Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് തിരഞ്ഞെടുപ്പ്: വാക്പയറ്റിനൊടുവിൽ ‘തരംതാണ’ വിവാദം

Narendra Modi

ന്യൂഡൽഹി ∙ മണിശങ്കർ അയ്യരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കുന്നതുവരെ എത്തിച്ച വാക്‌പയറ്റ് തുടങ്ങിവച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഗുജറാത്ത് നിയമസഭാ ഒന്നാംഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമാണ് ഇതു സംഭവിച്ചത് എന്നതും ശ്രദ്ധേയമായി.

അംബേദ്‌കർ രാജ്യാന്തര കേന്ദ്രം ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രി കോൺഗ്രസിനെ ആക്രമിച്ചത് ഇങ്ങനെ: ‘അംബേദ്‌കറുടെ കരുത്ത് അവിശ്വസനീയമാണ്. വിയോഗമുണ്ടായി വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ തത്വങ്ങളെ ചവിട്ടിയൊതുക്കാൻ ശ്രമമുണ്ടായി. രാഷ്‌ട്ര നിർമാണത്തിൽ അദ്ദേഹം വഹിച്ച പങ്കു മായ്‌ച്ചുകളയാൻ ശ്രമമുണ്ടായി. അദ്ദേഹത്തിന്റെ ആശയങ്ങൾ പൊതുസ്‌മൃതിയിൽനിന്നു മായ്‌ക്കാനായില്ല. ഏതു കുടുംബത്തിനു വേണ്ടിയാണോ അദ്ദേഹത്തിന്റെ സ്‌മരണ മായ്‌ച്ചുകളയാൻ ശ്രമമുണ്ടായത്, അവരെക്കാൾ ഇപ്പോഴും അംബദ്‌കറാണു ജനത്തെ സ്വാധീനിക്കുന്നത്.’

മണിശങ്കർ ഇങ്ങനെ പ്രതികരിച്ചു: ‘മോദി മാന്യതയില്ലാത്ത, തരംതാണ മനുഷ്യനാണെന്നു ഞാൻ കരുതുന്നു. ഇത്തരമൊരവസരത്തിൽ എന്തിനാണ് അദ്ദേഹം തരംതാണ രാഷ്‌ട്രീയം കളിക്കുന്നത്?’ (തരംതാണവനെന്നതിനു നീച് എന്ന ഹിന്ദി പദമാണു മണിശങ്കർ പ്രയോഗിച്ചത്).

തുടർന്ന്, ഗുജറാത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: ‘മണിശങ്കർ അയ്യർ ഇന്നു പറഞ്ഞു, ഞാൻ താഴ്‌ന്ന ജാതിയിൽ പെട്ടവനാണെന്ന്. ഞാൻ തരംതാഴ്‌ന്നവനാണെന്ന്. ഇതു ഗുജറാത്തിനെ അപമാനിക്കലാണ്. ഇതു മുഗൾ മനോഭാവമാണ്.’

ഇതേസമയം, മണിശങ്കറിന്റെ പരാമർശത്തെ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു: ‘ബിജെപിയും പ്രധാനമന്ത്രിയും സ്‌ഥിരമായി മോശം ഭാഷയിൽ കോൺഗ്രസിനെ ആക്രമിക്കുന്നതാണ്. കോൺഗ്രസിനു ഭിന്നമായ സംസ്‌കാരവും പൈതൃകവുമാണുള്ളത്. പ്രധാനമന്ത്രിയെ മണിശങ്കർ അയ്യർ സംബോധന ചെയ്‌ത രീതിയും ഭാഷയും അംഗീകരിക്കാവുന്നതല്ല. അതിന് അദ്ദേഹം മാപ്പു പറയുമെന്നു കോൺഗ്രസും ഞാനും പ്രതീക്ഷിക്കുന്നു.’

തുടർന്ന് മണിശങ്കറുടെ വിശദീകരണം: ‘അംേബദ്‌കർ കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രി എന്തിനാണു കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആരോപണമുന്നയിച്ചത്? ഞങ്ങളുടെ നേതാക്കൾക്കെതിരെ പ്രധാനമന്ത്രി നിത്യവും മോശം പ്രയോഗങ്ങൾ നടത്തുന്നു. ഞാൻ സ്വതന്ത്രനായ കോൺഗ്രസുകാരനാണ്. പാർട്ടിയിൽ പദവിയൊന്നും വഹിക്കുന്നില്ല. എനിക്കു പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ ഭാഷയിൽ മറുപടി പറയാം. നീച് എന്നു പ്രയോഗിച്ചപ്പോൾ ഞാൻ ഉദ്ദേശിച്ചതു തരംതാണവനെന്നാണ്. ഇംഗ്ലിഷിൽ ചിന്തിച്ചിട്ടാണു ഞാൻ ഹിന്ദിയിൽ സംസാരിക്കുന്നത്. കാരണം, ഹിന്ദി എന്റെ മാതൃഭാഷയല്ല. എന്റെ പ്രയോഗത്തിനു മറ്റെന്തെങ്കിലും അർഥമുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. താഴ്‌ന്നവനായി ജനിച്ചവനെന്നു മോദിയെ ഞാൻ വിളിച്ചിട്ടില്ല.’

മണിശങ്കറിനെതിരെയുള്ള പാർട്ടി നടപടി വിശദീകരിച്ചു രൺദീപ് സുർജേവാല: ‘നടപടി വ്യക്‌തമാക്കുന്നതു കോൺഗ്രസിന്റെ ഗാന്ധിയൻ നേതൃത്വവും രാഷ്‌ട്രീയ പ്രതിയോഗികളോടുള്ള ബഹുമാനവുമാണ്. ഇത്തരത്തിൽ പെരുമാറാൻ പ്രധാനമന്ത്രിക്കു സാധിക്കുമോ?’

നാവിൽ വികടന്റെ വിളയാട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചു മണിശങ്കർ അയ്യർ വിവാദത്തിലാകുന്നത് ഇതു രണ്ടാം തവണയാണ്. 2014ൽ പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മോദിയെ ‘ചായ വിൽപനക്കാരൻ’ എന്നു മണിശങ്കർ വിളിച്ചതു വിവാദമായിരുന്നു. ബിജെപി അത് പ്രചാരണായുധമാക്കി. 1998ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയെ കഴിവുകെട്ടവൻ എന്നു മണിശങ്കർ വിളിച്ചു. പിന്നീടദ്ദേഹം മാപ്പുപറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു രാഹുൽ ഗാന്ധി പത്രിക നൽകിയപ്പോൾ മുഗൾ ഭരണവും ഔറംഗസീബുമായുള്ള താരതമ്യത്തിലേക്കു വഴിതുറന്നതും അയ്യരുടെ വാക്കുകൾ തന്നെയായിരുന്നു.

related stories