Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധിക വിഭവസമാഹരണം: പ്രതീക്ഷ പ്രത്യേക നിക്ഷേപ ഫണ്ടിൽ, ഫലം ഒരു വർഷത്തിൽ

തിരുവനന്തപുരം∙ നികുതിവർധനയും നികുതിഘടനയിലെ പരിഷ്കാരവും വഴി ബജറ്റിനുള്ളിൽ നിന്നുകൊണ്ട് 805 കോടി രൂപയുടെ വിഭവസമാഹരണം. അതോടൊപ്പം കേരളത്തിന്റെ സുസ്ഥിര വികസനത്തിനു പ്രത്യേക നിക്ഷേപ ഫണ്ട് വഴിയും നൂതന ധനസമാഹരണ സംവിധാനങ്ങൾ വഴിയും ആയിരക്കണക്കിനു കോടി രൂപയുടെ ഫണ്ട് സമാഹരിച്ച് അടിസ്ഥാന സൗകര്യ വികസനം.

സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ധവളപത്രത്തിന്റെ പശ്ചാത്തലത്തിലും ഡോ. തോമസ് ഐസക് കേരളത്തിലേക്ക് അധിക വിഭവം കൊണ്ടുവരാൻ ലക്ഷ്യമിടുന്നത് ഇങ്ങനെയാണ്. ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് പ്രതിപക്ഷം. സ്വപ്നമോ സത്യമോ എന്നു കാണാൻ ഒരുവർഷം കാത്തിരിക്കാം.

കഴിഞ്ഞ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ 5000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കിയ തോമസ് ഐസക്, ഇക്കുറി രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിൽ ആദ്യവർഷം 12,000 കോടിയുടെ പണസമാഹരണമാണു ലക്ഷ്യമിടുന്നത്. കേരള ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് അവാർഡ് (കിഫ്ബി) ഭേദഗതി ചെയ്തു മോട്ടോർ വാഹന നികുതി വിഹിതം, പെട്രോളിന്മേലുള്ള നികുതിവിഹിതം തുടങ്ങിയവ വഴിയും അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നു. ഇങ്ങനെ സമാഹരിക്കുന്ന നിക്ഷേപത്തിനു സർക്കാർ ഗാരന്റി നൽകും എന്നതാണു നിക്ഷേപകർക്കുള്ള ഉറപ്പ്.

2003–ലെ കേരള ഗവൺമെന്റ് സീലിങ് ഓൺ ഗവണ്മെന്റ് ഗാരന്റീസ് ആക്ട് ഇതിനായി ഭേദഗതി വരുത്തി ഗവൺമെന്റ് ഗാരന്റികളുടെ മൊത്ത പരിധി ഉയർത്തും. ജനറൽ ഒബ്ലിക്കേഷൻ ബോണ്ട്സ് വഴി സർക്കാർ ഗാരന്റിയുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നിവയ്ക്കു മറ്റു പ്രത്യേകമായി പണം സമാഹരിക്കും.

റവന്യു ഒബ്ലിക്കേഷൻ ബോണ്ട്സ് (ആർഒ ബോണ്ട്സ്) വഴി നിശ്ചിതമായി വരുമാനസാധ്യതയുള്ള പ്രോജക്ടുകൾക്കു പണം സമാഹരിക്കാം. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വാണിജ്യ, സഹകരണ ബാങ്കുകളിൽ നിന്നു ടേം ലോണായി പണം കിട്ടും. ‘കിഫ്ബി’ സമാഹരിക്കുന്ന പണം ഒരു കാരണവശാലും സർക്കാർ ഖജനാവിൽ നിക്ഷേപിക്കുകയോ ഡിപ്പാർട്ട്മെന്റുകൾ വഴി ചെലവഴിക്കുകയോ ഇല്ല. ഇക്കാര്യം നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്യും.

സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ ധാരണാപത്രത്തിന്റെ ഭാഗമായിരിക്കും. അവ നടപ്പിലാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സിടിഇയും ഫിനാൻസ് ഇൻസ്പെക്‌ഷൻ വിങ്ങും അടങ്ങുന്ന ഒരു ഇൻസ്പെക്‌ഷൻ അതോറിറ്റി രൂപീകരിക്കും. ഇതിനു പുറമെ ഭൂമി ഏറ്റെടുക്കുന്നതിനു കിഫ്ബിക്കു തന്നെ പ്രത്യേക ലാൻഡ് ബോണ്ടുകൾ ഇറക്കാം.

ഈ ബോണ്ടുകൾ സഹകരണ സംഘം അടക്കമുള്ളവർക്കു സുരക്ഷിതമായ നിക്ഷേപമായിരിക്കും. പണം ഇല്ലാത്തതു കൊണ്ട് ഭൂമിയേറ്റെടുക്കൽ താമസിക്കുന്ന പ്രശ്നമില്ല എന്നതിനാൽ ബോണ്ട് ലാഭകരമല്ല. ഈ വർഷം നാലുവരിപ്പാത, ഗെയിൽ പൈപ്പ് ലൈൻ, വിമാനത്താവളങ്ങൾക്കും വ്യവസായ പാർക്കുകൾക്കുമുള്ള ഭൂമി തുടങ്ങിയവയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനു 3,000 കോടി രൂപയെങ്കിലും വേണം. ഇത് കിഫ്ബി വഴി ലഭ്യമാക്കും.

Your Rating: