Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാതാരം ആണെന്നു കരുതി വോട്ടു ചെയ്യല്ലേ, ‘പണി പാളും’!

santhosh-pandith

സിനിമ താരങ്ങളെ നിർത്തുകയാണെങ്കിൽ മുൻനിര താരങ്ങളെ വേണം സ്ഥാനാർഥികളാക്കാൻ. അല്ലാതെ കോമഡി പറഞ്ഞു നടക്കുന്നവരെയല്ല. സിനിമാ നടനായിട്ടും ഇലക്ഷൻ ഡ്യൂട്ടിക്ക് പോയി കഥകൾ അടക്കം തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ‘മനോരമ ഓൺലൈനു’മായി പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്.

‘‘സന്തോഷ് സാറെ നാളെ നിങ്ങളും എംപിയോ എംഎൽഎയോ ഒക്കെയാവുമോ?’’ ട്രെയിൻ യാത്രയിൽ സ്ഥിരമായി ഈ ചോദ്യം കേട്ട് എനിക്കു മടുത്തിരിക്കുന്നു. ആരാധകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സിനിമാ താരങ്ങളെ സ്ഥാനാർഥിയാക്കാൻ പാർട്ടികൾ മത്സരിക്കുവല്ലേ. അപ്പോൾ ജനങ്ങൾ സ്വാഭാവികമായി ചോദിച്ചു പോകും.

പിഡബ്ല്യൂഡി ഇറിഗേഷന്‍ വകുപ്പിൽ ജോലിക്കു കയറുമ്പോൾ എനിക്ക് 18 വയസ്. പത്ത് വർഷത്തെ സർക്കാർ സർവീസിന് രണ്ടു വർഷം മുമ്പാണ് വിരാമമിട്ടത്. സർവീസിലുണ്ടായിരുന്ന കാലത്തോളം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവരെ ഞാൻ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയിരുന്നു. അപ്പോഴെല്ലാം പോസ്റ്റൽ വോട്ടാണ് ചെയ്തിരുന്നത്. കഴിഞ്ഞ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യമായി ജനങ്ങളുടെ കൂടെ ക്യൂവിൽ നിന്ന് വോട്ട് ചെയ്യുന്നത്.

കോഴിക്കോട് നരിക്കുനിയാണ് എന്റെ നാട്. തിരക്കുകുറഞ്ഞ സമയത്തായിരുന്നു ഞാൻ വോട്ടു ചെയ്യാൻ എത്തിയത്. ആദ്യം കണ്ടപ്പോൾ ആളുകൾക്കെല്ലാം സംശയം. ഇത് സന്തോഷ് പണ്ഡിറ്റ് തന്നെയാണോ അതോ അപരനോ എന്നൊക്കെ ചോദിച്ചുതുടങ്ങി. ഞാൻ നാട്ടിൽനിന്ന് വിട്ടുനിന്നിട്ട് ആറു വർഷമായിരുന്നു. അതുകൊണ്ടുതന്നെ നാടുമായുള്ള ബന്ധം കുറവായിരുന്നു. പുതുതായി വന്ന ആളുകൾക്കൊന്നും എന്നെ അറിയില്ലായിരുന്നു. ആദ്യം ചെറിയൊരു കൂട്ടമേ ഉണ്ടായിരുന്നുള്ളൂ... പിന്നെ ആളുകളെല്ലാം അറിഞ്ഞുപിടിച്ച് വന്നപ്പോഴേക്ക് ഞാൻ അവിടെനിന്ന് രക്ഷപ്പെട്ടു.

ശരിക്കും കഷ്ടപ്പെട്ടത് ലോകസഭാ തിരഞ്ഞെുടപ്പിനായിരുന്നു. സിനിമയിൽ വന്നശേഷം ആദ്യത്തെ ഇലക്ഷൻ ‍‍ഡ്യൂട്ടിയായിരുന്നു അത്. എന്നെ കണ്ട് ജനങ്ങളുടെ ആവേശവും മീഡിയ കവറേജുമെല്ലാം കൂടിയായപ്പോൾ ബൂത്തിലേക്ക് ആളൊഴുകി. വോട്ടർമാരെല്ലാം വോട്ടില്ലാത്ത മക്കളെ വരെ ഒപ്പം കൂട്ടി. ആകെ ബഹളം. വിവരം അറിഞ്ഞ് ആ ബൂത്തിലെ വോട്ടർമാർ അല്ലാത്തവരും എത്തിയതോടെ കളി കാര്യമായി. ഒടുവിൽ കൂടുതൽ പോലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.

ജീവിച്ചിരിക്കുന്ന മുഴുവൻ ആളുകളും അന്നുവന്ന് വോട്ടുചെയ്തു എന്നാണ് തോന്നുന്നത്. 93 ശതമാനം പോളിങ്ങാണ് എന്റെ ബുത്തിൽ രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ചുമണിക്ക് പോളിങ് സമയം കഴിഞ്ഞ് ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ കൊടുക്കണം എന്നാണ് നിയമം. സാധാരണഗതിയിൽ 40–50 പേരാകും പരമാവധി ക്യൂവിലുണ്ടാവുക. എന്റെ ബൂത്തിൽ നിന്നിരുന്നതാകട്ടെ മുന്നൂറോളം പേർ! പിന്നീട് പലരും പറഞ്ഞു നിങ്ങൾക്ക് ഇൗ ഡ്യൂട്ടി ഒഴിവാക്കാമായിരുന്നു എന്ന്.

ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും

എന്നെപ്പോലൊരു സെലിബ്രിറ്റി കഴിയുന്നതും പാർട്ടി അനുഭാവം പുറത്തു കാട്ടാത്തതാണ് ബുദ്ധിയെന്ന പക്ഷക്കാരനാണ് ഞാൻ. കാരണം അതൊരുപാട് ദോഷം ചെയ്യും. തുറന്നു പറഞ്ഞാലും ഇല്ലെങ്കിലും ലോകത്ത് ഏതു മനുഷ്യനും ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയോട് ചായ്വുണ്ടാവും. നമ്മുടെ സുഹൃത്തുകളിൽ എല്ലാതരം ആളുകളും ഉണ്ടാവും. പാർട്ടി അനുഭാവം പറഞ്ഞാൽ അതു സൗഹൃഗത്തെ വരെ ബാധിച്ചേക്കാം. ആരാധകരെയും നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഇവിടെ പതിവു പോലെ എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരും. എന്നാൽ ഒന്നുറപ്പാണ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടിസ്ഥാനപ്പെടുത്തിയാൽ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കും. എൻഡിഎയ്ക്ക് പരമാവധി മൂന്നു സീറ്റ്, അതാണെന്റെ പ്രവചനം.
താര രാഷ്ടീയം

രാഷ്ട്രീയത്തിൽ നേതാക്കന്മാരെയാണ് ആവശ്യം സിനിമാതാരങ്ങളെയല്ല. നമ്മുടെ നിയമസഭയിലെ പ്രശ്നങ്ങളായാലും പാർലമെന്റ് ഏരിയയിലെ പ്രശ്നങ്ങളായാലും അത്തരം പ്രശ്നങ്ങൾ നിയമസഭയിലും പാർലമെന്റിലും അവതരിപ്പിക്കാനുള്ള വിവരവും അതിനുള്ള ഭാഷയും ഒക്കെയുള്ള ചങ്കുറപ്പുള്ള ആളുകളെയാണ് ലീഡർ എന്നുവിളിക്കുന്നത്. ആ ഗണത്തിൽപ്പെട്ട ആളുകളെയാണ് രാഷ്ട്രീയത്തിൽ വേണ്ടത്. അല്ലാതെ നിയമസഭയിലോ പാർലമെന്റിലോ പോയി കോമ‍ഡി പറയാനോ പഞ്ച് ഡയലോഗ് പറയാനോ അല്ല. ഒരു സിനിമാക്കാരന് ഇൗ ഒരു ലീഡർഷിപ്പ് ക്വാളിറ്റിയുണ്ടെങ്കിൽ ആ വ്യക്തിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ തെറ്റില്ല. അതേസമയം ഇതൊന്നും ഇല്ലാതിരിക്കുകയും പത്ത് സിനിമയിൽ അഭിനയിക്കുകയും കുറച്ച് ആരാധകർ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരാളെ പത്ത് വോട്ട് കിട്ടും എന്നുകരുതി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത് കാലങ്ങളോളം കൊടിപിടിച്ചു നടന്ന പാർട്ടി പ്രവർത്തകരോട് ചെയ്യുന്ന ചതിയാണ്. പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻപോലും ബലിയർപ്പിക്കാൻ പോലും തയാറാവുകയും മുന്നിൽനിന്ന് പട നയിക്കുകയും ചെയ്തിരുന്ന ആളുകളെ ഒഴിവാക്കി ഏതെങ്കിലും ഒരു നടനേയോ നടിയേയോ സ്ഥാനാർഥിയായി കെട്ടിയിറക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകത്തിലും മത്സരിക്കാനിറങ്ങുന്നത് മുൻനിര താരങ്ങളാണ്. ഇവിടെ മാത്രമാണ് കോമേഡിയൻമാരും സഹനടൻമാരും സ്ഥാനാർഥികളാകുന്നത്. ഗണേഷ് കുമാർ മാത്രമാണ് ഇതിനൊരപവാദം. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വന്നയാളാണ് അദ്ദേഹം. മന്ത്രിയെന്ന നിലയിൽ കഴിവു തെളിയിച്ചയാൾ. മറ്റുള്ളവരെ അദ്ദേഹത്തിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല. ഇവിടെ മത്സര രംഗത്തുള്ള നടന്മാരും നടികളും യഥാർത്ഥത്തിൽ അത്ര ആരാധകർ ഉള്ളവരൊന്നുമല്ല.

ഇന്നസെന്റ് ചേട്ടന്റെ വിജയമാണ് സിനിമാക്കാരനെ നിർത്തിയാൽ വിജയിക്കും എന്ന തോന്നലിലേക്ക് രാഷ്ട്രീയ പാർട്ടികളെ എത്തിച്ചതെന്നു കരുതുന്നു. ഇവരെല്ലാം സ്വന്തം കഴിവു തെളിയിക്കുകയാണെങ്കിൽ നല്ലതാണ്. അതല്ലാതെ സിനിമാതാരങ്ങളുടെ ഗ്ലാമർ കണ്ട് വോട്ടുകൊടുത്താൽ ഒരു ദിവസമേ നിങ്ങൾക്ക് സന്തോഷിക്കാൻ വകയുണ്ടാവൂ... അഞ്ചു വർഷം നിങ്ങൾ വേദനിക്കേണ്ടിവരും. കാരണം സിനിമാക്കാരനാണെന്നു കരുതി നിങ്ങളുടെ പ്രശ്നം അയാൾക്ക് എവിടെയും അവതരിപ്പാക്കാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വന്നാൽ ‘പണി പാളും...’

Your Rating: