Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ഇനി 2024 നോക്കിയാൽ മതി: പരിഹസിച്ച് യോഗി ആദിത്യനാഥ്

Yogi Adityanath

ലക്നൗ∙ ഗുജറാത്തും ഹിമാചലും കൂടി ബിജെപിയുടെ കൈപ്പിടിയിലായതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് ഇനി നോക്കേണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിഹാസം. കോൺഗ്രസ് ഇനി 2024ലെ തിരഞ്ഞെടുപ്പിനുവേണ്ടി തയാറെടുത്താൽ മതി. 2019ൽ ബിജെപിയുടെ വിജയം നിശ്ചയമാണ്. വികസനോന്മുഖമായ രാഷ്ട്രീയമെന്നതിലാണു വിശ്വസിക്കുന്നതെന്നു ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾ തെളിയിച്ചു. നിയമസഭയുടെ ശീതകാല സമ്മേളനത്തിനെത്തവെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

കോൺഗ്രസിനെയും അവരുടെ നേതൃത്വത്തെയും ജനങ്ങൾ ഒരിക്കൽക്കൂടി തള്ളിക്കളഞ്ഞു. ഇനി അവർ 2024ലേക്കുള്ള തന്ത്രങ്ങൾ മെനയട്ടേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെടുത്ത സാമ്പത്തിക പരിഷ്കരണ നടപടികൾക്കു ശക്തമായ പിന്തുണയാണു ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾ നൽകിയത്. ഇനിയും ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി മാറാൻ മോദിയെ ജനങ്ങൾ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ നേതൃത്വം അംഗീകരിക്കാൻ പ്രതിപക്ഷത്തെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണമാണു യോഗി ആദിത്യനാഥ് കാഴ്ചവച്ചത്. ദിവസങ്ങളോളം സംസ്ഥാനത്ത് ക്യാംപ് ചെയ്താണ് അദ്ദേഹം പ്രചാരണം നടത്തിയത്. ബിജെപി ഉത്തർപ്രദേശിൽ നടത്തിയ വികസന രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം സംസ്ഥാനത്തുടനീളം പ്രസംഗിച്ചത്. യുപിയിൽനിന്നുള്ള മന്ത്രിമാരും സംസ്ഥാന ബിജെപി നേതാക്കളും ഗുജറാത്തിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽനിന്നു കുടിയേറിപ്പാർത്തവർ (പൂർവൻചാലിസ്) കഴിഞ്ഞിരുന്ന മേഖലയിലാണ് ഇവർ കൂടുതലായും പ്രചാരണം നടത്തിയത്.

related stories