Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രഷറിയിലും കോർ ബാങ്കിങ്; ശമ്പളവും പെൻഷനും ട്രഷറി വഴി മാത്രം

INDIA-DIASPORA/RUPEE

തിരുവനന്തപുരം ∙ ബജറ്റ് പ്രഖ്യാപനം നടപ്പായാൽ സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറുന്ന ശമ്പളവും പെൻഷനും ഇനി ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക്. ഓരോ ജീവനക്കാരനും ട്രഷറിയിൽ ആരംഭിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും ശമ്പളം നിക്ഷേപിക്കുക.

ഇൗ അക്കൗണ്ടുകളിൽ ജീവനക്കാർ പിൻവലിക്കാതെ ബാക്കിവച്ചിരിക്കുന്ന തുക ട്രഷറി നിക്ഷേപമായി അവിടെ ഉണ്ടാകുമെന്നതാണു സർക്കാരിനുള്ള നേട്ടം. രണ്ടേകാൽ ലക്ഷം പേരെ ട്രഷറിയുടെ ഭാഗമാക്കുന്നതോടെ ഓരോ വർഷവും 1000 മുതൽ 2000 വരെ കോടി രൂപയാണ് ഇത്തരത്തിൽ ട്രഷറി നീക്കിയിരിപ്പു പ്രതീക്ഷിക്കുന്നത്.

ട്രഷറിയിൽ കോർ ബാങ്കിങ് സംവിധാനം പൂർത്തിയാകാത്തതിനാൽ അക്കൗണ്ട് എവിടെയാണോ, ആ ട്രഷറിയിൽ മാത്രമേ ജീവനക്കാർക്ക് ഇപ്പോൾ ഇടപാടു നടത്താൻ കഴിയുന്നുള്ളൂ. ആകെയുള്ള 213 ട്രഷറികളിൽ 15 ഇടത്തു മാത്രമേ കോർ ബാങ്കിങ് നിലവിൽ വന്നിട്ടുള്ളൂ. ഇത് എല്ലാ ശാഖകളിലേക്കും വ്യാപിപ്പിച്ചാൽ ഏതു ട്രഷറിയിലും ഇടപാടു നടത്താൻ കഴിയും.

മാത്രമല്ല, ട്രഷറി അക്കൗണ്ടിലെ പണം ആവശ്യമുള്ളപ്പോൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനുമാകും. അഞ്ചുമാസത്തിനകം കോർ ബാങ്കിങ് സൗകര്യം എല്ലാ ട്രഷറികളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. നവീകരണ പ്രവൃത്തികൾക്കായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുമുണ്ട്.

Your Rating: