Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി, പോസ്റ്റർ, ഭീഷണി... ഗുജറാത്തിൽ വിവാദച്ചുഴലി

modi-rally ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രവർത്തകർ ഹാരമണിയിച്ചപ്പോൾ.

അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ കലാശക്കൊട്ടിനു ശേഷം അവസാനവട്ട തന്ത്രങ്ങളുമായി ബിജെപിയും കോൺഗ്രസും. അവസാന ഘട്ടത്തിലും പ്രകടനപത്രികയിലെ ക്ലൈമാക്സ് ബാക്കിവച്ചു ബിജെപി നിശബ്ദപ്രചാരണത്തിനു കരുനീക്കങ്ങൾ നടത്തുമ്പോൾ കോൺഗ്രസ് കൂടുതൽ വോട്ടർമാരിലേക്കെത്താനുള്ള തന്ത്രങ്ങളിലാണ്. സമൂഹമാധ്യമങ്ങളെയാണ് ഇരുപക്ഷവും കൂടുതലും ആശ്രയിക്കുന്നത്.

പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ കോൺഗ്രസ് നേതാവു മണിശങ്കർ അയ്യരുടെ ‘താഴ്ന്ന ജാതി’ പരാമർശമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമാക്കിയത്. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിനു വോട്ട് ചെയ്യൂ എന്ന ആഹ്വാനങ്ങൾ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ ബിജെപിയുടെ കൈകളാണെന്നാരോപിച്ചു കോൺഗ്രസും ആക്രമണം ശക്തമാക്കി. പ്രചാരണ വിഷയങ്ങളിൽനിന്നു വികസനം മാറിനിന്ന അവസാന രണ്ടുനാളിൽ അയോധ്യയും ബാബറി മസ്ജിദും മുത്തലാഖും മറ്റുമാണു പ്രചാരണങ്ങളിൽ ഇടംപിടിച്ചത്.

ഞാൻ താഴ്ന്ന ജാതിക്കാരൻ തന്നെ: മോദി

പ്രധാനമന്ത്രി മോദിയെ ‘തരംതാഴ്ന്നവൻ’ എന്നു കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ വിളിച്ചതു ബിജെപി ആയുധമാക്കി. മോദി നേരിട്ട് അതിനോടു പ്രതികരിച്ചു. താഴ്ന്ന ജാതിയെന്ന പരാമർശത്തോടെ കോൺഗ്രസ് ഗുജറാത്തികളെയാണ് അപമാനിച്ചത് എന്ന കുറ്റപ്പെടുത്തലോടെയാണു മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. ശരിയാണ്, ഞാൻ സമൂഹത്തിലെ ദുർബലവിഭാഗത്തിൽനിന്നു തന്നെയാണു വരുന്നത്. ആദിവാസി. ദലിത്, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനു വേണ്ടി എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഇനിയും പ്രവർത്തിക്കും. അവരെന്തുതന്നെ പറഞ്ഞാലും നമ്മൾ പ്രവർത്തിക്കും – മോദി പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് അവർ ഉപയോഗിക്കുന്നത്. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ അയ്യരുടെ ‘ചായക്കാരൻ’ പരാമർശത്തിൽനിന്നു നേട്ടമുണ്ടാക്കിയ ബിജെപി അയ്യരുടെ പുതിയ പരാമർശവും വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണു മെനയുന്നത്.

പട്ടേലിനു വേണ്ടി വിവാദ പോസ്റ്റർ

സൂറത്തിലും മറ്റും പ്രത്യക്ഷപ്പെട്ട പോസ്റ്റർ ആഹ്വാനങ്ങൾക്കു പിന്നിൽ ബിജെപിയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടു കോൺഗ്രസും അഹമ്മദ് പട്ടേലും രംഗത്തെത്തിയതു ബിജെപിയെ പ്രതിരോധത്തിലാക്കി. താൻ ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാർഥിയായിട്ടില്ലെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അഹമ്മദ് പട്ടേൽ പ്രതികരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിലൊന്നും താനില്ല. ഇത്തരം വ്യാജപോസ്റ്ററുകളും കിംവദന്തി പ്രചാരണവും ബിജെപിയുടെ കടുത്ത നിരാശയെയാണു കാണിക്കുന്നത്. 

മതവിദ്വേഷ പരാമർശം; സ്ഥാനാർഥിക്കെതിരെ ആരോപണം

ധബോയ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശൈലേശ് സോട്ട നടത്തിയ മതവിദ്വേഷ പ്രസംഗവും വിവാദത്തിലായി. ഒരു പ്രത്യേക മതവിഭാഗക്കാർ അവരുടെ ചെയ്തികളുടെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. അവരെ പേടിപ്പിക്കാൻ തന്നെയാണ് ഇതു പറയുന്നതെന്നും സ്ഥാനാർഥി പ്രചാരണയോഗത്തിൽ പറഞ്ഞതായാണ് ആരോപണം.

related stories