Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിസ്ഥാനസൗകര്യ വികസനത്തിന് 5000 കോടി രൂപ

തിരുവനന്തപുരം ∙ അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിനാണു ബജറ്റിൽ ഏറ്റവും കൂടുതൽ തുക നീക്കിവച്ചിട്ടുള്ളത്. പാലങ്ങൾ, റോഡുകൾ, മേൽപാലങ്ങൾ, ബൈപാസുകൾ എന്നിവയ്ക്കായി 5000 കോടി രൂപയാണ് മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചത്. 1535 കോടി രൂപയുടെ ബില്ലുകൾ കുടിശികയാണെന്നും നിർമാണത്തിലിരിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കുമായി 4500 കോടി രൂപ വേണ്ടിവരുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ എയർപോർട്ട്, കോഴിക്കോട് – തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹിൽ ഹൈവ, മൊബിലിറ്റി ഹബ്, സബേർബൻ കോറിഡോർ എന്നീ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ 2536 കോടി രൂപയുടെ മേജർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട്.

റോഡുകൾ, പാലങ്ങൾ

വിവിധ ജില്ലകളിലെ 68 പാലങ്ങൾക്ക് 1475 കോടിയും എട്ടു മേൽപാലങ്ങൾക്കു 180 കോടിയും നാല് അടിപ്പാതകൾക്കു 40 കോടിയും 17 ബൈപാസുകൾക്കു 385 കോടിയും 14 റെയിൽവേ മേൽപാലങ്ങൾക്ക് 295 കോടിയുമാണ് അനുവദിച്ചത്.

റെയിൽവേ

അതിവേഗ റെയിൽ പാതയുടെ രൂപരേഖ തയാറായിട്ടുണ്ടെങ്കിലും ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി അലൈൻമെന്റ് പുനർനിശ്ചയിക്കും. നിലവിലുള്ള പാതയ്ക്കു സമാന്തരമായി പുതിയ പാതയെക്കുറിച്ചു പഠിക്കാൻ 50 ലക്ഷം രൂപ. റെയിൽവേയുമായുള്ള സംയുക്ത സംരംഭത്തിന്റെ ആദ്യപദ്ധതിയായി ശബരി പാത നടപ്പാക്കും. സംസ്ഥാന വിഹിതമായി 50 കോടി രൂപ. കാഞ്ഞങ്ങാട്, പാണത്തൂർ, കണിയൂർ റെയിൽവേ ലൈനിനു സംസ്ഥാന വിഹിതമായി 20 കോടി രൂപ.

ശബരിമല

ശബരിമല മാസ്റ്റർ പ്ലാനിനു 150 കോടി രൂപ. ഇടത്താവളങ്ങൾക്കു 100 കോടിയും ക്യൂ കോംപ്ലക്സിന് 20 കോടിയും ഉൾപ്പെടെയാണിത്.

വൈദ്യുതി

കാസർകോട്ട് 200 മെഗാവാട്ട് സൗരോർജ പാർക്കിന് 1600 കോടി രൂപ. വീടുകളുടെ മേൽക്കൂരയിൽ സോളർ പാനൽ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദന പദ്ധതി ഈ വർഷം തുടങ്ങും. ആദ്യഘട്ടമായി സർക്കാർ ഓഫിസുകളുടെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ. എല്ലാ ഫിലമെന്റ്, സിഎഫ്എൽ ബൾബുകളും മാറ്റി എൽഇഡി ആക്കാനുള്ള പദ്ധതിക്ക് 250 കോടി രൂപ. സോളർ പാനലുകളും എൽഇഡി ബൾബുകളും നിർമിക്കുന്ന ഫാക്ടറി സ്ഥാപിക്കാനുള്ള പഠനത്തിന് 25 ലക്ഷം രൂപ.

ജലസേചനം

തോടുകളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണം ജലവകുപ്പിന്റെ മുഖ്യചുമതലയാക്കും. പൊഴികളുടെ ശുചീകരണത്തിനു 100 കോടി.

തുറമുഖം

ചരക്കുഗതാഗതത്തിന്റെ 20 ശതമാനം തീരക്കടൽ, കനാലുകൾ എന്നിവയിലൂടെയാക്കും. അഴീക്കൽ തുറമുഖത്തിന് 500 കോടി രൂപ. വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂർ, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ ചരക്കുഗതാഗതത്തിനും വലിയതുറ, ആലപ്പുഴ, പൊന്നാനി, തലശേരി, കാസർകോട് തുറമുഖങ്ങൾ യാത്രക്കാർക്കുവേണ്ടിയും സജ്ജമാക്കാൻ 15 കോടി.

ജലഗതാഗതം

കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ ആലപ്പുഴ – കുട്ടനാട് – ചങ്ങനാശേരി – കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കാൻ 400 കോടിയുടെ പദ്ധതി. ആലപ്പുഴ ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിച്ചു മൊബിലിറ്റി ഹബ്ബിന് 50 കോടി.

കെഎസ്ആർടിസി

കടബാധ്യതയിൽനിന്നു രക്ഷിക്കാൻ പാക്കേജ്. അഞ്ചു വർഷത്തിനുള്ളിൽ എല്ലാ ബസുകളും സിഎൻജിയിലേക്കു മാറ്റും. ആദ്യഘട്ടത്തിൽ 1000 ബസുകൾക്കു 300 കോടി രൂപ. 

Your Rating: