Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റിൽ മുല്ലപ്പെരിയാറിനെ അവഗണിച്ചു

കുമളി ∙ മുല്ലപ്പെരിയാറിനെ മറന്ന് സംസ്ഥാന സർക്കാരിന്റെ ബജറ്റ്. ബജറ്റിൽ മുല്ലപ്പെരിയാർ സംബന്ധിച്ച് ഒരു പരാമർശം പോലും നടത്താതിരുന്നത് 35 ലക്ഷത്തിലധികം ആളുകളുടെ ജീവന് സർക്കാർ വില കൽപിക്കുന്നില്ല എന്ന ആക്ഷേപത്തിനു കാരണമായി. കഴിഞ്ഞ രണ്ടു ബജറ്റുകളിലും മുല്ലപ്പെരിയാറ്റിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പണം വകയിരുത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ 100 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമർശിച്ചതേയില്ല.

മുല്ലപ്പെരിയാർ അണക്കെട്ട് ബലവത്താണെന്നു ധ്വനിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശം നടത്തിയതിനു പിന്നാലെ ബജറ്റിലും അവഗണിക്കപ്പെട്ടതോടെ പെരിയാർ തീരദേശവാസികൾ നിരാശയിലാണ്. തമിഴ്നാടിനു വെള്ളം, കേരളത്തിലെ ജനങ്ങൾക്കു സുരക്ഷ എന്ന നയമാണ് നാളിതുവരെ സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബജറ്റിലും അണക്കെട്ട് നിർമാണത്തിനായി പണം വകയിരുത്തിയിരുന്നത്.

തമിഴ്നാടുമായി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരും എന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ ഇത്തരത്തിലുള്ള ഒരു നീക്കവും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അണക്കെട്ട് ബലവത്താണെന്നു തമിഴ്നാട്. ജലനിരപ്പ് 152ലേക്ക് ഉയർത്തണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് കേരളം പ്രഖ്യാപിത നയമായ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന നിലപാടിനെ അവഗണിച്ചത്.

Your Rating: