Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസുകുട്ടീ വിട്ടോടാ...!!! അവസാന നിമിഷം സിപിഐ നേതാക്കൾ പറഞ്ഞു

by രാഖി പാർവതി
ASHOKAN-SKETCH

സ്ഥാനാർഥി പട്ടികയിലേക്ക് പേര് ചേർക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇത്തവണ ആ സ്വപ്നം നടന്നില്ല നടൻ അശോകന്. എങ്കിലും സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടതു തന്നെ രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പായിരുന്നുവെന്ന് നടൻ പറയുന്നു. സിനിമയിലെ കൂട്ടൂകാർ‍‍ മത്സരിക്കുമ്പോൾ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ‘മനോരമ ഓൺലൈനുമായി’ പങ്കുവച്ച് അശോകൻ.

മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും സ്ഥാനാർഥികൾ... പിന്നാലെ തോമസ് കുട്ടിയും പരിഗണനയിൽ! മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഇൻ ഹരിഹര്‍ നഗറിലെ നാലു സുഹൃത്തുക്കളും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വാർത്ത പരന്നപ്പോൾ മലയാളികൾക്ക് മാത്രമല്ല, ഞങ്ങൾക്കും അതു കൗതുകമായിരുന്നു.

മഹാദേവനായി അഭിനയിച്ച മുകേഷ് സിപിഎം സ്ഥാനാർഥിയായി. അപ്പുക്കുട്ടനായി വേഷമിട്ട ജഗദീഷ് കോൺഗ്രസ് പ്രതിനിധിയായി. ‘ഗോവിന്ദൻ കുട്ടിയുടെ ടൈം ബെസ്റ്റ് ടൈം’ ആയതുകൊണ്ടാണോ എന്തോ, സിദ്ധിഖ് പട്ടികയിൽ നിന്നു പുറത്തായി. ഹരിപ്പാട് മണ്ഡലത്തിൽ സിപിഐ സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാർഥി പട്ടികയിൽ അവസാനഘട്ടം വരെ പേരുണ്ടായിരുന്നെങ്കിലും ഞാനും പട്ടികയിൽ ഇടംപിടിച്ചില്ല. ജനിച്ചു വളർന്ന നാടെന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും ഏറെ പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം പാർട്ടി നേതൃത്വം അംഗീകരിച്ചപ്പോൾ ഞാൻ പുറത്തായി.

എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിപ്പൊ സിനിമയായാലും രാഷ്ട്രീയമായാലും. എന്നാൽ ഇത് എനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള സമയം തന്നെയായാണ് ഞാൻ കാണുന്നത്. സ്ഥാനാർഥിയായില്ലെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള എന്റെ കാൽവയ്പ്പാണ്. അവസരം കിട്ടിയാൽ ഞാൻ മത്സരിക്കും.

തെരഞ്ഞെടുപ്പ് വേ സൗഹൃദം റേ..

ജഗദീഷും മുകേഷും മത്സരിക്കുന്ന മണ്ഡലങ്ങളിൽ എനിക്ക് വോട്ടില്ല. അതുകൊണ്ടു തന്നെ അവർക്കു വോട്ടു ചെയ്യുന്ന പ്രശ്നം വരുന്നില്ല. അല്ലെങ്കിലും മത്സരത്തിന് ഗോദായിലിറങ്ങുന്നവർ തമ്മിൽ സൗഹൃദമില്ലല്ലോ. അവിടെ മൽസരം മാത്രമേ ഉള്ളൂ. സിനിമയിലും കൂട്ടുകാരൻ നന്നായി അഭിനയിച്ചോട്ടെ, ഞാനതിലും കുറച്ച് അഭിനയിച്ച് അവനെ ജയിപ്പിച്ചു കളയാം എന്നൊന്നും ആരും ചിന്തിക്കില്ലല്ലോ. സിനിമയിലും പൊളിറ്റിക്സ് ഉണ്ട്. സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് പോലും ഒരു ഇലക്ഷൻ ആണെന്നു പറയാം. സൗഹൃദത്തിനപ്പുറം മൽസരമുള്ള മേഖലയാണ് ഇതും.

പ്രചരണത്തിന് ഇറങ്ങില്ല

മുകേഷും ജഗദീഷും സുഹൃത്തുക്കളാണെങ്കിലും ഇരുവർക്കും വേണ്ടി പ്രചാരണത്തിന് ഇറങ്ങ‌ില്ല. പത്തനാപുരത്ത് സിറ്റിങ് എംഎൽഎ ആയ ഗണേഷും സ്ഥാനാർഥിയായി ജഗദീഷും നേർക്കു നേർ മൽസരിക്കുകയാണല്ലോ. ഇരുവരും സുഹൃത്തുക്കളാണ്. അപ്പോൾ പിന്നെ ഞാനെങ്ങനെ പ്രചരണത്തിനിറങ്ങും.

അന്ന് തോന്നിയില്ല, ഇന്നു തോന്നുന്നു

നങ്ങ്യാർകുളങ്ങര ടികെഎം കോളജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി രാഷ്ട്രീയമെന്തെന്നറിയുന്നത്. ഇടതുപക്ഷ അനുഭാവം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എസ്എഫ്ഐ പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മൽസരിച്ച അടുത്ത സുഹൃത്ത് ജയപ്രകാശിന് വേണ്ടി വോട്ടു പിടിക്കാൻ ഞാനും ഇറങ്ങി. കലാകാരനും ഇടതുപക്ഷ അനുഭാവിയുമായിരുന്ന ജയപ്രകാശ് ജയിക്കുന്നത് ഞാൻ ജയിക്കുന്നത് പോലെയാണ് അന്ന് തോന്നിയത്. ഞങ്ങൾ തന്നെ ജയിക്കുകയും ചെയ്തു. പിന്നീട് ആലപ്പുഴയിൽ നടൻ മുരളി ഇടതുപക്ഷ സ്ഥാനാർഥിയായപ്പോഴും പ്രചാരണത്തിന് ഞാൻ പോയിരുന്നു. സത്യം പറയാമല്ലോ, അന്നവർക്കൊപ്പം നടക്കുമ്പോഴൊന്നും എനിക്ക് മൽസരിക്കണമെന്ന് തോന്നിയിട്ടേയില്ല. ഇപ്പോഴാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവാകാണമെന്നൊക്കെ തോന്നുന്നത്.

ഇത് ഭ്രാന്താലയമല്ലേ...

ഇന്ത്യയിലും വിദേശത്തുമൊക്കെയായി പല സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴാണ് കേരളത്തിന്റെ പോരായ്മകൾ മനസിലാകുന്നത്. പെട്രോളിനും ഡീസലിനും വിലവർധനയില്ലെന്നു പറഞ്ഞാലും പലപ്പോഴും കൂട്ടുന്നു. ഒന്നിച്ചു കൂട്ടുമ്പോൾ മാത്രമാണ് ആളുകൾ ഹർത്താലിനു പിന്നാലെ ഓടുന്നത്. അല്ലെങ്കിൽ തന്നെ ഹർത്താലുകൾ നടത്തുന്നത് വഴി എന്ത് പ്രയോജനമാണ് ഇവിടെ ഉണ്ടാകുന്നത്. ഇത്രയും വൃത്തി ഹീനമായ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മറ്റെവിടെയെങ്കിലും ഉണ്ടോ? പല റോഡുകളിലും തെരുവു വിളക്കുകളോ സ്ഥലങ്ങൾ കാണിക്കുന്ന ബോർഡുകളോ സിഗ്നലോ ഇല്ല. ഇനിയും കുടിവെള്ളമെത്താത്ത എത്രയോ പ്രദേശങ്ങൾ ഉണ്ട്. ഇതിനോടൊന്നും എതിരെ ഒറ്റക്കട്ടായി നിന്ന് പ്രതികരിക്കാൻ ജനങ്ങൾക്ക് താൽപ്പര്യമില്ല. ഇവിടെ നടക്കുന്ന അതിക്രമങ്ങൾക്കും കുറവുണ്ടോ? സ്വാമി വിവേകാനന്ദൻ വർഷങ്ങൾക്ക് മുൻപേ അഥാണ് പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണെന്ന്. അതു നൂറു ശതമാനം സത്യമാണ്...

സിനിമാക്കാർ രാഷ്ട്രീയത്തിലേക്കിറങ്ങട്ടെ

സിനിമാ നടന്മാരോ നടികളോ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് നല്ലതെന്നു തന്നെയേ പറയാനുള്ളൂ. മറ്റേതു പ്രൊഫഷനിൽ നിന്നു ആളുകൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ട്. എന്നാൽ സാമൂഹ്യ ജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന സിനിമ പോലൊരു പ്രൊഫഷനിലുള്ളവർക്ക് ജനങ്ങളുടെ പൾസ് അറിയാൻ കഴിയും. സിനിമകളിലൂടെ അവരുടെ സ്വീകരണ മുറികളിലെത്തുന്ന നടീ നടന്മാരോട് ആരാധനയും അടുപ്പവും കാണിക്കുന്നത് അത് കൊണ്ടാണ്.

സിനിമയുടെ ജയവും പരാജയവും പൊളിറ്റിക്സും അറിയാവുന്നവർക്ക് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരായി ജനങ്ങളിലേക്കെത്താൻ കഴിയും. എംപി യായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെൻറ് ചേട്ടൻ മികച്ച പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ഇടയിൽ മികച്ച ഒരു രാഷ്ട്രീയ നേതാവ് കൂടിയായില്ലേ. രാഷ്ട്രീയം മറന്നു പോലും ആളുകൾ അദ്ദേഹത്തെ അംഗീകരിക്കുന്നു.

സിനിമ‍യിൽ രാഷ്ട്രീയ കഥകളുണ്ട്. അതും സമൂഹത്തിൻറെ നേർക്കാള്ചകളാണ്. ഓരോ കാലഘട്ടത്തിലും രാഷ്ട്രീയ സിനിമകൾ ഇവിടെ ഉണ്ടാകുന്നു. സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോഴാണ് ഞാൻ രാഷ്ട്രീയക്കാരനായി വേഷമിട്ട ജാലകം, ന്യൂഡൽഹി എന്നീ കഥാപാത്രങ്ങൾ മനസിൽ വരുന്നത്. അവയൊക്കെ തന്നെ ജീവിച്ചിരുന്ന പല രാഷ്ട്രീയക്കാരുമായി കടുത്ത സാദൃശ്യമുള്ളവയായിരുന്നു.

എനിക്ക് പ്രചോദനം

രാഷ്ട്രീയത്തിലേക്ക് വരുന്നത് മറ്റൊരു മേഖലയിൽ നിന്നാണെങ്കിലും ഈ മേഖലയിലേക്കിറങ്ങാൻ എനിക്ക് ഏറെ പ്രചോദനമായത് രാജിവ് ഗാന്ധിയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. പാർട്ടിയോട് അനുഭാവമില്ലെങ്കിൽ പോലും എനിക്ക് അദ്ദേഹം എന്നും ഒരു മികച്ച റോൾ മോഡലാണ്. പൈലറ്റ് ആയിരുന്ന അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന് ഇന്ത്യക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാ രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാർക്കും കണ്ടു പഠിക്കാവുന്നത് തന്നെയാണ്. പിന്നെ ഇഎംഎസിൻറെ നേതൃത്വവും വ്യക്തിത്വവും. ഇവർക്കൊപ്പം തന്നെ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് വി.എസ്. ഈ പ്രായത്തിലും കെടാത്ത ആത്മ ധൈര്യവും ജനങ്ങളുമായുള്ള ഇടപെടലും അദ്ദേഹത്തെ പാർട്ടിക്കപ്പുറം ഒരു മികച്ച ജനനേതാവാക്കി മാറ്റി.
 

Your Rating: