Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിച്ചാൽ ആരു വാഴും, ആരു വീഴും?

vs-pinarayi

വീണ്ടും മുഖ്യമന്ത്രിയാകാനുള്ള വി.എസ്.അച്യുതാനന്ദന്റെ മോഹം പുറത്തുചാടിയതു സിപിഎം നേതൃത്വത്തെ അതിശയിപ്പിക്കുന്നില്ല. ഒന്നാം യുപിഎ സർക്കാരിനെ അവർ കുറച്ചായി അനുസ്മരിക്കുന്നുണ്ട്. പ്രധാനമന്ത്രിപദം ഉറപ്പിച്ച സോണിയാ ഗാന്ധി അതു ത്യജിച്ചു യുപിഎ അധ്യക്ഷയായ മാതൃക. എൽഡിഎഫ് ജയിച്ചാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുകയും അതിനു തുല്യപദവി വിഎസ് കയ്യാളുകയും ചെയ്താൽ പ്രശ്നം തീരുമെന്നു വ്യംഗ്യം.

അകത്തും പുറത്തുമുള്ള ചർച്ചകളെല്ലാം വ്യക്തമാക്കുന്നത് ഒറ്റക്കാര്യം. ഭൂരിപക്ഷം ലഭിച്ചാൽ ആദ്യത്തെ അജൻഡ വിഎസോ പിണറായിയോ എന്നതാണ്. അധികാരത്തിനു പുറത്തായാലോ? ആരു പ്രതിപക്ഷനേതാവാകും? ഇഎംഎസ് 1957ൽ മുഖ്യമന്ത്രിയായപ്പോൾ ടി.വി.തോമസിന്റെ പേരും ഒപ്പം ഉയർന്നതാണ്. 1987ൽ ഇ.കെ.നായനാർക്കൊപ്പം കെ.ആർ.ഗൗരിയമ്മയെയും ടി.കെ.രാമകൃഷ്ണനെയും പരിഗണിച്ചു.

സംസ്ഥാന കമ്മിറ്റിയിലെ വോട്ടെടുപ്പിലൂടെ സുശീലാ ഗോപാലനെ അട്ടിമറിച്ചാണ് 1996ൽ നായനാർ അമരത്തെത്തിയത്. ഒന്നരപ്പതിറ്റാണ്ടു നീണ്ട ഉൾപ്പാർട്ടിപ്പോരിൽ മുഖാമുഖം നിന്നവർ ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരേ പദവി കാംക്ഷിക്കുനത് ഇതിൽനിന്നെല്ലാം വ്യത്യസ്തം. പാർട്ടിയിലും സംഘടനയിലും ചോദ്യം ചെയ്യപ്പെടാതെ പിണറായി; ആർക്കും ചോദ്യം ചെയ്യാൻ നിന്നുകൊടുക്കാതെ വിഎസ്. പ്രണബ് മുഖർജിയെ നിർദേശിക്കാതെ മൻമോഹൻ സിങ്ങിനെ വാഴിച്ചതുപോലെ ഇനി മൂന്നാമനെ കൊണ്ടുവരേണ്ടിവരുമോ? പ്രധാനമന്ത്രിതന്നെ അങ്ങനെ ജനിച്ചുവെങ്കിൽ മുഖ്യമന്ത്രിയും ആകാം.

പിണറായിയും വിഎസും തിരുത്തിയ രണ്ടു വിവാദ പ്രതികരണങ്ങൾ വ്യക്തമാക്കുന്ന രണ്ടു കാര്യങ്ങൾക്ക് അപ്പോൾ പ്രസക്തി കൂടും. വിഎസിനു പാർട്ടി വിരുദ്ധത ആരോപിക്കുന്ന പ്രമേയം നിലനിൽക്കുന്നുവെന്നു പറയുമ്പോൾ മുഖ്യമന്ത്രിയായിരിക്കെ അച്ചടക്കലംഘനങ്ങളുടെ പേരിൽ ആ പദവിയിൽനിന്നു നീക്കാൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടയാളെ വീണ്ടും പരിഗണിക്കണമോ എന്ന ചോദ്യംകൂടി അതിലുണ്ട്. ജനങ്ങളിലും ബുദ്ധിജീവികളിലും താൻ മുഖ്യമന്ത്രിയാകണം എന്ന ചിന്ത ഉയരുന്നു എന്നു വിഎസ് തിരിച്ചടിക്കുമ്പോൾ ഭയപ്പെടുത്തി അങ്ങനെ പിന്മാറ്റാൻ നോക്കേണ്ട എന്നുമാണു സന്ദേശം. അപ്പോൾ കളത്തിൽ രണ്ടുപേരുമുണ്ട്.

തൊണ്ണൂറു സീറ്റിൽ കൂടുതൽ എൽഡിഎഫ് നേടിയാൽ വിഎസിലേക്ക് ഇനി തിരിയേണ്ട എന്നതാണു സിപിഎമ്മിൽ ഉയർന്നുനിൽക്കുന്ന ചിന്ത. അതറിയാവുന്ന വിഎസ് ചെറുഭൂരിപക്ഷം ലഭിച്ചാൽ മതിയെന്നുകണ്ടുള്ള കളി തുടങ്ങി എന്നു സംശയിക്കുന്നവരുണ്ട്. ഒരുതവണകൂടി മുഖ്യമന്ത്രിപദത്തിലെത്തണം എന്നതു വിഎസിന്റെ വലിയ ആഗ്രഹമാണ്. ആർഎസ്പിയെയും ജനതാദളിനെയും ചേരിമാറ്റി ബദൽസർക്കാർ രൂപീകരിച്ചു മുഖ്യമന്ത്രിയാകണം എന്ന അദ്ദേഹത്തിന്റെ നിർദേശം പാർട്ടി തള്ളിയതുകൊണ്ടുകൂടിയാണു യുഡിഎഫ് കാലാവധി തികച്ചത്.

15 വർഷം സംഘടനാരംഗത്തു നിന്ന പിണറായിയുടെ ഊഴമാണ് ഇതെന്നു സംസ്ഥാന നേതൃത്വം കരുതുന്നു. പക്ഷേ സീതാറാം യച്ചൂരിയുടെ കേന്ദ്രനേതൃത്വം അങ്ങനെ പൂർണതോതിൽ വിചാരിക്കാതെ എല്ലാം സാഹചര്യങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു. പിണറായിയുടെ പ്രതികരണത്തോടെ ഇടഞ്ഞ തന്നെ മെരുക്കിയ യച്ചൂരി അദ്ഭുതം കാട്ടുമെന്നുതന്നെ വിഎസ് വിശ്വസിക്കുന്നു.

പിണറായിയെ തിരുത്തലിനു പ്രേരിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ ഇരുവർക്കുമിടയിൽ കാട്ടുന്ന മെയ്‌വഴക്കം ചെറുതുമല്ല. സർക്കാർ ഉണ്ടായാൽ ഒന്ന്, അല്ലെങ്കിൽ പരമാവധി രണ്ടുവർഷം വിഎസിനു നൽകിയശേഷം പിണറായി ഭരണമേൽക്കും എന്നതാണ് അഭ്യൂഹങ്ങളിൽ ശക്തം. വിഎസിന്റെ കീഴിൽ പിണറായി മന്ത്രിയാകേണ്ടതില്ല; പകരം നിയമസഭാകക്ഷിയുടെ നിയന്ത്രണമുള്ള പാർലമെന്ററി ബോർഡ് പോലെ ഒരു സംവിധാനത്തിന്റെ അധ്യക്ഷപദം.

യുപിഎ മാതൃകയിൽ വിഎസിന് എൽഡിഎഫ് അധ്യക്ഷപദവും പൊളിറ്റ്ബ്യൂറോ ക്ഷണിതാവുപദവും എന്നതാണ് ഇനിയൊരു സൂത്രവാക്യം. പക്ഷേ, പിണറായി സർക്കാരിന്റെ ഏതു വിവാദ തീരുമാനത്തിനെതിരെയും പിബി അംഗവും മുന്നണി അധ്യക്ഷനുമായ നേതാവ് പ്രതികരിച്ചേക്കാം എന്നതുകൂടി കണക്കിലെടുക്കേണ്ടിവരും. ഫെയ്സ്ബുക്കിലും പോർമുഖം തുറന്നിരിക്കുകയാണു വിഎസ്. ടെക്നോപാർക്കിലുള്ള ഒരു സ്ഥാപനമാണു വിഎസിനുവേണ്ടി ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെങ്കിലും പോസ്റ്റുകളിൽ ‘ഉറപ്പു’കളൊന്നുമില്ല എന്നത് ഇതിനകം ചർച്ചാവിഷയം.

ടേം വച്ചുള്ള അധികാരക്കൈമാറ്റവും ആലങ്കാരികപദവികളുടെ സൃഷ്ടിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ല. പക്ഷേ, ബംഗാളിൽ വേദി പങ്കിട്ടു ചേർന്നുനിൽക്കുന്ന കോൺഗ്രസ് നേതാവിന്റെ കരം ഗ്രഹിച്ച് ഒരുമിച്ച് അഭിവാദ്യം ചെയ്യുന്ന മാറ്റത്തിനു ജനറൽ സെക്രട്ടറി തന്നെ തുനിഞ്ഞ കാലത്ത് ഏത് ഒത്തുതീർപ്പും സിപിഎമ്മിന് അന്യവുമല്ല.

Your Rating: