Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാരുണ്യ’ ഇനി അവകാശം; ആയിരം കോടിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം

തിരുവനന്തപുരം ∙ കാരുണ്യ, ആർഎസ്ബിവൈ തുടങ്ങി വിവിധ വകുപ്പുകൾക്കു കീഴിലുള്ള ആരോഗ്യ ധനസഹായ പദ്ധതികളെല്ലാം സമന്വയിപ്പിച്ച് ആയിരം കോടി രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ്. നിലവിൽ ലോട്ടറി വകുപ്പിന്റെ കരുണയിൽ നടപ്പാവുന്ന കാരുണ്യ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും. പൊതു ആരോഗ്യ സംവിധാനത്തിൽ കേന്ദ്രീകരിച്ച് എല്ലാ രോഗങ്ങൾക്കും പൂർണമായും സൗജന്യ ചികിൽസ ഉറപ്പുവരുത്തും.

തൊഴിലുറപ്പു തൊഴിലാളികളെ മുഴുവൻ കിടത്തിച്ചികിൽസയ്ക്കു 30,000 രൂപ കേന്ദ്രസഹായം ലഭിക്കുന്ന ആർഎസ്ബിവൈ വലയത്തിൽ കൊണ്ടുവരും. ഇതിന്റെ ഹെൽത്ത് കാർഡുള്ള മുഴുവൻപേർക്കും കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, കരൾ, വൃക്ക രോഗങ്ങൾ, തലച്ചോറിലെ ട്യൂമർ തുടങ്ങിയ മാരകരോഗങ്ങൾക്കു സൗജന്യ ചികിൽസ ഉറപ്പാക്കും.

∙ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ നവീകരണത്തിനു മാന്ദ്യവിരുദ്ധ പാക്കേജിൽനിന്ന് 1000 കോടി രൂപ. അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുന്ന ഏജൻസികൾതന്നെ അവ പരിപാലിക്കുകയും വേണം. കാത്ത് ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ എന്നിവ ആരംഭിക്കും. മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി എന്നിവിടങ്ങളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കും.

∙ കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേക്കു 100 കോടി രൂപ. ∙ തലശ്ശേരിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കുന്നതിന് 50 കോടി രൂപ.

∙ തിരുവനന്തപുരം മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയർത്തും.

∙ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ മാനദണ്ഡങ്ങൾ അനുസരിച്ചു തസ്തികകൾ അനുവദിക്കും.

∙ ആയുർവേദ ഗവേഷണ ലാബിനു വിശദ പദ്ധതിരേഖ തയാറാക്കും.

∙ റീജനൽ കാൻസർ സെന്ററിന് 59 കോടി രൂപയും മലബാർ കാൻസർ സെന്ററിന് 29 കോടി രൂപയും.

∙ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനങ്ങൾക്കു ധനസഹായം 15ൽ നിന്ന് 25 കോടിയാക്കി.

Your Rating: