Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയമോ, തനിക്ക് പറ്റിയ മേഖലയല്ലെന്ന് മലയാളികൾ‍ക്ക് ‘സന്ദേശം’ നൽകിയ സംവിധായകൻ സത്യൻ അന്തിക്കാട്

sathyan-anthikad

ഭൂതകാലത്തിന്റെ രാഷ്ട്രീയ ചരിത്രങ്ങളിലോ കാമ്പസിലെ ഇലക്ഷൻ പ്രകടനങ്ങളിലോ മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പേര് എഴുതപ്പെട്ടിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടത് രാഷ്ട്രീയ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളുടെയും കഥാപാത്രങ്ങളുടെയും നേർക്കാഴ്ചകളാണ്. ഇതിന്‍റെ കാരണം സത്യൻ തന്നെ പറയുന്നു, ഞാൻ ഒരു തികഞ്ഞ രാഷ്ട്രീയ നിരീക്ഷകനാണ്... ഇലക്ഷൻ കാലത്തെ രസകരമായ അനുഭവങ്ങൾ ‘മനോരമ ഓൺലൈനു’മായി പങ്കിട്ട് സത്യൻ അന്തിക്കാട്.

എനിക്ക് ഇരട്ടക്കുട്ടികളാണ്. അഖിലും അനൂപും. കാഴ്ചയിൽ ഒരു പോലെയുള്ള രണ്ടു പേർ. ഒരു തിരഞ്ഞെടുപ്പ് കാലം. വോട്ട് ചെയ്യാൻ ഞാനും ഭാര്യ നിമ്മിയും അഖിലും ബൂത്തിലേക്ക് ചെന്നു. അന്തിക്കാട്ടുള്ള ഞാൻ പഠിച്ച സ്കൂളിലായിരുന്നു വോട്ട്. ഞങ്ങൾ മൂന്നു പേരും ക്യൂവിൽ നിൽക്കുമ്പോള്‍ മാധ്യമ പ്രവർത്തകരും ചുറ്റു കൂടി. അങ്ങനെ ആകെ ഒരു ഇലക്ഷൻ ചൂടിൽ നിൽക്കുമ്പോൾ പിന്നിൽ നിന്ന് ഒരാൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു– ‘സാർ മോനോട് ക്യൂവിൽ നിന്നു മാറി നിൽക്കാൻ പറയൂ. ആരെങ്കിലും കണ്ട് വെറുതെ പ്രശ്നമുണ്ടാക്കണ്ട. കുറച്ചു മുമ്പ് ഈ പയ്യൻ വന്ന് വോട്ട് ചെയ്ത് പോയതേ ഉള്ളൂ. ഇപ്പോഴത്തെ കുട്ടികളല്ലേ, വെറുതെ ഒരു രസത്തിന് വീണ്ടും കയറി നിന്നതാകും.’

എനിക്ക് പെട്ടെന്ന് ഒന്നും മനസിലായില്ല. അഖിലാകട്ടെ ‘ഞാനല്ല അച്ഛാ’ എന്ന മട്ടിൽ ദയനീയ ഭാവത്തോടെ നോക്കുകയാണ്. ‘വേഗം മാറിക്കോളൂ’... അയാൾ സെക്കൻഡ് വാണിങ് നൽകി. അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഇരട്ട മക്കളിൽ ഒരാൾ, അനൂപ് കുറച്ചു മുൻപാണ് വോട്ട് ചെയ്ത് തിരികെ പോയത്. അവന് മറ്റെന്തോ തിരക്കുണ്ടായിരുന്നതിനാൽ ഒറ്റയ്ക്കു വോട്ടു ചെയ്തു മടങ്ങുകയായിരുന്നു.

കാര്യം പറഞ്ഞപ്പോൾ ഇടപെട്ടയാൾക്കും ജാള്യം. ഇലക്ഷൻ ഡ്യൂട്ടിക്ക് മറ്റുസ്ഥ ലങ്ങളിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരായിരിക്കുമല്ലോ സാധാരണയായി എത്തുന്നത്. എന്നോട് വന്ന് ഈ സംശയം പ്രകടിപ്പിച്ച ആളും അത്തരത്തിൽ ഡ്യൂട്ടിക്കായി അന്തിക്കാട് വന്നതാണ്. എനിക്ക് ഇരട്ടക്കുട്ടികളാണെന്ന വിവരം അറിയാത്ത അദ്ദേഹത്തോട് ഞാൻ കാര്യം പറഞ്ഞു. അഖിൽ അദ്ദേഹത്തിന് ഷേക്ക് ഹാൻഡ് കൊടുത്തു. ആൾ മാറാട്ടം നടത്തിയെന്ന പേരിൽ ആരോപണ വിധേയനായ അഖിൽ അങ്ങനെ രക്ഷപ്പെട്ടു എന്നു പറയുന്നതാകും ശരി. ക്ലൈമാക്സില്‍ പൊട്ടിച്ചിരി.

ഓർമകൾക്ക് ഒരു‌ വോട്ട്

തെരഞ്ഞെടുപ്പ് കാലം എനിക്ക് ഓർമകളുടെ കാലം കൂടിയാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ‘സന്ദേശം’ സിനിമ തന്നെ. 25 വർഷം പിന്നിടുമ്പോഴും മലയാളികൾക്കിടയിൽ സിനിമയും അതിലെ ഡയലോഗുകളും പ്രസക്തമായി നിൽക്കുന്നു. സിനിമ ഇറങ്ങി പിറ്റേ വർഷത്തെ ഇലക്ഷൻ മുതൽ തന്നെ അതിലെ പൊളിറ്റിക്കൽ സറ്റയറായ ഡയലോഗുകൾ ചർച്ചാ വിഷയമാണ്. അന്ന് ആ സിനിമ ഇറങ്ങുമ്പോൾ ഇത്തരത്തിൽ അത് ചർച്ചാ വിഷയമാകുന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പ്രശാന്ത് എന്ന ഒരു തിരുവല്ലാക്കാരൻ ഒരു വിവാഹ ക്ഷണക്കത്ത് വീട്ടിലേക്ക് അയച്ചു. സിനിമയിൽ ശങ്കരാടിച്ചേട്ടൻ പാർട്ടി തോറ്റതിന് നൽകുന്ന വിശദീകരണം മാതൃകയാക്കി തയാറാക്കിയതായിരുന്നു ആ കത്തിലെ വരികൾ. സിനിമ ഇറങ്ങുമ്പോൾ ആ കുട്ടികൾക്ക് ഒന്നോ രണ്ടോ വയസാകും പ്രായം. പുതിയ തലമുറ അത് പുതുമയോടെ അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

ഞാൻ ഒരിക്കലും രാഷ്ട്രീയപ്രവർത്തകനായിട്ടില്ല. ഞാനൊരു രാഷ്ട്രീയ നിരീക്ഷകനാണ്. അത് കൊണ്ടാണ് സന്ദേശവും ഒരു ഇന്ത്യൻ പ്രണയ കഥയും പോലുള്ള ചിത്രങ്ങൾ എനിക്ക് സംവിധാനം ചെയ്യാൻ കഴിഞ്ഞതും. ഒരിക്കലും രാഷ്ട്രീയ പ്രവർത്തകനോ നേതാവോ ആകാൻ ആഗ്രഹിക്കുന്നില്ല. കോളജ് കാലത്തു പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഞാൻ പണ്ടേ പുസ്തകവും സിനിമയും ഇഷ്ടപ്പെട്ടിരുന്ന ആളാണ്.

സിനിമക്കാരോട് അയിത്തം വേണ്ട

സിനിമാക്കാരെ അങ്ങനെ വേർതിരിച്ചു കാണേണ്ട കാര്യമുണ്ടോ എന്നാണെൻറെ ചോദ്യം. സമൂഹത്തിലെ ഏതൊരാളെയും പോലെ അവരും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളുമായി ബന്ധമുള്ളവരാണ്. ഒരു ബാങ്കുദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റേതൊരു പ്രൊഫഷനിൽ ഇരിക്കുന്ന ആളോ സ്ഥാനാർഥിയാകുന്നതിനേക്കാൾ കൂടുതൽ ജനങ്ങളുമായി അടുത്തു നിൽക്കുന്നതും സിനിമാതക്കാർ തന്നെയാമെന്ന അഭിപ്രായമാണെനിക്ക്. ഇവിടെ രാഷ്ട്രീയ ബോധമുള്ള ആർക്കും മൽസരിക്കാം. അതു തന്നെയാണല്ലോ ജനാധിപത്യത്തിന്റെ ശക്തി.  

Your Rating: