Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാണി വിഷയം’ ഇതുവരെ പറഞ്ഞിട്ടില്ല: കോടിയേരി

Kodiyeri-Balakrishnan

തൃശൂർ∙ കെ.എം.മാണിയെ ഇടതുമുന്നണിയിൽ എടുക്കുമെന്നു സിപിഎം ഇതുവരെ പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു കോടിയേരി. ഇല്ലാത്ത കാര്യമാണു സിപിഐ പറഞ്ഞുനടക്കുന്നത്. മാണിയെ മുന്നണിയിലെടുക്കുന്നതു കേന്ദ്ര നേതൃത്വവുമായി ചർച്ചചെയ്ത ശേഷം മാത്രമേ ഉണ്ടാകൂ- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയെന്നോണം കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ നിൽക്കുന്ന മുന്നണിയെ തകർക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നിന്നു വ്യത്യസ്തമായ ഒരു അഭിപ്രായവും താൻ സ്വീകരിച്ചിട്ടില്ലെന്നും ഒരു അഭിപ്രായവും താൻ പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് ബന്ധം സംബന്ധിച്ച ആരോപണങ്ങൾക്ക് യച്ചൂരി മറുപടി നൽകി. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എംഎൽഎയുടെയും പേരെടുത്തു പറഞ്ഞായിരുന്നു യച്ചൂരിയുടെ മറുപടി.

പൊലീസിനെ ഭരിക്കാൻ പോകരുത്

തൃശൂർ ∙ പാർട്ടി ഭരിക്കുന്നു എന്നതോർത്ത് പൊലീസിനെ ഭരിക്കാൻ ആരും പോകേണ്ടതില്ലെന്നും അവിടെനിന്ന് എല്ലാവർക്കും തുല്യനീതി കിട്ടുമെന്ന് ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോൾ സിപിഎം മുൻകൈ എടുത്ത് അക്രമവും കൊലപാതകവും നടത്തിക്കൂടാ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്. പാർട്ടി ഓഫിസുകൾക്കും വീടുകൾക്കും നേരെയുള്ള ആക്രമണം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

രാഷ്ട്രീയ കൊലപാതകങ്ങൾക്കു പാർട്ടി എല്ലാക്കാലവും എതിരാണ്. അതിനു വിരുദ്ധമായ നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടിയുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിസഭയ്ക്കെതിരെ ഉയർന്ന പരാതികൾ പരിശോധിക്കും. തദ്ദേശഭരണം ഉൾപ്പെടെ ചില വകുപ്പുകളെക്കുറിച്ച് പോരായ്മകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതു പരിഹരിക്കും. വിമർശനങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടുപോകും. സർക്കാരിന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിഹരിക്കുമെന്നും കോടിയേരി മറുപടി നൽകി.

related stories