Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

140 സർക്കാർ സ്കൂളുകൾ ഇനി രാജ്യാന്തര നിലവാരത്തിലേക്ക്

പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരമുയർത്താൻ വമ്പൻ പദ്ധതികൾ. 140 മണ്ഡലങ്ങളിലെയും ഓരോ സർക്കാർ സ്കൂൾ വീതം രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ 1000 കോടി രൂപ അനുവദിച്ചു. 250 കോടി രൂപ ഈ വർഷം ചെലവഴിക്കും. സർക്കാർ കോളജുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 500 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

സന്നദ്ധസംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സാമ്പത്തികസഹായം കൂടി പ്രയോജനപ്പെടുത്തി സ്കൂളുകൾ വികസിപ്പിക്കാൻ പ്രത്യേക ദൗത്യ സംവിധാനം രൂപവൽക്കരിക്കും. കെട്ടിടനിർമാണച്ചെലവ് പൂർണമായും സർക്കാർ വഹിക്കും.
അഞ്ചുകൊല്ലം കൊണ്ട് ഇത്തരത്തിൽ 1000 സ്കൂളുകൾ യാഥാർഥ്യമാക്കുകയാണു ലക്ഷ്യം.

സർക്കാർ, എയ്ഡഡ് മേഖലയിലെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കാൻ 500 കോടി രൂപയുടെ പദ്ധതി. എല്ലാ സ്കൂളുകളിലും കംപ്യൂട്ടർ ലാബ് ഉറപ്പാക്കും. ഈ വർഷം 200 കോടിയാണു ചെലവു കണക്കാക്കിയിട്ടുള്ളത്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾക്ക് ആസ്ഥാനം നിർമിക്കാൻ 20 കോടി രൂപ. സ്കൂളുകളിൽ കലാകായികകേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ആശ്വാസ് പദ്ധതിക്ക് അഞ്ചുകോടി.

ഉന്നതവിദ്യാഭ്യാസമേഖലയിൽ കേരളത്തെ അറിവിന്റെ കേന്ദ്രമാക്കി മാറ്റും. സർവകലാശാലകൾക്കായി 125 കോടി രൂപ വകയിരുത്തി. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ പഠനരൂപരേഖ തയാറാക്കി അധികസഹായം നൽകും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി, എറണാകുളം മഹാരാജാസ്, തൃശൂർ കേരള വർമ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണൻ എന്നീ കോളജുകളെ ഡിജിറ്റൽ കോളജുകളായി വികസിപ്പിക്കും. 150 കോടി രൂപ ഇതിനായി അനുവദിച്ചു. പുതിയ കോളജുകൾ തുടങ്ങില്ല. കൽപറ്റ, മൂന്നാർ, കട്ടപ്പന എന്നീ സർക്കാർ കോളജുകളിൽ രണ്ടു പിജി കോഴ്സുകൾ വീതം തുടങ്ങും.

വിദ്യാർഥികളുടെ വിദ്യാഭ്യാസവായ്പ കുടിശിക തീർക്കാനുള്ള പദ്ധതിക്കു 100 കോടി രൂപ. പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 50 കോടി രൂപ. 10 ഐടിഐകൾ ലോകനിലവാരത്തിലാക്കാൻ 50 കോടി രൂപയും അനുവദിച്ചു. 

Your Rating: