Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാരികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ

തിരുവനന്തപുരം ∙ വിറ്റുവരവിനനുസരിച്ചു മുൻകാലങ്ങളിൽ നികുതി അടച്ചിട്ടില്ലാത്ത വ്യാപാരികൾക്കായി ബജറ്റിൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപനം. 60 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവുണ്ടായിട്ടും ടിൻ നമ്പർ എടുക്കാതെ അനുമാന നികുതി മാത്രം നൽകി കച്ചവടം ചെയ്യുന്നവർ ഒരുലക്ഷത്തിലേറെ സംസ്ഥാനത്തുണ്ട്.

ഇവരിൽ 20,000 പേർക്കു തെളിവുസഹിതം സർക്കാർ നോട്ടിസ് കൈമാറിയിട്ടുണ്ട്. ഇവർ നികുതിയും അതിന്റെ മൂന്നുമടങ്ങു പിഴയും അടയ്ക്കേണ്ടതുണ്ടെങ്കിലും ഇളവു നൽകുമെന്നാണു ബജറ്റിലെ പ്രഖ്യാപനം. കണക്കിൽപ്പെടാത്ത വാങ്ങലുകൾക്ക് അഞ്ചു ശതമാനം ആകെ ലാഭം ചേർത്തു ഷെഡ്യൂൾ നിരക്കിൽ ഇവർ നികുതി ഒടുക്കണം.

പ്രഖ്യാപിച്ച വാങ്ങലുകൾക്കു മാത്രമായിരിക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. 300% പിഴ അടക്കമുള്ള എല്ലാ പിഴത്തുകയും ഒഴിവാക്കിനൽകും. ഇൗ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർ നിശ്ചയിച്ച നികുതിയുടെ 30% ഉടനും ബാക്കി തുക 12 തവണയായും നൽകണം. 2016 മാർച്ച് 31 വരെ കണക്കിൽപ്പെടാത്ത ഇടപാടുകൾക്കാണ് ആനുകൂല്യം. അപ്പീൽ മുഖേന ഉത്തരവുകൾ നേടിയവർക്കും ഇതുപയോഗിക്കാം. കേസുകളുണ്ടെങ്കിൽ പിൻവലിക്കണം. മൂല്യവർധിത നികുതി വരുന്നതിനു മുൻപുള്ള കെജിഎസ്ടി കുടിശികകൾക്കു പലിശയും പിഴയും പൂർണമായി ഒഴിവാക്കുന്ന പദ്ധതിയും ഉടൻ പ്രഖ്യാപിക്കും.

Your Rating: