Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലാറ്റുകളുടെ റജിസ്ട്രേഷന് ചെലവേറും

ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകളുടെ വില നിർണയിക്കുന്നത് ഇനി കേന്ദ്ര പൊതുമരാമത്തു വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു യോഗ്യനായ എൻജിനീയർ നൽകുന്ന സാക്ഷ്യപത്രം അടിസ്ഥാനമാക്കി. ഇതിനാവശ്യമായ നിയമ ഭേദഗതി കേരള മുദ്രപ്പത്ര നിയമത്തിൽ കൊണ്ടുവരും. ഭൂമിയുടെ ന്യായവില കണക്കാക്കാൻ മാർഗമുണ്ടെങ്കിലും കെട്ടിടത്തിന്റെ വില നിർണയിക്കുന്നതിൽ നിലവിൽ അവ്യക്തതയുണ്ട്. ഇതു വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നു കണ്ടാണു പുതിയ നടപടി.

ബാങ്കുകളുടെ എടിഎം സ്ഥാപിക്കുന്നതും മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആധാരങ്ങളുടെ മുദ്രവില ഈടാക്കുന്ന രീതിയിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനു കേരള മുദ്രപ്പത്ര നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുമെന്നും ബജറ്റിൽ പറയുന്നു.
കേരള മുദ്രപ്പത്ര നിയമം പട്ടിക 23 പ്രകാരമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്ക് 20 രൂപ, 50 രൂപ എന്നിങ്ങനെ വ്യത്യസ്ത നിരക്കുകൾ ഈടാക്കിയിരുന്നത് 50 രൂപയായി ഏകീകരിക്കും. സത്യവാങ്മൂലം, നോട്ടേറിയൽ കരണങ്ങൾ എന്നിവയുടെ മുദ്രവില നിരക്കുകൾ യഥാക്രമം 50 രൂപയായും 100 രൂപയായും വർധിപ്പിക്കും.

വില കുറച്ചു റജിസ്റ്റർ ചെയ്ത പത്തുലക്ഷത്തിലധികം കേസുകൾ സംസ്ഥാനത്തു കുടിശികയുണ്ട്. കുടിശിക തീർക്കുന്നതിന് ​ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. 2010 ഏപ്രിൽ ഒന്നിനു മുൻപു റജിസ്റ്റർ ചെയ്തതും ഒരു ഏക്കറിൽ താഴെ വിസ്തീർണമുള്ള ഭൂമി ഉൾപ്പെട്ടതുമായ ആധാരങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.

ബ്രാൻഡഡ് ഭക്ഷണശാലയിൽ ‘കൊഴുപ്പു നികുതി’

കെഎഫ്സി, ഡോമിനോസ്, മക്ഡൊണാൾഡ്സ് തുടങ്ങിയ ബ്രാൻഡഡ് റസ്റ്ററന്റുകളിൽ പോയി പ്രിയഭക്ഷണം കഴിക്കാൻ ഇനി ചെലവേറും. ഇത്തരം റസ്റ്ററന്റുകളിൽ‌ ലഭിക്കുന്നതു കൊഴുപ്പേറിയ വിഭവങ്ങളാണെന്ന നിഗമനത്തിലാകാം ഇവിടത്തെ ഭക്ഷണങ്ങൾക്കു മേൽ ചുമത്തിയ നികുതിക്കു ധനമന്ത്രി പുതിയൊരു പേരുമിട്ടു–ഫാറ്റ് ടാക്സ്. അതായത് കൊഴുപ്പു നികുതി. 14.5% ശതമാനം കൊഴുപ്പു നികുതിയായി ചുമത്തിയതോടെ ന്യൂജനറേഷൻ കുട്ടികളുടെ ഇഷ്ടഭക്ഷണങ്ങൾക്ക് ഇനി വില കുറച്ചൊന്നുമല്ല കൂടുക.

ബർഗർ, പീത്‌സ, ടാക്കോസ്, ഡോനട്സ്, സാൻവിജ്, ബർഗർ പാറ്റി, പാസ്ത, ബ്രെഡ് ഫില്ലിങ്ങുകൾ തുടങ്ങി ബ്രാൻഡഡ് റസ്റ്ററന്റുകൾ പാചകം ചെയ്തു വിൽക്കുന്ന ഭക്ഷണപദാർഥങ്ങൾക്കാണു നികുതി കൂട്ടിയിരിക്കുന്നത്.

ഭക്ഷണത്തിന് അധികം പണം മുടക്കുന്നവരെയാണു കൊഴുപ്പു നികുതി ബാധിക്കുകയെങ്കിൽ സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ടാണ് ആട്ട, മൈദ, സൂജി, റവ, ബസ്മതി അരി എന്നിവയ്ക്കുമേലുള്ള അധികനികുതി ഭാരം. നികുതി പ്രാബല്യത്തിലാകുമ്പോൾ രണ്ടുമുതൽ മൂന്നുരൂപ വരെ പാക്കറ്റ് ഗോതമ്പിനു വില വർധിക്കും. 50 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.  

Your Rating: