Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുപേരും വിറ്റത് സ്വപ്നങ്ങൾ; മടങ്ങിവരുമ്പോൾ മോദി നീരവിനെ കൊണ്ടുവരണം: രാഹുൽ

Rahul Gandhi കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഷില്ലോങ്∙ പഞ്ചാബ് നാഷനൽ ബാങ്കിൽ സാമ്പത്തികതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുമ്പോൾ നീരവ് മോദിയെയും കൊണ്ടുവരണം എന്നാണു രാഹുൽ മോദിയോട് ആവശ്യപ്പെട്ടത്. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ എല്ലാവർക്കുംവേണ്ടി ഈ മോദിയോടു (പ്രധാനമന്ത്രി) അഭ്യർഥിക്കുകയാണ്, മറ്റേ മോദിയെ (നീരവ്) വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുമ്പോൾ കൂടെ കൊണ്ടുവരണം. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം തിരിച്ചുകിട്ടിയാൽ രാജ്യം താങ്കളോടു വളരെയധികം നന്ദിയുള്ളവരായിരിക്കും’– രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിയെയും നീരവ് മോദിയെയും താരതമ്യം ചെയ്തും രാഹുൽ സംസാരിച്ചു.

സ്വപ്നങ്ങൾ കൊണ്ടുണ്ടാക്കിയത് എന്ന അവകാശവാദത്തോടെയാണു നീരവ് മോദി വജ്രം വിൽക്കുന്നത്. സർക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ സ്വപ്നങ്ങൾ നൽകി ഉറക്കിക്കിടത്തി പൊതുപണവുമായി അയാൾ കടന്നുകളഞ്ഞു. വർഷങ്ങൾക്കു മുൻപു മറ്റൊരു മോദി (പ്രധാനമന്ത്രി) ഇന്ത്യക്കാർക്കു സ്വപ്നങ്ങൾ വിറ്റു. ‘അച്ഛേ ദിൻ’, എല്ലാവരുടെ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം, രണ്ടു കോടി തൊഴിലവസരം.. അങ്ങനെ നിരവധി സ്വപ്നങ്ങൾ – രാഹുൽ വിശദീകരിച്ചു.

ജോലി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മോഹിച്ച് 2014ലെ പൊതുതിരഞ്ഞെടു‌പ്പിൽ ജനം നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിച്ചു. അധ്വാനത്തിനു മികച്ച പ്രതിഫലം കിട്ടുമെന്നു കർഷകർ പ്രതീക്ഷിച്ചു. തുല്യ അവകാശവും ഭൂമിയും കിട്ടുമെന്നും പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കപ്പെടുമെന്നും ആദിവാസികൾ വിചാരിച്ചു.

പക്ഷെ, സർക്കാരിന്റെ കാലാവധി തീരാറായി. പ്രതീക്ഷ, സുരക്ഷിതത്വം, സാമ്പത്തിക വളർച്ച തുടങ്ങിയവയ്ക്കു പകരം നിരാശയും തൊഴിലില്ലായ്മയും പേടിയും വെറുപ്പും ആക്രമണങ്ങളുമാണു കിട്ടിയത്. വായ്പാത്തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യ, നീരവ് മോദി എന്നിവരുടെ സംഭവങ്ങൾ കാണിക്കുന്നത്, അഴിമതി ഇല്ലാതാക്കുമെന്നതല്ല സർക്കാർ നയമെന്നും അതിൽ സജീവമായി പങ്കാളികളാക്കുമെന്നതാണെന്നും രാഹുൽ ‌പറഞ്ഞു.

ജനങ്ങളുടെ പണം ബാങ്കിലിടാന്‍ നിര്‍ബന്ധിച്ച പ്രധാനമന്ത്രി ആ പണം കൊള്ളയടിച്ചിട്ടും മറുപടി പറയുന്നില്ലെന്നു കഴിഞ്ഞ ദിവസവും രാഹുൽ ആരോപിച്ചിരുന്നു. അതേസമയം, പഞ്ചാബ് നാഷനൽ‌ ബാങ്ക് സാമ്പത്തികത്തട്ടിപ്പു നടന്നത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

മേഘാലയയിൽ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ വലിയ വികസനമാണു നടന്നിട്ടുള്ളത്. രാജ്യത്തെ കഠിനാധ്വാനികളായ മുഖ്യമന്ത്രിമാരിൽ ഒരാളാണു സാങ്മ. ബിജെപിയുടെ ബി ടീമായ നാഷനൽ പീപ്പിൾസ് പാർട്ടിക്കു (എൻപിപി) ജനം വോട്ടു ചെയ്യരുതെന്നും രാഹുൽ ഓർമിപ്പിച്ചു. ഈമാസം 27നാണു മേഘാലയയിൽ തിരഞ്ഞെടുപ്പ്.

related stories