Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്തു ഇടപാടിന് ചെലവേറും: ശമ്പളവും പെൻഷനും ട്രഷറി വഴി മാത്രം

തിരുവനന്തപുരം∙ റജിസ്ട്രേഷൻ നികുതിയിലും സ്റ്റാംപ് ഡ്യൂട്ടിയിലുമുള്ള വർധനമൂലം വസ്തു കൈമാറ്റം ഇനി ചെലവേറിയതാകും. കുടുംബാംഗങ്ങൾക്കിടയിലെ ഭൂമി ഇടപാടുകൾ പോലും ഏറെ ചെലവുവരുന്ന കാര്യമായി. മുദ്രവിലയിലും റജിസ്ട്രേഷൻ ഫീസിലും വരുത്തിയ വർധനയാണു കാരണം. വിലയാധാരത്തിനു മുദ്രപ്പത്രനിരക്കു നിലവിലുള്ള ആറു ശതമാനത്തിൽ നിന്ന് എട്ടു ശതമാനമായി വർധിപ്പിച്ചു. റജിസ്ട്രേഷൻ ഫീസ് രണ്ടു ശതമാനമായി തുടരും.

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം, ഒഴികുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവിലയും റജിസ്ട്രേഷൻ ഫീസും ഗണ്യമായി ഉയരും. നിലവിൽ മുദ്രവില പരമാവധി ആയിരം രൂപയും റജിസ്ട്രേഷൻ ഫീ പരമാവധി 25,000 രൂപയുമാണ്. ബജറ്റിൽ മുദ്രവില മൂന്നു ശതമാനമാക്കി. റജിസ്ട്രേഷൻ ഫീസിന്റെ പരിധി എടുത്തുകളഞ്ഞതോടെ അതു രണ്ടു ശതമാനമായി.

ശമ്പളവും പെൻഷനും ട്രഷറി വഴി മാത്രം

തിരുവനന്തപുരം ∙ ബജറ്റ് പ്രഖ്യാപനം നടപ്പായാൽ സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറുന്ന ശമ്പളവും പെൻഷനും ഇനി ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക്. ഓരോ ജീവനക്കാരനും ട്രഷറിയിൽ ആരംഭിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും ശമ്പളം നിക്ഷേപിക്കുക. ഇൗ അക്കൗണ്ടുകളിൽ ജീവനക്കാർ പിൻവലിക്കാതെ ബാക്കിവച്ചിരിക്കുന്ന തുക ട്രഷറി നിക്ഷേപമായി അവിടെ ഉണ്ടാകുമെന്നതാണു സർക്കാരിനുള്ള നേട്ടം.

ആകെയുള്ള 213 ട്രഷറികളിൽ 15 ഇടത്തു മാത്രമേ കോർ ബാങ്കിങ് നിലവിൽ വന്നിട്ടുള്ളൂ. ഇത് എല്ലാ ശാഖകളിലേക്കും വ്യാപിപ്പിച്ചാൽ ഏതു ട്രഷറിയിലും ഇടപാടു നടത്താൻ കഴിയും. മാത്രമല്ല, ട്രഷറി അക്കൗണ്ടിലെ പണം ആവശ്യമുള്ളപ്പോൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനുമാകും. അഞ്ചുമാസത്തിനകം കോർ ബാങ്കിങ് സൗകര്യം എല്ലാ ട്രഷറികളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

Your Rating: