എന്ന സ്വപ്നത്തെ യാഥാർഥ്യത്തിന്റെ ഈ തലത്തിൽ എത്തിക്കാൻ കഴിഞ്ഞത് എംഎൽഎയുടെ മികവാണെന്നു യുഡിഎഫും പറയുന്നു. ബിജെപിക്ക് നല്ല വളക്കൂറുള്ള മണ്ഡലത്തിൽ പാർട്ടി മുൻ ജില്ലാ പ്രസിഡന്റ് കെ. സദാനന്ദനാണ് സ്ഥാനാർഥി.
 

Your Rating: